Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില കുറഞ്ഞ പാൽ മിൽമയുടെ ഉറക്കം കെടുത്തുന്നു

cans-copy

ആവേശകരമായ ഒരു േനട്ടത്തിലേക്കു കുതിച്ചെത്തുകയാണ് കേരളത്തിലെ ക്ഷീരകർഷകരും അവരുെട ഉടമസ്ഥതയിലുള്ള മിൽമയും ഈ രംഗത്തെ സർക്കാർ വകുപ്പുകളും. കൃഷിയുടെ സമസ്ത മേഖലകളിലും പിന്തള്ളപ്പെടുകയും അന്യദേശങ്ങളെ ആശ്രയിക്കുകയും ചെയ്തിരുന്ന കേരളത്തെ ക്ഷീരോൽപാദനത്തിൽ സ്വയംപര്യാപ്തമാക്കി മാറ്റുകയാണവർ. കണക്കുകൂട്ടലുകൾ തെറ്റാതിരുന്നാൽ ഈ വർഷം ഒടുവിൽ ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. 

മലയാളി ആഘോഷിക്കേണ്ട നേട്ടമല്ലേ ഇത്? മലയാളസിനിമയ്ക്കു ദേശീയ അവാർഡ് കിട്ടുമ്പോഴും നമ്മുെട കായികതാരങ്ങൾ രാജ്യാന്തര അംഗീകാരങ്ങൾ വാങ്ങുമ്പോഴും ആഘോഷിക്കുന്നതുപോലെയോ അതിലേറെയോ കൊണ്ടാടപ്പെടേണ്ട നേട്ടം. ആറു ലക്ഷം ടൺ പാൽ അധികമുൽപാദിപ്പിച്ചാണ് പത്തു വർഷംകൊണ്ട് നാം ഈ നേട്ടത്തിലെത്തിയത്. 

അനുദിനം നഗരവൽക്കരിക്കപ്പെടുകയും തൊഴിലാളിക്ഷാമവും തീറ്റച്ചെലവും വർധിക്കുകയും ചെയ്യുന്ന സംസ്ഥാനത്താണ് ഈ നേട്ടമെന്നത് അതിന്റെ തിളക്കം വർധിപ്പിക്കുന്നതേയുള്ളൂ. പശുവിനു കൊടുക്കാൻ നല്ല നാലു പച്ചപോലുമില്ലാത്ത, അരദിവസംപോലും തൊഴുത്ത് ഏൽപിക്കാൻ സഹായിയില്ലാത്ത, കിട്ടുന്ന വരുമാനം മുഴുവൻ കാലിത്തീറ്റക്കാരനു നൽകേണ്ടിവരുന്ന കേരളത്തിലെ ക്ഷീരകർഷകന്റെ കഷ്ടപ്പാടും അതിജീവനസാമർഥ്യവുമാണ് ഇവിടെ  വിജയിക്കുന്നത്. ഒപ്പം പരിമിതികൾ‌ക്കിടയിലും അവന് അത്താണിയായി നിന്ന ക്ഷീരോൽപാദക യൂണിയനുകളുടെയും. എന്നാൽ ശ്രദ്ധിച്ചുനോക്കൂ, വിക്ടറിസ്റ്റാൻഡിൽപോലും ക്ഷീരകർഷകർക്കും അവരുടെ പ്രസ്ഥാനമായ  മിൽമയുടെ പ്രവർത്തകർക്കും വിജയസ്മിതമില്ല. ചരിത്രനേട്ടം ഭാരമായി മാറുമോയെന്ന ഉത്കണ്ഠയാണ് ആ മുഖങ്ങളിൽ.. അതിനു പിന്നിലെ യാഥാർഥ്യങ്ങൾ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

