Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു കോടി തൈകളുമായി വിഎഫ്പിസികെ

sprout-seedling Representative image

നല്ലയിനം പച്ചക്കറിതൈകൾ വൻതോതിൽ കൃഷിക്കാർക്കു ലഭ്യമാക്കുന്നതിനു ഹൈടെക് പച്ചക്കറി നഴ്സറിയുമായി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ). മൂവാറ്റുപുഴയ്ക്കടുത്തു നടുക്കര പൈനാപ്പിൾ സംസ്കരണകേന്ദ്രത്തിനു സമീപമുള്ള ഈ നഴ്സറിക്ക് ഒരു വർഷം രണ്ടു കോടി പച്ചക്കറിതൈകൾ ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്. നടീൽമിശ്രിതം നിറയ്ക്കുന്നതും വിത്തിടുന്നതുമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും യന്ത്രസഹായത്താൽ നടത്താനാവുന്ന സംവിധാനമാണ് ഇവിടെയുള്ളത്. ശീതകാല പച്ചക്കറികളുടെ വിത്ത് ഉൽപാദിപ്പിക്കുന്നതിന് ഇടുക്കിയിലെ മറയൂരിലും കാന്തല്ലൂരിലും വിഎഫ്പിസികെ പുതിയ കേന്ദ്രങ്ങൾ ആരംഭിക്ക‍ും. മറ്റ് ഏജൻസികളിൽനിന്നു വാങ്ങി നൽകിയിരുന്ന ശീതകാല പച്ചക്കറിവിത്തുകൾ കൂടുതലായി ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. ചാമ, റാഗി, കുറ്റിപ്പയർ, തിന തുടങ്ങി നമ്മുടെ നാട്ടിൽനിന്ന് അന്യമാവുന്ന വിളകളുടെ കൃഷിയും വിത്തുൽപാദനവും വർധിപ്പിക്കാനും വിഎഫ്പിസികെ നടപടി സ്വീകരിച്ചുവരുന്നു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ സവിശേഷ താൽപര്യം മൂലമാണ് ഇങ്ങനെയൊരു പദ്ധതിക്കു രൂപം നൽകിയതെന്നു വിഎഫ്പിസികെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എസ്.കെ. സുരേഷ് പറഞ്ഞു.

sk-suresh-vfpck എസ്.കെ. സുരേഷ്

കയറ്റുമതിയിലൂടെയും മെച്ചപ്പെട്ട വിപണന സംവിധാനങ്ങളിലൂടെയും പച്ചക്കറികർഷകർക്ക് കൂടുതൽ നേട്ടമുണ്ടാക്കുന്നതിന് വിഎഫ്പിസികെ നടപടി സ്വീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിപണനരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണമെന്ന കൃഷിമന്ത്രിയുടെ നിർദേശത്തിനു ചുവടുപിടിച്ചാണിത്. നിലവാരമുള്ള പച്ചക്കറികളും പഴങ്ങളും പ്രത്യേക ബ്രാൻഡിൽ പായ്ക്ക് ചെയ്ത് ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്ന തളിർ ബ്രാൻഡാണ് മറ്റൊരു വിപണന മുന്നേറ്റം. പ്രത്യേകം രൂപകൽപന ചെയ്ത വിപണനശാലകളിലൂടെ പുതുമ നഷ്ടപ്പെടാതെ പച്ചക്കറികൾ കൃഷിക്കാരിലെത്തിക്കുന്ന തളിരിൽ സുരക്ഷിത പച്ചക്കറികൾ പ്രത്യേകം ലഭ്യമാക്കും. സംസ്ഥാനത്തെ ആദ്യ തളിർ ഷോപ്പ് ജനുവരിയിൽ കൊട്ടാരക്കരയിൽ പ്രവർത്തനമാരംഭിച്ചുവെന്ന് സുരേഷ് പറഞ്ഞു. ആദ്യഘട്ടമായി ഓരോ ജില്ലയിലും മൂന്ന് തളിർ ഷോപ്പുകൾ തുടങ്ങാനാണ് പദ്ധതി.

അമിത ഉൽപാദനംമൂലം പച്ചക്കറികൾക്ക് വിളവെടുപ്പുകാലത്തു വിലയും വിപണിയും ഇല്ലാതാവുന്ന പ്രശ്‍നം പരിഹരിക്കാൻ വിലസ്ഥിരതാഫണ്ടിനും വിഎഫ്പിസികെ രൂപം നൽകിയിട്ടുണ്ട്. റിസ്ക്ഫണ്ട് എന്നറിയപ്പെടുന്ന ഈ പദ്ധതിക്കുവേണ്ട 60 ശതമാനം മുതൽമുടക്ക് സംസ്ഥാന സർക്കാരിന്റേതാവും. ബാക്കി കൃഷിക്കാരിൽനിന്നു കണ്ടെത്തും. മൂന്നു മാസത്തിലൊരിക്കൽ പ്രഖ്യാപിക്കുന്ന അ‌ടിസ്ഥാന വില കൃഷിക്കാരന് ഉറപ്പാക്കുന്ന സംവിധാനമാണിത്. വിവിധ ഘടകങ്ങൾ പരിഗണിച്ച് അടിസ്ഥാനവില നിർണയിക്കാൻ പ്രത്യേക സമിതിയും രൂപീകരിക്കും.

