Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിത്തുണ്ടേൽ വിലയുണ്ട്

chilli-seed

വിളയല്ല, വിത്താണ് സമ്പത്ത്. കാരണം വിത്തുണ്ടെങ്കിലേ വിളയുള്ളു. പത്തായത്തിലെ വിത്ത് മണ്ണിൽ വിളയിക്കുന്ന സ്വർണത്തിന്റെ താക്കോലാണ്. കൃഷിയിടങ്ങളിൽ ജൈവവൈവിധ്യം കുറഞ്ഞുവരുകയും കൃഷിയു‌ടെ അടിസ്ഥാന വിഭവമായ വിത്തുകളിൽ കർഷകരു‌ടെ അവകാശം നഷ്‌ടപ്പെടുകയും ചെയ്യുന്ന കാലത്ത് വിളയെ കുറിച്ചു മാത്രമല്ല വിത്തിനെ കുറിച്ചും നാം ചിന്തിച്ചു തു‌ടങ്ങേണ്ടിയിരിക്കുന്നു. ഏതു വിത്തു വേണമെന്നും ഏതു വിള വേണമെന്നും വലിയ കമ്പനികൾ തീരുമാനിക്കുന്ന കാലത്ത് വിത്തുപുരയു‌ടെ താക്കോൽ കർഷകന്റെ കയ്യിൽ തന്നെ വേണം. കാലാവസ്ഥ മാറ്റത്തിന്റെ കാലത്ത് വരൾച്ചയെയും വിവിധങ്ങളായ രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയുള്ള വിത്തിനങ്ങൾ സംരക്ഷിക്കേണ്ടത് കൃഷിയുടെ തു‌ടർച്ചയ്ക്കും ആരോഗ്യമുള്ള സമൂഹത്തിനും അത്യാവശ്യമാണ്.

വയനാ‌ടിന്റെ വിത്തുകൾ

വയലുകളെ സംരക്ഷിച്ചിരുന്ന നാട് ‘ബൈലു നാടും’ പിന്നീടത് വയൽനാടും ആയെന്നാണ് കഥ. നൂറ്റി അറുപതോളം പാരമ്പര്യ നെൽവിത്തിനങ്ങൾ ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. 2000ൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ എഴുപത്തഞ്ചോളം ഇനങ്ങൾ വയനാട്ടിൽ കൃഷി ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ, 2008ൽ അത് 35 ആയി കുറഞ്ഞു. പല വിത്തുകളും സംരക്ഷിക്കപ്പെടാതെ ഇല്ലാതായിക്കൊണ്ടിരുന്നു.

paddy-seed

വിത്തുഗ്രാമം പദ്ധതി

പരമ്പരാഗത നെൽവിത്തിനങ്ങളുടെ സംരക്ഷണത്തിനും കുടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുമായി എം.എസ്. സ്വാമിനാഥൻ ഗവേഷണ കേന്ദ്രം 1998 മുതൽ വിവിധ പദ്ധതികൾ നടപ്പാക്കിയിരുന്നു. 2011 മുതൽ കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് വിത്തുഗ്രാമം. ഒരു പ്രദേശത്തെ പരമ്പരാഗത നെൽവിത്തിനങ്ങൾ കൃഷി ചെയ്യുന്ന കർഷകരെ ഒരുമിച്ചു നിർത്തി രൂപീകരിച്ച കൂ‌ട്ടായ്മയാണ് വിത്തുഗ്രാമം.

