Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരകർഷകർക്ക് ഇത് ഉയർത്തെഴുന്നേൽപിന്റെ കാലം

kottayam-ola

വൈക്കം∙ പ്രളയത്തിൽ തകർന്ന കേരകർഷകർക്ക് ഉയർത്തെഴുന്നേൽപിന്റെ കാലം. ജനപങ്കാളിത്തത്തോടെയുള്ള ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് വൈക്കത്ത് കളമൊരുങ്ങിയതോടെ തെങ്ങോലകൾക്കു പ്രിയമേറി. പരമ്പരാഗത ഓലമെടച്ചിൽ മേഖലയും ഉണർന്നു. വിനോദത്തിനായി നാട്ടിൻപുറങ്ങളിലെത്തുന്ന വിദേശികൾക്കും ഉത്തരേന്ത്യക്കാർക്കും ഏറ്റവും ഇഷ്ടം ഓലമടലുകളാൽ സമ്പുഷ്ടമായ കുടിലുകളിൽ കിടന്നുറങ്ങുന്നതാണ്. കള്ളുഷാപ്പുകളിലും ഇപ്പോൾ ഓല മേഞ്ഞ ഷെഡ്ഡുകൾ സജീവമാണ്. നാട്ടിൻപുറങ്ങളിലെ വൃദ്ധരായ വീട്ടമ്മമാർ ഓല മെടഞ്ഞുകഴിയുമ്പോൾ വിലയ്ക്കുവാങ്ങുവാൻ നിരവധി ആളുകളാണ് എത്തുന്നത്.

ഇത് കേരകർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുമായി ഉണ്ടാക്കിയ ധാരണപ്രകാരം പ്രതിവർഷം അഞ്ചു മുതൽ പത്തു ലക്ഷം വരെ മെടഞ്ഞ ഓലകളാണ് ആവശ്യമുള്ളത്. സംസ്ഥാനത്ത് മെടഞ്ഞ ഓലകളുടെ ദൗർലഭ്യം മൂലം നിലവിൽ  തമിഴ്‌നാട്ടിൽ നിന്നാണ് ഓലകൾ എത്തിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം പദ്ധതിയായ പെപ്പർ ടൂറിസത്തിന്റെ ആദ്യഘട്ട പരിശീലനം പൂർത്തീകരിക്കപ്പെട്ടതോടെ നിരവധി യൂണിറ്റുകളാണ് ഓല മെടഞ്ഞു നൽകുന്നതിന് മുന്നോട്ടു വന്നിട്ടുള്ളത്.

ഇതിൽ മണ്ഡലത്തിലെ പഞ്ചായത്തുകളെ കൂടാതെ ജില്ലയുടെ കിഴക്കൻ മേഖലകളിലുള്ളവരും റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ അധികൃതർ പറഞ്ഞു. ആദ്യം റജിസ്റ്റർ ചെയ്ത യൂണിറ്റുകളുടെ യോഗം വിളിച്ചു ചേർത്ത് വില, പൂർത്തീകരിക്കേണ്ട കാലാവധി എന്നിവ സംബന്ധിച്ചു ധാരണയുണ്ടാക്കിയ ശേഷം ഡിസംബറോടെ ടൂറിസം മിഷന്റെ മേൽനോട്ടത്തിൽ ഓല മെടയലിന് തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വിദേശികളായ വിനോദസഞ്ചാരികൾ ശീതീകരിച്ച മുറികളേക്കാളും ഇഷ്ടപ്പെടുന്നത് കേരളത്തിലെ പ്രകൃതിരമണീയമായ കാലാവസ്ഥയാണെന്നതും മെടഞ്ഞ ഓലകൾക്ക് പ്രിയം കൂട്ടി.

തുടക്കത്തിൽ കുമരകത്തെ അപൂർവം ചില റിസോർട്ടുകളിൽ ഓല കൊണ്ടു തീർത്ത മുറികൾ ഉണ്ടായിരുന്നു. ഇതിലെ താമസം യുഎസ്എ, ജർമനി, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ ഇഷ്ടപ്പെട്ടു. ഇതോടെ മറ്റു റിസോർട്ടുകളിലും ഓലയിൽ തീർത്ത മുറികൾ ഉയരാൻ തുടങ്ങി. ഇതോടെ വൈക്കത്തിന്റെ പല ഭാഗങ്ങളിലും നിന്നുപോയ ഓലമെടച്ചിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. തലയാഴം, ടിവിപുരം, വെച്ചൂർ, തോട്ടകം, ഉല്ലല, കൊതവറ, മുണ്ടാർ ഭാഗങ്ങളിലാണ് ഇപ്പോൾ ഓല മെടച്ചിൽ കൂടുതലായും നടക്കുന്നത്. 

മുൻകാലങ്ങളിൽ മെടഞ്ഞ ഓല കെട്ടിയ വീടുകളായിരുന്നു ഗ്രാമീണ മേഖലകളിൽ അധികവും. പിന്നീട് ഓല ഓടിനും കോൺക്രീറ്റിനും വഴിമാറിയതോടെ വേലികെട്ടുന്നതിനായി ഉപയോഗിച്ചുപോന്നു. പ്ലാസ്റ്റിക് പടുതകളുടെയും ഇരുമ്പുഷീറ്റുകളുടെയും കടന്നുവരവോടെ അതും നിലച്ചതോടെ ഓലമെടച്ചിലുകാർ മറ്റുമേഖലകളിലേക്ക് തിരിയുകയായിരുന്നു. ടൂറിസം കേന്ദ്രങ്ങളിൽ ഓലയുടെ ഡിമാൻഡ് വർധിച്ചതോടെ നഷ്ടപ്പെട്ടെന്നു കരുതിയ തൊഴിൽ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഓലമെടച്ചിൽ തൊഴിലാളികൾ.