Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു പാടമല്ലെന്റെ പ്രാണനാണ്

farmer-abu-haji-nri അബുഹാജിയുടെ മത്സ്യവേട്ട

ആയിരത്തിതൊള്ളായിരത്തി അറുപത്തിയാറിൽ ദുബായില്‍ എത്തിയതാണ് അബൂബക്കർ ഹാജി. അരനൂറ്റാണ്ടിലേറെ പിന്നിട്ട പ്രവാസ ജീവിതം. ദുബായിൽ സിറ്റി എന്ന പേരിൽ ഹോട്ടൽ തുടങ്ങിയ ഹാജി ദുബായ് മലയാളികൾക്ക് സിറ്റി ഹാജിയാണ്. ഹോട്ടൽ വ്യവസായത്തിൽ സജീവമായിരിക്കെത്തന്നെ അബൂബക്കർ ഹാജി നാട്ടിൽ സമ്മിശ്രകൃഷിയും തുടങ്ങി. നാട്ടിലെ പ്രമുഖ കർഷകനാണ് അദ്ദേഹമിപ്പോൾ. ഹോട്ടൽ വ്യവസായം മക്കളെ ഏൽപ്പിച്ചിരിക്കുകയാണെങ്കിലും ഹാജിയും ഇടയ്ക്കിടെ ദുബായിലെത്തും. നാട്ടുകാര്‍ അബൂട്ടിക്ക എന്നു വിളിക്കുന്ന ഹാജിക്ക് കൃഷിയുടെ മർമങ്ങളെല്ലാം നല്ല നിശ്ചയം.

കോളിൽ ഇന്നു പണ്ടത്തെപ്പോലെ ‘കോളി’ല്ലെന്നു പറയുന്നവർക്കു മറുപടിയാണ് അബുഹാജിയുടെ നെൽകൃഷി. തൃശൂർ– പൊന്നാനി കോൾനിലത്തിന്റെ ഭാഗമാണ് എടപ്പാൾ മാറഞ്ചേരി വടമുക്ക് കരുമത്തിൽ ചെറ്റാറയിൽ അബൂബക്കർ ഹാജിയുടെ ഇരുപത്തിയഞ്ചേക്കർ പാടം. വർഷം 10 ലക്ഷത്തിൽ കുറയാത്ത തുകയ്ക്കുള്ള നെല്ലാണിവിടെ വിളയുന്നത്.

വായിക്കാം ഇ - കർഷകശ്രീ

ചുറ്റും നൂറുകണക്കിനു ഹെക്ടർ കോൾപ്പാടം തരിശുകിടക്കുമ്പോഴാണ് അബുഹാജിയുടെ പാടം ആണ്ടുതോറും പൊന്നണിയുന്നത്. പ്രവാസിയായ ഹാജി എല്ലാ വർഷവും വിളവിറക്കാനും വിളവെടുക്കാനും കൃത്യമായി മാറഞ്ചേരിയിലെത്തും. 12 വർഷമായി പതിവു തെറ്റിയിട്ടില്ല. ഉമയും കാഞ്ചനയുമാണ് വിത്തിനങ്ങൾ. വെള്ളക്കെട്ടുള്ളതിനാൽ ഇതേവരെ ഒരുപ്പൂക്കൃഷിയായിരുന്നു. അടുത്തിടെ സാമാന്യം നല്ല തുക ചെലവഴിച്ച് പാടശേഖരത്തിനു ബണ്ട് നിർമിക്കുകയുണ്ടായി. അതിനാൽ ഇനി ഇരുപ്പൂക്കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് ഹാജി. നിലവിലുള്ള മീൻകൃഷി വിപുലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ആറ് ഏക്കർ പറമ്പിൽ തെങ്ങാണ് മുഖ്യ വിള; അറുനൂറെണ്ണം. ഇടവിളകളായി കമുകും ജാതിയും മലയൻ ആപ്പിൾ, മാങ്കോസ്റ്റിൻ, ഓറഞ്ച് തുടങ്ങിയ ഫലവൃക്ഷങ്ങളും. ബണ്ടിൽ കുറിയ ഇനം തെങ്ങും മാവിൻതൈകളുമുണ്ട്. തോട്ടിലും കുളത്തിലും പാടത്തുമെല്ലാം വളർത്തുമീനുകൾ. കടു, കണ്ണൻ, ആരൽ, കരിമീൻ, തിലാപ്പിയ, രോഹു, കട്‌ല, മൃഗാൽ, ഗ്രാസ്കാർപ്, മലേഷ്യൻ വാള തുടങ്ങി അലങ്കാരമത്സ്യങ്ങൾവരെ. വലിയ അഞ്ചു ടാങ്കുകളും കോണ്‍ക്രീറ്റ് റിങ്ങുകളും നിർമിച്ച് അവയിലും മീൻ വളർത്തുന്നു. കുളങ്ങളും നീർച്ചാലുകളും സംരക്ഷിച്ച് അവിടെയും മത്സ്യങ്ങളെ വിട്ടിരിക്കുന്നു.

asola-farming അസോളക്കൃഷി

ചീനവലകളുടെ ചെറുമാതൃക ഉപയോഗിച്ചാണ് മീൻ വിളവെടുപ്പ്. അസോള നിറഞ്ഞു വളരുന്നതിനാൽ മീനുകൾക്ക് ഇടനേരത്തെ തീറ്റയ്ക്കു മുട്ടില്ല. വെളിച്ചം കാട്ടി ആകർഷിച്ചു കീടങ്ങളെ മീനുകൾക്ക് ഇരയാക്കാൻ വിളക്കുകെണികൾ അവിടെ വച്ചിട്ടുണ്ട്. കോളിലെ ഉപദ്രവകാരിയായ കുളവാഴ ഇവിടെ മത്സ്യത്തിനു തീറ്റയാണ്.