വായിക്കാം ഇ - കർഷകശ്രീ

മൂല്യവർധനയിലൂടെ വരുമാന വർധന നേടുന്ന രണ്ടു സംരംഭങ്ങൾ ഈ വർഷം വിഎഫ്പിസികെ ആരംഭിക്കും. വാക്വം ഫ്രൈയിങ് സാങ്കേതികവിദ്യയിലൂടെ നേന്ത്രക്കായ് ഉപ്പേരി വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്ന യൂണിറ്റാണ് ഇവയിലൊന്ന്. പാലക്കാട് ജില്ലയിലെ കുമരംപുത്തൂരിലെ ഈ യൂണിറ്റ് ഉടൻ പ്രവർത്തനസജ്ജമാകും. വാഴപ്പഴങ്ങൾ ഉണങ്ങിയശേഷം പഞ്ചസാര ലായനിയിലാക്കി സൂക്ഷിക്കുന്ന സംരംഭമാണ് മറ്റൊന്ന്. കോട്ടയം ജില്ലയിലെ പാറത്തോടിലായിരിക്കും ഇത്. കയറ്റുമതിക്കാവശ്യമായ പാക്ക്ഹൗസുകൾ ഉടൻ പ്രവർത്തനമാരംഭിക്കും. പ്രധാന ഉൽപാദനകേന്ദ്രങ്ങളോടു ചേർന്ന് പച്ചക്കറികളും പഴങ്ങളും കയറ്റുമതി നിലവാരത്തിൽ കഴുകി വൃത്തിയാക്കിയശേഷം പ്രാഥമിക സംസ്കരണം നടത്തി പായ്ക്കു ചെയ്യുന്ന സംവിധാനമാണിത്. വയനാട്, തൃശൂർ, പാലക്കാട്, കോഴിക്കോട്, കൊല്ലം ജില്ലകളിലായി അ‍ഞ്ച് പാക്ക്ഹൗസുകൾ സ്ഥാപിക്കുന്നതിനു കാർഷികോൽപന്ന കയറ്റുമതി വികസന ഏജൻസി (അപെഡ)യുടെ സാമ്പത്തിക സഹായമുണ്ട്. വയനാട് ഇടവക പഞ്ചായത്തിലെ പാക്ക്ഹൗസ് പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. തൃശൂർ ജില്ലയിലെ പഴയന്നൂരിൽ മറ്റൊരു പാക്ക്ഹൗസിന്റെ നിർമാണം പൂർത്തിയായി വരുന്നു. കൃഷിക്കാരിൽനിന്നും സംഭരിക്കുന്ന പച്ചക്കറികൾ കേടാവാതെ കൂൾചേംബറുകളിൽ സൂക്ഷിക്കാനും റീഫർവാനുകളിൽ വിമാനത്താവളത്തിലെത്തിക്കാനും ഇതുവഴി സാധിക്കും. പാക്ക്ഹൗസുകൾ നേരിട്ടു നടത്തണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

ജൈവപച്ചക്കറി ഉൽപാദനത്തിനും വിഎഫ്പിസികെയുടെ പ്രവർത്തനങ്ങളിൽ സുപ്രധാന സ്ഥാനമുണ്ട്. ജൈവസാക്ഷ്യപത്രം നൽകുന്നതിനുള്ള ഏജൻസിയായി അംഗീകരിക്കപ്പെട്ട സമിതിയുടെ കീഴിൽ 202 സ്വാശ്രയ സംഘങ്ങളിലായി 1500 കൃഷിക്കാർ ഇപ്പോൾ ജൈവപച്ചക്കറി ഉൽപാദനം നടത്തുന്നുണ്ട്. കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിലെ ആയിരം ഹെക്ടറിലേക്ക് ഈ വർഷം ജൈവക്കൃഷി വ്യാപിപ്പിക്കും.

കാക്കനാട്ടെ വിഎഫ്പിസികെ ആസ്ഥാനത്തിനു സമീപം വിജയകരമായി പ്രവർത്തിക്കുന്ന കൃഷി ബിസിനസ് കേന്ദ്രം (കെബികെ) കൂടുതൽ ജില്ലകളിലേക്കു വ്യാപിപ്പിക്കും. നടീൽവസ്തുക്കളുടെയും കാർഷികോപാധികളുടെയും വിപണനം നടത്തുന്ന കെബികെകൾ നിലവിൽ തിരുവനന്തപുരത്തും കാസർകോട്ടുംകൂടി പ്രവർത്തിക്കുന്നുണ്ട്. പുതുതായി കണ്ണൂർ, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ കൂടി കെബികെ സ്ഥാപിക്കുന്നതോടെ മെച്ചപ്പെട്ട നടീൽ വസ്തുക്കളുടെ ലഭ്യത സംസ്ഥാനവ്യാപകമായി ഉറപ്പാക്കാനാവുമെന്ന് സിഇഒ ചൂണ്ടിക്കാട്ടി.

മലപ്പുറം, ആലപ്പുഴ ജില്ലകളിൽ വിഎഫ്പിസികെ ഉടൻ ആരംഭിക്കുന്ന മണ്ണുപരിശോധനലാബുകളിൽ സൂക്ഷ്മ മൂലകങ്ങളുടെ സാന്നിധ്യം നിർണയിക്കുന്നതിനുള്ള സൗകര്യം പച്ചക്കറി കർഷകർക്ക് ഏറെ പ്രയോജനകരമാവും. സമിതിയുടെ കുടക്കീഴിലുള്ള കർഷകർക്ക് മണ്ണുപരിശോധനാ ഫലം കാലവിളംബം കൂടാതെ കിട്ടുന്നതിനാണ് ഈ സംരംഭമെന്ന് സിഇഒ പറഞ്ഞു.

ഫോൺ: 0484 2427560

Your Rating: