Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാപ്പി ഡേ... കാപ്പി ഡേ

coffee-drinking

ഒരു കപ്പ് കാപ്പിയിൽ എന്തൊക്കെയാണ് അലിഞ്ഞില്ലാതാകുന്നത്. കടുപ്പമേറിയ ചുക്ക് കാപ്പിയുടെ ബലത്തിൽ എത്രയോ പനിക്കാലങ്ങളെ നമ്മൾ പമ്പകടത്തി. എത്രയോ കാലത്തെ പിണക്കം ഒരു കപ്പ് കാപ്പിയിൽ തീർത്തിരിക്കുന്നു.

ഭൂരിഭാഗം വയനാട്ടുകാരും അധ്വാനത്തിന്റെ ഒരു ദിനം തുടങ്ങുന്നത് ഒരു ഗ്ലാസ് കട്ടന്റെ പുറത്താണ്. കാപ്പിക്കൃഷി വയനാടിന്റെ നട്ടെല്ലാണ്. കാപ്പി വിലയിലെ കയറ്റിറക്കങ്ങളാണ് കർഷകരുടെ ജീവിതത്തിന്റെയും ഉയർച്ചതാഴ്ചകൾ. കാപ്പിയുടെ കാര്യം ഹാപ്പിയായാൽ വയനാട്ടുകാരുടെ കാര്യവും ഹാപ്പി.

വയനാടൻ കാപ്പി‌

കാപ്പിക്കൃഷിയാണ് പ്രധാനമെങ്കിലും കാപ്പിയുടെ മൂല്യവർധിത ഉൽപന്നങ്ങളെക്കുറിച്ച് വയനാട്ടുകാർ കാര്യമായി ചിന്തിച്ചിരുന്നില്ല. ചുക്കും ഏലക്കായുമൊക്കെ ചേർത്ത് വീട്ടാവശ്യത്തിന് ഇത്തിരി കാപ്പി പൊടിച്ചുവയ്ക്കുന്നതിനു മാത്രമായിരുന്നു ആകെയുള്ള പരിപാടി.

coffee-cup

വയനാട് കാപ്പിയുടെ നാടാണെന്നു കേട്ടുവരുന്ന പല വിനോദസഞ്ചാരികളും ഇവി‌ടുത്തെ ഹോട്ടലിൽ ചെന്ന് വയനാടൻ കാപ്പി ചോദിച്ചാൽ നല്ല കലക്കനൊരു ചിരിയോടെ കടക്കാർ പറയും  ഇവിടെ അതൊന്നുമില്ലെന്ന്. പക്ഷേ, ഇപ്പോൾ കർഷകർ തന്നെ സംഘടിച്ച് വയനാടൻ കാപ്പി ബ്രാൻഡ് ചെയ്തു തുടങ്ങി. വയനാടൻ കാപ്പി ബ്രാൻഡ് ചെയ്യുന്നതിന് സംസ്ഥാനസർക്കാരും സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രഹ്മഗിരിയുടെ വയനാടൻ കാപ്പി

വയനാട്ടിലെ കാപ്പിക്കർഷകരെ സഹായിക്കുന്നതിനായി വയനാടൻ കാപ്പി ബ്രാൻഡ് ചെയ്ത് ലോകത്താകമാനം ഇറക്കാനുള്ള ഒരുക്കത്തിലാണ് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി.

കോഫി ബോർഡ് ഇതിനായി സാങ്കേതിക സഹായവും ഉറപ്പു നൽകിയിട്ടുണ്ട്. സ്ഥാപനം ഇതിനോടകം തന്നെ നാടൻ കാപ്പിപ്പൊടിയും രുചിക്കാപ്പിയും പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയിട്ടുണ്ട്. മസാല കാപ്പിയും ഉടൻ വിപണിയിൽ ഇറക്കും. സാമാന്യം നല്ല കച്ചവടമുണ്ടെന്നാണ് സൊസൈറ്റിയുടെ ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്.

വേ വിൻ കോഫി

coffee-wayanad ഡബ്ള്യുഎസ്എസിന്റെ കോഫി, ബ്രഹ്മഗിരിയുടെ വയനാടൻ കാപ്പി, വേ വിൻ കോഫി

നബാർഡിനുകീഴിൽ രൂപീകരിച്ച പ്രൊഡ്യൂസർ കമ്പനിയായ വേ വിൻ വയനാടിന്റെ നേതൃത്വത്തിൽ വിൻകോഫി എന്ന പേരിലാണ് ഫിൽട്ടർ കോഫി വിപണിയിലെത്തിച്ചത്.  സാമാന്യം നല്ല രീതിയിൽ വിറ്റുപോകുന്നുണ്ട്.

