‘ജിഞ്ചർ വുമൺ’

ഒരു ചുവടിൽ വിരിഞ്ഞ ഇഞ്ചിയുമായി ഓമന

വർഷം ടൺ കണക്കിന് ഇഞ്ചി വിളവെടുക്കുന്ന ഒട്ടേറെ കർഷകരുള്ള നാട്ടിൽ നാനൂറു കിലോ ഇഞ്ചി ഉൽപാദിപ്പിക്കുന്ന കൃഷിക്കാരിക്ക് എന്തു കാര്യം...

കാര്യമുണ്ട്, മേൽപറഞ്ഞ കൃഷിക്കാരി, കോഴിക്കോട് പെരുവണ്ണാമൂഴി ചെമ്പനൊട കൈതക്കുളം വീട്ടിൽ ഓമന ദേവസ്യ വർഷം നാലു ക്വിന്റൽ ഇഞ്ചി വിളവെടുക്കുന്നത് അടുക്കളമുറ്റത്തെ ചാക്കുകളിൽനിന്നും ഗ്രോബാഗുകളിൽനിന്നുമാണ്. ഒരു ചുവടിൽനിന്ന് മൂന്നര കിലോയിലധികം വിളവു നേടി പരമ്പരാഗത ഇഞ്ചിക്കൃഷിക്കാരെ വിസ്മയിപ്പിക്കുന്നു ഈ വീട്ടമ്മ.

കഴിഞ്ഞ രണ്ടു വർഷവും വിളവു മുഴുവൻ വിത്തായി വിറ്റു. കേടോ ഊരനോ ഒന്നും തൊടാത്ത ഒന്നാന്തരം പാവുകൾ. ഒറ്റ വില, കിലോയ്ക്ക് 150 രൂപ. അതിലേറെയും അതിലിരട്ടിയും നൽകി വിത്തു വാങ്ങാൻ ആളുണ്ടെങ്കിലും 150 രൂപയെന്ന ന്യായവില മതിയെന്ന് ഓമന. അടുക്കളമുറ്റത്തെ ഇഞ്ചിയിൽനിന്നു മാത്രം വർഷം 60,000 രൂപയോളം വരുമാനം വന്നുചേരുന്നതു ‘ചില്ലറ’ക്കാര്യമല്ലല്ലോ.

വായിക്കാം ഇ - കർഷകശ്രീ

കാർഷിക പാരമ്പര്യത്തിൽ ജനിച്ചുവളർന്ന ഓമന വിവാഹിതയായി എത്തിയതും കുടിയേറ്റ കർഷക കുടുംബത്തിൽ. ഏഴേക്കർ കൃഷിയിടത്തിലെ വിളകളുടെ പരിപാലനത്തിൽ ഭർത്താവു ദേവസ്യയ്ക്കും മകൻ ബിനോയ്ക്കുമൊപ്പം കൂടാറുണ്ടെങ്കിലും സ്വന്തം കൃഷിയെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും ഓമന ചിന്തിച്ചിരുന്നതേയില്ല.

അടുക്കളമുറ്റത്തെ ആദായം

നാലു കൊല്ലം മുമ്പ് പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രം നടത്തിയ ഇഞ്ചിക്കൃഷി പരിശീലനമാണ് ഓമനയെ നാലാളറിയുന്ന ‘ജിഞ്ചർ വുമൺ’ ആക്കിയത്. എന്നാൽ കെവികെയുടെ പരിശീലനം ഗ്രോ ബാഗിലെ കൃഷിക്കുള്ളതായിരുന്നില്ല, മറിച്ച്, ശാസ്ത്രീയ ജൈവകൃഷിയിലായിരുന്നു.

പരിശീലന ശേഷം പറമ്പിൽ കണ്ടംവെട്ടി നടാൻ രണ്ടു കിലോ വിത്തും കെവികെ നൽകി. എന്നാൽ, കിഴുക്കാംതൂക്കായി കിടക്കുന്ന കൃഷിയിടത്തില്‍ തെങ്ങിന്റെയും കമുകിന്റെയും ചോലയ്ക്കു കീഴെ ഇഞ്ചി നട്ടിട്ട് കാര്യമില്ലെന്ന് അറിയാവുന്നതിനാൽ‌ സിമന്റുചാക്കുകളും പോളിത്തീൻ കൂടുകളും കൃഷിയിടമാക്കാൻ ഓമന തീരുമാനിച്ചു.