ജൈവരീതിയിലാണ് കൃഷി. ആറ് പോത്തും പശുവും ആടുമൊക്കെയുള്ളതിനാൽ ജൈവവളത്തിനു പഞ്ഞമില്ല. കൃഷിയിടത്തിൽ കൊത്തുകിളയില്ല. തെങ്ങിനും ഇടവിളകൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. ചെടിച്ചുവട്ടിൽ നേരിട്ടു വെയിൽ ഏൽക്കാതിരിക്കാൻ തെങ്ങിൻതൊണ്ട് അടുക്കും. വെണ്ട, വഴുതന, ചീര, കോവൽ തുടങ്ങി വീട്ടാവശ്യത്തിനുള്ള മിക്ക പച്ചക്കറിവിളകളും ഇവിടെ വിളയുന്നു. വാഴയിൽ നേന്ത്രനും റോബസ്റ്റയുമാണ് മുഖ്യം.

ഒളമ്പക്കടവ് കർഷക സേവാസംഘത്തിലെ സജീവാംഗമാണ് അബുഹാജി. പുഞ്ചപ്പാടങ്ങളുടെ കൈവശാവകാശപരിധി എടുത്തുകളഞ്ഞാൽ താൽപര്യമുള്ള കർഷകർ കൃഷിയിറക്കാൻ തയാറാകുമെന്ന് അബുഹാജി പറയുന്നു. ഒരു തരിപോലും പാടം തരിശു കിടക്കില്ല. റബര്‍, തെങ്ങ്, തേയില എന്നിവയ്ക്കൊന്നും ബാധകമല്ലാത്ത കാര്യം നെല്ലിനുള്ളതിലെ അനീതി ഇപ്പോഴത്തെ ധനമന്ത്രി തോമസ് ഐസക്കിനോട് മുമ്പു ധരിപ്പിച്ചിട്ടുണ്ട് അബുഹാജി. കരുമത്തിൽ ചെറ്റാറയിലെ കൃഷി വിശേഷമറിയാൻ തോമസ് ഐസക് എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം പുഞ്ചക്കൃഷിയിലെ ലാഭത്തിന്റെ കണക്കും നിരത്തി. 120 ദിവസംകൊണ്ടു വിളവെടുക്കൽ അടക്കമുള്ള കാര്യങ്ങളെല്ലാം കഴിയും. വൈക്കോലിൽനിന്നുള്ള ആദായം കണക്കാക്കാതെതന്നെ അഞ്ചുലക്ഷം രൂപ നീക്കിബാക്കിയുണ്ടാകും. 120 ദിവസംകൊണ്ട് അഞ്ചുലക്ഷം രൂപ വരുമാനം മറ്റെന്തിൽനിന്നു കിട്ടുമെന്ന ചോദ്യത്തിന് ഉത്തരം നൽകാതെയാണ് ഡോ. തോമസ് ഐസക് അന്ന് കൃഷിയിടം വിട്ടത്. കർഷകസൗഹൃദ നടപടികൾക്കുള്ള മൗനമായാണ് അതിനെ കാണുന്നതെന്ന് അബുഹാജി. കൊയ്ത്തു ചെലവാണ് പ്രധാനം. യന്ത്രവൽക്കരണം വഴി അത് ഒരു പരിധിവരെ കുറയ്ക്കാൻ ആകുന്നുമുണ്ട്.

abu-hajis-farming

ഒളമ്പക്കടവ് കർഷക സേവാസംഘമായിരുന്നു മലപ്പുറം ജില്ലയിലെ നീരചെത്തു പരിശീലനമടക്കമുള്ള കാര്യങ്ങൾക്കു വേദി. അബുഹാജിയുടെ 65 തെങ്ങിൽനിന്നാണ് നീരയെടുക്കുന്നത്. നീര കേരകർഷകരുടെ നടു നീർത്താനുതകും. പക്ഷേ, സർക്കാർ തലത്തിൽ അനുകൂല നടപടി എത്രയും പെട്ടെന്ന് എടുത്താലേ കർഷകരുടെ രക്ഷ ഉറപ്പാക്കാനാവൂ. കേരകർഷകര്‍ പ്രതീക്ഷയിലാണ്. സേവാസംഘം നീരയടക്കമുള്ള കേരോൽപന്നങ്ങളുടെ വിപണനശാല തുറന്നിട്ടുണ്ട്. തെങ്ങിൻ തൈ നഴ്സറിയുണ്ട്. പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കാൻ ഡ്രയറൊരുക്കി. മാറഞ്ചേരിയിലെ തേങ്ങ മുഴുവൻ കൊപ്രയാക്കുന്നത് ഇവരാണ്. അതുവഴി കുറേപ്പേർക്കു തൊഴിൽ നൽകാനാകുന്നുമുണ്ട്.

ഫോൺ: 9645215214 

Your Rating: