Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാതിലകം കർഷകതിലകം

dance-teacher-suma-narendra-farmer വിളവെടുത്ത പയറുമായി സുമ

ഭരതനാട്യത്തിൽ ക്ലാസിക്കൽ പന്തനല്ലൂർ ശൈലിയാണ് ആർഎൽവി സുമ നരേന്ദ്ര എന്ന നർത്തകിക്കു പ്രിയം. എന്നാല്‍ കൃഷിയിലാകട്ടെ, മോഡേൺ മട്ടുപ്പാവു ശൈലിയുടെ ഉപാസകയാണ് സുമ. ബി.എ. ഭരതനാട്യം ഒന്നാം റാങ്കുകാരിയായ സുമയ്ക്കു കലാതിലകപ്പട്ടങ്ങൾ പുത്തരിയല്ല. നാലര വയസ്സിൽ അരങ്ങേറ്റം കുറിച്ച നാളു മുതൽ നേടിയ പട്ടങ്ങൾ അലമാരയിൽ തിളങ്ങുന്നു. എന്നാൽ അവയ്ക്കിടയിൽ പുതിയ ചില പുരസ്കാരങ്ങൾ കൂടി ഈയിടെ ഇടംപിടിച്ചിരിക്കുന്നു. പത്തുവർഷം മുമ്പ് അരങ്ങേറ്റം കുറിച്ച മട്ടുപ്പാവുകൃഷി സമ്മാനിച്ച കീർത്തിപത്രങ്ങൾ.

സ്വന്തം അടുക്കളയിലേക്ക് ആവശ്യത്തിനുള്ളത് വിളയിക്കുന്ന നൂറുകണക്കിനു മട്ടുപ്പാവു കർഷകരുണ്ട് ഇന്നു കേരളത്തിൽ. എന്നാൽ മട്ടുപ്പാവിൽനിന്നു മുട്ടില്ലാതെ വരുമാനം നേടുന്ന എത്ര പേരുണ്ട്.... തീരെ ചുരുങ്ങും. അക്കൂട്ടത്തിലൊരാളാണു സുമ. ഇരുനൂറിലേറെ കുട്ടികൾ പരിശീലനം നേടുന്ന നൃത്തവിദ്യാലയവും നിരന്തരം സ്റ്റേജ് പ്രോഗ്രാമുകളും ഭരതനാട്യത്തിൽ തുടർപഠനവുമെല്ലാം ചേർന്ന് സാമാന്യം തിരക്കുള്ള കലാകാരിയാണവർ. എന്നാൽ ഇതിനെല്ലാമിടയിലും പത്തു സെന്റിലെ ഗ്രോബാഗ് കൃഷിയിൽനിന്നു മികച്ച വരുമാനം പതിവായി സുമയുടെ അക്കൗണ്ടിലെത്തുന്നു.

വായിക്കാം ഇ - കർഷകശ്രീ

ടെറസിലെ 1600 ചതുരശ്രയടി വരുന്ന മഴമറയ്ക്കുള്ളിൽ സർവസന്നാഹങ്ങളോടെ ക്രമീകരിച്ചിരിക്കുന്ന അഞ്ഞൂറിലേറെ വരുന്ന ഗ്രോബാഗുകളിലെ കൃഷിസമൃദ്ധിയും അതിൽ വിളയുന്ന സമ്പൂർണ ജൈവോൽപന്നങ്ങളുടെ സമർഥമായ മാർക്കറ്റിങ്ങുമാണ് സുമയെ അടൂർ നഗരത്തിലെ മികച്ച കർഷകയാക്കുന്നത്. ടെറസിൽ മാത്രം ഒതുങ്ങുന്നില്ല സുമയുടെ മഴമറയും ഗ്രോബാഗുകളും. പത്തു സെന്റിലെ വീടിന്റെ ഇത്തിരി മുറ്റംപോലും മഴമറ തീർത്ത് കൃഷിയിടമാക്കി മാറ്റിയിരിക്കുന്നു ഈ വനിത. അലങ്കാരമൽസ്യക്കുളത്തിനും ഏത്തവാഴക്കൃഷിക്കും ലവ് ബേർഡ്സിനും ഇഞ്ചിക്കൃഷിക്കുമെല്ലാം ഈ ഇത്തിരിവട്ടത്തിൽ ഇടമുണ്ട് എന്നതും അവയെല്ലാം വരുമാനമാർഗമാകുന്നു എന്നതും ശ്രദ്ധേയം.

