Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവസ്ഥാമാറ്റം: മാറണം കൃഷിയും

REA_1778-(25cm-w)

മലമേലെ തിരി വച്ച് പെരിയാറിൽ തള കെട്ടി ചിരി തൂകുന്ന മിടുക്കിപ്പെണ്ണല്ല ഇന്ന് ഇടുക്കി. അതിവർഷവും ഉരുൾപൊട്ടലും തകർത്തെറിഞ്ഞ ഇടുക്കിയുടെ ഹൃദയത്തിൽനിന്ന് ഭീതി ഇനിയും ഒഴിഞ്ഞുപോയിട്ടില്ല. മുറിപ്പാടുകൾ ഉണങ്ങിയിട്ടുമില്ല. മുല്ലപ്പെരിയാറും മറ്റു ജലബോംബുകളും പേറി നിൽക്കുന്ന ഇടുക്കിക്ക് അതിവർഷവും ഉരുൾപൊട്ടലും മലയിടിച്ചിലുകളും സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത ദുരന്തസ്മരണകൾ. 

കൃഷിഭൂമിയും ഉപജീവനമാർഗവും നഷ്ടപ്പെട്ട, ജില്ലയിലെ 95 ശതമാനത്തോളം വരുന്ന ചെറുകിട–നാമമാത്ര കർഷകർ അതിജീവനത്തിനു വഴിയറിയാതെ പകച്ചു നിൽക്കുകയാണ്. റോഡുകളും പാലങ്ങളും  അടിസ്ഥാന സൗകര്യങ്ങളും നഷ്ടപ്പെട്ടതോടെ വികസനവഴിയിൽ  ജില്ല  നാലു പതിറ്റാണ്ടെങ്കിലും പിന്നോട്ടടിക്കപ്പെട്ടു. തോട്ടവിളകൾക്കു പ്രാമുഖ്യമുള്ള  കൃഷി ഇനി വീണ്ടും പച്ചപിടിക്കണമെങ്കിൽ  പത്തു വർഷത്തെയെങ്കിലും അത്യധ്വാനം വേണ്ടിവരും.  അതിവർഷവും കൊടുംവരൾച്ചയും  ആവർത്തിച്ചേക്കാമെന്ന ആശങ്ക കർഷകരുടെ ഇടനെഞ്ചിൽ തീകോരിയിടുന്നു.

ഓഗസ്റ്റ് 14 മുതൽ 17 വരെയുള്ള നാലു ദിവസങ്ങളിൽ ഇടുക്കിയിൽ പെയ്തത് 81.1 സെന്റിമീറ്റർ മഴയാണ്. പീരുമേട്ടിൽ ഓഗസ്റ്റ് 12 മുതലുള്ള ആറു ദിവസം കൊണ്ട് 140 സെന്റിമീറ്റർ മഴ പെയ്തു. സാധാരണ തുലാവർഷക്കാലത്ത് നിറയുന്ന ഡാമുകൾ തെക്കുപടിഞ്ഞാറൻ കാലവർ‍ഷത്തിൽ തന്നെ നിറഞ്ഞു. കനത്ത മഴയിൽ വാഴത്തോപ്പ്–മണിയാറൽകുടി മേഖലയിൽ മാത്രം അമ്പതോളം ഉരുളുകളാണ് പൊട്ടിയത്. ഇടുക്കിയിൽ എല്ലാ ഡാമുകളും ഒരേ സമയം നിറയുകയും തുടർന്ന് തുറക്കേണ്ടിവരികയും ചെയ്തത് മണ്ണിലുണ്ടാക്കിയ സമ്മർദവും മാറ്റങ്ങളും പഠനവിധേയമാക്കേണ്ടതുണ്ട്. 

