Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെടുതി മായ്ക്കാം ദുരിതം മറക്കാം

Help Me

വിളനാശത്തിന് ലഭിക്കുന്ന ഇൻഷുറൻസ് തുകയ്ക്കൊപ്പം കാലവർഷക്കെടുതിയിൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായവും ലഭിക്കുമോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല. എങ്കിലും രണ്ട് അനുകൂല്യവും ഒരുമിച്ചു ലഭ്യമാകുമെന്ന വിധത്തിലാണ് ഇപ്പോൾ അപേക്ഷകൾ വാങ്ങുന്നത്. 

വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നവർക്കുള്ള നഷ്ടപരിഹാരം

വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ഇൻഷുർ ചെയ്യുന്ന ഫലവൃക്ഷങ്ങൾക്ക് ഏഴു ദിവസം കഴിഞ്ഞുണ്ടാകുന്ന നാശ നഷ്ടത്തിനു മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. എല്ലാകൃഷി ഭവനിലും വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള സൗകര്യമുണ്ട്. അപേക്ഷ ഫോം വാങ്ങി അവിടെ തന്നെ ഇൻഷുറൻസ് തുക അടയ്ക്കാം. അപേക്ഷയ്ക്കൊപ്പം സ്ഥലത്തിന്റെ നടപ്പുവർഷത്തെ കരം അടച്ച രസീത് ഹാജരാക്കണം. പാട്ട കൃഷിയാണെങ്കിൽ ഉടമയുടെ സമ്മത പത്രം ഹാജരാക്കണം. എല്ലാ സമയത്തും പദ്ധതിയിൽ ചേരാം. എന്നാൽ വെള്ളം പൊങ്ങി കിടക്കുന്ന സമയത്ത് വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ കഴിയില്ല. വെള്ളം ഇറങ്ങിയ ശേഷം മാത്രമേ ഇൻഷുറൻസ് പദ്ധതിയിൽ പരിഗണിക്കു. വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട് നഷ്ടപരിഹാരം കിട്ടുന്ന വിളകളെയും സർക്കാരിന്റെ കാലവർഷ കെടുതി വിളനഷ്ടത്തിൽ പരിഗണിക്കുന്നുണ്ട്. 

ഓരോ വിളയുടെയും ഇൻഷുർ ചെയ്യാൻ വേണ്ട ഏറ്റവും കുറഞ്ഞ എണ്ണം, വിസ്തീർണം, വിള ഇൻഷുർ ചെയ്യാൻ വേണ്ട പ്രായം, അടയ്ക്കേണ്ട പ്രീമിയം, നഷ്ടപരിഹാര തോത് എന്നിവ ക്രമത്തിൽ.

നെല്ല്:

0.10 ഹെക്ടറിന്, നട്ട് അല്ലെങ്കിൽ വിതച്ച് 15 ദിവസം കഴിഞ്ഞ് 45 ദിവസം വരെ, 0.10 ഹെക്ടറിന് 25 രൂപ, നഷ്ടപരിഹാരം–45 ദിവസത്തിനകമുള്ള വിളകൾക്ക് ഹെക്ടറിന് 15,000 രൂപ. 45 ദിവസത്തിനു ശേഷമുള്ള വിളകൾക്ക് ഹെക്ടർ ഒന്ന് 35,000രൂപ. (കീടരോഗബാധയാണെങ്കിൽ കൃഷിഭവനിൽ അറിയിച്ച് പ്രതിരോധ നടപടികൾ എടുത്തതിനു ശേഷവും നഷ്ടമുണ്ടായാൽ മാത്രമേ നഷ്ടപരിഹാരതുകയ്ക്ക് അർഹതയുള്ളു.)

തെങ്ങ്:

10 എണ്ണം, ഒരാണ്ടിൽ കുറഞ്ഞത് 30 നാളികേരമെങ്കിലും കായ്ഫലം നൽകുന്നവ ആയിരിക്കണം, ഒരു വർഷത്തേക്ക് തെങ്ങ് ഒന്നിന് രണ്ട് രൂപ, മൂന്ന് വർഷത്തേക്ക് ഒന്നിച്ചടച്ചാൽ തെങ്ങ് ഒന്നിന് അഞ്ചുരൂപ. നഷ്ടപരിഹാരം: തെങ്ങ് ഒന്നിന് 2000 രൂപ.