bean-farming-terrace

വീട്ടുമുറ്റത്തെ ചെറിയ അടുക്കളത്തോട്ടത്തിൽനിന്നു വലിയ വരുമാനം നേടുന്ന കൃഷിക്കാരിയായി സുമ മാറിയിട്ട് ഏതാനും വർഷങ്ങളെ ആവുന്നുള്ളൂ. 500 രൂപയ്ക്ക് 25 ഗ്രോബാഗ് എന്ന കൃഷിവകുപ്പു പദ്ധതിയാണ് വഴിത്തിരിവ്. വകുപ്പുദ്യോഗസ്ഥര്‍ മണ്ണും വളവും നിറച്ച് പച്ചക്കറിത്തൈ നട്ട് മട്ടുപ്പാവിലെത്തിച്ചു നൽകിയ ഗ്രോബാഗുകളെ സുമ കാര്യമായിത്തന്നെ പരിപാലിച്ചു. ഫലം, കൈനിറയെ വിളവ്. അതോടെ അടുത്ത ഘട്ടത്തിൽ ഗ്രോബാഗുകളുടെ എണ്ണം ഇരട്ടിയാക്കി.

ഇതിനിടെ, മുറ്റത്തു നട്ടിരുന്ന കോവൽ ടെറസിലേക്കു പടർന്നു പന്തലിച്ച് ദിവസം ശരാശരി 10–15 കിലോ വിളവു നൽകിത്തുടങ്ങി. അയൽപക്കത്തും ബന്ധുക്കൾക്കും കൊടുത്തിട്ടും ബാക്കി. പച്ചക്കറിക്കടയിൽ അന്വേഷിച്ചപ്പോൾ വിപണിവിലയുടെ പകുതിപോലും കൃഷിക്കാരനു തരില്ല എന്ന നിലപാട്. അക്കൊല്ലം പക്ഷേ ജീവിതത്തിൽ ആദ്യമായി സുമ പച്ചക്കറി വിറ്റു, വേറെങ്ങുമല്ല, അടൂർ കൃഷിഭവനിൽത്തന്നെ. കടയിൽനിന്നു വാങ്ങുന്ന അതേ വില നൽകി ഓർഗാനിക് കോവയ്ക്ക വാങ്ങിയ കൃഷി ഓഫിസർ വിമൽകുമാറും കൃഷി അസിസ്റ്റൻറ് സന്തോഷ് കുമാറും ഉപദേശവും നൽകി, ‘അർഹമായ വില നൽകാത്ത കച്ചവടക്കാർക്ക് മേലിൽ വിൽക്കരുത്.’

മട്ടുപ്പാവുകൃഷിക്കു മാർക്കറ്റ്

അധികം ആലോചിക്കേണ്ടി വന്നില്ല സുമയ്ക്ക്. അതിനു മുമ്പുതന്നെ സുമയുടെ നൃത്തവിദ്യാര്‍ഥിനികളുടെ മാതാപിതാക്കൾ ടെറസിൽ വിളഞ്ഞുകിടക്കുന്ന ഫാം ഫ്രഷ് ജൈവ പച്ചക്കറികൾ ആവശ്യപ്പെട്ടുതുടങ്ങി. സുമയുടെ കൃഷിയും പരിപാലനരീതികളും പതിവായി കാണുന്നതിനാൽ പച്ചക്കറികളുടെ മേന്മയിൽ അവർക്ക് സംശയമേ ഇല്ലായിരുന്നു. അവർ പറഞ്ഞും കേട്ടും കീടനാശിനി കലരാത്ത പച്ചക്കറി തേടി കൂടുതൽ പേർ വന്നു. കടയിൽനിന്നു വാങ്ങുന്നതിനേക്കാൾ ഉയർന്ന വില നൽകി ജൈവപച്ചക്കറികൾ കൃഷിയിടത്തിൽ നേരിട്ടെത്തി വാങ്ങാനാളുണ്ടെന്നു വന്നതോടെ കൃഷി ചെറിയ സംഭവമല്ലെന്ന് ബോധ്യമായെന്നു സുമ. ഭാര്യയുടെ കലാജീവിതത്തിന് എന്നും പിന്തുണ നൽകുന്ന ഭർത്താവ് സുരേഷ് കുമാർ അതോടെ സുമയുടെ കാർഷിക ജീവിതത്തിനും കൈയയച്ചു സഹായം നൽകി.

