Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചക്കറി വികസനത്തിനായി ഇടുക്കിയിൽ 2.05 കോടി രൂപയുടെ പദ്ധതികൾ

paadam

ഇടുക്കി ജില്ലയിൽ 2018–19 വർഷത്തിൽ പച്ചക്കറി വികസനത്തിനായി 2.05 കോടി രൂപയുടെ പദ്ധതികൾ കൃഷി വകുപ്പ് നടപ്പാക്കുന്നു. ജില്ലയിലെ എട്ടു ബ്ലോക്കുകളിലെ 53 കൃഷിഭവനുകളിലൂടെയാണ് ഇതു നടപ്പാക്കുന്നത്. 2,04,93,314 രൂപയുടെ പ്രോജക്ട് റിപ്പോർട്ട് കൃഷി വകുപ്പ് തയാറാക്കിയതായി കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ (എൻഡബ്ല്യുഡിപിആർഎ) ലാൽ ടി.ജോർജ് പറഞ്ഞു. കഴിഞ്ഞ വർഷം 6.01 കോടി രൂപയുടെ പച്ചക്കറി വികസന പദ്ധതികളാണു നാലു ഘട്ടങ്ങളിലായി ജില്ലയിൽ നടപ്പാക്കിയത്. 2018–19 വർഷത്തിലേക്കായി ആദ്യഘട്ടത്തിലുള്ള തുകയുടെ വിശദാംശങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും പദ്ധതി തുക ഇനിയും ഉയരുമെന്നും കൃഷി വകുപ്പ് അറിയിച്ചു. 

പദ്ധതിയുടെ വിശദാംശങ്ങൾ (പദ്ധതിക്കായി നീക്കിവച്ചിരിക്കുന്ന തുക ബ്രായ്ക്കറ്റിൽ)

∙ വീടുകളിൽ പച്ചക്കറിത്തോട്ടം നിർമാണം, വിത്തു വിതരണം. 10 രൂപയുടെ കിറ്റുകളാണു നൽകുക. ജൂൺ, ജൂലൈ മാസത്തിലാണു വിത്തുകൾ വിതരണം ചെയ്യുന്നത് (ആകെ 30 ലക്ഷം രൂപ).

∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പച്ചക്കറിത്തോട്ടം നിർമിക്കുന്നതിനു ധനസഹായം (ആറു ലക്ഷം).

∙ എൻജിഒകൾ വഴി വിത്തു വിതരണം. ജൂൺ, ജൂലൈ മാസത്തിലാണു വിത്തുകൾ വിതരണം ചെയ്യുന്നത് (3.50 ലക്ഷം).

∙ പച്ചക്കറിത്തൈ വിതരണം (13.2 ലക്ഷം).

∙ 150 സ്കൂളുകളിൽ പച്ചക്കറിത്തോട്ടം നിർമാണത്തിനു സാമ്പത്തിക സഹായം. തോട്ടം നിർമിക്കുന്നതിനായി 10 സെന്റ് സ്ഥലം സ്കൂളുകൾക്ക് ഉണ്ടായിരിക്കണം (ഒരു സ്കൂളിന് 4000 രൂപ വീതം).

∙ സ്കൂളുകളിൽ പച്ചക്കറി കൃഷിയിൽ പരിശീലനം നൽകുന്നതിന് ഓരോ സ്കൂളിനും ആയിരം രൂപ വീതം (ആകെ 1.50 ലക്ഷം).

∙ സ്കൂളുകളിൽ കൃഷിക്കായി ജലസേചന സൗകര്യം ഒരുക്കുന്നതിന് മൂന്നു സ്കൂളുകൾക്കു 10,000 രൂപ വീതം (ആകെ 30,000).

∙ സർക്കാർ സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവ ഉൾപ്പെടെ പച്ചക്കറി തോട്ടം നിർമിക്കുന്നതിന്. കുറഞ്ഞത് 50 സെന്റ് സ്ഥലമുണ്ടായിരിക്കണം. ഒരു ലക്ഷം രൂപ വരെയുള്ള പ്രോജക്ടിന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസറാണു തീരുമാനമെടുക്കുക (ആകെ തുക മൂന്നു ലക്ഷം).

∙ പച്ചക്കറി തോട്ടം നിർമിക്കുന്നതിനുള്ള പരിശീലനത്തിനും പ്രചാരണ പരിപാടികൾക്കും (ആകെ ഒരു ലക്ഷം).

∙ ക്ലസ്റ്റർ വികസനം. 23 ക്ലസ്റ്ററുകൾക്കാണു തുക നൽകുക. ഹെക്ടറിന് 15000 രൂപ വീതം ധനസഹായം നൽകും (17.25 ലക്ഷം).