ആറേഴു മാസത്തിനു ശേഷം വിളവെടുത്തപ്പോൾ ഓരോ ചുവടിനും ലഭിച്ചത് രണ്ടും മൂന്നും കിലോ വീതം. വിവരമറിഞ്ഞെത്തിയ കെവികെ ഉദ്യോഗസ്ഥർക്കും കോഴിക്കോട്ടെ സുഗന്ധവിള ഗവേഷണകേന്ദ്ര (ഐഐഎസ്ആര്‍)ത്തിലെ ഗവേഷകർക്കും ഓമനയുടെ ഗ്രോബാഗ് ഇഞ്ചിക്കൃഷി ബോധിച്ചു. ആദ്യ വിളവ് വിത്തിനായി കെവികെ തന്നെ വാങ്ങി. മാത്രമല്ല, പ്രോട്രേയിൽ തൈ തയാറാക്കുന്ന വിദ്യ പരിചയപ്പെടുത്തുകയും ചെയ്തു.

കേരളത്തിന്റെ കാലാവസ്ഥയിൽ മഴ കുറയുന്നതും വരൾച്ച രൂക്ഷമാവുന്നതും ഇഞ്ചിക്കൃഷിയുടെ താളം തെറ്റിക്കുന്നുണ്ട്. വിത്തിനു പകരം തൈ നടുന്നതിലൂടെ ഈ പ്രശ്നത്തെ ഒരു പരിധിവരെ നേരിടാൻ കഴിയുമെന്ന് ഓമന. പ്രോട്രേയിൽ മുളപ്പിച്ചെടുത്ത 2–3 മാസം വളർച്ചയെത്തിയ തൈകൾ ആദ്യമഴയ്ക്കുതന്നെ നടാം.

പറമ്പിൽ നടുമ്പോള്‍ 20–25 ഗ്രാം വരുന്ന കഷണമാണ് ഒരോ കുഴിയിലും വിത്തായി വയ്ക്കുന്നത്. അതേസമയം പ്രോട്രേയിൽ ഉപയോഗിക്കുന്നത് ശരാശരി 3–5 ഗ്രാം തൂക്കം വരുന്ന (മിനിസെറ്റ്) കഷണം അതായത്, വിത്തിന്റെ അളവ് ഏതാണ്ട് അഞ്ചിലൊന്നായി കുറയുന്നു. വിത്തിന്റെ ഇരുപതു മടങ്ങാണ് വിളവായി കിട്ടുക. മിനിസെറ്റ് നട്ടാലും വലിയ കഷണങ്ങളായാലും പറമ്പിൽ നടുമ്പോൾ വിളവിൽ വലിയ അന്തരമില്ലെന്ന് ഓമന. ശരാശരി 400 ഗ്രാമിലൊതുങ്ങും ഉൽപാദനം.

എന്നാൽ മിനിസെറ്റ് മുളപ്പിച്ചെടുത്ത പ്രോട്രേ തൈകൾ ഗ്രോബാഗിൽ നട്ട് വിളവെടുത്തപ്പോൾ ഉൽപാദനത്തിൽ പ്രകടമായ വ്യത്യാസം. ഓരോ ചുവടിലും വിളഞ്ഞത് ശരാശരി 700–800 ഗ്രാം. അതോടെ സിമന്റ്– കാലിത്തീറ്റ ചാക്കുകൾക്കും ചെറിയ പോളിത്തീൻ കൂടുകൾക്കുമൊപ്പം വലുപ്പത്തിൽ മേൽപറഞ്ഞ രണ്ടിന്റെയും ഇടയ്ക്കു വരുന്ന ഗ്രോബാഗുകളുടെയും എണ്ണം കൂട്ടി. ഇങ്ങനെ കഴിഞ്ഞ വർഷം അടുക്കളമുറ്റത്തും പരിസരങ്ങളിലുമായി ഓമന നട്ടത് നാനൂറോളം ചുവടുകൾ. ഗ്രോബാഗുകളിലും പോളിത്തീൻ കൂടുകളിലും നട്ടത് മിനിസെറ്റിൽ തയാറാക്കിയ പ്രോട്രേ തൈകളെങ്കിൽ, വലുപ്പം കൂടിയ ചാക്കുകളിൽ വലിയ കഷണങ്ങൾ തന്നെ നട്ടു. നാനൂറു കിലോ നേട്ടത്തിലേക്ക് എത്തുന്നത് അങ്ങനെ.

