Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈറേഞ്ചിന്റെ തനിനാടൻ കാപ്പിയുമായി സുനിൽ

coffee

മുപ്പത്തിമൂന്ന് വർഷം മുമ്പ്, കാപ്പിപ്പൊടി സംരംഭം തുടങ്ങുന്ന കാലത്ത് കോട്ടയത്തിനടുത്ത് മുണ്ടക്കയം പാലൂർക്കാവ് കൊല്ലക്കൊമ്പിൽ വീട്ടിൽ സാബു സെബാസ്റ്റ്യൻ തന്റെ കാപ്പി പായ്ക്കറ്റിനു മുകളിൽ ഇങ്ങനെയൊരു പരസ്യ വാചകം എഴുതി ‘Pure coffee from Hirange’. ഹൈറേഞ്ചിലെ സ്വന്തം തോട്ടത്തിൽനിന്നുള്ള ശുദ്ധമായ കാപ്പിയായിരുന്നു അതെങ്കിലും അന്നതാരും ശ്രദ്ധിച്ചില്ല. പിൽക്കാലത്ത് നിർമാണ യൂണിറ്റ് അനുജൻ സുനിലിനെ ഏൽപിച്ച് സാബു മലബാറിലേക്ക് കുടിയേറി. 

പത്തു പന്ത്രണ്ടു വർഷം മുമ്പ് പുതിയ പായ്ക്കിങ്ങും യന്ത്രസംവിധാനങ്ങളുമായി സംരംഭം നവീകരിച്ചപ്പോൾ പായ്ക്കറ്റിനു മുകളിലെ പരസ്യവാചകം പച്ചമലയാളത്തിലാക്കി സുനിൽ; ‘തനി നാടൻ കാപ്പി’. ‘‘കാപ്പി നല്ലതായതുകൊണ്ട് എല്ലാക്കാലത്തും വിപണി ലഭിച്ചിരുന്നു. നാടനായതുകൊണ്ട് വിശേഷിച്ചൊരു പരിഗണനയൊന്നും ലഭിച്ചിരുന്നില്ല മുമ്പ്. എന്നാൽ ഇന്നതല്ല സ്ഥിതി. തനിനാടൻ കാപ്പി ആളുകൾ ചോദിച്ചു വരുന്നു. നാടൻ എന്ന പ്രയോഗം പേരിൽ ഒതുങ്ങുന്നില്ലെന്നതുകൊണ്ട് മികച്ച വിപണിയും ലഭിക്കുന്നു’’, സുനിലിന്റെ വാക്കുകൾ.

കാമാക്ഷിയുടെ കാപ്പി

സുനിലിന്റെ പിതാവ് സെബാസ്റ്റ്യൻ ഏറെ വർഷങ്ങൾക്കു മുമ്പ് കട്ടപ്പനയിലെ കാമാക്ഷിയിൽ വാങ്ങിയ എട്ടേക്കർ കൃഷിയിടത്തിലെ കാപ്പിയാണ് മുപ്പത്തിമൂന്നു വർഷം മുമ്പ് മൂല്യവർധന വരുത്തി ജൂബിലി കോഫി എന്നു പേരിട്ട് സുനിലിന്റെ ജ്യേഷ്ഠൻ വിപണിയിലിറക്കിയത്. കാപ്പിയും ഏലവും കുരുമുളകുമാണ് കാലങ്ങളായി ഈ തോട്ടത്തിലെ മുഖ്യ വിളകൾ. 

മറ്റു പ്രദേശങ്ങളിൽനിന്നുള്ള കാപ്പിപ്പൊടികളിൽനിന്നു വ്യത്യസ്തമായി കട്ടപ്പന, തങ്കമണി മേഖലയിൽ വിളയുന്ന കാപ്പിക്കുരു വറുത്തുപൊടിച്ചുണ്ടാക്കുന്ന കാപ്പിപ്പൊടിക്ക് മനസ്സിനെ മദിപ്പിക്കുന്ന മണവും ആസ്വാദ്യകരമായ രുചിയുമുണ്ടെന്നാണ് സുനിലിന്റെ പക്ഷം. കാപ്പി റോബസ്റ്റ ഇനം തന്നെ. എന്നാൽ പശ്ചിമഘട്ട മലനിരകളിൽ, വിശേഷിച്ച് വളപ്രയോഗമോ  പരിചരണമോ ഇല്ലാതെ സമ്മിശ്രക്കൃഷിയിടങ്ങളിൽ വിളയുന്ന കാപ്പിക്കുരുവിൽനിന്നു തയാറാക്കുന്ന പൊടിയുടെ ഫ്ലേവർ കാപ്പിപ്രിയർക്ക് മണത്തറിയാൻ കഴിയുമെന്നു സുനിൽ.