ജില്ലയിൽ ഇക്കൊല്ലത്തെ അതിവർഷത്തിൽ 278 സ്ഥലങ്ങളിൽ ഉരുൾപൊട്ടിയെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കു പ്രകാരം കാട്ടിലും നാട്ടിലുമായി ഇതിന്റെ ഇരട്ടിയിലേറെ  ഉരുൾപൊട്ടിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ 46 പേർ മരിച്ചു. 1800ല്‍ പരം സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു. 65 വർഷത്തെ കുടിയേറ്റ ചരിത്രമുള്ള  പന്നിയാർകുടി ഗ്രാമംതന്നെ അപ്രത്യക്ഷമായി ഉപ്പുതോട്, വാഴത്തോപ്പ്, കീരിത്തോട്, പാറത്തോട്, വണ്ണപ്പുറം, ചേമ്പളം, മാവടി, നെടുങ്കണ്ടം,  ഉടുമ്പൻചോല, രാജാക്കാട്, രാജമുടി, കൊന്നത്തടി, പാത്തിക്കുടി, കാമാക്ഷി, ഇരട്ടയാർ, അടിമാലി, കമ്പിളിക്കണ്ടം തുടങ്ങി  പ്രമുഖ കാർഷിക മേഖലകളിലെല്ലാം വ്യാപകമായി ഉരുൾപൊട്ടി.  ഒരിക്കൽ പോലും ഉരുൾപൊട്ടിയിട്ടില്ലാത്ത ചില മേഖലകളിലും  ഇത്തവണ ഉരുൾപൊട്ടി. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും 3601 വീടുകൾ ഭാഗികമായും 1535 വീടുകൾ പൂർണമായും തകർന്നു. ഭൂമി വ്യാപകമായി വിണ്ടുകീറി. റോഡുകള്‍ വ്യാപകമായി തകർന്നു, കുത്തൊഴുക്കിൽ 129 പാലങ്ങളും തകർന്നു. പാലങ്ങളുടെയും റോഡുകളുടെയും പുനർനിർമാണത്തിനു മാത്രം 2000 കോടി രൂപയെങ്കിലും വേണ്ടിവരും.

വർഷങ്ങളായി പട്ടയപ്രശ്നം നിലനിൽക്കുന്ന ഇടുക്കിയിൽ കൈവശഭൂമിക്കു കൃത്യമായ അവകാശരേഖകളില്ലാത്തവരാണ്   നഷ്ടം നേരിട്ട കർഷകരിൽ നല്ല പങ്കും. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ മേഖലകളിൽ പഠനം നടത്താതെ  പുതുതായി വീടുനിർമാണമോ പുനർനിർമാണമോ അനുവദിക്കേണ്ടതില്ല എന്നാണ് ഓഗസ്റ്റ് 28ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.  ആര് പഠനം നടത്തുമെന്നോ എന്ന് പഠനം പൂർത്തിയാക്കുമെന്നോ വ്യക്തമല്ല. നൂറുകണക്കിന് ഏക്കർ കൃഷിഭൂമിയും വീടുകളും നഷ്ടപ്പെട്ട കർഷകർക്ക് പകരം കൃഷിഭൂമിയും വീടും കിട്ടുമോ എന്നു സംശയം.

കുരുമുളകും ഏലവും കൃഷി ചെയ്യുന്നമേഖലകളിലാണ് വ്യാപക നാശം.  ഏക്കർകണക്കിന് കൃഷിഭൂമി ഒലിച്ചു പോയി. വിണ്ടുകീറിയും ഇടിഞ്ഞു താഴ്ന്നും പോയ ഭൂമിയിൽ പലയിടത്തും ഇനി കൃഷി അസാധ്യം. ഫലഭൂയിഷ്ഠമായമേൽ‌മണ്ണ് ഒഴുകിപ്പോയി. മണ്ണിലെ  ജൈവാംശം പാടെ ഒലിച്ചു പോയി. പെരുമഴയ്ക്കു ശേഷം   മണ്ണിലെ അമ്ലത പൊതുവെ കൂടിയതായും പഠനങ്ങൾ തെളിയിക്കുന്നു. രണ്ടര മാസത്തെ തുടർമഴയിൽമിക്ക തോട്ടങ്ങളിലും ഏലച്ചെടികളും കായ്കളും മൊത്തത്തിൽ അഴുകിപ്പോയി,  കുരുമുളകുതോട്ടങ്ങൾ  വാട്ടരോഗങ്ങളുടെയും വേരുചീയലിന്റെയും ആക്രമണത്തിൽ നശിച്ചു. ജാതത്തോട്ടങ്ങളിൽ ഇലകളും കായ്കളും കരിഞ്ഞുണങ്ങി. കറുത്ത കായ് രോഗം ബാധിച്ച കൊക്കോത്തോട്ടങ്ങളിൽ കായ്കൾ മൊത്തം അഴുകി നശിച്ചു. വണ്ടിപ്പെരിയാർ, ആലടി മേഖലകളിൽ കാപ്പിക്കും തേയിലച്ചെടികൾക്കും വന്‍നാശമുണ്ടായി. കാന്തല്ലൂർ, പട്ടപട, മറയൂർ മേഖലകളിൽ ശീതകാല പച്ചക്കറിവിള വ്യാപകമായി നശിച്ചു. തൊടുപുഴ മേഖലയിലെ റബർതോട്ടങ്ങളില്‍ അകാല ഇലപൊഴിച്ചിൽ വ്യാപകം. 

