Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചതിച്ചില്ല ചന്തുവിനെ ഏലവും തേയിലയും

DSC_5714

‘ജൈവകൃഷി ഒരു തപസ്സാണ്, വരം ലഭിക്കാൻ അൽപം വൈകും’, ഉപ്പുതറയിലെ ഏലത്തോട്ടത്തിന്റെ കുളിർമയിലിരുന്ന് ചന്തുവും പൊന്നിയും പറയുന്നു. ‘എന്നിട്ടിപ്പോൾ വരം കിട്ടിയോ’ എന്നു ചോദ്യം. വരത്തിന്റെ ആദ്യ ഗഡു കിട്ടിയെന്ന് ചിരിയോടെ പൊന്നി. 

‘ജൈവോൽപന്നങ്ങൾ വിളയിച്ചെടുക്കാൻ കൂടുതൽ ക്ഷമയും അധ്വാനവുമൊക്കെ ആവശ്യമാണല്ലോ.രാസവളങ്ങളുടെയും കീടനാശിനികളുടെയും നിരന്തരമായ പ്രയോഗംകൊണ്ട് ഊഷരമായ മണ്ണിനെ നന്നാക്കിയെടുക്കാൻ സമയം വേണം. ആദ്യവർഷങ്ങളിൽ വിളവു കുറയും. ക്രമേണ ഉൽപാദനം വർധിപ്പിക്കണം, വിപണിയും വിശാലമാവണം. അതോടെ വരത്തിന്റെ അടുത്ത ഗഡുക്കൾ ലഭിച്ചു തുടങ്ങു’മെന്നു ചന്തു.

വെസ്േറ്റൺ ഗാട്ട്സ് എന്ന ബ്രാൻഡിൽ ഉയർന്ന ഗുണനിലവാരമുള്ള ജൈവ ഏലക്കായും തേയിലയും വിപുലമായ അളവിലല്ലെങ്കിൽപ്പോലും സുസ്ഥിരമായി ആവശ്യക്കാരിലെത്തിക്കുന്നു ചന്തു. സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെ ഇടുക്കിയുടെ തനതു വിഭവങ്ങൾക്ക് നേരിട്ടും ഒാൺ

ലൈനിലും വിപണി കണ്ടെത്തുന്ന ഒാർഗാനിയ എന്ന ബ്രാൻഡിന്റെ ഉടമയാണ് ഉപ്പുതറ പരപ്പ് സ്വദേശിയായ പൊന്നി. ബോട്ടണിയിൽ ബിരുദവും എം ജി യൂണിവേഴ്സിറ്റിയിൽനിന്ന് ഒാർഗാനിക്് കൃഷിയിൽ ഡിപ്ലോമയും നേടി മൂന്നു വർഷം സ്പൈസസ് ബോർഡിൽ ജോലി ചെയ്ത പൊന്നിക്ക് ജൈവകൃഷിയിൽ മികച്ച അറിവും ഉൾക്കാഴ്ചയുമുണ്ട്.  

IMG-20180110-WA0019

ഇതാ ഇവിടെ വരെ

മൂന്നുമാസം മുമ്പായിരുന്നു ചന്തുവിന്റെയും പൊന്നിയുടെയും വിവാഹം. അതിനും മൂന്നു വർഷം മുമ്പാണ് തൃശൂർ ചെമ്പൂത്ര സ്വദേശി സുദർശനൻ ഗോപാലകൃഷ്ണൻ എന്ന ചന്തു കട്ടപ്പനയ്ക്കടുത്ത് ഉപ്പുതറയെന്ന മലയോരഗ്രാമത്തിലെത്തുന്നത്. ബിബിഎ ബിരുദം നേടിയിറങ്ങിയ കാലത്ത് ജൈവകൃഷിയിൽ ആകൃഷ്ടനായി അതുമായി ബന്ധപ്പെട്ട സംഘടനകളുടെ ഭാഗമായി ഏറെ നാൾ. ഉപ്പുതറയിൽ സ്ഥലം പാട്ടത്തിനെടുത്ത് ജൈവപച്ചക്കറിക്കൃഷി ചെയ്യാൻ അവസരം വന്നപ്പോൾ സുഹൃത്തുക്കളുമായി അവിടെയെത്തി.  സുഹൃത്തുക്കൾ പിന്നെ പല വഴി പിരിഞ്ഞു. ചന്തു പക്ഷേ ഉപ്പുതറയിൽ തുടർന്നു. രാസവളങ്ങളും കീടനാശിനികളും കണക്കില്ലാതെ വിതറിയിട്ടും ചെറുകിട കർഷകന്റെ കണക്കിൽ നഷ്ടവും ചൂഷണവും  മാത്രം ബാക്കിയാവുന്ന കൃഷിയാണ് ഏലത്തിന്റേത്. ജൈവകൃഷിയിലൂടെ അതിനെ എങ്ങനെ ആദായകരമാക്കാം എന്ന ആലോചനയിലായിരുന്നു ചന്തു.