താങ്ങാനാവാത്ത നേട്ടം

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പാൽ ഉൽപാദനം വർധിച്ചുവരികയാണ്.  ലോകമാകെ പാലുൽപാദനം 2.09 ശതമാനം കൂടിയപ്പോൾ ഇന്ത്യയിൽ ഈ വർധന5.53 ശതമാനമായിരുന്നു. വിപണിയിൽ പാലിനും പാൽപ്പൊടിക്കും വില കുറയാൻ ഇതിടയാക്കി. മറ്റു സംസ്ഥാനങ്ങളിൽ പാൽ ഉൽപാദനം ക്രമാതീതമായി വർധിച്ചതുമൂലം ക്ഷീരോൽപാദക യൂണിയനുകൾപോലും കർഷകർക്കു നൽകുന്ന വില കുറച്ചു. സർക്കാർ നിശ്ചയിച്ച വിലപോലും മഹാരാഷ്ട്രയിലെ ക്ഷീരകർഷകർക്കു ലഭിക്കുന്നില്ല. ലീറ്ററിനു പരമാവധി 25 രൂപയാണ് അവിടെ പാലിന്റെ സംഭരണവില. അടുത്ത കാലത്ത്  വലിയ കർഷകപ്രക്ഷോഭങ്ങൾക്കുപോലും ഇതു കാരണമായി. ഇനി കേരളത്തിലെ സാഹചര്യം നോക്കാം. ഉൽപാദനവും സംഭരണവും കുത്തനെ കൂടിയിരിക്കുകയാണ് ഇവിടെ.  കഴിഞ്ഞ സാമ്പത്തികവർഷം മാത്രം രണ്ടു ലക്ഷം ലീറ്റർ പാലാണ് നമ്മുെട ക്ഷീരസംഘങ്ങൾ മുൻവർഷത്തെക്കാൾ കൂടുതലായി സംഭരിച്ചത്. പന്ത്രണ്ട് ശതമാനത്തിലധികം വർധന. കേരളത്തിന്റെ ഉൽപാദന കമ്മി പൂർണമായി നികത്തപ്പെടാത്തതുമൂലം ഈ വർധന തലവേദനയാകേണ്ടതില്ല. എന്നാൽ മറ്റു ചില ഘടകങ്ങൾമൂലം ഈ ഉൽപാദനവർധനപോലും മിൽമയ്ക്കു തലവേദനയായി മാറി.

milk-01

ഉയരുന്ന ഉൽപാദനച്ചെലവും അയൽസംസ്ഥാനങ്ങളിൽനിന്നെത്തുന്ന വില കുറഞ്ഞ പാലുമാണ് ഈ ഘടകങ്ങൾ.  കേരളത്തിൽ പാലിന്റെ ഉൽപാദനച്ചെലവ് താരതമ്യേന കൂടുതലാണ്. കാലിത്തീറ്റയ്ക്കും പച്ചപ്പുല്ലിനുമുള്ള അധികച്ചെലവാണ് കാരണം. കാലത്തീറ്റയ്ക്കു വേണ്ട എല്ലാ ചേരുവകളും നാം മറ്റ് സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അവയുെട വിലയും കടത്തുകൂലിയുംവർധിക്കുന്നതനുസരിച്ച് കാലിത്തീറ്റയുടെ വിലയും വർധിക്കും. തീറ്റച്ചെലവ് കുറയ്ക്കാനുള്ള ഏകമാർഗം പച്ചപ്പുല്ലും കാർഷികാവശിഷ്ടങ്ങൾപോലുള്ള ബദൽ തീറ്റകളുമാണ്. എന്നാൽ നാട്ടിൻപുറങ്ങൾ നഗരങ്ങളാവുകയും കൃഷി  പുരപ്പുറത്തു മാത്രമാവുകയും ചെയ്യുന്ന നാട്ടിൽ പശുവിനു കൊടുക്കാൻ പച്ചയായി അധികമൊന്നും ശേഷിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. തൊഴിലാളിക്ഷാമം മൂലം കൂലിച്ചെലവും കുത്തനെ ഉയർന്നിട്ടുണ്ട്. തൊഴുത്തിലെ അധ്വാനം സ്വയം ഏറ്റെടുത്താൽപോലും കേരളത്തിലെ സാഹചര്യങ്ങളിൽ ക്ഷീരകർഷകനു മറ്റ് ജീവിതച്ചെലവുകൾക്കനുസരിച്ച് വരുമാനം കിട്ടേണ്ടതുണ്ട്. ചുരുക്കത്തിൽ ഉൽപാദനച്ചെലവിന് ആനുപാതികമായി ഉയർന്ന വില ഉറപ്പാക്കുക മാത്രമാണ് പരിഹാരമെന്നു വരുന്നു. 