വെളിയൻ, തൊണ്ടി, ചെന്നെല്ല്, ചെന്താടി, ചോമാല, ഗന്ധകശാല, ജീരകശാല, മുള്ളൻകയമ, കല്ലടിയാര്യൻ, അ‌ടുക്കൻ എന്നീ പരമ്പരാഗത ഇനങ്ങളാണ് വിത്തുഗ്രാമങ്ങൾക്കായി തിരഞ്ഞെടുത്തത്. ഈ വിത്തിനങ്ങളിൽ ഒരേ ഇനം കൃഷി ചെയ്യുന്ന ആളുകളെ ഒന്നിച്ചു നിർത്തി വിത്തുഗ്രാമങ്ങൾ രൂപീകരിച്ചിട്ടുണ്ട്. പരമ്പരാഗത കർഷകരുടെ കൈവശമുളള വിത്തുകൾ കലർപ്പായതുകൊണ്ട് കർഷക പങ്കാളിത്തത്തോടെ ഇവയുടെ തനിമ നിലനിർത്തുക എന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. ഇതിനായി സ്വാമിനാഥൻ ഗവേഷണ കേന്ദ്രം ഇവ കൃഷിയും ചെയ്യുന്നു. കർഷക പങ്കാളിത്തത്തോടെ ശാസ്ത്രീയമായ ശുദ്ധമായ വിത്തുകൾ ഉൽപാദിപ്പിച്ച് വിത്ത് ഗ്രാമങ്ങളിലേയ്ക്കും ആവശ്യക്കാർക്കും എത്തിച്ചുകൊടുക്കുന്നു. ശുദ്ധീകരിച്ച വിത്തുകൾ വിത്തുഗ്രാമങ്ങളിലേയ്ക്ക് എത്തിക്കുകയും അവിടെ കൃഷി ചെയ്ത് തരംതിരിക്കുന്ന ശുദ്ധമായ വിത്തുകൾ വിത്ത് ആവശ്യമുള്ള കർഷകരിലേയ്ക്ക് എത്തിക്കുകയും ചെയ്യുന്നു. കാലാവസ്ഥയിൽ വരുന്ന മാറ്റം കൂടുതൽ കർഷകരെ പരമ്പരാഗത ഇനങ്ങളിലേയ്ക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു.

വിത്തുത്സവം

വിത്ത് സംരക്ഷണവും കൈമാറ്റവും കൃഷി ചെയ്യുന്നതും ഒരു ശീലവും സംസ്കാരവും ആക്കേണ്ടതുണ്ട്. അതാണ് വിത്തുത്സവം എന്ന സങ്കൽപത്തിലേയ്ക്ക് വഴി തുറന്നത്. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനും ജില്ലാ ആദിവാസി വികസന സമിതിയും സീഡ് കെയറും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും ചേർന്ന് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ 2015 മുതൽ വിത്തുത്സവം നടത്തിവരുന്നു. വയനാട്ടിലെ കർഷകർക്ക് പരമ്പരാഗത വിത്തിനങ്ങൾ പ്രദർശിപ്പിക്കാനും കൈമാറ്റം ചെയ്യാനും അവസരം ഒരുക്കുന്നു. മാത്രമല്ല കൃഷിയെ സംബന്ധിക്കുന്ന വിഷയങ്ങൾക്ക് ഊന്നൽ നൽകി സെമിനാറുകളും നടത്തുന്നു. എല്ലാ പഞ്ചായത്തുകളിലും ജൈവവൈവിധ്യ പരിപാലന സമിതികളുടെ കീഴിൽ പ്രവർത്തിക്കുന്ന സാമൂഹിക വിത്തു ബാങ്കുകൾ രൂപീകരിക്കുകയാണ് ഇത്തവണത്തെ വിത്തുത്സവത്തിന്റെ ഊന്നലെന്നു സംഘാടകർ പറയുന്നു.

bean-seed

മാതൃകാപരമായ പ്രവർത്തനം‌

പരമ്പരാഗത നെൽക്കർഷകരുടെ സംഘടനയായ സീഡ് കെയർ, ആദിവാസി വികസന സമിതി എന്നിവർ വിത്തു സംരക്ഷണത്തിനും വിത്തിൽ കർഷകരു‌ടെ അവകാശം ഉറപ്പാക്കുന്നതിനും ന‌ടത്തുന്ന ശ്രമങ്ങൾ മാതൃകയാണ്. വയനാട്ടിലെ തനതു വിത്തിനങ്ങളായി 21 ഇനങ്ങളെ റജിസ്റ്റർ ചെയ്യാൻ സാധിച്ചു. ഇരുപതിൽപരം പാരമ്പര്യ നെൽവിത്തിനങ്ങളെ സംരക്ഷിച്ചുവരുന്നതിനാണ് പരമ്പരാഗത കുറുമ, കുറിച്യ കർഷകരെ ‘പ്രൊട്ടക്‌ഷൻ ഓഫ് പ്ലാന്റ് വറൈറ്റി ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി’ ജീനോം സേവിയർ അവാർഡ് നൽകി 2012 ൽ അംഗീകരിച്ചത്. അവർ ഈ അവാർഡ് തുക ഉപയോഗിച്ച് പരമ്പരാഗത വിത്തുസംരക്ഷകരായ കർഷകർക്കായി പ്രാദേശിക അവാർഡുകൾ നൽകിവരുന്നു.