Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷീരകര്‍ഷകര്‍ക്കായി ‘ഉണർവ്’

unarvu3

പ്രളയബാധിതരായ ക്ഷീരകര്‍ഷകര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും സാന്ത്വനം പകരാന്‍ വെറ്ററിനറി സർവകലാശാല

പ്രളയബാധിതപ്രദേശങ്ങളിൽ മൃഗസംരക്ഷണ മേഖലയെ കൈപിടിച്ചുയർത്താൻ ‘ഉണർവ്’ എന്ന പേരിൽ അടിയന്തര ഹ്രസ്വ, ദീർഘകാല പരിപാടികളുമായി വെറ്ററിനറി സർവകലാശാല. പ്രളയം ഏറെ നാശം  വിതച്ച വയനാട്, തൃശൂർ ജില്ലകളിലും തിരഞ്ഞെടുത്ത പഞ്ചായത്തുകളിലുമാണ് ഉണർവ് പദ്ധതി ആദ്യം നടപ്പാക്കുന്നത്.  ഇതിന്റെ ഭാഗമായി  മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുമായി ചേർന്ന്  മൊബൈൽ മെഡിക്കൽ ക്യാംപുകൾ നടത്തിവരുന്നു. ചികിത്സാസൗകര്യങ്ങളോടു കൂടിയ ആംബുലൻസുകളിലാണ് പരിശോധനയും ചികിത്സയും. ഒപ്പം മരുന്നുകൾ സൗജന്യമായി നൽകുന്നു.

സർവകലാശാലയുടെ ഇ–വെറ്റ്, കണക്റ്റ് പദ്ധതിയിലൂടെ  വിദഗ്ധരുമായി  ഫോണില്‍ ബന്ധപ്പെടാൻ സൗകര്യമുണ്ട്. തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാനസിക സാന്ത്വന പരിപാടികളും കർഷക–ശാസ്ത്രജ്ഞ  മുഖാമുഖവും നടത്തുന്നു. കാലിത്തീറ്റ, ധാതുലവണമിശ്രിതം, തീറ്റപ്പുല്ല്, തീറ്റപ്പുല്ല് നടീൽവസ്തുക്കൾ, ഗ്രോബാഗുകൾ എന്നിവയ്ക്കൊപ്പം കർഷകകുടുംബങ്ങൾക്ക് പാലും മുട്ടയും നൽകി പോഷകസുരക്ഷ ഉറപ്പാക്കുന്നുമുണ്ട്.

മൃഗങ്ങളുടെ പരിപാലനം, ആരോഗ്യസംരക്ഷണം, പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, വിപണനം, സാമ്പത്തികാവലോകനം എന്നീ മേഖലകളിൽ ഭാവിയില്‍ നടപ്പാക്കേണ്ട സമഗ്ര കർമരേഖ സർവകലാശാല തയാറാക്കി വരുന്നു. കൂടാതെ, ദുരന്തനിവാരണം സംബന്ധിച്ച പുസ്തകങ്ങളും പുറത്തിറക്കുന്നു.  

എലിപ്പനി നിർണയം

എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിനൊപ്പം വെറ്ററിനറി സർവകലാശാലയും കൈ കോർക്കുന്നു. കേരളത്തിലെ താലൂക്ക്, ജില്ലാ ആശുപത്രികളിൽ എത്തുന്ന രോഗികളിൽ എലിപ്പനി ബാധിച്ചതായി സംശയിക്കുന്നവരുടെ രക്തസാമ്പിളുകൾ   മണ്ണുത്തി വെറ്ററിനറി കോളജിലേക്ക് അയയ്ക്കാം. അതു പരിേശാധിച്ച് രോഗം സ്ഥിരീകരിക്കാനും ബാക്ടീരിയ ഇനത്തെ തിരിച്ചറിയാനും സാധിക്കും. പ്രാഥമിക പരിശോധനയായ എലീസ ആശുപത്രികളിൽ ചെയ്യാം. രണ്ടാംഘട്ട  പരിശോധനയായ മൈക്രോ സ്കോപ്പിക്ക് അഗ്‌മൂട്ടിനേഷൻ ടെസ്റ്റ് (MAT) ആണ്   വെറ്ററിനറി കോളജ് ചെയ്തു കൊടുക്കുന്നത്.  അടുത്ത മാർച്ച് 31 വരെ രക്തസാമ്പിളുകൾ സൗജന്യമായി പരിശോധിക്കാനുള്ള കരാർ സർവകലാശാലയും ആരോഗ്യവകുപ്പും ഒപ്പു വച്ചിട്ടുണ്ട്.

കുടിവെള്ളത്തിന്റെ ഗുണനിലവാരം

പ്രളയശേഷമുള്ള  ആവശ്യം  നേരിടാൻ വെറ്ററിനറി കോളജിലെ അനിമൽ ന്യുട്രിഷൻ വിഭാഗം കാലിത്തീറ്റയുടെ ഗുണമേന്മ പരിശോധിക്കാനുള്ള സൗകര്യം വിപുലമാക്കിയിട്ടുണ്ട്. വിവിധ ഗുണനിലവാരമുള്ള കാലിത്തീറ്റ, പന്നികളുടെ തീറ്റ, മിനറൽ മിക്സ്ചർ എന്നിവ ഉൽപാദിപ്പിക്കുന്ന യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നു. തീറ്റപ്പുൽ നടീൽവസ്തുക്കൾ, ജൈവവളം എന്നിവ ലൈവ്സ്റ്റോക്ക് ഫാമിൽനിന്നു ലഭിക്കും. 

കോഴിത്തീറ്റ, കോഴിക്കുഞ്ഞുങ്ങൾ

പൗൾട്രി സയൻസ് വിഭാഗത്തിന് കീഴിൽ മണ്ണുത്തിയിലും പാലക്കാട് തിരുവിഴാംകുന്നിലുമുള്ള ഹാച്ചറിയിലും കോഴിക്കുഞ്ഞുങ്ങളെ  വിതരണം ചെയ്യുന്നു. കോഴിത്തീറ്റ ഉൽപാദിപ്പിക്കുന്ന കേന്ദ്രവും കോഴിത്തീറ്റയുടെ ഗുണനിലവാരം, വിശേഷിച്ച് പൂപ്പൽ വിഷബാധയുടെ സാന്നിധ്യം  പരിശോധിക്കാന്‍ നൂതന സൗകര്യവും ഇവിടെയുണ്ട്. 

സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റൽ

വയനാട്ടിലെ പൂക്കോട്, തൃശൂരിലെ മണ്ണുത്തി, കൊക്കാല എന്നിവിടങ്ങളിൽ  ആധുനിക  സജ്ജീകരണങ്ങളുള്ള   മൃഗാശുപത്രികൾ പ്രവർത്തിക്കുന്നു.

വിലാസം: അസി. പ്രഫസർ, 

വെറ്ററിനറി കോളജ്, പൂക്കോട്,  

ഫോൺ: 9446203839