ഏതാനും വർഷങ്ങളായി സർക്കാരും മിൽമയും ചെയ്തുവന്നതും ഇതുതന്നെ. ക്ഷീരകർഷകനു മാന്യമായ വരുമാനം ഉറപ്പാക്കുന്ന വിധത്തിൽ സംഭരണവില വർധിപ്പിച്ചു. വില നിർണയ അവകാശം ക്ഷീരോൽപാദകപ്രസ്ഥാനങ്ങൾക്ക് കിട്ടിയതിനു ശേഷം രണ്ടു തവണ പാൽവില വർ‍ധിപ്പിച്ചു.  ഇന്ത്യയിൽ ക്ഷീരകർഷകർക്ക് ഏറ്റവുമധികം സംഭരണവില നൽകുന്ന സംസ്ഥാനമായി കേരളം. ഏതാനും വർഷത്തിനകം കേരളത്തിലെ പാൽ ഉൽപാദനവർധന ദേശീയ ശരാശരിയുെട ഇരട്ടിയിലധികമായതിനു പ്രധാന കാരണം ഈ വിലവർധനയാണ്. മാന്യമായ വരുമാനമാണ് ഏതു കൃഷിയുടെയും വളർച്ചയ്ക്ക് അടിസ്ഥാനമെന്ന സാമാന്യതത്വം ഇവിടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്.

എന്നാൽ വില കൂട്ടി വരുമാനം ഉറപ്പാക്കുന്ന ഈ തന്ത്രത്തിന് അധികം ആയുസ്സില്ല.  കേരളത്തിലെ ഉയർന്ന വില കാരണം അയൽസംസ്ഥാനങ്ങളിൽനിന്ന് ഇവിടേക്കു പാൽ ഒഴുകുകയാണിപ്പോൾ. അതിർത്തിഗ്രാമങ്ങളിലെ ക്ഷീരസംഘങ്ങളിലൂെട എത്തിത്തുടങ്ങിയ ഈ ഭീഷണി ഇപ്പോൾ ടാങ്കർ ലോറികളിലും മറ്റും എത്തുന്ന സ്ഥിതിയിലായിട്ടുണ്ട്. പല സ്വകാര്യ ഡെയറികളും കേരളത്തിലെ സംഭരണം നാമമാത്രമാക്കി തമിഴ്നാട്ടിൽ കുറഞ്ഞ വിലയ്ക്കു കിട്ടുന്ന പാൽ ഇവിടെയെത്തിച്ചു കൂടിയ വിലയ്ക്കു വിൽക്കുകയാണിപ്പോൾ. 

അവിെട 24–25 രൂപയ്ക്കു കിട്ടുന്ന പാൽ കേരളത്തിലെത്തിച്ചാൽ 40–44 രൂപയ്ക്കു വിൽക്കാം. സകല ചെലവുകളും കഴിഞ്ഞ് ലീറ്ററിന് 9–10 രൂപ ലാഭം. ദിവസം  പതിനായിരം ലീറ്റർ പാൽ ടാങ്കറിൽ എത്തിയാൽ  ലാഭം ഒരു ലക്ഷം രൂപ!.  തട്ടിക്കൂട്ടിയ ഒരു വിതരണശൃംഖലയും ടാങ്കർ ലോറിയുമുണ്ടെങ്കിൽ ഒഴുകിയെത്തുന്ന ഈ വരുമാനം പാൽ വിപണനരംഗത്ത് പുതുസംരംഭകർ കൂണുപോലെ മുളച്ചുപൊങ്ങാൻ ഇടയാക്കിയിട്ടുണ്ട്. ടാങ്കറുമായി തമിഴ്നാട്ടിലെത്തിയാൽ വേണ്ടത്ര പാൽ ഏർപ്പാടാക്കാൻ അവിടെ കമ്മീഷൻ ഏജന്റുമാരുമുണ്ടത്രെ.  

