Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയാനന്തരം കൃഷി മേഖല വീണ്ടെടുക്കാൻ തെള്ളിയൂർ വിജ്ഞാന കേന്ദ്രം

വർ‌ഗീസ് സി. തോമസ്
Kumarakom-flood-1a.jpg1

പത്തനംതിട്ട ∙ സംസ്ഥാനത്തിന്റേയും പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയുടെയും കാർഷിക മേഖലയുടെ നട്ടെല്ല് തകർത്ത് കടന്നുപോയ പ്രളയത്തിൽ നിന്ന്   ഉയർത്തെഴുനേൽപ്പിന് കാർഷിക മേഖലയെ വീണ്ടെടുക്കാൻ ശാസ്ത്രീയ മാർഗ നിർദേശങ്ങളുമായി പത്തനംതിട്ട തെള്ളിയൂർ കൃഷി വിജ്ഞാന കേന്ദ്രം.

രൂക്ഷമായ പ്രളയംമൂലം മണ്ണിന്റെ ഘടന നഷ്ടപ്പെട്ടു. ഇതുമൂലം മണ്ണിലെ സൂക്ഷ്മ ജീവികളുടെ എണ്ണത്തിലും പ്രവർത്തനത്തിലും മാറ്റങ്ങൾ സംഭവിച്ചു.  പല പ്രദേശങ്ങളിലേയും മേൽ മണ്ണ് ഒലിച്ച് നഷ്ടപ്പെടുകയും പകരമായി പ്രളയജലത്തിൽ ഒലിച്ചുവന്ന ചെളിമണ്ണ് നിക്ഷേപിക്കപ്പെടുകയും ചെയ്തു.  തരിവലുപ്പം വളരെ കുറവുള്ള ചെളിമണ്ണ് ആയതുകൊണ്ട് ഇത് ഉപരിതലത്തിൽ കട്ടിയുള്ള ഒരുപാളിയായി രൂപാന്തരപ്പെടുകവഴി തഴേക്ക് വായുസഞ്ചരം തടയുന്നതിനും ജലം മണ്ണിലേക്ക് ഊർന്നിറങ്ങാതെ നഷ്ടപ്പെടുന്നതിനും ഇടയാക്കും.  അതുമൂലം ചെടികളുടെ വേരുകൾക്ക് ലഭ്യമായ ജലത്തിന്റെയും വായുവിന്റെ അളവ് കുറയുന്നതിന് കാരണമാകും. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ മണ്ണ് പരിശേധനയ്ക്ക് വിധേയമാക്കിയപ്പോൾ ഉപരിതലത്തിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ള മണ്ണിൽ മൂലകങ്ങളുടെ അളവ് താരതമ്യേന കുറവായി കാണപ്പെട്ടു. 

പരിഹാരമാർഗ്ഗങ്ങൾ

1. മണ്ണിന്റെ ഘടനമെച്ചപ്പെടുത്തുവാനായി കുമ്മായം/ഡോളോമൈറ്റ് സെന്റിന് ഒരു കിലോ എന്ന തോതിൽ ചേർത്തുകൊടുക്കുക.

2. തറഞ്ഞുകിടക്കുന്ന മണ്ണ് ജൈവ വളവുമായി ചേർത്ത് മണ്ണിൽ ഇളക്കി ചേർക്കുക.

3.  അഴുകിനിൽക്കുന്ന വാഴ, ജൈവ അവശിഷ്ടങ്ങൾ എന്നിവ മണ്ണിര കമ്പോസ്റ്റാക്കുകയോ, ജൈവ കുമിൾ നാശിനിയായ ട്രൈക്കോഡെർമയും ചാണകവും ചേർത്ത് വളമാക്കുകയും ചെയ്യുക.