കമുക്:

10 മരങ്ങൾ, കായ്ഫലമുള്ളത്, ഒരു മരത്തിന് ഒരുവർഷത്തേക്ക് ഒന്നര രൂപ, മൂന്ന് വർഷത്തേക്ക് ഒന്നിച്ചടച്ചാൽ മൂന്ന് രൂപ. നഷ്ടപരിഹാരം: 200 രൂപ. 

റബർ:

25 എണ്ണം, കറയെടുക്കുന്ന മരങ്ങൾ, ഒരു മരത്തിന് ഒരുവർഷത്തേക്ക് മൂന്ന് രൂപ, മൂന്ന് വർഷത്തേക്ക് ഒന്നിച്ചടച്ചാൽ ഏഴര രൂപ. നഷ്ടപരിഹാരം : ഒരു മരത്തിന് 1000 രൂപ.

കശുമാവ്:

അഞ്ച് മരങ്ങൾ, കായ്ഫലമുള്ളത്, ഒരു മരത്തിന് ഒരു വർഷത്തേക്ക് മൂന്ന് രൂപ, മൂന്ന് വർഷത്തേക്ക് ഏഴര രൂപ, നഷ്ടപരിഹാരം ഒരു മരത്തിന് 750 രൂപ.

വാഴ:

പത്തെണ്ണം, നട്ട് കഴിഞ്ഞ് ഒരുമാസം മുതൽ അഞ്ച് മാസം വരെ, ഒരു വാഴയ്ക്ക് മൂന്ന് രൂപ,

ഏത്തൻ കുലച്ചതിന് (300 രൂപ), കുലയ്ക്കാത്തതിന് (150 രൂപ).

ഞാലിപ്പൂവൻ കുലച്ചതിന് (200 രൂപ), കുലയ്ക്കാത്തതിന് (100 രൂപ), 

മറ്റിനങ്ങൾ കുലച്ചതിന് (75 രൂപ) കുലയ്ക്കാത്തതിന് (50 രൂപ).

മരച്ചീനി:

0.002 ഹെക്ടർ, നട്ട് കഴിഞ്ഞ് ഒരുമാസത്തിനു ശേഷം അഞ്ചുമാസം വരെ. 0.002 ഹെക്ടറിന് മൂന്ന് രൂപ, നഷ്ടപരിഹാരം– ഹെക്ടർ ഒന്നിന് 10,000 രൂപ. 

കൈതച്ചക്ക:

0.02 ഹെക്ടർ, നട്ട് കഴിഞ്ഞ് ഒരുമാസത്തിനു ശേഷം ആറ് മാസത്തിനകം. 0.02 ഹെക്ടറിന് 37.50 രൂപ, നഷ്ടപരിഹാരം–ഹെക്ടർ ഒന്നിന് 50,000 രൂപ വരെ.

കുരുമുളക്:

15 താങ്ങു മരങ്ങളിൽ ഉള്ളവ, കായ്ച്ചു തുടങ്ങിയവ. ഒരു താങ്ങു മരത്തിലുള്ളതിന് ഒരു വർഷത്തേക്ക് ഒന്നര രൂപ. മൂന്നു വർഷത്തേക്ക് ഒന്നിച്ചടച്ചാൽ മൂന്നു രൂപ,  നഷ്ടപരിഹാരം– ഓരോ താങ്ങു മരത്തിലും ഉള്ളതിന് 200 രൂപ വീതം.

ഏലം:

ഒരു ഹെക്ടർ, കായ്ഫലമുള്ളത്, ഒരു വർഷത്തേക്ക് ഹെക്ടറിന് 1500 രൂപ. മൂന്നു വർഷത്തേക്ക് ഒന്നിച്ചടച്ചാൽ 3750 രൂപ, നഷ്ടപരിഹാരം–ഹെക്ടറിന് ഒന്നിന് 60,000 രൂപ വരെ.