∙ ക്ലസ്റ്റർ കർഷകർക്കു പമ്പ് സെറ്റ് വാങ്ങുന്നതിന് 150 പേർക്കു 10,000 രൂപ വീതം നൽകും (ആകെ 15 ലക്ഷം).

∙ ക്ലസ്റ്റർ കർഷകർക്കു സസ്യ സംരക്ഷണ ഉപകരണങ്ങൾ വാങ്ങുന്നതിന് 150 പേർക്ക് 1500 രൂപ വീതം നൽകും (ആകെ രണ്ടേകാൽ ലക്ഷം).

∙ ക്ലസ്റ്ററുകളിൽ നൂതന പദ്ധതികൾ (ആകെ തുക മൂന്നു ലക്ഷം).

∙ ക്ലസ്റ്ററുകൾക്കു പുറത്തുള്ള വ്യക്തികൾക്കായി ധനസഹായം (36 ലക്ഷം).

∙ തരിശുസ്ഥലത്തു പച്ചക്കറി കൃഷി ചെയ്യാൻ 30,000 രൂപ വീതം (ആകെ തുക 3.9 ലക്ഷം).

∙ പരമ്പരാഗത വിളകൾ കൃഷി ചെയ്യാനും വിത്ത് ഉൽപാദിപ്പിക്കുന്നതിനും അഞ്ചു ഹെക്ടറിന് 25000 രൂപ വീതം (ആകെ 1.25 ലക്ഷം).

∙ ദീർഘകാല പച്ചക്കറി വിളകൾ കൃഷി ചെയ്യാൻ അഞ്ചിനം വിത്തുകൾ ഉൾപ്പെടുന്ന അയ്യായിരം കിറ്റ് വിതരണം ചെയ്യും. പകുതി വിലയ്ക്കാണു കിറ്റുകൾ നൽകുക (ആകെ തുക 2.25 ലക്ഷം).

∙ വാണിജ്യ ആവശ്യങ്ങൾക്കായി ദീർഘകാല പച്ചക്കറി കൃഷി ചെയ്യുന്നതിന് രണ്ടു ഹെക്ടറിന് 20000 രൂപ വീതം (ആകെ 40000).

∙ കീടബാധ, മണ്ണിലെ പ്രശ്നങ്ങൾ എന്നിവ പരിശോധിക്കാൻ മൾട്ടി ഡിസിപ്ലിനറി ടീമിനെ എത്തിക്കുന്നതിന് (ആകെ 4000).

∙ അഗ്രോ സർവീസ് സെന്ററുകൾക്കായി തൈകൾ ഉൽപാദിപ്പിക്കാൻ അടിസ്ഥാന സൗകര്യം ഒരുക്കും. 25000 പച്ചക്കറി തൈകളാണു വിതരണം ചെയ്യുന്നത് (ആകെ തുക ഒരു ലക്ഷം).

∙ സീറോ എനർജി കൂൾ ചേംബർ സ്ഥാപിക്കുന്നതിന് (ആകെ തുക 11.25 ലക്ഷം).

∙ മിനി പോളി ഹൗസ് നിർമാണം (10 ചതുരശ്ര മീറ്ററിന് 45000, 20 ചതുരശ്ര മീറ്ററിന് 60000, ആകെ 4.05 ലക്ഷം).

∙ മണ്ണിലെ അമ്ലത്വം കുറയ്ക്കുന്നതിനും (നീറ്റുകക്ക, മൈക്രോ ന്യൂട്രിയന്റ്സ്) മറ്റും (നീറ്റുകക്കയ്ക്ക് ഹെക്ടറിന് 5400 രൂപ, മൈക്രോ ന്യൂട്രീയന്റ്സ് ഹെക്ടറിന് 500; ആകെ തുക 31.56 ലക്ഷം).

∙ മഴമറകൾ നിർമിക്കുന്നതിന് (100 ചതുരശ്ര മീറ്ററിന് 75% സബ്സിഡിയോടെ അര ലക്ഷം രൂപ).

കൃഷിഭവനുകളെ സമീപിക്കാം

ഇടുക്കി, തൊടുപുഴ, ഇളംദേശം, കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം, അടിമാലി, ദേവികുളം എന്നീ ബ്ലോക്കുകളിലെ കൃഷിഭവനുകളിലൂടെയാണു പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറി വികസന പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുകളുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണം. കൃഷി ഓഫിസർമാരാണ് അപേക്ഷകളിൽ തീരുമാനമെടുക്കുക.