Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെയ്ക്ക് ഇൻ മുള്ളൻകൊല്ലി

DSCN0640

സ്വന്തം നിലയ്ക്ക് ജൈവവളം നിർമിച്ച് ബ്രാൻഡ് ചെയ്്ത് വിപണിയിലെത്തിക്കുന്ന വയനാട്ടിലെ കർഷകൻ

‘‘ജൈവകൃഷിയെക്കുറിച്ചുള്ള ചർച്ചകളും ക്ലാസുകളും കണക്കില്ലാതെ നടക്കുന്നുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന ജൈവവളത്തിന്റെ മേന്മയെക്കുറിച്ച് ആർക്കും ഉത്കണ്ഠയുള്ളതായി കാണുന്നില്ല. വിശ്വസിച്ചു വാങ്ങിയ ജൈവവളം ഗുണത്തിനു പകരം ദോഷം ചെയ്ത അനുഭവമുണ്ട് എനിക്ക്’’, വയനാട് പുൽപ്പള്ളിക്കടുത്ത് മുള്ളൻകൊല്ലിയിലുള്ള പടിഞ്ഞാറേടത്ത് പി.ജെ. മൈക്കിളിന്റെ വാക്കുകൾ. 

തിരുവിതാംകൂറിൽനിന്ന് വയനാട്ടിലേക്കു കുടിയേറിയ ആദ്യ തലമുറ കർഷക കുടുംബത്തിൽ ജനിച്ച മൈക്കിളിന് കുരുമുളകുകൃഷിയോടായിരുന്നു പ്രിയം; അതും, കഴിയുന്നത്ര ജൈവരീതിയിൽ. തൊട്ടടുത്തുള്ള കർണാടകയിൽനിന്നാണ് കാലിവളവും മറ്റു ജൈവവളങ്ങളുമൊക്കെ വാങ്ങിയിരുന്നത്. ആദ്യകാലത്തൊക്കെ ഇവയ്ക്ക് മികച്ച ഗുണനിലവാരമുണ്ടായിരുന്നെങ്കിൽ പിന്നീടു മോശമായി. എന്നു മാത്രമല്ല, കുമിൾബാധ ഉൾപ്പെടെ രോഗ, കീട ശല്യങ്ങൾ പലതും ഈ ജൈവവളങ്ങൾ വഴി തന്റെ കുരുമുളകുതോട്ടത്തിലെത്തുകയും ചെയ്തെന്ന് മൈക്കിൾ. അതോടെ കുരുമുളകുകൃഷിതന്നെ പ്രതിസന്ധിയിലായി. സ്വന്തമായി ജൈവവളം നിർമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിങ്ങനെ. ‘‘വയനാട് സോഷ്യൽ സർവീസ് സൊെസെറ്റി മുഖേന ലഭിച്ച പരിശീലനവും സ്വന്തം പരീക്ഷണങ്ങളും കൂടിച്ചേർന്നപ്പോൾ മികച്ച ജൈവ വളക്കൂട്ട് നിർമിക്കാൻ കഴിഞ്ഞു. സ്വന്തം കൃഷിയിൽ പരീക്ഷിച്ചപ്പോൾ നല്ല ഫലവും ലഭിച്ചു. എങ്കിൽ പിന്നെ അതു മാർക്കറ്റ് ചെയ്താലെന്തെന്നായി. അങ്ങനെയാണ് അതൊരു ജൈവവള നിർമാണ യൂണിറ്റായി മാറുന്നത്’’, മൈക്കിൾ പറയുന്നു.

ജൈവവളം മാത്രം പ്രയോഗിച്ചാൽ വിളവു കുറയുമെന്നും രാസവളമില്ലാതെ മികച്ച ഉൽപാദനം ലഭിക്കില്ലെന്നും കരുതുന്ന കർഷകരാണ് ഭൂരിപക്ഷവും എന്ന് മൈക്കിൾ. കർഷകരുടെ തെറ്റിദ്ധാരണയും ജൈവ വളങ്ങളുടെ നിലവാരമില്ലായ്മയുമാണ് ഈ നിലപാടിന്റെ കാരണം. പോഷകഗുണമില്ലാത്ത ജൈവവളമാണ് ഉപയോഗിക്കുന്നതെങ്കിൽ ചെടിയുടെ വളർച്ചയും ഉൽപാദനവും മുരടിക്കുമെന്നു തീർച്ച. മറിച്ച്, ഉന്നത നിലവാരത്തിൽ തയാറാക്കിയ ജൈവവളമെങ്കിൽ അതിൽ ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളെല്ലാം ഉണ്ടാവും. അതുവഴി മികച്ച ഉൽപാദനം ലഭിക്കും. കീടനാശിനികൾ കലരാത്ത സുരക്ഷിത വിളവുകൾ മാത്രമല്ല, ജൈവകൃഷി വഴി മണ്ണും പരിസ്ഥിതിയും നന്നാവുമെന്നതും നേട്ടമെന്നു മൈക്കിൾ. 