ക്ഷീരമേഖലയിൽ പ്രതിദിന ഉൽപാദനത്തിൽ  40,000 ലീറ്ററോളം  കുറവുണ്ടായി. തീറ്റപ്പുൽകൃഷി വ്യാപകമായി നശിച്ചു. ഗതാഗതം മുടങ്ങിയതോെട പലേടത്തും കാലിത്തീറ്റ കിട്ടാനില്ലാതായി.  തമിഴ്നാട്ടിൽനിന്നു കൊണ്ടുവരുന്ന വൈക്കോലിലാണ്   ക്ഷീരമേഖല പിടിച്ചു നിൽക്കുന്നത്. കർഷക കുടുംബങ്ങൾ ഏറ്റവും കൂടുതൽ കടക്കെണിയിൽ കുടുങ്ങിക്കിടക്കുന്ന ജില്ല കൂടിയാണ് ഇടുക്കി. കർഷകരെ കടക്കെണിയിൽനിന്ന് മോചിപ്പിക്കുന്നതിനും  കാർഷികമേഖല പുനരുദ്ധരിക്കുന്നതിനുമായി എം. എസ്. സ്വാമിനാഥൻ കമ്മീഷൻ ഇടുക്കി പാക്കേജ് സമർപ്പിച്ചിരുന്നു. അതിനു കേന്ദ്രാനുമതിയും കിട്ടി. എന്നാല്‍ നടപ്പാക്കാൻ ആത്മാർഥമായ ശ്രമം ഒരു ഭാഗത്തുനിന്നും ഉണ്ടായില്ല.  കുട്ടനാട് പാക്കേജ് ഭാഗികമായെങ്കിലും നടപ്പാക്കിയപ്പോൾ ഇടുക്കി പാക്കേജിലെ ഒരു പദ്ധതിക്കും തുടക്കം കുറിക്കാൻപോലുമായില്ല.  ഇടുക്കി പാക്കേജ് പരിഷ്കരിച്ചു നടപ്പാക്കാൻ ശ്രമം വേണം.  10 ഏക്കർവരെ കൃഷിഭൂമിയുള്ളവരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ പുതിയ പാക്കേജിലും വ്യവസ്ഥ വേണം. കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് കൈവശാവകാശ രേഖകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും പകരം ഭൂമി നൽകണം. അഞ്ചു വർഷത്തേക്കെങ്കിലും ഉദാരവ്യവസ്ഥകളോടെ സാമ്പത്തിക സഹായവും നൽകണം. പ്രായം ചെന്നതും ഉൽപാദനശേഷി കുറഞ്ഞതുമായ തോട്ടങ്ങൾ പുനരുദ്ധരിക്കുന്നതിനും വിപണനത്തിനും വില സ്ഥിരതയ്ക്കും മണ്ണുസംരക്ഷണത്തിനും പ്രത്യേക പദ്ധതി വേണം. ക്ഷീരമേഖലയുടെ സമഗ്രമായ പുനരുദ്ധാരണത്തിനും പദ്ധതികൾ വേണം. 

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഇന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പരിഗണനയിൽ ഇല്ല. 2013–ലെ കസ്തൂരിരംഗൻ ഉന്നതാധികാര സമിതിയുടെ ശുപാർശകളാണ് അന്തിമ വിജ്ഞാപനത്തിനായി കേന്ദ്രം  പരിഗണിക്കുന്നത്. കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളം നിയമിച്ച ഉമ്മൻ കമ്മീഷന്റെ ശുപാർശകൾ കൂടി പരിഗണിച്ച് അന്തിമ വിജ്ഞാപനം ഇറക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. അതിവർഷത്തിന്റെയും ഉരുൾപൊട്ടലുകളുടെയും പശ്ചാത്തലത്തിൽ ഹൈറേഞ്ചിലെ പരിസ്ഥിതി പുനഃസ്ഥാപനത്തെക്കുറിച്ച് ഗൗരവമായ പുനരാലോചന വേണം. അതിവർഷവും മിന്നൽപ്രളയവുമെല്ലാം കാലാവസ്ഥാമാറ്റത്തിന്റെ വ്യക്തമായ സൂചനകളാണ്. എന്നാൽ  ചൂടു കൂടുന്നതും കൊടുംവരൾച്ചയും ജലസ്രോതസ്സുകളുടെ ശോഷണവുമായിരിക്കും ദീർഘകാലാടിസ്ഥാനത്തിൽ കാലാവസ്ഥാവ്യതിയാനം ഇടുക്കിയിൽ സൃഷ്ടിക്കാൻ പോകുന്നത്.  