4.  കൃഷിക്ക് മുന്നോടിയായി പച്ചില വിത്തുകളായ ചണമ്പ്, വൻപയർ, സെസ്‌ബേനിയ എന്നിവയിലേതെങ്കിലും വിതക്കുകയും ഇവ പൂക്കുന്നതിന് മുന്നോടിയായി മണ്ണിൽ ചേർത്തുകൊടുക്കുകയും ചെയ്യുക.

പ്രധാന വിളകൾക്ക് അനുവർത്തിക്കേണ്ട പരിചരണ മുറകൾ

തെങ്ങ് - തെങ്ങിന് തടം എടുത്തുതിനുശേഷം ഓല, തൊണ്ട് മുതലായവ തെങ്ങിന്റെ ചുവട്ടിൽ പുതയിട്ട് തുലാമഴ പരമാവധി ചുവട്ടിൽ സംഭരിക്കുക.  തൈതെങ്ങുകളിൽ പൊതുവേ കാണുന്ന നാമ്പ് ചീയൽ നിയന്ത്രിക്കാനായി 1% ബോഡോമിശ്രിതം അല്ലെങ്കിൽ മാങ്കോസേബ് എന്ന കുമിൾ നാശിനി തെങ്ങിന്റെ മണ്ടയിൽ പ്രയോഗിക്കുക.

നെല്ല് - പുഞ്ചകൃഷി ആരംഭിക്കുന്നതിന് മുമ്പായി മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ കുമ്മായമോ ഡോളൈമൈറ്റോ ചേർത്തുകൊടുക്കുക.  വിത്ത് സ്യുഡോമോണാസിൽ പരിചരിച്ച് വിതക്കുക.  ഇത് ആദ്യകാലങ്ങളിൽ ഉണ്ടാകാവുന്ന രോഗങ്ങളെ തടയുന്നതിന് സഹായിക്കും.  പോളകരിച്ചിൽ, പോള അഴുകൽ തുടങ്ങിയ രോഗങ്ങൾ കണ്ടാൽ ട്രൈഫ്‌ളോക്‌സി സ്റ്റാബിൻ + ടെബുകൊണോസോൾ 0.4 ഗ്രാം / ലിറ്റർ എന്നതോതിൽ തളിച്ചുകൊടുക്കുക.  ബാക്ടീരിയൽ ഇലകരിച്ചിൽ രോഗത്തിനെതിരെ പുതു ചാണകപ്പാൽ കലക്കി തളിക്കുക.  വെള്ളത്തിലൂടെയുള്ള രോഗവ്യാപനം തടയാൻ ഏക്കറിന് 2 കിലോ ബ്ലീച്ചിങ്ങ് പൗഡർ തുണിയിൽ കിഴികെട്ടി വെള്ളച്ചാലുകളിൽ ഇട്ടുകൊടുക്കുക.  കൂടാതെ സ്‌ട്രെപ്‌റ്റോസൈക്ലിൻ ഏക്കറിന് 30 ഗ്രാം 200 ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. 

Rice crop in the sunshine

ജാതി - ജാതിയുടെ ചുവട്ടിൽ തടമെടുത്തതിന് ശേഷം ജാതിയുടെ വലിപ്പം അനുസരിച്ച് കാൽ കിലോ മുതൽ അര കിലോ വരെ കുമ്മായം ചേർത്തുകൊടുക്കുക.  ഇലകൊഴിച്ചിലും, കായ്‌പൊഴിച്ചുലും നിയന്ത്രിക്കുന്നതിനായി 1% ബോഡോമിശ്രിതം തളിച്ചുകൊടുക്കുക.