കൃഷിമുറകൾ

ചാക്കിലും കൂടിലുമൊക്കെ കൃഷി ചെയ്യുന്നത് പരിപാലനം കുറേക്കൂടി കാര്യക്ഷമമാക്കുമെന്ന് ഓമന. അടുക്കള ജോലിയുടെ ഇടവേളകളിൽ ഓരോ ഗ്രോബാഗിലെയും കൃഷിപ്പണി തീർക്കാം. മണ്ണും മണലും മണ്ണിരക്കമ്പോസ്റ്റും ചാണകപ്പൊടിയും ചകിരിച്ചോറും ചേർന്നതാണ് നടീൽമിശ്രിതം. തേങ്ങ പൊതിച്ച ശേഷം പുരയിടത്തിൽത്തന്നെ പലയിടങ്ങളിലായി കൂട്ടിയിടുന്ന ചകിരി മുഴുവൻ അവിടെക്കിടന്ന് രണ്ടു മൂന്നു വർഷംകൊണ്ട് പൊടിഞ്ഞിട്ടുണ്ടാവും. ചകിരിച്ചോറുകൂടി ചേരുമ്പോൾ വേരോട്ടവും വളർച്ചയും സുഗമമാവുന്നു. വേരിലൂടെയുള്ള കീടബാധ ചെറുക്കാൻ നടീൽമിശ്രിതത്തിൽ ട്രൈക്കോഡേർമ കൂടി ചേർക്കുന്ന പതിവുമുണ്ട്.

ഗ്രോബാഗ് ഇഞ്ചിത്തോട്ടം

ഇഞ്ചി നട്ടയുടനെ പുതവയ്ക്കുന്ന രീതിയുണ്ടല്ലോ. പോട്രേ തൈകളുടെ കാര്യത്തിൽ അതു വേണ്ടെന്ന് ഓമന. നട്ട് 22 ദിവസം പിന്നിടുമ്പോൾ ശീമക്കൊന്നയിലകൊണ്ട് ചുവട്ടിൽ പുതയിടും. അതിനു മുകളിൽ കടലപ്പിണ്ണാക്കു ചേർത്തു പുളിപ്പിച്ച ചാണകവെള്ളം ഒഴിക്കും. വൈകാതെ ഇല അഴുകി വളമാകും. രണ്ടു വട്ടം പുതയിടുമ്പോഴേക്കും കണകൾ പൊട്ടി ചാക്കും ബാഗുമൊക്കെ നിറയും. പിന്നെ പുളിപ്പിച്ച ചാണകവെള്ളം മാത്രം ഇടവിട്ടു നൽകും. മേയിൽ കൃഷിയിറക്കി ഡിസംബറിൽ വിളവെടുക്കുന്ന കലണ്ടറാണ് ഓമനയുടേത്. ഇലകൾ പഴുത്തുവീണ് വിളവെടുപ്പിനു പാകമാവുമ്പോൾ ചാക്കു നന്നായി നനച്ച് തടം കുതിരാനിടും. പിറ്റേന്ന് മണ്ണിളക്കി ഒരു വിത്തുപോലും ഒടിയാതെ വിളവെടുപ്പ്. ഒരു ലീറ്റർ വെള്ളത്തിൽ രണ്ട് മി.ലീറ്റർ വീതം എൻഡോഫിൽ, എക്കാലക്സ് എന്ന തോതിൽ ചേർത്ത് അതിൽ അരമണിക്കൂർ മുക്കി വച്ച് ട്രീറ്റു ചെയ്തെടുക്കുന്നതോടെ ഇഞ്ചി വിത്ത് തയാർ. പറമ്പിൽ നട്ടു വിളവെടുക്കുമ്പോൾ വിത്തായി വച്ച 20–25 ഗ്രാം വരുന്ന കഷണങ്ങൾ ചുങ്ങി നശിച്ചുപോയിരിക്കുന്നതും കാണാം. എന്നാൽ ചാക്കിലെയും ഗ്രോബാഗിലെയുമെല്ലാം വിളവെടുക്കുമ്പോൾ ഈ വിത്ത് ആരോഗ്യത്തോടെതന്നെ മടക്കിക്കിട്ടുമെന്നതും ഓമനയുടെ നിരീക്ഷണം. ഉണക്കി ചുക്കാക്കിയാൽ വീട്ടാവശ്യത്തിന് അതും പ്രയോജനപ്പെടുത്താം.

