Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെല്ല് വാങ്ങിയ ആവേശം പണം നൽകാനില്ല

പത്തനംതിട്ട ∙ നൂറുമേനി വിളഞ്ഞു. കൊയ്ത്തും മെതിയും കഴിഞ്ഞു. പക്ഷേ, നെല്ല് വിറ്റ പണത്തിനായി കർഷകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. വള്ളിക്കോട് പഞ്ചായത്തിലെ വേട്ടകുളം, നടുവത്തൊടി, നരിക്കുഴി, കാരിവയൽ, തലച്ചേമ്പ് എന്നീ അഞ്ച് പാടശേഖര സമതികളിലെ കർഷകരാണ് സർക്കാർ ഏജൻസിയായ സിവിൽ സപ്ലൈസിന് നൽകിയ നെല്ലിന്റെ വില കിട്ടാതെ പ്രതിസന്ധിയിലായിരിക്കുന്നത്. നവംബറിൽ കൃഷിയിറക്കിയ കർഷകർക്കാണ് ഇൗ ദുരവസ്ഥ.

കഴിഞ്ഞ വർഷം യഥാസമയം നെൽവിത്ത് ലഭ്യമല്ലാതിരുന്നതിനാൽ ഒരുമാസം താമസിച്ച് നവംബറിലണ് കൃഷിയിറക്കിയത്. കർഷകർ 160 ഹെക്ടറോളം കൃഷി ചെയ്തിരുന്നു. വേട്ടകുളം പാടശേഖര സമിതി 75.5 ടൺ, നടുവത്തൊടി 46, തലച്ചേമ്പ് 43, നരിക്കുഴി 19 എന്നിങ്ങനെ 183.5 ടൺ നെല്ലാണ് ഇത്തവണ സപ്ലൈകോയ്ക്ക് ഇവിടെ നിന്നു മാർച്ച് മാസം നൽകിയത്.

കേന്ദ്രസർക്കാരിന്റെ 15.50 രൂപയും സംസ്ഥാന സർക്കാരിന്റെ 7.80 രൂപയും ചേർത്ത് 23.30 രൂപയ്ക്കായിരുന്നു വിൽപന. നെല്ല് നൽകിയതിന്റെ തുക വളരെ വേഗം ലഭിക്കുമെന്ന് പ്രതീക്ഷയായിരുന്നു കർഷകർക്ക് ഉണ്ടായിരുന്നത്. മാർച്ച് 16ന് പാഡി മാർക്കറ്റിങ് ഓഫിസിൽ നിന്ന് രസീത് നൽകി.

ഈ രസീത് ബാങ്കിൽ നൽകിയാൽ സപ്ലൈകോയ്ക്ക് വിറ്റ നെല്ലിന്റെ 90 ശതമാനം തുക അവർ നൽകുമെന്നാണ് പറഞ്ഞിരുന്നത്. ബാങ്ക് നൽകുന്ന പണത്തിന്റെ പലിശ സർക്കാർ നൽകുമെന്നായിരുന്നു ധാരണ. സപ്ലൈകോ പണം അടച്ചില്ലെങ്കിൽ കർഷകർ തിരിച്ചടയ്ക്കുമെന്ന് കരാർ വയ്ക്കാൻ ബാങ്ക് പറഞ്ഞതോടെ കർഷകർ പൈസ വാങ്ങാതെ പിന്മാറുകയായിരുന്നു. 

നെൽകൃഷി ചെയ്യാൻ കൂടുതൽ കർഷകർ താൽപര്യം കാണിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് സർക്കാർ ഏജൻസികൾ അവരെ ദ്രോഹിക്കുന്ന സമീപനം സ്വീകരിക്കുന്നത്. വള്ളിക്കോട് പഞ്ചായത്തിൽ ഏകദേശം 150 കർഷകരാണ് സർക്കാരിന്റെ ഇൗ നടപടിയിൽ ബുദ്ധിമുട്ടുന്നത്. നെല്ല് സംഭരിച്ചതിന്റെ തുക കിട്ടാത്തത് മൂലം കർഷകർ ദുരിതത്തിലായിരിക്കുകയാണ്.

കടം വാങ്ങിയാണ് പല കർഷകരും നെൽകൃഷിയിലേക്ക് ഇറങ്ങിയത്. കർഷകർ ബാങ്കുകളിൽ കയറിയിറങ്ങുന്നതല്ലാതെ അടുത്ത കൃഷിയിറക്കാൻ സമയമായിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ല. വൈ. മണിലാൽ. വള്ളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. കർഷകർ പാടത്തു പണിത് ഉണ്ടാക്കുന്ന നെല്ല് വാങ്ങി അതിനുള്ള പണം കൃത്യമായി നൽകാതെ അവരെ കുഴപ്പത്തിലാക്കുന്നതാണ് സർക്കാർ ഏജൻസികളുടെ സമീപനം. 

കർഷകർ ബാങ്കുകളിൽ കയറിയിറങ്ങുന്നതല്ലാതെ ഒരു നടുപടിയുമില്ല. ഇടനിലക്കാരില്ലാതെ കർഷകർക്ക് നേരിട്ട് പണം ലഭ്യമാക്കണം. എം.കെ. മോഹനക്കുറുപ്പ്. പ്രസിഡന്റ്, വേട്ടകുളം പാടശേഖര സമിതി.