നിലവിൽ മാസം 1800–2000 കിലോ പൊടിയാണ് ഈ യൂണിറ്റിലെ ഉൽപാദനം. സ്വന്തം തോട്ടത്തിലെ കാപ്പിക്കുരുകൊണ്ടു മാത്രം യൂണിറ്റ് മുമ്പോട്ടു കൊണ്ടുപോകാനാവില്ല. കട്ടപ്പന, തങ്കമണി മേഖലയിൽനിന്ന് കാപ്പിക്കുരു സംഭരിക്കുന്ന രീതി തുടക്കം മുതലുണ്ട്. അവിടുന്നേ സംഭരിക്കൂ എന്ന നിർബന്ധബുദ്ധി ഇന്നും തുടരുന്നുമുണ്ട്.  

റോഡരികിൽത്തന്നെയുള്ള നിർമാണയൂണിറ്റിൽ സംഭരിക്കുന്ന കാപ്പി വറുത്തുപൊടിച്ച് പായ്ക്ക് ചെയ്യുന്നതുവരെ ആർക്കും വന്ന് നിരീക്ഷിക്കാം. തനിനാടൻ വെറുമൊരു പരസ്യവാചകമല്ലെന്ന് ഉറപ്പാക്കാം. പാകത്തിന് ഉണങ്ങിയ കാപ്പിക്കുരു മെഷീനിൽ കുത്തി തൊണ്ടു നീക്കുന്നതാണ് ആദ്യ ഘട്ടം. ഒന്നു കൂടി പാറ്റി തൊണ്ടു നീക്കി റോസ്റ്റിങ് മെഷീനിൽ വറുത്തെടുക്കുന്നത് രണ്ടാം ഘട്ടം. ഒറ്റത്തവണ അറുപതു കിലോ പരിപ്പിടാവുന്ന റോസ്റ്റിങ് മെഷീനിൽ പാകം നോക്കിനിന്നു വേണം വറുത്തെടുക്കാൻ. 

വറുത്തെടുത്ത പരിപ്പ് പൊടിക്കുന്നത് അടുത്ത ഘട്ടം. തുടർന്ന് 100 ഗ്രാം, 250 ഗ്രം തൂക്കങ്ങളില്‍ പായ്ക്കിങ്. 100 ഗ്രാം കാപ്പിയുടെ വില 30 രൂപ. അതായത്, കിലോയ്ക്കു  300 രൂപ. കാപ്പിക്കുരുവില ഇടിഞ്ഞുനിൽക്കുന്ന ഈ ഘട്ടത്തിൽ മൂല്യവർധനയും നാടൻ കാപ്പി എന്ന മേന്മയുമാണ് കാപ്പിക്കർഷകനായ തനിക്കു തുണയെന്നു സുനിൽ. സ്പൈസസ് കോഫി എന്ന പുതിയ ഉൽപന്നത്തിലേക്കും കടന്നു ഈയിടെ. കാപ്പിപ്പൊടിക്ക് ഒപ്പം ചുക്ക്, ഏലക്കാ, ഉലുവ, ജീരകം എന്നിവ ചേർത്തതാണ് സ്പൈസസ് കോഫി. ചുക്കും ഏലക്കായും സ്വന്തം കൃഷിയിടത്തിലേത്.  ഉലുവയും ജീരകവും മാർക്കറ്റിൽനിന്നു വാങ്ങും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ചെറുകിട കടകളാണ് തനിനാടൻ കാപ്പിയുടെ മുഖ്യ വിപണി. കൺസ്യൂമർ ഫെഡും സപ്ലൈകോയും ഇപ്പോൾ  വാങ്ങുന്നു. കേരളത്തിൽ ഈയിടെ കാപ്പികുടി കൂടിയെന്നാണ് സുനിലിന്റെ നിരീക്ഷണം. ഹൈറേഞ്ചിലെ കാപ്പിക്കർഷകർക്ക് ഇതു പുതിയ സാധ്യതകൾ തുറന്നിടുമെന്നും ഈ സംരംഭകൻ ചൂണ്ടിക്കാട്ടുന്നു. 

ഫോൺ: 9447668021