കൃഷിക്കൊപ്പം മൂല്യവർധനയിലേക്കുകൂടി ഓമന തിരിയുന്നത് കെവികെയിലെ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് എ. ദീപ്തിയുടെ പ്രേരണയിലാണ്. അവർ പരിശീലനവും നൽകി. അതോടെ വെറും ഇരുപതു മിനിറ്റുകൊണ്ട് പാകം ചെയ്തെടുക്കാവുന്ന ഇഞ്ചി സ്ക്വാഷിനും മികച്ച വിപണിയുണ്ടെന്ന് ഓമന കണ്ടെത്തി. പച്ചയിഞ്ചി നുറുക്കി മിക്സിയിലടിച്ചശേഷം പിഴിഞ്ഞ് ഊറൽ നീക്കി നാരങ്ങാനീരും പഞ്ചസാരയും ചേർത്ത് തിളപ്പിച്ച് തയാറാക്കുന്ന സ്ക്വാഷ് ഒന്നാന്തരം ആരോഗ്യപാനീയം. ഇഞ്ചിസത്ത് പിഴിഞ്ഞെടുത്ത് ബാക്കിയാവുന്ന ഊറൽ വെയിലത്തുണക്കി ആ പൊടി ചേർത്ത് ആസ്വാദ്യകരമായ ജിഞ്ചർ കാപ്പിയും ചായയും തയാറാക്കാമെന്നും ഓമന. ഉൽപാദനം വർധിപ്പിച്ച് വിത്തിഞ്ചിയുടെയും സ്ക്വാഷിന്റെയുമെല്ലാം വിറ്റുവരവ് ഇരട്ടിയാക്കാനൊരുങ്ങുകയാണ് ഈ വീട്ടമ്മ.

ഫോൺ: 9995945358

വരുമാനം വളരുന്ന ഗ്രോബാഗ്

വിത്തുൽപാദനത്തിനു യോജിച്ച രീതിയാണ് ചാക്കിലും ഗ്രോബാഗിലുമായുള്ള ഇഞ്ചിക്കൃഷിയെന്ന് കെവികെയിലെ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഡോ.പി.എസ്. മനോജ്. വിത്തിനായാണ് ഓമന കൃഷി ചെയ്യുന്നതെങ്കിൽ പ്രോട്രേ തൈകൾ ഗ്രോബാഗിൽ വളർത്തി 2–3 മാസമാവുമ്പോൾ അടുക്കളത്തോട്ടം പരിപാലിക്കുന്നവർക്കായി ഒന്നിന് 100 രൂപ നിരക്കിൽ വിൽക്കുന്ന സംരംഭകരുമുണ്ടെന്ന് ഡോ. മനോജ് പറയുന്നു. ഇത്തരം മൂന്നോ നാലോ ബാഗുകൾ വാങ്ങി വളർത്തിയാൽ വീട്ടാവശ്യത്തിനുള്ള ഇഞ്ചി ലഭിക്കുമെന്നതിനാൽ ആവശ്യക്കാർ ഒട്ടേറെ.

‘ഇഞ്ചിക്കൃഷിക്ക് നല്ല വളക്കൂറുള്ള മണ്ണു വേണം. മണ്ണിലൂടെയുള്ള രോഗബാധസാധ്യത വളരെക്കൂടുതലായതിനാൽ, ഫീൽഡിലെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിൽ ഓർഗാനിക് പാക്കേജ് (ജൈവകൃഷി രീതി) പിൻതുടരുക എളുപ്പവുമല്ല. അതേസമയം ഓമനയുടെ കണ്ടെത്തലായ ഗ്രോബാഗ് കൃഷിയിലൂടെ മികച്ച ഗുണനിലവാരമുള്ള വിത്തിഞ്ചിയും അടുക്കളയാവശ്യത്തിനുള്ള കീടനാശിനിമുക്തമായ ഇഞ്ചിയുമെല്ലാം തികച്ചും ജൈവരീതിയിൽ കൃഷി ചെയ്തെടുക്കാം. ചാക്കിൽ കൃഷിചെയ്യുമ്പോൾ ഒരു ചുവടിൽനിന്നു മാത്രം മൂന്നരക്കിലോയിലേറെ വിളവു ലഭിക്കുന്നു എന്നതും മികച്ച നേട്ടം തന്നെ.

പറമ്പിൽ കൃഷി ചെയ്യുമ്പോൾ രോഗബാധ കണ്ടെത്താൻ വൈകുകയും പലപ്പോഴും ആ കണ്ടം തന്നെ കർഷകർ ഉപേക്ഷിക്കുന്നതുമാണ് അനുഭവം. മറ്റു കണ്ടങ്ങളിലേക്ക് വേഗം രോഗം പടരുകയും ചെയ്യും. എന്നാല്‍ ഗ്രോബാഗിലാവുമ്പോള്‍ തുടക്കത്തിൽത്തന്നെ രോഗബാധ ശ്രദ്ധയിൽപ്പെടുന്നു. അതുവഴി ആ ബാഗു മാത്രം മാറ്റി ബാക്കി കൃഷിയെ രക്ഷിക്കാനും കഴിയുന്നു’.

ഫോൺ (പെരുവണ്ണാമൂഴി കെവികെ): 0496 2662372