വളക്കൂട്ട്

ചകിരിച്ചോറ്, പച്ചച്ചാണകം, കോഴിവളം, കാപ്പിത്തൊണ്ട്, പരുത്തിപ്പിണ്ണാക്ക്, വേപ്പിൻകുരു പൊടിച്ചത്, കപ്പ വെയ്സ്റ്റ്, കൊന്നച്ചപ്പ്, വാഴത്തട, റോക്ക് ഫോസ്ഫേറ്റ് തുടങ്ങി പതിമൂന്നിനങ്ങളും ഇവയെ കമ്പോസ്റ്റാക്കി മാറ്റുന്ന കുമിളും ചേരുംപടി ചേർത്താണ് എൻപികെയും മറ്റ് പോഷകമൂലകങ്ങളുംകൊണ്ട് സമ്പന്നമായ ജൈവവളം മൈക്കിൾ തയാറാക്കുന്നത്. മേൽപറഞ്ഞ ഘടകങ്ങളെല്ലാം ഒന്നിനു മുകളിൽ മറ്റൊന്ന് എന്ന രീതിയിൽ പാളികളായി വിരിച്ച് പോളിത്തീൻ ഷീറ്റുകൊണ്ടു മൂടിപ്പൊതിയും. നിശ്ചിത ഇടവേളകളിൽ ഷീറ്റ് നീക്കി കൂട്ടിയിളക്കി വീണ്ടും പൊതിഞ്ഞു സൂക്ഷിക്കുന്നു. 

തൊണ്ണൂറു ദിവസംകൊണ്ട് പൂർണമായും കമ്പോസ്റ്റായി മാറിയ ശേഷം അരിച്ചെടുക്കുമ്പോൾ ചായപ്പൊടിപോലെ നേർത്ത ജൈവവളം തയാർ. കോഴിക്കോടുള്ള ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ ഗുണനിലവാര പരിശോധന നടത്തി ബോധ്യപ്പെട്ട ശേഷമാണ് മൈക്കിൾ തന്റെ ഹരിത ജൈവവളം രണ്ടു വർഷം മുമ്പ് വിപണിയിലിറക്കുന്നത്.

പപ്പായയും പ്ലാവും കാപ്പിയും ഉൾപ്പെടെ ഒട്ടേറെ കൃഷിയിനങ്ങൾകൊണ്ടു സമൃദ്ധമായ മൈക്കിളിന്റെ കൃഷിയിടത്തിൽ സ്വന്തം ജൈവവളമല്ലാതെ മറ്റൊന്നു പ്രയോഗിക്കുന്ന പതിവില്ല. കാപ്പിക്കുരു തൊണ്ടു നീക്കുമ്പോൾ ഒരു കിലോയിൽനിന്ന്  53–55 ശതമാനം പരിപ്പാണ് സാധാരണഗതിയിൽ വയനാട്ടിലെ വിളവ്. ആ സ്ഥാനത്ത് സ്വന്തം ജൈവവളപ്രയോഗത്തിന്റെ ഫലമായി 59.85 ശതമാനം പരിപ്പ് കഴിഞ്ഞ വിളവെടുപ്പിൽ തനിക്ക് ലഭിച്ചുവെന്നും മൈക്കിൾ. പച്ചക്കറികൾ മുതൽ തെങ്ങ്, നെല്ല്, വാഴ തുടങ്ങി എല്ലാ കൃഷിയിനങ്ങൾക്കും അടിവളമായും മേൽവളമായും പ്രയോഗിക്കാവുന്ന ഹരിത ജൈവവളം കൂടുതൽ വിപുലമായി ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ കർഷകൻ. 

ഫോൺ: 8547240999