പതിനഞ്ചു വർഷം കൃഷി ചെയ്യാതെ കിടന്ന പരപ്പിലെ ഒന്നരയേക്കർ സ്ഥലം പാട്ടത്തിനെടുത്തു. ജൈവകൃഷിക്കു പാകപ്പെട്ടു കിടക്കുകയായിരുന്നു ആ മണ്ണ്. ഒന്നരയേക്കറിൽ ഞള്ളാനി ഇനം ഏലത്തിന്റെ 700 തൈകൾ നട്ടു. ചാണകപ്പൊടി, ചാണകത്തിൽ പുളിപ്പിച്ച കളകൾ, ഫിഷ് അമിനോ ആസിഡ് തുടങ്ങി ജൈവവളങ്ങൾ മാത്രം നൽകി. പൂവിട്ടപ്പോൾ കായ്പിടിക്കാനായി പാലും തേനും യോജിപ്പിച്ച് ഒരു സ്പെഷൽ സ്പ്രേ. ജീവാമൃതം ഇടയ്ക്ക് പരീക്ഷിച്ചെങ്കിലും പിന്നീടൊഴിവാക്കി. മണ്ണിരകൾ പെരുകി മണ്ണ് കൂടുതൽ ഇളകുന്നതുമൂലം കാറ്റു പിടിച്ച് ഏലത്തൈകൾ മറിഞ്ഞു വീഴുമെന്നതാണ് പ്രശ്നം. ജൈവകൃഷി കണ്ണുമടച്ചു ചെയ്യുകയല്ല മണ്ണും കാലാവസ്ഥയും വിളയും മനസ്സിലാക്കി വേണം ചെയ്യാനെന്ന പാഠം അതിലുണ്ടെന്നു ചന്തു.  

ആദ്യ സീസണിൽ ലഭിച്ചത് ഏക്കറിന് 250 കിലോ ഉണക്ക കായ്. രാസക്കൃഷിയിൽ 600–700 കിലോ വരെ ഉൽപാദനമുയരും. എന്നാൽ ഘട്ടംഘട്ടമായി അതിലേറെ ഉൽപാദനത്തിലേക്ക് എത്തും ജൈവ ഏലക്കൃഷിയെന്നു പൊന്നി. രാസക്കൃഷിയിൽ എട്ടു വർഷം കഴിഞ്ഞ് ആവർത്തനക്കൃഷിയാണിവിടെ പതിവെങ്കിൽ ജൈവ ഏലത്തോട്ടം മികച്ച ഉൽപാദനത്തിൽ കാലങ്ങളോളം തുടരുമെന്നും പൊന്നി. വേരുപുഴുവും മീലിമുട്ടയുമെല്ലാം ചേർന്ന് മറ്റ് ഏലത്തോട്ടങ്ങളെ പൊറുതിമുട്ടിക്കുമ്പോൾ ഫിഷ് അമിനോ ആസിഡിന്റെ മണംപിടിച്ചെത്തുന്ന പുളിയുറുമ്പുകളും മിത്രകീടങ്ങളുമെല്ലാം ഇവരുടെ തോട്ടത്തെ സുരക്ഷിതമാക്കുന്നു.

IMG-20180110-WA0030

ഒരുമയുണ്ടെങ്കിൽ ഒാർഗാനിക്കിലും

കോട്ടയം സ്വദേശി മോഹൻ സെബാസ്റ്റ്യനുമായുള്ള സൗഹൃദമാണ് ഒാർഗാനിക് തേയിലയുടെ കൃഷിയിലും വിപണനത്തിലും ചന്തുവിനെ എത്തിച്ചത്. ബെംഗളൂരുവിലെ ജോലിവിട്ട് ഉപ്പുതറ വളകോട് താമസിക്കാനെത്തിയ മോഹൻ അവിടെ വാങ്ങിയത് പതിനാറു വർഷമായി ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഒന്നരയേക്കർ തേയിലത്തോട്ടം. അതിലുണ്ടായിരുന്ന 2500 തൈകളെ പ്രൂൺ ചെയ്ത് നന്നാക്കിയെടുത്ത് ആദ്യ ബാച്ച് കൊളുന്തു നുള്ളി വിപണിയിലെത്തിച്ചപ്പോൾ പക്ഷേ ചായക്കാശുപോലും മുതലായില്ലെന്നു മോഹൻ. 