വയൽ എന്ന ബ്രാൻഡിൽ അറബിക്കയും റോബസ്റ്റയും ബ്ലൻഡ് ചെയ്‌ത ഫിൽട്ടർ കോഫിയാണ് ബ്രാൻഡ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറു കർഷകർ ഓഹരി ഉടമകളായ വേവിൻ ഉൽപാദക കമ്പനിയുടെ ആദ്യ ഉൽപന്നമാണിത്.

ഡബ്ള്യുഎസ്എസിന്റെ കോഫി

കർഷകരിൽ നിന്ന് കാപ്പി ശേഖരിച്ച് പരിപ്പാക്കി വിദേശത്തേയ്ക്ക് കയറ്റിയയക്കുകയാണ് മാനന്തവാടിയിലെ വയനാട് സോഷ്യൽ സർവീസസ് സൊസൈറ്റി (ഡബ്ല്യുഎസ്എസ്). വയനാടൻ എന്ന പേരിലും കാപ്പിപ്പൊടി ഇറക്കുന്നു.

ഓർഗാനിക്, ഫെയർ ട്രേഡ്, റെയിൻ ഫോറസ്റ്റ് സർട്ടിഫിക്കേഷനുള്ള കാപ്പിപ്പൊടിയാണ് കയറ്റുമതി നടത്തുന്നത്. കർഷകർക്ക് മെച്ചപ്പെട്ട വില നൽകാൻ കഴിയുന്നുണ്ടെന്ന് സൊസൈറ്റി അംഗങ്ങൾ പറയുന്നു.

വയനാടും കാപ്പിയും

കാപ്പിക്കൃഷിയുടെ കാര്യത്തിൽ രാജാവാണ് വയനാട്. കേരളത്തിൽ ആകെയുള്ള 85,829 ഹെക്ടർ കാപ്പിക്കൃഷിയിൽ 67,705 ഹെക്ടറും വയനാട്ടിലാണ്. മേപ്പാടി പഞ്ചായത്തിൽ മാത്രം 5562 ഹെക്‌ടർ സ്ഥലത്ത് കാപ്പിക്കൃഷിയുണ്ട്. റോബസ്റ്റ ഇനത്തിൽപെട്ട കാപ്പിയാണ് കൂടുതലും കർണാടകയിലും കേരളത്തിലും കൃഷിചെയ്യുന്നത്.

കാപ്പിക്കൃഷി കടുപ്പം

ഉൽപാദനച്ചെലവിലെ വർധനയും ഉൽപാദനക്കുറവും വിലയിടിവുമെല്ലാം കേരളത്തിലെ കാപ്പികർഷകരെ ബാധിക്കുന്നു. പൂർണമായും മഴയെ ആശ്രയിച്ചിട്ടുള്ളതാണ് കാപ്പിക്കൃഷി. വേനൽക്കാലത്ത് പൂമഴ എന്ന പേരിലാണ് കാപ്പിക്ക് ലഭിക്കുന്ന മഴ അറിയപ്പെടുന്നത്.

അതായത് കാപ്പിയുടെ വിളവെടുപ്പ് കഴിഞ്ഞാൽ ഉടൻതന്നെ മാർച്ച്-ഏപ്രിൽ-മേയ് മാസങ്ങളിൽ നല്ല വേനൽമഴ ലഭിക്കണം. ഇങ്ങനെ പൂമഴ കൃത്യമായി പെയ്‌താൽ പിന്നീട് 21 ദിവസങ്ങൾക്ക് ശേഷം പിൻമഴ എന്ന പേരിലറിയപ്പെടുന്ന മഴയും ലഭിക്കണം. മഴക്കാലത്ത് മഴ കുറഞ്ഞാലും കൂടുതൽ മഴ പെയ്‌താലും കാപ്പിയെ ഇത് ദോഷകരമായി ബാധിക്കും.

വേനൽക്കാലത്ത് പൂമഴയിൽ കുറവുണ്ടായാൽ ജലസേചനത്തിലൂടെ ഇത് പരിഹരിക്കണം. വരൾച്ചാ ബാധിത പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായാൽ കാപ്പിക്കുള്ള ജലസേചനം കൃത്യമായി നടക്കില്ല. പമ്പിങ് നടത്താൻ ആവശ്യമായ വെള്ളവും ഉണ്ടാകില്ല. ഏറെക്കാലമായി വയനാട്ടിൽ മഴയുടെ കുറവും പെയ്യുന്നതിലെ കൃത്യതയില്ലായ്മയും കൃഷിയെ ബാധിക്കുന്നു.