പാലക്കാട്ടെ വാളയാർ ചെക്ക്പോസ്റ്റിലൂെട ഔദ്യോഗിക കണക്കുപ്രകാരം മാത്രം ഏഴു ലക്ഷം ലീറ്റർ പാലാണ് കേരളത്തിലേക്കെത്തുന്നത്. ഇപ്രകാരം പാൽ  എത്തിക്കുന്നവർക്ക് അവർ ആവശ്യപ്പെടുന്ന ബ്രാൻഡിൽ പായ്ക്ക് ചെയ്തു നൽകുന്ന സംസ്കരണകേന്ദ്രങ്ങളും ഇവിടെയുണ്ട്. കമ്മീഷൻ ഏജന്റ്, ടാങ്കർ ലോറി, പായ്ക്കിങ് കേന്ദ്രം, വിതരണക്കാർ എന്നിവരെ തമ്മിൽ ഏകോപിപ്പിക്കാൻ ഒരു മൊബൈൽ ഫോണുണ്ടെങ്കിൽ ആർക്കും ചെയ്യാം ഈ ബിസിനസ്. പാലിന്റെ നിലവാരവും വിശ്വാസ്യതയുമൊക്കെ സങ്കൽപം മാത്രം.വിലക്കുറവിന്റെ മെച്ചമൊന്നും പക്ഷേ ഈ പാൽ വാങ്ങുന്നവർക്കു കിട്ടുമെന്നു പ്രതീക്ഷിക്കേണ്ട. മിൽമയുെട ചില്ലറ വിലയ്ക്കു തന്നെയാണ് അവരും പാൽ വിൽക്കുക. പക്ഷേ കമ്മീഷൻ ലീറ്ററിനു നാലു രൂപ വരെയായി ഉയരും. അതിനാൽ സ്വാഭാവികമായും  ചില്ലറവിൽപനക്കാർ മിൽമപാലിനെ തഴഞ്ഞ് പുറംപാലിനോടു താൽപര്യം കാട്ടും. ഗാർഹിക ഉപഭോക്താക്കളെക്കാൾ ഹോട്ടലുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ തുടങ്ങിയ വാണിജ്യ ഇടപാടുകാരെയാണ് തമിഴ്നാട്ടിൽനിന്നു പാൽ കൊണ്ടുവരുന്നവർ ലക്ഷ്യമിടുക. മിൽമ പാലിനെക്കാൾ  കുറഞ്ഞ നിരക്കിൽ കിട്ടുമെന്നതു ഹോട്ടലുകൾക്കും ചില്ലറ വിൽപനയുടെ തലവേദനകളില്ലെന്നതു സ്വകാര്യ ബ്രാൻഡ് ഉടമയ്ക്കും നേട്ടമാണ്. രണ്ടു കൂട്ടർക്കും ലാഭം പ്രധാനമാകുമ്പോൾ കാര്യങ്ങൾ എളുപ്പമാകുന്നു. 

വിൽപനയെ ദീർഘകാലാടിസ്ഥാനത്തിൽ  ബാധിക്കുന്ന മറ്റു ചില പ്രതികൂലഘടകങ്ങളും പാൽവിപണിയിലുണ്ട്. പാൽ ആരോഗ്യത്തിനു ഹാനികരമാണെന്ന പ്രചരണമാണ് ഇവയിൽ  പ്രധാനം. പാൽ സമ്പൂർണ പോഷകാഹാരമാണെന്നാണ് ഒരുകാലത്ത് വിദ്യാലയങ്ങളിൽ പഠിപ്പിച്ചിരുന്നത്. എന്നാൽ പാൽ വിഷമാണെന്ന മട്ടിലുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്.  ശുചിയല്ലാത്ത സാഹചര്യത്തിൽ സംസ്കരിച്ചു പായ്ക്ക് ചെയ്യുന്ന പാൽ വിപണിയിൽ ഉണ്ടെന്നതു വാസ്തവം തന്നെ. എന്നാൽ പാൽ കുടിക്കുന്ന ശീലം തന്നെ വർജിക്കണമെന്ന  രീതിയിലാണ് ചില പ്രചരണങ്ങൾ. ഇതിനു പുറമെ നാടൻ പശുവിന്റെ പാൽ, ഫാം ഫ്രഷ് മിൽക് തുടങ്ങിയ ആവശ്യങ്ങളും വിപണിയിൽ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ലീറ്ററിനു ശരാശരി 34 രൂപയ്ക്കു സംഭരിക്കുന്ന പാലുമായി മിൽമ വിപണിയിൽ മത്സരിക്കുന്നത്. 

അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലുമായി മത്സരിക്കണമെങ്കിൽ പാൽവില കുറയ്ക്കുകയോ കമ്മീഷൻ കൂട്ടുകയോ  വേണമെന്ന സ്ഥിതിയാണിപ്പോൾ. മലബാർ യൂണിയനിൽ സംഭരിക്കുന്ന പാലിന്റെ അളവ് വിൽപനയെക്കാൾ കൂടുതലാണിപ്പോൾ. മുൻവർഷങ്ങളിൽ വർഷകാലത്ത് മാത്രമായിരുന്നു ഈ സ്ഥിതിയെങ്കിൽ ഈ വർഷം വേനൽക്കാലത്തുപോലും ഉൽപാദനം ഉയരുകയായിരുന്നു. ഫെബ്രുവരിയിലെ വിലവർധന ഇതിനൊരു നിമിത്തമാവുകയും ചെയ്തു.