ഏതായാലും തേയിലയുടെ ഗുണനിലവാരം ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ പരിശോധിപ്പിച്ചു. സവിശേഷമായ ഗുണവും ഫ്ലേവറുമുള്ള ഒന്നാന്തരം ഒാർഗാനിക് തേയിലയെന്നു സാക്ഷ്യപത്രം. പതിനഞ്ചു വർഷം ഭൂമി പാഴായി കിടന്നതിന്റെ ഗുണം. അതോടെ ലാഭവിഹിതം പങ്കിട്ടുകൊണ്ട് വെസ്േറ്റൺ ഗാട്ട്സ് ബ്രാൻഡിൽ മൂന്നിനം ഒാർഗാനിക് തേയിലകൾ വിപണിയിലെത്തിക്കുന്ന ദൗത്യം ചന്തു ഏറ്റെടുത്തു. ആദ്യത്തേത് ഇടിച്ച തേയില.

കൊളുന്ത് ഉരലിലിട്ട് ഉലക്കകൊണ്ട് ഇടിച്ചെടുത്ത ശേഷം തണലിൽ പ്രത്യേക പാകത്തിൽ ഉണക്കി തയാറാക്കുന്ന ഇടിച്ച തേയിലയ്ക്ക് മനസ്സിളക്കുന്ന മണവും രുചിയും. കിലോ 2000 രൂപയ്ക്കാണ് വിൽപന. ഗുണമേന്മ തെല്ലും ചേരാത്തവിധം കൊളുന്ത് ഡ്രയറിൽ ഉണക്കി തയാറാക്കുന്ന ഗ്രീൻ ടീയുടെ വില കിലോ 3000രൂപ. മൂന്നാമത്തേതാണ് കൂടുതൽ വിശിഷ്ടം. രണ്ടിലയും തിരിയും എന്നതാണ് കൊളുന്തു നുള്ളലിന്റെ രീതി. ഇവയിൽ വിരിയാത്ത തിരി മാത്രം നുള്ളിയെടുത്ത്തണലിൽ ഉണക്കി തയാറാക്കുന്ന സിൽവർ നീഡിൽ ടീ, ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രാജ്യാന്തര വിപണിയിലെത്തിക്കുന്നത് കിലോയ്ക്ക് ലക്ഷത്തിനു മുകളിൽ വിലയിട്ടാണ്. പഴകുംതോറും ഗുണമേന്മ ഏറും. ആദ്യ വർഷം തേയില, രണ്ടാം വർഷം ഔഷധം, മൂന്നാം വർഷം നിധി എന്നാണ് സിൽവർ നീഡിലിന്റെ കീർത്തിയെന്ന് ചന്തു. 50 തിരിയടങ്ങിയ പായ്ക്ക് 1300 രൂപയ്ക്കാണ് വിൽപന. ബെംഗളൂരു പോലുള്ള വൻകിട നഗരങ്ങളിൽനിന്നാണ് ആവശ്യക്കാർ അധികവും. 

നിലവിൽ മികച്ച ഡിമാൻഡുള്ള മറ്റൊരുൽപന്നം കാട്ടുതേനെന്ന് ചന്തു. ഇടുക്കി ജില്ലയിലെ ആദിവാസികളിൽനിന്നു ശേഖരിക്കുന്ന തേനിന് ചന്തുവിന്റെ വെസ്േറ്റൺ ഗാട്ട്സ് ഈടാക്കുന്ന വില ഗ്രാമിന് ഒരു രൂപ!. കേരളത്തിന്റെ ഏലത്തിനും കാപ്പിക്കും കുരുമുളകിനുമെല്ലാം രാജ്യാന്തരവിപണിയിൽ പണ്ടേ മൂല്യമുണ്ട്. പശ്ചിമഘട്ട മലനിരകളിൽ തളിരിടുന്ന നമ്മുടെ തേയിലയും ശ്രേഷ്ഠം. പരിശുദ്ധമായ ജൈവോൽപന്നങ്ങൾ തേടുന്ന സമൂഹത്തിലേക്ക് അതിനെ ആ നിലയ്ക്കുതന്നെ എത്തിക്കാൻ ഇനിയെങ്കിലും നാം വൈകരുതെന്ന് ചന്തുവും പൊന്നിയും ഒാർമിപ്പിക്കുന്നു.

ഫോൺ: 9809524785, 8281861340

സംരംഭം

ഏലം കിലോ 3500 രൂപ, ഇടിച്ച തേയില കിലോ 2000 രൂപ – ജൈവരീതിയിൽ കൃഷി ചെയ്തെടുത്ത സുഗന്ധവ്യഞ്ജനങ്ങൾക്കു 

മികച്ച വില, വിപണി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.