Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർഷിക വായ്പകൾ കിട്ടാതെ കർഷകർ പ്രതിസന്ധിയിൽ

കൽപറ്റ ∙ താലൂക്ക് ഗ്രാമവികസന ബാങ്കുകൾക്കുള്ള വായ്പകൾ വെട്ടിക്കുറച്ച സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് നടപടി കർഷകർക്കു പ്രതിസന്ധിയാകുന്നു. വായ്പ വിതരണത്തിനായി കർഷകരിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ച് വിതരണ ഘട്ടമായപ്പോഴാണ് താലൂക്ക് ഗ്രാമവികസന ബാങ്കുകൾക്കുള്ള വായ്പ കുറച്ചത്. പുനർവായ്പകൾക്ക് നബാർ‍ഡ് ഏർപ്പെടുത്തിയ നിയന്ത്രണം മൂലമാണ് ഇത്.

ഓരോ വർഷവും വായ്പത്തുക വർധിപ്പിക്കേണ്ട സ്ഥാനത്ത് ഉള്ള ഫണ്ടു പോലും നബാർഡ് വെട്ടിക്കുറച്ചു. കേരള പുനർനിർമിതിക്കായി ധനകാര്യ സ്ഥാപനങ്ങൾ വായ്പവിതരണം വർധിപ്പിക്കേണ്ട സമയത്താണ് ഈ നടപടി. നിലവിൽ കാർഷിക വായ്പകൾ മാത്രം നൽകിയിരുന്ന ഗ്രാമവികസന ബാങ്കുകൾ സഹായം ലഭിക്കാതായതോടെ വായ്പകൾ നിർത്തുകയാണ്. പുതിയ തീരുമാനം മൂലം സംസ്ഥാനത്തെ 75 താലൂക്ക് ഗ്രാമവികസന ബാങ്കുകളാണ് പ്രതിസന്ധിയിലായത്.

കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട്, ജില്ലാ ബാങ്കുകളും പ്രാഥമിക ബാങ്കുകളും വായ്പകൾ നൽകാൻ പ്രയാസപ്പെടുകയാണ്. സഹകരണ മേഖലയിൽ ദീർഘകാല കാർഷിക വായ്പകൾ നൽകുന്നത് കാർഷിക ഗ്രാമ വികസന ബാങ്കുകളാണ്. 

ജില്ലാ ബാങ്കുകൾ നേരിട്ടു കാർഷിക വായ്പകൾ നൽകുന്നില്ല. ജില്ലാ ബാങ്കുകൾ പ്രാഥമിക ബാങ്കുകൾക്കു നൽകുന്ന വായ്പകൾ കർഷകർക്ക് ഹ്രസ്വകാല വായ്പകളായി നൽകുകയാണു പതിവ്.   ഇത്തരം വായ്പകൾ കർഷകർ ഓരോ വർഷവും പുതുക്കണം. കർഷകർക്കാശ്രയം എപ്പോഴും ദീർഘകാല വായ്പകളാണ്. എന്നാൽ, നബാർഡിന്റെ പുതിയ നടപടിയോടെ ഇത്തരം വായ്പകൾ കിട്ടാനുള്ള സാധ്യത കുറഞ്ഞു.