ഇഞ്ചി:

0.02 ഹെക്ടർ, നട്ട് ഒരു മാസം കഴിഞ്ഞ് 5 മാസം വരെ. 0.02 ഹെക്ടറിന് 15 രൂപ. നഷ്ടപരിഹാരം– ഹെക്ടർ ഒന്നിന് 80000 രൂപ വരെ. 

മഞ്ഞൾ:

0.02 ഹെക്ടർ, നട്ട് ഒരുമാസം കഴിഞ്ഞ് മൂന്നു മാസം വരെ. 0.02 ഹെക്ടറിന് 15 രൂപ. നഷ്ടപരിഹാരം–ഹെക്ടർ ഒന്നിന് 60,000 രൂപ വരെ.

കാപ്പി:

10 മരങ്ങൾ, കായ്ഫലമുള്ളത്, ഒരു ചെടിക്ക് ഒരു വർഷത്തേക്ക് ഒന്നരരൂപ. മൂന്ന് വർഷത്തേക്ക് ഒന്നിച്ചടച്ചാൽ മൂന്നു രൂപ. നഷ്ടപരിഹാരം–ഒരുമരത്തിന് 350രൂപ വരെ.

തേയില:

ഒന്ന് ഹെക്ടർ, ഇലയെടുത്തു തുടങ്ങിയ ചെടികൾ. ഹെക്ടർ ഒന്നിന് ഒരുവർഷത്തേക്ക് 1500 രൂപ. മൂന്നു വർഷത്തേക്ക് ഒന്നിച്ചടച്ചാൽ 3750 രൂപ വരെ. നഷ്ടപരിഹാരം– ഹെക്ടർ ഒന്നിന് 70,000. ഇൻഷ്വർ ചെയ്തിന്റെ 10 ശതമാനമോ, രണ്ട് ഹെക്ടറോ ഏതാണോ കുറവ് അതിന് നഷ്ടപരിഹാരം നൽകാവുന്നതാണ്.

കൊക്കോ:

അഞ്ച് എണ്ണം, കായ്ഫലമുള്ളത്, ഒന്നര രൂപ മരത്തിന് ഒരുവർഷത്തേക്ക്, മൂന്നു വർഷത്തേക്ക് ഒന്നിച്ചടച്ചാൽ മൂന്നു രൂപ വരെ, നഷ്ടപരിഹാരം– ഒരുമരത്തിന് 300 വരെ.

നിലക്കടല:

0.1 ഹെക്ടർ, നട്ട് ഒരു മാസത്തിനു ശേഷം രണ്ട് മാസത്തിനു മുൻപ്. 0.1  ഹെക്ടറിന് 37.50രൂപ. നഷ്ടപരിഹാരം–ഹെക്ടർ ഒന്നിന് 12,000.

എള്ള്:

0.1 ഹെക്ടർ, വിതച്ച് ഒരാഴ്ച കഴിഞ്ഞ് ഒരു മാസം വരെ. 0.01 ഹെക്ടറിന് 37.50 രൂപ. നഷ്ടപരിഹാരം–ഹെക്ടർ ഒന്നിന് 12,500.

പച്ചക്കറി (പന്തലുള്ളവയും, പന്തലില്ലാത്തവയും):

0.04 ഹെക്ടർ, നട്ട് ഒരാഴ്ച കഴിഞ്ഞ് ഒരുമാസം വരെ, 10 സെന്റിന് 10 രൂപ. നഷ്ടപരിഹാരം–പന്തലില്ലാത്തവയ്ക്ക് ഹെക്ടർ ഒന്നിന് 25,000. പന്തലുള്ളതിന് ഹെക്ടറിന് ഒന്നിന് 40,000.

