Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മട്ടുപ്പാവ് കര്‍ഷകനെ വിസ്മയിപ്പിച്ച് 25 കിലോ തൂക്കമുള്ള കുമ്പളങ്ങ

ash-gourd-25-kilo ആലുവ തൊട്ടിപ്പറമ്പിൽ ജോണി 25 കിലോ തൂക്കമുള്ള കുമ്പളങ്ങയുമായി.

ആലുവ നഗരമധ്യത്തിലെ വീടിന്റെ ടെറസിൽ പടർത്തിയ കുമ്പള വള്ളിയിൽ വിരിഞ്ഞത് 25 കിലോ തൂക്കമുള്ള ഒറ്റ കുമ്പളങ്ങ. കൃഷി ചെയ്ത ആളെ മാത്രമല്ല, പച്ചക്കറി മാർക്കറ്റിലെ വ്യാപാരികളെയും ഇത് അദ്ഭുതപ്പെടുത്തി. മാർക്കറ്റ് റോഡിൽ ‘ലേഡീസ് കോർണർ’ കട നടത്തുന്ന തൊട്ടിപ്പറമ്പിൽ ജോണിക്ക് ഒരു കട കുമ്പളത്തിൽ നിന്നു മൊത്തം രണ്ടു ക്വിന്റൽ കുമ്പളങ്ങ ലഭിച്ചു.

മട്ടുപ്പാവിൽ വാഴ, ചീര, വെണ്ട, പാവൽ, പടവലം, കാന്താരി മുളക് തുടങ്ങിയ കൃഷികൾ വേറെയും ഉണ്ടെങ്കിലും അതിശയകരമായ വിളവു നൽകിയതു കുമ്പളമാണ്. കൃഷിഭവനിൽ നിന്നു മൂന്നു മാസം മുൻപ് 25 ഗ്രോ ബാഗുകൾ വാങ്ങിയാണ് ജോണി ജൈവകൃഷി ആരംഭിച്ചത്. അതിൽ പരിചയക്കാരായ കർഷകരിൽ നിന്നു ശേഖരിച്ച വിത്തുകൾ നട്ടു.

കാശു മുടക്കി കീടനാശിനിയോ വളമോ വാങ്ങിയില്ല. ഉപയോഗിച്ചു കഴിഞ്ഞ ചായപ്പൊടിയും കറിക്ക് അരിഞ്ഞ ശേഷം ബാക്കിവന്ന പച്ചക്കറികളും മാത്രമാണ് വളമായി ഉപയോഗിച്ചതെന്നു ജോണി പറഞ്ഞു.