വാഴ- വെള്ളപ്പൊക്കംമൂലം നശിച്ച വാഴകൾ പിഴുതുമാറ്റുക.  വാഴപ്പിണ്ടി അരിഞ്ഞ് മണ്ണിര കമ്പോസ്‌ററ് നിർമ്മാണത്തിന് ഉപയോഗിക്കാം.  പുതിയ കൃഷിയിൽ ഈർപ്പം നിലനിർത്തുന്നതിനുള്ള പുതയായും അരിഞ്ഞവാഴത്തട ഉപയോഗിക്കാം.  ഇങ്ങനെ ചെയ്യുന്നതിലൂടെ വെള്ളപ്പൊക്കംമൂലം നഷ്ടപ്പെട്ട മണ്ണിലെ ജൈവ അംശം തിരികെ കൊണ്ടുവരുന്നതിനും മണ്ണിലെ സൂക്ഷ്മ ജീവികളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും സാധിക്കും. കൃഷി തുടങ്ങുന്നതിന് മുമ്പ് സെന്റിന് 1 കി.ഗ്രാം എന്ന തോതിൽ കുമ്മായം ചേർത്ത് കിളക്കുക.  

പുതിയ കൃഷിയിൽ ചെലവ് കുറച്ച് ലാഭം വർദ്ധിപ്പിക്കുന്നതിനായി താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കുക

1.  സാന്ദ്രീകൃത നടീൽ രീതി - 3 ഃ 2 മീറ്റർ അകലത്തിൽ കുഴികൾ എടുത്ത് ഒരു കഴിയിൽ 2 വാഴ എന്ന കണക്കിൽ നടുക (ഏക്കറിന് 1332 വാഴകൾ)

2.  നടന്നുതിനുമുമ്പ് വിത്തുകൾ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ 1 മിനിറ്റ് മുക്കിവച്ച് അണുവിമുക്തമാക്കിയ ശേഷം നടുക.

3. മണ്ണ് പരിശോധച്ച് വളപ്രയോഗം നടത്തുക.

രണ്ടു ദിവസത്തിൽ കൂടുതൽ വെള്ളക്കെട്ടുണ്ടായ കൃഷിയിടങ്ങളിൽ ഞാലിപൂവൻ പോലെയുള്ള ഇനങ്ങൾ നടീലിനായി തിരഞ്ഞെടുക്കുക.  പരമാവധി 3 ദിവസത്തെ വരെ വെള്ളക്കെട്ടിനെ ഈ ഇനം ചെറുക്കുന്നതായി  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

കിഴങ്ങുവിളകൾ

ചേന - തണ്ടുകൾ അഴുകിപ്പോയ ചേനകൾ കിളച്ച് മണ്ണിൽ നിന്നും പുറത്തെടുക്കുക.  നടീൽ വസ്തുവമായി സംഭരിച്ചുവയ്ക്കുന്ന പക്ഷം ചേനകൾ 4 ഗ്രാം മാങ്കോസെബ് കുമിൾ നാശിനിയും 2 മി.ലി. മാലത്തിയോൺ എന്ന കീടനാശിനിയും 1 ലിറ്റർ ചാണക സ്ലറിയിൽ കലർത്തിയ ശേഷം മുക്കി ഉണക്കി ഈർപ്പം തട്ടാതെ സംഭരിച്ചു വയ്ക്കുക.  ചേനകൾ അഴുകൽ ഉണ്ടാകുന്നുണ്ടോ എന്ന് ഇടയ്ക്ക് പരിശോധിക്കുക

ശീമച്ചേമ്പ്: വിത്തുകൾ വെള്ളക്കെട്ടുമൂലം അഴുകിയ സാഹചരത്യത്തിൽ തടകൾ നടീലിനായി സംഭരിക്കുക.

ഇഞ്ചി- ഈവർഷം ഇഞ്ചി അഴുകൽ രോഗം മൂലം നശിച്ച കൃഷിയിടങ്ങളിൽ അടുത്തവിള ഇറക്കാതിരിക്കുക.  പുതിയ സ്ഥലങ്ങളിൽ നടുന്നതിനുമുമ്പ് 2 ശതമാനം സ്യൂഡോമോണാസ് ലായനിയിൽ വിത്തുകൾ മുക്കിവച്ച് വിത്തുപരിചരണം നടത്തുക.  നടുമ്പോൾ ട്രൈക്കോഡെർമ ഉപയോഗിച്ച് സമ്പുഷ്ടമാക്കിയ ചാണകം ഉപയോഗിക്കുക.  ശരിയായ നീർവാർച്ച ഉറപ്പാക്കുന്നതിനായി വാരങ്ങൾ ഉയർത്തി തയ്യാറാക്കുക.