വയനാട് ജില്ലയിലെ കാപ്പികർഷകരിൽ ഭൂരിഭാഗം പേരും ചെറുകിട നാമമാത്ര കർഷകരാണ്. പ്രകൃതിദത്തമായ രീതിയിലുള്ള ജലലഭ്യത മാത്രമാണ് ഇവർക്ക് കാപ്പിക്കൃഷിക്ക് അനുകൂലമായി ഉള്ളത്.

കോഫി ബോർഡ് കനിയണം

നിലവിൽ കർഷകർക്കാവശ്യമായ ബോധവൽക്കരണ പരിപാടികളും ഗവേഷണ പദ്ധതികളും കോഫി ബോർഡിന് കീഴിൽ നടപ്പിലാക്കിവരുന്നുണ്ട്. അടുത്തിടെയായി കാപ്പികർഷകർക്കും കൃഷിക്കുമുള്ള സബ്‌സിഡികൾ പലതും നിർത്തിയത് തിരിച്ചടിയായിട്ടുണ്ട്.

coffee-making

മറ്റ് കൃഷികൾക്കെല്ലാം സംസ്ഥാനസർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കാറുണ്ടെങ്കിലും കാപ്പിക്കൃഷിക്ക് സംസ്ഥാന കൃഷിവകുപ്പിന്റെ കാര്യമായ ഇടപെടൽ ഇല്ല. ആയതിനാൽ കോഫിബോർഡ് പ്രശ്‌നത്തിൽ ഇടപെട്ട് ജലസേചനസൗകര്യം, വൈദ്യുതി സബ്‌സിഡി, സൗജന്യ ഇൻഷുറൻസ് പരിരക്ഷ, പുതിയ തൈകളുടെ സൗജന്യ വിതരണം എന്നിവയിൽ ഇടപെടൽ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം.

കാപ്പിയും കുരുമുളകും മിശ്രവിളയായി കൃഷിചെയ്യുന്ന രീതിയാണ് വയനാട് പോലുള്ള ജില്ലകളിൽ പ്രധാനമായും ഉള്ളത്. തണൽ ആവശ്യമുള്ള ചെടി ആയതിനാൽ കാപ്പിത്തോട്ടത്തിൽ മരങ്ങൾ വളർത്തുകയും ഈ മരങ്ങളിൽ കുരുമുളക് വളർത്തുകയുമാണ് പതിവ്.

രണ്ടിൽ നിന്നുമുള്ള വരുമാനം ലഭിക്കുന്നതോടെ കർഷകർക്ക് കൃഷി ലാഭകരമാക്കി മാറ്റാൻ പറ്റും. എന്നാൽ അടുത്തിടെയായി വൻതോതിൽ കുരുമുളകിന് കീടബാധ അനുഭവപ്പെട്ടതിനാൽ കുരുമുളക് കൃഷി ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

കാപ്പിയുടെ കഥ

875 എഡിയിൽ എതോപ്യയിലാണ് കാപ്പി ഉദ്ഭവിച്ചതെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതിനും മുൻപ് ഇവിടെ കാപ്പിയുണ്ടാകാമെന്ന് കരുതുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ അറബ് രാജ്യമായ യെമനിൽ കാപ്പി ഉണ്ടായിരുന്നതായി ചരിത്രത്തിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നുണ്ട്.

യെമനിൽ നിന്നാണ് മറ്റ് അറേബ്യൻ രാജ്യങ്ങളിലേക്ക് കാപ്പി വ്യാപിച്ചത്. ഇന്ത്യയിൽ 1600കളിലാണ് കാപ്പി എത്തിയത്. മക്കയിൽ തീർഥയാത്രയ്‌ക്ക് പോയ മുസ്‌ലിം പണ്ഡിതനായ ബാബ ബുധൻ മക്കയിൽ നിന്ന് മടങ്ങിയപ്പോൾ അരയ്‌ക്കുചുറ്റും ഏഴ് കാപ്പിപ്പരിപ്പ് ചുറ്റിക്കെട്ടി കൊണ്ടുവന്നുവെന്നും ഇത് മൈസൂരുവിനടുത്തുള്ള ചിക്കമഗളൂരുവിൽ നട്ടുമുളപ്പിച്ചതായുമാണ് ലഭിക്കുന്ന വിവരം.

ബാധ ബുധഗിരി എന്ന് ഇന്നറിയപ്പെടുന്ന ഇവിടെ 1840ൽ വ്യാപകമായ തോതിൽ കാപ്പിത്തോട്ടം ആരംഭിച്ചതായും ചരിത്രം രേഖപ്പെടുത്തുന്നു. പതിനെട്ടാം നൂറ്റാണ്ടിലാണ് വാണിജ്യാടിസ്ഥാനത്തിൽ കാപ്പിക്കൃഷി ഇന്ത്യയിലാരംഭിക്കുന്നത്.