Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രിവാൻഡ്രം ഡ്രാഗൺ

pitaya-dragon-fruit വിളവെടുക്കാറായ ഡ്രാഗൺ പഴങ്ങൾ

പത്തു വർഷം മുമ്പ് ഔദ്യോഗിക കാര്യത്തിനു മലേഷ്യയിലെത്തിയ വിജയൻ വിരുന്നുമേശയിൽ അപരിചിതമായൊരു പഴവും അതിന്റെ ജ്യൂസും രുചിച്ചു. ഹൃദ്യമായ നിറവും രുചിയുമുള്ള പഴത്തിന്റെ പേര് ഡ്രാഗൺ ഫ്രൂട്ട് എന്ന് ആതിഥേയൻ. ശരിയാണ്, പഴം മൊത്തത്തിൽ നോക്കുമ്പോൾ എവിടെയൊക്കെയോ ഒരു വ്യാളീഛായ. മുറിച്ചപ്പോൾ ചേതോഹരമായ പർപ്പിൾ നിറം.

ഔദ്യോഗികത്തിരക്കിന്റെ ഇടവേളയിൽ സുഹൃത്ത് മലേഷ്യയിലെ ഒരു വിശാലമായ ഡ്രാഗൺ ഫ്രൂട്ട് തോട്ടത്തിലേക്കു വിജയനെ കൂട്ടിക്കൊണ്ടുപോയി. കള്ളിച്ചെടി ഇനത്തിൽപ്പെട്ട ഡ്രാഗൺ ചെടിയുടെ തോട്ടം മനോഹരമായ കാഴ്ചയായിരുന്നു. കൈതയിലെപ്പോലെ മുള്ളുകളുണ്ടെങ്കിലും അടിമുടി പച്ചപ്പാർന്ന ചെടികളിൽ നിറയെ പിങ്ക് നിറമണിഞ്ഞ പഴങ്ങള്‍. പിത്തായ എന്നാണ് പഴത്തിന്റെ മെക്സിക്കൻ നാമം.

dragon-fruit-pitaya ഡ്രാഗൺ ഫ്രൂട്ട്

മലേഷ്യയിൽനിന്നു മടങ്ങുമ്പോൾ തിരുവനന്തപുരം പാങ്ങോട് തണ്ണിച്ചാലിലെ സ്വന്തം വീടായ വൈശാഖിലേക്ക് ഡ്രാഗൺ ചെടിയുടെ ഒരു തണ്ടുകൂടി വിജയൻ കൊണ്ടുവന്നു. പത്തു വർഷത്തിനു ശേഷം ഇന്ന് വീടിനു മുന്നിലുള്ള കുന്നിലെ മൂന്നേക്കറിൽ വിശാലമായ ഡ്രാഗൺ തോട്ടം.‌

അന്നു വീട്ടിലെത്തിച്ച തൈ ഭാര്യ ശോഭനയെ ഏൽപിച്ച് വിജയൻ ജോലിത്തിരക്കിലേക്കു മുങ്ങി. ശോഭന അത് ടെറസിലെ ചെടിച്ചട്ടിയിൽ പരിപാലിച്ചു. വർഷമൊന്നു പിന്നിട്ടപ്പോൾ അതിൽനിന്ന് ആദ്യത്തെ പഴം ലഭിച്ചു. മലേഷ്യയിൽ പരിചയിച്ച അതേ നിറം, അതേ രുചി. ഡ്രാഗൺ ഫ്രൂട്ടിനെക്കുറിച്ച് ഇന്റർനെറ്റിൽ പരതിയപ്പോൾ പോഷകഗുണങ്ങളുടെ കാര്യത്തിൽ ചില്ലറക്കാരനല്ലെന്നു മനസ്സിലായി. പല്ലിനും എല്ലിനും മുതൽ കണ്ണിനും കരളിനും നാ‍ഡീവ്യൂഹത്തിനുമെല്ലാം സംരക്ഷകനത്രെ ഡ്രാഗൺ.

മെക്സിക്കൻ വംശജനായ ഡ്രാഗൺ വളർന്നതും പടർന്നതും തായ്‌ലൻഡ്, വിയറ്റ്നാം, ഇസ്രായേൽ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ്. വിയറ്റ്നാമാണ് കൃഷിയിലും വിപണിയിലും മുന്നിൽ. ട്രോപ്പിക്കൽ ഇനമായതിനാൽ 20–30 ഡിഗ്രി സെല്‍ഷ്യസ് താപനിലയും തരക്കേടില്ലാത്ത മഴയുമുള്ള കാലാവസ്ഥ യോജ്യം. മിതമായ നന മതി. പരിപാലനം എളുപ്പം. ഏക്കറിൽ 1700 ചെടികൾ‌ നടാം. വർഷം 5–6 ടൺ വിളവ്. മികച്ച വില.