ജാതി:

അഞ്ച് എണ്ണം, കായ്ഫലമുള്ളത്. ഒരു വർഷത്തേക്ക് ഒരു മരത്തിന് മൂന്നു രൂപ. മൂന്നു വർഷത്തേക്ക് 7.50 രൂപ. നഷ്ടപരിഹാരം–ഒരു മരത്തിന് മൂവായിരം രൂപ.

ഗ്രാമ്പൂ:

അഞ്ച് എണ്ണം, കായ്ഫലമുള്ളത്. ഒരു വർഷത്തേക്ക് ഒരു മരത്തിന് മൂന്നു രൂപ. മൂന്നു വർഷത്തേക്ക് ഒന്നിച്ചടച്ചാൽ 7.50 രൂപ. നഷ്ടപരിഹാരം–ഒരു മരത്തിന് 1000 രൂപ.

വെറ്റില:

ഒരു സെന്റ്, വിളവെടുപ്പ് ആരംഭിച്ചത്, ഒരു വർഷത്തേക്ക് സെന്റ് ഒന്നിന് 7.50 രൂപ. നഷ്ടപരിഹാരം–സെന്റ് ഒന്നിന് 1000 രൂപ.

പയർ വർഗങ്ങൾ:

0.10 ഹെക്ടർ, നട്ട് രണ്ട് ആഴ്ച മുതൽ ഒന്നരമാസം വരെ. 0.10 ഹെക്ടറിന് 19 രൂപ, നഷ്ടപരിഹാരം–ഹെക്ടറിന് 10,000 രൂപ.

കിഴങ്ങു വർഗങ്ങൾ (ചേന, മധുരക്കിഴങ്ങ്):

0.02 ഹെക്ടർ, നട്ട് ഒരുമാസം മുതൽ മൂന്നു മാസം വരെ. ചേന 7.50 രൂപ, മധുരക്കിഴങ്ങ് 4.50 രൂപ. നഷ്ടപരിഹാരം– ചേന ഹെക്ടറിന് 35,000, മധുരക്കിഴങ്ങ് ഹെക്ടറിന് 15,000 രൂപ.

കരിമ്പ്:

0.10  ഹെക്ടർ, നട്ട് ഒരു മാസം മുതൽ മൂന്നു മാസം വരെ. 0.10 ഹെക്ടറിന് 90 രൂപ, നഷ്ടപരിഹാരം–ഹെക്ടർ ഒന്നിന് 50,000.

പുകയില:

0.02 ഹെക്ടർ, നട്ട് രണ്ടാഴ്ച മുതൽ രണ്ടു മാസം വരെ. 0.02 ഹെക്ടറിന് മൂന്നു രൂപ, നഷ്ടപരിഹാരം–ഹെക്ടറിന് 20,000 രൂപ.

വ്യവസ്ഥകൾ

 ∙ ഒടിഞ്ഞു വീഴാറായതും നശിക്കാനായതുമായ വിളകൾക്കായി ഇൻഷുറൻസിൽ ചേരാനാകില്ല. ആരോഗ്യമുള്ള വിളകൾക്കേ സംരക്ഷണം ലഭിക്കൂ. 

∙ തോട്ടത്തിൽ പത്ത് തെങ്ങുണ്ടെങ്കിൽ പത്തും ഇൻഷുർ ചെയ്യണം. ഭാഗികമായി വിള ഇൻഷുർ ചെയ്യാനാകില്ല. 

∙ ഇൻഷുറൻസ് ലഭിക്കുന്നത് വിളകൾക്കുണ്ടാകുന്ന പൂർണനാശത്തിനു മാത്രം. 

∙ പ്രീമിയം അടച്ച ദിവസം മുതൽ ഏഴു ദിവസങ്ങൾക്കു ശേഷം മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ. 

∙ വിളനാശം സംഭവിച്ചാൽ 15 ദിവസത്തിനുള്ളിൽ കൃഷിഭവനിൽ അപേക്ഷ നൽകണം 

∙ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തും വരെ നാശനഷ്ടം സംഭവിച്ച വിള അതേപടി നിലനിർത്തണം.

∙ വിള നഷ്ടത്തോടൊപ്പം നശിച്ച വിളയുടെ ഒരു ഫോട്ടോ കൂടി സമർപ്പിക്കണം. 