dance-teacher-suma-narendra-terrace-farm അടുത്ത കൃഷിക്കുള്ള ഒരുക്കം

കൃഷിഭവനിൽനിന്ന് അനുവദിച്ച മഴമറയിൽ കൃഷി കൂടുതൽ വിശാലമായി. സീസൺ നോക്കാതെ വർഷം മുഴുവൻ കൃഷി ചെയ്യുമ്പോൾ മികച്ച ഉൽപാദനത്തിനും ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്കും ഹൈബ്രിഡ് വിത്തുകൾ തന്നെയാണ് ഉത്തമം എന്നു തെളിഞ്ഞതിനാൽ മികച്ച കമ്പനികളെ കണ്ടെത്തി അവയുടെ വിത്തുകൾ തിരഞ്ഞെടുത്തു. പയറും ചുവന്ന ചീരയും പച്ചച്ചീരയും വെണ്ടയും തക്കാളിയും സാലഡ് വെള്ളരിയുമാണ് ആളുകൾക്ക് ഏറ്റവും പ്രിയമെന്നു കണ്ട് അവയിലെ ഏറ്റവും മികച്ച ഇനങ്ങൾതന്നെ കൃഷിയിറക്കി സുമ.

സമീപത്തെ കാടുപിടിച്ച മൈതാനത്തിലെ താമസക്കാരായ തത്തകൾ പതിവായി പയർമണി കൊത്താനെത്തിയതോടെ മഴമറ അടിമുടി നവീകരിച്ചു. യുവി ഷീറ്റ് മേഞ്ഞിരുന്ന മഴമറയുടെ നാലു വശങ്ങളും യുവി നെറ്റുകൊണ്ട് മറച്ചു. ഗ്രോബാഗുകൾ നേരിട്ട് ടെറസിൽ വയ്ക്കുന്നത് ഈർപ്പം വീണ് ബലക്ഷയത്തിന് ഇടയാക്കുമെന്നു തോന്നിയതിനാൽ ജി.ഐ.പൈപ്പുകൾകൊണ്ടുള്ള സ്റ്റാൻഡുകൾ തീർത്തു. അതോടെ അഞ്ചോ ആറോ കൃഷിക്കുവരെ ഒരേ ഗ്രോബാഗ് കേടുകൂടാതെ ഉപയോഗിക്കാമെന്ന സ്ഥിതിവന്നു.