അതോടെ ചെടിക്ക് വീട്ടിൽ കൂടുതൽ പരിഗണന കിട്ടിത്തുടങ്ങി. വളർന്നപ്പോൾ കമ്പുകൾ വേരുപിടിപ്പിച്ച് പുതിയ തൈകൾ ഉണ്ടാക്കി. ഏതാനും വർഷങ്ങൾ പിന്നിട്ടതോടെ നമ്മുടെ നാട്ടിലെ ചില ഷോപ്പിങ് മാളുകളിലെ ഹൈപ്പർ മാർക്കറ്റുകളിലേക്ക് വിയറ്റ്നാമിൽനിന്നു ഡ്രാഗൺ പഴം വന്നു തുടങ്ങി. വില കിലോയ്ക്ക് 200–250 രൂപ. ഡ്രാഗൺ മാത്രമല്ല, റമ്പുട്ടാനും പുലോസാനും മാംഗോസ്റ്റിനുംപോലുള്ള വിദേശികൾക്കെല്ലാം സ്ഥിരവിപണി കേരളത്തിൽ രൂപപ്പെടുന്നതു വിജയൻ കണ്ടു. ഒപ്പം കൃഷിയും പ്രചാരം നേടുന്നു. അതേസമയം വാണിജ്യാടിസ്ഥാനത്തിൽ ഡ്രാഗൺ ചെയ്യുന്നവരാരും വിജയന്റെ അറിവിലില്ല. വിശദമായി തിരഞ്ഞപ്പോൾ പൂണെയിൽ ഒരാളെ കണ്ടെത്തി. അതു പക്ഷേ, കാമ്പിനു വെളുത്ത നിറമുള്ള പഴമാണ്. പർപ്പിളിനെ അപേക്ഷിച്ച് വിളവു കൂടുമെങ്കിലും വില കുറയും.

sobhana-vijayan-in-dragon-fruit-farm ഭാര്യ ശോഭനയ്‌ക്കൊപ്പം വിജയൻ കൃഷിയിടത്തിൽ

ജോലിയിൽനിന്നു വിരമിച്ചതോടെ ഇനിയങ്ങോട്ട് ഡ്രാഗൺ ഉൾപ്പെടെയുള്ള പഴവര്‍ഗക്കൃഷിയിൽ ഒരു കൈ നോക്കാമെന്നു വിജയൻ ഉറപ്പിച്ചു. വീടിനു സമീപമുള്ള കുന്നിലെ മൂന്നേക്കറിൽ ആയിരത്തോളം തൈകൾ നട്ട് കൃഷിയിലിറങ്ങുമ്പോൾ മലേഷ്യയിൽ കണ്ട തോട്ടമായിരുന്നു മനസ്സിൽ.

കോൺക്രീറ്റു കാലിലാണ് ചെടികൾ കയറ്റുന്നത്. സിമന്റു തൂണിനു മുകളില്‍ X എന്ന ആകൃതിയിൽ നീണ്ടുനില്‍ക്കുന്ന കമ്പിയില്‍ പഴയ ടയർ വയ്ക്കുന്നു. ടയറിനുള്ളിലെ ദ്വാരത്തിലൂടെ കയറുന്ന ചെടി പുറത്തേക്കു ചായും. ഇങ്ങനെ വളയുന്ന ഭാഗത്തുനിന്ന് പുതിയ ചിനപ്പുകള്‍ വന്നാണ് ചെടി വളരുന്നത്. സിമന്റ് കാലുകൾ തമ്മിലുള്ള അകലം, കാലിന്റെ ഉയരം, ചെടികൾ തമ്മിലുളള അകലം തുടങ്ങിയവയൊന്നും കൃത്യമായി നിശ്ചയമില്ലാത്തതിനാൽ മനോധർമംപോലെ ചെയ്തു. സിമന്റ് കാലുകൾ വാർത്തെടുത്തു. ഒന്നിന് 50 രൂപ നിരക്കിൽ പഴയ ടയറുകൾ‌ വാങ്ങി. പകുതിയും കാറിന്റെ ടയറുകൾ. ചെടി നട്ട് വളർന്നുവന്നപ്പോഴാണ് കോൺക്രീറ്റ് കാലിന് ഉയരം കൂടുതലാണെന്നും അതു വിളവെടുപ്പിനു പ്രയാസമുണ്ടാക്കുമെന്നും മനസ്സിലായത്. കാറിന്റെയല്ല ബൈക്കിന്റെ ടയറാണ് യോജിച്ചതെന്നും തെളിഞ്ഞു. ചെടികൾക്കിടയിലൂടെ നടന്ന് മുള്ളു കൊള്ളാതെ വിളവെടുക്കാൻ 8X6 അടി യോജിച്ച അകലമെന്നും മനസ്സിലാക്കി. പിന്നീട് വാര്‍ത്തെടുത്ത കാലുകളെല്ലാം ആറടി ഉയരത്തിലായി. ഒരടി മണ്ണിൽ താഴ്ത്തിയിടും.

