Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിമ്പ് കൃഷിക്ക് അവഗണനയുടെ ചവർപ്പ്

ചെങ്ങന്നൂർ ∙ നാടെങ്ങും തിരഞ്ഞെടുപ്പിന്റെ ചൂടിൽ നിൽക്കുമ്പോൾ ഇനിയെങ്കിലും തങ്ങളുടെ കരിമ്പുകൃഷി മധുരിക്കുമോയെന്ന ആകുലതകളുമായാണു പ്രദേശത്തെ കർഷകർ കഴിയുന്നത്. സർക്കാരിൽ നിന്നു കരിമ്പുകൃഷിക്കായി നൽകുന്ന സഹായങ്ങൾ ഒന്നിനും തികയില്ലെന്നാണു കർഷകരുടെ പരാതി. 

തിരുവൻവണ്ടൂർ, പാണ്ടനാട് പഞ്ചായത്തുകളിലായി നിലവിൽ 20 ഹെക്ടറോളം സ്ഥലത്താണു കരിമ്പു കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇതു 14 ഹെക്ടർ സ്ഥലത്തായിരുന്നു. കൃഷി കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്നതു ശുഭസൂചനയാണെങ്കിലും അതനുസരിച്ച് ആനുകൂല്യങ്ങളോ പ്രോത്സാഹനമോ ലഭ്യമാകാത്തതാണു കർഷകരെ പിന്നോട്ടു വലിക്കാൻ‍ കാരണം. 

വർഷങ്ങൾക്കു മുൻപു 100 ഹെക്ടറിലധികം പ്രദേശത്തു കരിമ്പുകൃഷി നടത്തിയിരുന്നു. ഒട്ടേറെ പ്രാദേശിക തൊഴിലാളികൾക്ക് വർഷത്തിൽ എട്ടു മാസത്തോളം തൊഴിൽ ലഭിച്ചിരുന്നു. 

താങ്ങാകണം സർക്കാർ 

കഴിഞ്ഞ വർഷമാണു സർക്കാർ തലത്തിൽ ആദ്യമായി കരിമ്പുകൃഷിക്കു സാമ്പത്തിക സഹായം നൽകിത്തുടങ്ങിയത്. പഞ്ചായത്തുകളിലൂടെ ഒരു ഹെക്ടർ കൃഷിക്ക് 7,000 രൂപ കൂലിച്ചെലവായി നൽകിയിരുന്നു. എന്നാൽ ഇത് അപര്യാപ്തമാണെന്നാണു കർഷകരുടെ വാദം.  

കൃഷിവകുപ്പിന്റെ പദ്ധതികളിൽ ഉൾപ്പെടുത്തി ഏക്കറിന് 20,000 രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം 10 ഹെക്ടർ സ്ഥലത്തു കൃഷി നടത്താനാണു ലക്ഷ്യമിട്ടിരുന്നത്. ഇത് 14 ഹെക്ടറിലെത്തിയതോടെ നിശ്ചയിച്ചിരുന്ന തുക വിഭജിച്ചു നൽകേണ്ടി വന്നു. മറ്റെല്ലാ വിളകളുടെ കാര്യത്തിലും നടീൽവസ്തുക്കൾക്കു നൂറു ശതമാനം സബ്സിഡി നൽകുമ്പോൾ കരിമ്പിനെ തഴയുന്നതിലും കർഷകർക്കു പ്രതിഷേധമുണ്ട്. 

വേണം മികച്ച ഇനങ്ങൾ

തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഒരേക്കറിൽ നിന്നു 80 മുതൽ 100 ടൺ വരെ വിളവു ലഭിക്കുമ്പോൾ ഇവിടെ പരമാവധി ലഭിക്കുന്നത് 25 ടൺ മാത്രമാണ്. പന്തളത്തു നിന്നാണു കർഷകർ നടാനുള്ള തലക്കങ്ങൾ വാങ്ങുന്നത്. 

ഉൽപാദനം കൂടിയ കരിമ്പിനങ്ങൾക്കായി ഇതര സംസ്ഥാനങ്ങളെയാണു കർഷകർ ആശ്രയിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമാണു കർഷകർ വൻതുക മുടക്കി ഇവ എത്തിക്കുന്നത്. തിരുവല്ലയ്ക്കു സമീപം കല്ലുങ്കലിൽ കാർഷിക സർവകലാശാലയുടെ കരിമ്പു ഗവേഷണ കേന്ദ്രത്തിൽ പുതിയ ഇനങ്ങൾക്കായുള്ള പഠനങ്ങൾ നടക്കുന്നുണ്ട്.