ഇൻഷുറൻസ് ലഭിക്കുന്ന വിളകൾ

∙ നെല്ല്, തെങ്ങ്, വാഴ, റബർ, കുരുമുളക്, കമുക്, ഏലം, കശുമാവ്, കൈതച്ചക്ക, കാപ്പി, ഇഞ്ചി, തേയില, മരച്ചീനി, മഞ്ഞൾ, കൊക്കോ, നിലക്കടല, എള്ള്, പച്ചക്കറി, ജാതി, ഗ്രാമ്പൂ, വെറ്റില, പയറുവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ (ചേന, മധുരക്കിഴങ്ങ്), കരിമ്പ്, പുകയില.

ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നവ

∙ വെള്ളപ്പൊക്കം, വരൾച്ച, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, മിന്നൽ, കാട്ടുതീ, കാട്ടുമൃഗങ്ങളുടെ ആക്രമണം.

കാലവർഷക്കെടുതി നേരിട്ടവർക്കുള്ളസർക്കാർ ധനസഹായം 

നെല്ല് (ഒരു ഹെക്ടർ): 13500 രൂപ.

പച്ചക്കറി (ഒരു ഹെക്ടർ): 13500 രൂപ.

കപ്പ (ഒരു ഹെക്ടർ): 6800 രൂപ.

ജാതി, കായ്‌ഫലമുള്ളത് (ഒന്ന്): 400 രൂപ.

ജാതി, കായ്ഫലമില്ലാത്തത് (ഒന്ന്): 150 രൂപ.

വാഴ, കുലച്ചത് (ഒന്ന്): 100 രൂപ.

വാഴ, കുലയ്ക്കാത്തത് (ഒന്ന്): 75 രൂപ.

തെങ്ങ്, കായ്ഫലമുള്ളത് (ഒന്ന്): 700 രൂപ.

തെങ്ങ്, കായ്ഫലമില്ലാത്തത് (ഒന്ന്): 350 രൂപ.

റബർ, ടാപ്പ് ചെയ്യുന്നത് (ഒന്ന്): 300 രൂപ.

റബർ ടാപ്പ് ചെയ്യാത്തത് (ഒന്ന്): 200 രൂപ.

കമുക് കായ്ഫലമുള്ളത് (ഒന്ന്): 150 രൂപ.

കമുക് കായ്ഫലമില്ലാത്തത് (ഒന്ന്): 100 രൂപ.

കൊക്കോ (ഒന്ന്): 100 രൂപ.

കാപ്പി (ഒന്ന്): 100 രൂപ.

കുരുമുളക് (ഒന്ന്): 75 രൂപ.

ഇഞ്ചി, മഞ്ഞൾ (ഒരു ഹെക്ടർ): 6800 രൂപ.

കൃഷിഭവനുകളിൽ കാലവർഷക്കെടുതി നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ഫോം ലഭിക്കും.  നാശനഷ്ടം ഉണ്ടായി 10 ദിവസത്തിനകം അതത് കൃഷി ഓഫിസുകളിൽ അപേക്ഷ സമർമിപ്പിക്കണം. നടപ്പുവർഷം കരം അടച്ച രസീതിന്റെ കോപ്പി, ബാങ്ക് അക്കൗണ്ട് ബുക്കിന്റെ ആദ്യപേജ് (ഐഎഫ്എസ് കോഡ് ഉൾപ്പടെ) എന്നിവ ഒപ്പം വേണം. പാട്ട കൃഷിയാണെങ്കിൽ ഉടമയുടെ സമ്മതപത്രവും വേണം. അപേക്ഷ ലഭിച്ച് 20 ദിവസത്തിനുള്ളിൽ കൃഷി ഓഫിസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി ജില്ലാ കൃഷി ഓഫിസർക്ക് സമർപ്പിക്കണം. കൃഷിവകുപ്പ് നിർദേശത്തിന്റ അടിസ്ഥാനത്തിൽ ധനസഹായം വിതരണം ചെയ്യും.