നിലവിൽ മൂന്നു വര്‍ഷം പിന്നിട്ട 1500 ചെടികളാണ് വിജയന്റെ തോട്ടത്തിലുള്ളത്. പുരയിടത്തിൽ 2500 ചെടികൾ പുതുതായി നട്ടുവരുന്നു.

ആദ്യ ബാച്ച് ചെടികൾ ഒന്നര വർഷം പ്രായമെത്തിയപ്പോൾ ഫലം നൽകിത്തുടങ്ങി. ഏപ്രിലിൽ വേനൽമഴ കഴിയുന്നതോടെയാണ് പൂവിടൽ‌. 30–ാം ദിവസം പഴം വിളവെടുക്കാം. 300– 400 ഗ്രാം ശരാശരി തൂക്കം. പത്തു ദിവസം വരെ സൂക്ഷിപ്പുകാലം ലഭിക്കും. തോട്ടത്തിലെ എല്ലാ ചെടികളും ഒന്നിച്ചാണ് പൂവിടുക. നവംബർ വരെ 4–5 ഘട്ടങ്ങളായി പൂവിടൽ തുടരും. മൂന്നു വർഷം പ്രായമെത്തിയ ഒരു ചെടിയിൽനിന്നു വർഷം ശരാശരി 12 കിലോ പഴം ലഭിക്കും. വിളവെടുപ്പു കഴിയുന്നതോടെ തൈകൾക്കായുള്ള കട്ടിങ്ങുകൾ മുറിച്ചെടുക്കും. ഇത് ഗ്രോബാഗിൽ വേരുപിടിപ്പിച്ചാണ് തൈകൾ തയാറാക്കുന്നത്.

dragon-fruit-farm പുതുതായി കൃഷി ചെയ്തിരിക്കുന്ന തോട്ടം

കഴിഞ്ഞ വർഷം 4000 കിലോയിലേറെ പഴം വിജയൻ വിപണിയിലെത്തിച്ചു. തിരുവനന്തപുരത്തെ മുൻനിര സൂപ്പർമാർക്കറ്റുകളില്‍ മികച്ച സ്വീകാര്യതയാണ് ഡ്രാഗൺ നേടിയത്. കിലോയ്ക്ക് 175 രൂപയും ലഭിച്ചു. പഴത്തിന്റെ നല്ല പങ്കും തോട്ടത്തിൽനിന്നു തന്നെ വിറ്റുപോകും. കുന്നിൻചെരുവിലുള്ള റോഡിലൂടെ കടന്നുപോകുന്ന ആരുടെയും കണ്ണിൽ വിസ്മയം നിറയ്ക്കും 200 മീറ്റർ നീളത്തിൽ കുന്നിനെ പൊതിയുന്ന പച്ചപ്പും പഴങ്ങളും. വണ്ടി നിർത്തും, പഴങ്ങൾ വാങ്ങി യാത്ര തുടരും.

ഡ്രാഗണിനൊപ്പം റമ്പുട്ടാൻ ഉൾപ്പെടെ വിദേശപ്പഴങ്ങളുടെ വാണിജ്യകൃഷിയിലും വിജയൻ സജീവം. ഇക്കൊല്ലവും ഈ കുന്നിൻചെരിവ് തന്റെ പോക്കറ്റു നിറയ്ക്കുമെന്നതിൽ വിജയനു സംശയമില്ല.

ഫോൺ: 9447069422