പച്ചക്കറികൾ- കൃഷിയുടെ കാലയളവിൽ ഉണ്ടാകുന്ന അധികരിച്ച മഴമൂലമുള്ള വെള്ളത്തിന്റെ ആധിക്യത്തെ ഒരുപരിധിവരെ ചെറുക്കുന്നതിന് പ്ലാസ്റ്റിക്ക് പുതകളുടെ ഉപയോഗം സഹായിക്കും.

റംബൂട്ടാൻ, മാംഗോസ്റ്റീൻ - തടങ്ങളിൽ വായു സഞ്ചാരം ഉറപ്പാക്കുന്നതിനായി തടങ്ങളിലെ മണ്ണ് സാവധാനം വേരുകൾക്ക് ക്ഷതം ഏൽക്കാത്ത രീതിയിൽ ഇളക്കി, തടത്തിനു പുറമെനിന്നും മണ്ണിട്ടുകൊടുക്കുക.  മണ്ണിടുന്നതിന് മുമ്പ് കുമ്മായം തടമൊന്നിന് 250 -500ഗ്രാം എന്ന കണക്കിലും ജൈവ വളങ്ങൾ മരമൊന്നിന് 10 കിലോ എന്ന കണക്കിലും ചേർത്തുകൊടുക്കണം.

കന്നുകാലികളുടെ സംരക്ഷണം

വെള്ളപ്പൊക്കത്തെ തുടർന്ന് കന്നുകാലികളിൽ പാലുൽപ്പാദനം ഗണ്യമായ തോതിൽ കുറഞ്ഞതായി കാണുന്നു.  പോഷകാഹാരത്തിന്റെ കുറവാണ് ഇതിന്റെ പ്രധാന കാരണം.  പരുഷാഹാരത്തിന്റെ കുറവ് പരിഹരിക്കുന്നതിന് പ്രാദേശീകമായി ലഭ്യമാകുന്ന പ്ലാവ്, ശീമക്കൊന്ന, ചെമ്പരത്തി, മുരിങ്ങ, വാഴ തുടങ്ങയവയുടെ ഇലകൾ നൽകാവുന്നതാണ്. കൂടാതെ വാഴയുടെ പിണ്ടിയും, മാണവും അരിഞ്ഞ് നൽകാം.

Veekkam.jpg2

തീറ്റയും, തീറ്റക്രമവും  ശരിയാവുന്നതുവരെ തീറ്റയിൽ 30-40 ഗ്രാം അപ്പക്കാരം (സോഡിയം ബൈ കാർബണേറ്റ്) നൽകാവുന്നതാണ്. 

തൊലിക്ക് പുറമെയുള്ള മുറിവുകൾക്ക് മഞ്ഞളും കർപ്പൂരവും വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടിക്കൊടുക്കാം.

അകിടുവീക്ക സാധ്യതകൾ കുറയ്ക്കുന്നതിനായി പൊട്ടാസ്യം പെർമാഗനേറ്റ് ലായനി (1:1000) ഉപയോഗിച്ച് അകിട് കഴുകുക.