വിൽക്കാവുന്നതിലേറെ ഉൽപാദനമുണ്ടാവുമ്പോൾ രണ്ടു മാർഗങ്ങളാണ് ക്ഷീരോൽപാദകയൂണിയനുകൾ ചെയ്യുക. 1. അധികമുള്ള പാലിന്റെ ഒരു ഭാഗം പാൽപ്പൊടിയാക്കും, 2. ഉൽപാദനകമ്മിയുള്ള യൂണിയനുകൾക്ക് പാൽ നൽകും. പാൽപ്പൊടിയുടെ വില രാജ്യാന്തരതലത്തിൽതന്നെ കുത്തനെ ഇടിഞ്ഞതിനാൽ ആദ്യത്തെ മാർഗം  ആദായകരമല്ല.  സംസ്കരിക്കുന്ന പാലിന്റെ നിലവാരം ഏകീകരിക്കുന്നതിനുവേണ്ടി മിതമായ തോതിൽ മാത്രമേ പാൽപ്പൊടി നിർമിക്കാറുള്ളൂ. ഉൽപാദനകമ്മിയുള്ള എറണാകുളം, തിരുവനന്തപുരം യൂണിയനുകൾക്കു നൽകിയാണ് മലബാർ യൂണിയൻ അധികോൽപാദനം ക്രമീകരിച്ചിരുന്നത്. കമ്മി നികത്തുന്നതിനുവേണ്ടി വർഷങ്ങളായി കർണാടകത്തിലെയും മറ്റും ക്ഷീരോൽപാദകയൂണിയനുകളുമായി ഒപ്പിട്ടിരിക്കുന്ന കരാറനുസരിച്ച് എല്ലാ മാസവും അവിടെ നിന്നുള്ള പാൽ തിരുവനന്തപുരം, എറണാകുളം യൂണിയനുകൾ നിശ്ചിതതോതിൽ വാങ്ങേണ്ടതുണ്ട്. അതിനുശേഷമേ മലബാർ യൂണിയന്റെ പാൽ വാങ്ങാനാവൂ. ഫെബ്രുവരിയിലെ വില വർധനയെത്തുടർന്ന് എറണാകുളം, തിരുവനന്തപുരം യൂണിയനുകളിലും പാൽ സംഭരണം ഉയർന്നു. എറണാകുളത്ത് ഉപഭോഗത്തിന് ഏറക്കുറെ തുല്യമാണിപ്പോൾ സംഭരണം. തിരുവനന്തപുരത്ത് ഉൽപാദനകമ്മിയിൽ സാരമായ കുറവ് വന്നു. 

ചുരുക്കത്തിൽ  പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തതയെന്ന ദീർഘകാല സ്വപ്നം യാഥാർഥ്യമായപ്പോൾ അയലത്തുനിന്നു കിട്ടുന്ന വില കുറഞ്ഞ പാലുമായി മത്സരിക്കേണ്ട സ്ഥിതിയിലാണ് മിൽമ.  ഉൽപാദകന് ഉയർന്ന വില നൽകിക്കൊണ്ടുതന്നെ വില ഇടിയുന്ന വിപണിയിൽ കൂടുതൽ പാൽ വിൽക്കുകയെന്ന  വലിയ വെല്ലുവിളിയാണ് വിക്ടറിസ്റ്റാൻഡിൽനിന്ന് ഇറങ്ങിവരുമ്പോൾ മിൽമയെ കാത്തിരിക്കുന്നത്. 

(മിൽമയ്ക്ക് ഈ സാഹചര്യം അതിജീവിക്കാനാകുമോ? ഉൽപാദകരും ഉപഭോക്താക്കളും സർക്കാരും സ്വീകരിക്കേണ്ട നിലപാടുകൾ, മത്സരക്ഷമത ഉയർത്താൻ ഇപ്പോഴത്തെ സംവിധാനങ്ങൾ പരിഷ്കരിക്കേണ്ടതുണ്ടോ?  അടുത്ത ലക്കത്തിൽ (തുടരും)