കൃഷി വിപുലമായതോടെ നൃത്തക്ലാസുകൾക്കും വിളപരിപാലനത്തിനും സമയം പോരെന്നു വന്നു. ഇലക്ട്രിക് പ്ലംബിങ് കോണ്‍ട്രാക്ടറായ സുരേഷ് കുമാർ നാനൂറോളം വരുന്ന ഗ്രോബാഗുകളിൽ മുഴുവൻ തുള്ളിനന (drip irrigation) സംവിധാനം ഒരുക്കി. പിന്നാലെ മഞ്ഞുനന (fogging) കൂടി തയാറായതോടെ കൃഷിക്കായി ചെലവിടുന്ന സമയവും അധ്വാനവും ഗണ്യമായി കുറഞ്ഞെന്നു സുമ. ഇതിനിടെ ജലവിനിയോഗം തീരെക്കുറഞ്ഞതും നിരന്തരശ്രദ്ധ ആവശ്യമില്ലാത്തതുമായ തിരിനന സംവിധാനവും ക്രമീകരിച്ചു. പത്തനംതിട്ട ജില്ലയിലെ മാതൃകാ കൃഷിയിടമായി നിശ്ചയിച്ച് സർക്കാർ സ്ഥാപനമായ ജലവിഭവ വിനിയോഗ കേന്ദ്ര(CWRDM)മാണ് 110 ഗ്രോബാഗുകളിൽ തിരിനന സംവിധാനം ഒരുക്കിയത്. ഇതിനെല്ലാം പുറമേ വീട്ടുവളപ്പിലെ ഗ്രോബാഗുകളിൽ നട്ടു വളർത്തിയ ഇഞ്ചിക്കും മഞ്ഞളിനും വരെ തുള്ളിനന സംവിധാനമൊരുക്കി സുമ.

ഫെയ്സ്ബുക്കിൽ നൃത്തപ്രകടനങ്ങളുടെ ചിത്രങ്ങൾക്കൊപ്പം തപസ്യയിലെ കൃഷിക്കാഴ്ചകൾ കൂടി ഇടം പിടിച്ചതോടെ ജൈവോൽപന്നങ്ങൾ തേടി അടൂരിലെയും പരിസരപ്രദേശങ്ങളിലെയും ഒട്ടേറെ വീട്ടമ്മമാർ സുമയുടെ പതിവുകാരായി. 2015ൽ അടൂർ നഗരസഭയിലെ മികച്ച കർഷകയായി കൃഷിഭവൻ തിരഞ്ഞെടുത്തപ്പോൾ പത്തു സെന്റ് പച്ചക്കറിക്കൃഷിയിൽനിന്ന് മാസം പതിനായിരം രൂപയ്ക്കു മുകളിൽ ലാഭമുണ്ടാക്കുന്ന സുമയെ പരമ്പരാഗത പച്ചക്കറിക്കർഷകർ അമ്പരപ്പോടെ നോക്കി.

കൃഷിഭവന്റെ ഉപദേശം കിട്ടിയ അന്നു മുതൽ ഇന്നുവരെ ഉൽപന്നങ്ങൾ വില്‍ക്കാന്‍ സുമ കച്ചവടക്കാരുടെ കാരുണ്യം കാത്തുനിന്നിട്ടില്ല. പകരം തന്റെ കൃഷിയിടത്തിലെ ജൈവവിളവുകളുടെ മേന്മ കണ്ടു ബോധ്യപ്പെട്ടെത്തുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഉൽപാദനം പടിപടിയായി വർധിപ്പിച്ചു. പച്ചക്കറിത്തൈകളുടെ ഉൽപാദനത്തിലേക്കും കടന്നു കഴിഞ്ഞ വർഷം സുമ. കുടുംബശ്രീ വനിതകളുടെ കൂട്ടുകൃഷി സംഘങ്ങളാണ് മുഖ്യ ആവശ്യക്കാർ.

കൃഷിയോടുള്ള ആത്മാർഥത കണ്ടറിഞ്ഞാണ് അടൂർ നഗരസഭ ഈയിടെ സുമയെ ജൈവ വൈവിധ്യ പരിപാലനസമിതിയുടെ കൺവീനറായി നിയമിച്ചതും. നഗരസഭാ പരിധിയിലെ ജൈവവൈവിധ്യങ്ങളുടെ സംരക്ഷണവും നിലം കയ്യേറ്റങ്ങൾ റിപ്പോർട്ടു ചെയ്യലുമാണ് മുഖ്യ ദൗത്യം. നിലം നികത്തൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ നീക്കങ്ങൾക്കു തടയിടാൻ തങ്ങളുടെ കമ്മിറ്റിക്കു കഴിയുന്നതും കാർഷികപ്രവർത്തനം തന്നെയാണെന്നു സുമ പറയുന്നു.

ഫോൺ: 9446185853

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.