കറവയ്ക്ക് ശേഷം മുലക്കാമ്പുകൾ പ്രോവിഡോൺ അയോഡിൻ ലായനിയിൽ മുക്കുക

വിരമരുന്ന് എല്ലാകന്നുകാലികൾക്കും നിർബന്ധമായും നൽകേണ്ടതാണ്.  കാലികളിൽ കാണപ്പെടുന്ന ക്ഷീണം കുറയ്ക്കുന്നതിനും അതൊടൊപ്പം ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും ധാതുലവണ മിശ്രിതങ്ങളോ പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലഭിക്കുന്ന ഏരിയ സ്‌പെസിഫിക് മിനറൽ മിക്‌സചറോ  കാലികൾക്ക് നൽകേണ്ടതാണ്. കാലികളുടെ വയറ്റിലെ സൂഷ്മാണുക്കളുടെ എണ്ണം ക്രമീകരിക്കുന്നതിന് പ്രോബയോട്ടിക്കുകളും കാലികൾക്ക് നൽകേണ്ടതാണ്.  ഇവ നൽകുന്നതിലുടെ ദഹനപ്രക്രീയ കൃത്യമാവുകയും പാൽ ഉൽപാദനം വർദ്ധിക്കുകയും ചെയ്യും. 

തൊഴുത്തുകളും, പുൽത്തൊട്ടികളും, കെട്ടിടങ്ങളും, പരിസരങ്ങളും വൃത്തിയാക്കിയതിനുശേഷം ഭിത്തികളും തറകളും ബ്ലീച്ചിങ്ങ് പൗഡറോ, പൊട്ടാസ്യം പെർമാൻഗനേറ്റോ ഉപയോഗിച്ച് അണുനശീകരണം നടത്തി ഈർപ്പം മാറ്റിയതിനുശേഷം മാത്രം കന്നുകാലികളെ തൊഴുത്തിൽ കെട്ടുക.

ഈച്ച, കൊതുക് മുതലായ കീടങ്ങളെ അകറ്റാൻ കഴിവുള്ള ശുപാർശ ചെയ്തിട്ടുള്ള വേപ്പെണ്ണ പോലെയുള്ള വികർഷണലേപനങ്ങൾ കന്നുകാലികളുടെ ദേഹത്ത് പ്രയോഗിക്കുക.

സാധാരണയായി കർഷകർ തീറ്റപുല്ലുകളാണ് വച്ചുപിടിപ്പിക്കുന്നത്.  ഇവയിൽ വെള്ളം കയറിയാൽ നശിച്ചുപോകും.  അയതിനൽ തീറ്റപ്പുല്ലിനോടൊപ്പം ഡസ്മാന്തസ്, സുബാബുൾ, അഗത്തി തുടങ്ങിയ മരങ്ങൾ വച്ചുപിടിപ്പിച്ച് ഇവയുടെ ഇലകൾ തീറ്റയായി നൽകാവുന്നതാണ്.

വെള്ളപ്പൊക്കത്തിൽ ഒഴുകി വരുന്ന വിത്തുകളിൽ നിന്നും കിളിർത്തുവരുന്ന എല്ലാ സസ്യങ്ങളും കന്നുകാലികൾക്ക് നല്ലതല്ല.  ചിലതിൽ വിഷാംശം കാണാം, അതിനാൽ തന്നെ പുതുതായി കിളിർത്തുവരുന്ന ചെടികൾ വിഷാംശം ഇല്ലാത്തതാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം കന്നുകാലികൾക്ക് നൽകുക.  തീറ്റയ്ക്ക് ശേഷം ശ്വാസംമുട്ടൽ, കിതപ്പ്, വായിൽ നിന്ന് നുരയും പതയും വരുക തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങൾ കാണിച്ചാൽ മൃഗഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

വെള്ളപ്പൊക്കം പ്രതീക്ഷിക്കാവുന്ന മേഖലകളിൽ സൈലേജ് തയ്യാറാക്കി സൂക്ഷിച്ചാൽ കന്നുകാലികൾക്ക്  തീറ്റയായി നൽകാൻ സാധിക്കും.  പുല്ല് ചെറുതായി അരിഞ്ഞ്, ശർക്കര, ഉപ്പ് എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്ത് വായുകടക്കാത്ത രീതിയിൽ 45 ദിവസം മൂടിക്കെട്ടി സൂക്ഷിക്കുക.  ഇങ്ങനെ തയ്യാറാക്കി സൂക്ഷിക്കുന്ന സൈലേജ് തീറ്റ ലഭ്യത കുറഞ്ഞ സമയത്ത് നൽകാം.  ഇതപോലെ  തന്നെ കച്ചിയും സൂക്ഷിക്കാവുന്നതാണ്. 