ആർദ്രത കൂടിയ ഉഷ്ണമേഖലാ കാലാവസ്ഥയിൽനിന്ന് ഈർപ്പം കുറഞ്ഞ  കാലാവസ്ഥയിലേക്കുള്ള ചുവടുമാറ്റത്തിലാണ് കേരളം ഇപ്പോൾ. 2010 മുതൽ ഉയർന്ന അന്തരീക്ഷ താപനിലയാണ് കേരളത്തിൽ  അനുഭവപ്പെടുന്നത്. ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതലുണ്ടാകുക ഇടുക്കിയിലെയും വയനാട്ടിലെയും ഹൈറേഞ്ചു കളിലാണ്. 1984–നും 2009 നും ഇടയിൽ കാൽനൂറ്റാണ്ട് കൊണ്ട് ഹൈറേഞ്ചുകളിൽ  അന്തരീക്ഷ താപനിലയിൽ ശരാശരി 1.46 ഡിഗ്രി സെൽഷ്യസിന്റെ വർധനയുണ്ടായി.  

അടുത്ത കാലത്ത് ഹൈറേഞ്ചിൽ പല ഇടങ്ങളിലും രണ്ട് – രണ്ടര ഡിഗ്രി സെൽഷ്യസിന്റെ വരെ ചൂട് കൂടുതലായി അനുഭവ പ്പെടുന്നുണ്ട്. അതേ സമയം രാത്രി കാലത്തെ താപനില കുറഞ്ഞും വരുന്നു. ഹൈറേഞ്ചുകളിൽ 2050 ആകുമ്പോഴേക്കും രണ്ടു മുതൽ നാലു ഡിഗ്രി വരെ സെൽഷ്യസ് ചൂട് കൂടിയേക്കാം. പകൽ സമയത്തെ കൂടിയ താപനിലയും രാത്രിയിലെ കുറഞ്ഞ താപനിലയും തമ്മിലുള്ള  അന്തരവും ഓരോ വർഷവും ഹൈറേഞ്ചുകളിൽ വർധിച്ചു വരുന്നു. താപവ്യതിയാനങ്ങളോട് അതിവേഗം പ്രതികരിക്കുന്ന ഏലം,കാപ്പി, തേയില, കൊക്കോ തുടങ്ങിയവയ്ക്ക് ഇത് അനുകൂലമല്ല.   ഈ സാഹചര്യത്തില്‍ ഹൈറേബഞ്ചിലെ കൃഷിയെക്കുറിച്ച് ഗൗരവതരമായ പഠനവും ആസൂത്രണവും ആവശ്യമാണ്.  

അതിതീവ്ര ടൂറിസം വികസനം, വിശേഷിച്ച് കുന്നിടിച്ചുള്ള ബഹുനില റിസോർട്ടുകളുടെയും ഹോട്ടലുകളുടെയും നിർമാണം ജില്ലയുടെ പരിസ്ഥിതിയെ രൂക്ഷമായി ബാധിച്ചിട്ടുെണ്ടന്നതും വിസ്മരിക്കരുത്. ഏകവിള സമ്പ്രദായത്തിൽ ഊന്നിയ കൃഷിക്കുപകരം പുതുവിളകൾ കൂടി ഉൾപ്പെടുത്തി ബഹുവിള, സംയോജിത കൃഷിയിേലക്ക് ഇടുക്കി ചുവടുമാറ്റുകതന്നെ വേണം.

വിലാസം: പ്രഫസർ & ഹെഡ്, വിജ്ഞാനവ്യാപന വിഭാഗം, ഹോർട്ടികൾച്ചർ കോളജ്, 

വെള്ളാനിക്കര. ഫോൺ: 9387100119