Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടത്ത് കൃഷി; വരമ്പത്ത് വിൽപന

farmer-premnath പ്രേംനാഥ് മംഗലശേരി കൃഷിയിടത്തിൽ.

ഓണത്തിന് പറ നിറയ്ക്കാൻ നവര നെൽകൃഷിയിൽ പൊന്നു വിളയിച്ച് യുവകർഷകൻ. സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ പ്രേംനാഥ് മംഗലശേരിയാണ് കാർഷിക രംഗത്തെ സമർപ്പണം കൊണ്ട് ശ്രദ്ധേയനാകുന്നത്. ഓണത്തിന് ഒരു പറ നെല്ലെന്നതായിരുന്നു സംസ്ഥാന കൃഷി വകുപ്പിന്റെ സന്ദേശം. ഇത്തവണ ഓണത്തിനായി രണ്ട് ഹെക്ടറിൽ ജൈവ രീതിയിൽ പരമ്പരാഗത ഇനങ്ങളായ നവരയും ചോമാലയും വിളയിച്ചു. ഔഷധം കൂടിയായ നവര കൊയ്തെടുക്കുമ്പോൾ വരമ്പത്ത് തന്നെ ആവശ്യക്കാരുമെത്തിയിരുന്നു. കൃഷി വകുപ്പിന്റെ അത്യുൽപാദന ശേഷി കൂടിയ ഉമ, ജ്യോതി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പല ആയുർവേദ ചികിൽസകൾക്കും ക്ഷേത്രാവശ്യങ്ങൾക്കും നവര നെൽ ഒഴിച്ചു കൂടാൻ പറ്റാത്തതാണ്.

സർക്കാർ ജോലി ലഭിച്ചെങ്കിലും മുത്തച്ഛൻ നാരായണ സ്വാമിയുടെ കാർഷിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയാണ് ലാഭനഷ്ടങ്ങൾ നോക്കാതെ നെൽ കൃഷി തുടരുന്നതെന്ന് പ്രേംനാഥ് പറഞ്ഞു. നവര നെൽ കൃഷി ചെയ്ത് എടുക്കുക ഏറെ പ്രയാസകരമാണ്. നവര കിലോക്ക് നൂറ്റൻപത് രൂപവരെ ലഭിക്കുന്നുണ്ട്. ചോമാല അവലാക്കുന്നതിനാണ് ആവശ്യക്കാർ ഏറെയെത്തുന്നത്.

ഇത്തവണ രണ്ട് പ്ലോട്ടുകളിലായി നവരക്കൊപ്പം കരനെല്ലും കൃഷി ചെയ്തു. വലിയ തോതിൽ ഇടവിള കൃഷിയും പച്ചക്കറി കൃഷിയും നടത്തുന്നതിന് പ്രേംനാഥ് മംഗലശേരി നേതൃത്വം നൽകുന്നുണ്ട്. ഈ വർഷം ചോളവും ബജ്റയും കൃഷി ചെയ്ത് നല്ല വിളവു നേടാനായി. പ്രേംനാഥിന്റെ കൃഷിയിടം പലതവണ കോഴിക്കോട് ആത്മയുടെ പ്രദർശന തോട്ടമായിരുന്നു. കാർഷിക രംഗത്തെ മികവിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ട് തവണ ബ്ലോക്ക് പഞ്ചായത്തിന്റെ അവാർഡ് ലഭിച്ചു. യുവ കർഷകനും സമ്മിശ്ര കൃഷിക്കും ആത്മ ഏർപ്പെടുത്തിയ അവാർഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ സ്ഥലത്ത് കരനെൽകൃഷി ചെയ്തതിനുള്ള ബഹുമതി പ്രേംനാഥിനായിരുന്നു. ഫയർ ഫോഴ്സിൽ ജോലി ചെയ്യുന്ന പ്രേംനാഥ് മംഗലശേരി എൻജിഒ അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ച് പ്രസിഡന്റും ഒയിസ്ക എസ്ഐസി മെംബറുമാണ്. കൊളത്തൂർ ഫാർമേഴ്സ് ക്ലബിനും നെല്ലുൽപാദക സംഘത്തിനും നേതൃത്വം നൽകുന്നു.

സാധാരണ സർക്കാർ ജോലി ലഭിച്ചാൽ പരമ്പരാഗത ജോലി ഉപേക്ഷിക്കുന്നവർക്കിടയിൽ കൃഷിയിടത്തിലെ കഠിനാധ്വാനം കൊണ്ടാണ് പ്രേംനാഥ് മംഗലശേരി വേറിട്ടു നിൽക്കുന്നത്. പ്രേംനാഥിന്റെ കാർഷിക പ്രവർത്തനങ്ങൾക്ക് വകുപ്പിന്റെ പൂർണ പിന്തുണ ലഭിക്കുന്നുണ്ട്. വലിയ തോതിൽ കൃഷി നടത്തുമ്പോൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിലമൊരുക്കുന്നത്.