രോഗങ്ങൾ ഇല്ലാത്തവയാണെന്നും, മികച്ച ഉല്പദനക്ഷമതയുള്ളവയാണെന്നും വിദ്ഗന പരിശോധനയിലൂടെ ഉറപ്പാക്കിയതിനു ശേഷം മാത്രമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കന്നുകലികളെ കൊണ്ടുവരുവാൻ പാടുള്ളു.  അങ്ങനെ കൊണ്ടുവരുന്ന കാലികളെ 15 ദിവസമെങ്കിലും നിരീക്ഷണവിധേമാക്കിയിട്ടേ നിലവിലുള്ള കാലികളുടെ കൂട്ടത്തിൽ കെട്ടാൻ പാടുള്ളു.

തുടർ നടപടികൾ

1. കൂടുതൽ സാങ്കേതിക വിദ്യകൾ കർഷകർക്ക് എത്തിക്കുന്നതിനുള്ള പദ്ധതികൾ ഭാരതീയ കാർഷീക ഗവേഷണ കൗൺസിലിന് കൃഷി വിജ്ഞാന കേന്ദ്രം സമർപ്പിച്ചിട്ടുണ്ട്.

2. മുന്തിയ ഇനം നടീൽ വസ്തുക്കൾ പ്രത്യേകിച്ച് തീറ്റപ്പുല്ല്, പച്ചക്കറിതൈകൾ എന്നിവ കൂടതൽ ഉല്പദിപ്പിച്ച് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

3.  വ്യാപകമായ രീതിയിൽ മണ്ണ്പരിശോധന നടത്തി കർഷകർക്ക് ആവശ്യമായ നർദ്ദേശങ്ങൾ നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

4.  ജൈവ മാലിന്യ സംസ്‌കരണം ത്വരിതപ്പെടുത്തുന്നതിനുളഅള ബയോ ഇനോക്കുലം കെവികെയിൽ ഉല്പാദിപ്പിച്ച് കർഷകർക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

5.  നിലവിലുള്ള സാഹചര്യത്തിൽ തുടർന്ന് സ്വീകരിക്കേണ്ട കാർഷിക മുറകൾ സംബന്ധിച്ച് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേരള കാർഷിക സർവ്വകലാശാലയുടെ വിജ്ഞാന വ്യാപന ഡയറക്ടറുടെ സഹകരണത്തോടെ വിദഗ്ദ പരിശീലനം ക്രമീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 22 ന് പുളിക്കീഴ്, 25 ന് റാന്നി-അങ്ങാടി, 27 ന് ആറന്മുള, 29ന് പന്തളം എന്നീ സ്ഥലങ്ങളിൽ പരിശീലനങ്ങൾ നടക്കും.

സാങ്കേതിക സഹായങ്ങൾ ആവശ്യമുള്ളവർക്ക് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മേധാവിയുമായോ സബ്ജക്റ്റ് മാറ്റർ സ്‌പെഷ്യലിസ്റ്റുമാരിമായോ ബന്ധപ്പെടാം.

ഡോ. സി.പി. റോബർട്ട്   -    സീനിയർ സയന്റിസ്റ്റ് ആന്റ് ഹെഡ്    -    9447139300

വിനോദ് മാത്യു         -    വിള പരിപാലനം             -    9447454627

അലക്‌സ് ജോൺ        -    സസ്യ സംരക്ഷണം            -    9447801351

ഡോ. റിൻസി കെ. ഏബ്രഹാം    -    ഹോർട്ടികൾച്ചർ            -    9645027060

ഡോ. സെൻസി മാത്യു        -    മൃഗ സംരക്ഷണം            -    9446056737

വാട്‌സാപ്പ്                                    -    8078572094