Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ ജൈവവിളവുമായി മാങ്കുളം

mankulam-organic-pepper-farm മാങ്കുളത്തെ ജൈവ കുരുമുളകുതോട്ടം

വിഷം തളിക്കാത്ത, രാസചേരുവകള്‍ വലിച്ചെടുക്കാത്ത കൈതച്ചക്ക, കൊക്കോ, കാപ്പിക്കുരു, തേയില, കുരുമുളക്, തേങ്ങ, കപ്പ, വാഴക്കുല, കശുവണ്ടി, ഏലം, പച്ചക്കറി– ജൈവ സാക്ഷ്യപത്രത്തോടെ ഒരിടത്തു കിട്ടുമെങ്കിൽ അവിടേക്ക് തെക്കുനിന്നും വടക്കുനിന്നും മലയാളികൾ ഇരമ്പിയെത്തുന്ന കാലമാണിത്. ഇത്രയേറെ ജൈവ ഉൽപന്നങ്ങൾ ഒരിടത്ത് ഉൽപാദിപ്പിക്കുന്ന ഗ്രാമങ്ങൾ നമുക്ക് അധികമില്ലതന്നെ. എന്നാലിതാ മലമടക്കുകൾക്കിടയിൽ ഒട്ടേറെ ജൈവ വിഭവങ്ങളുമായി ഇടുക്കിയിലെ മാങ്കുളം ഗ്രാമം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളാവശ്യപ്പെടുന്ന ഏതു വിളവും ജൈവരീതിയിൽ ഉൽപാദിപ്പിച്ചു നൽകാൻ കഴിയുന്ന മണ്ണും മനുഷ്യരുമാണ് മാങ്കുളത്തിന്റെ ഐശ്വര്യം. ആകെയുള്ള നാലായിരത്തോളം കർഷകരിൽ 1500ലധികം പേരും ജൈവരീതികൾ പിന്തുടരുന്നുവെന്നതാണ് ഈ നാടിന്റെ കരുത്ത്. അവരിൽ എണ്ണൂറിലധികം പേരും ജൈവ സാക്ഷ്യപത്രത്തിനുള്ള കടമ്പകൾ പിന്നിട്ടവരും.

കളങ്കമില്ലാത്ത മണ്ണും മനുഷ്യനും ചേർന്നാൽ വിശുദ്ധമായ വിളവുണ്ടാകുമെന്നു മാങ്കുളത്തെ കൃഷിക്കാർ മനസ്സിലാക്കിയിട്ട് ഒരു ദശകമാകുന്നു. അവരുടെ തിരിച്ചറിവു പ്രയോജനപ്പെടുത്താൻ കേരളത്തിനു കഴിയുന്നില്ലെന്നു മാത്രം. മലനിരകൾ കാവൽ നില്‍ക്കുകയും പുഴ നനയ്ക്കുകയും ചെയ്യുന്ന, വനത്തിലെ മണ്ണിനോടു കിടപിടിക്കുന്ന കൃഷിയിടങ്ങളിൽ ചാണകവും ഗോമൂത്രവും കൃഷിക്കാരന്റെ വിയർപ്പും ചേർത്ത് രാസവളവും കീടനാശിനികളുമില്ലാതെ നൂറുമേനി വിളവെടുത്തവരാണിവർ.

വായിക്കാം ഇ - കർഷകശ്രീ

കേവലം നാല്–അഞ്ച് ദശകത്തിന്റെമാത്രം ചരിത്രമുള്ള കുടിയേറ്റഗ്രാമമാണിത്. സ്വകാര്യവ്യക്തിയിൽനിന്നും കണ്ണൻ ദേവൻ കമ്പനിയില്‍നിന്നുമൊക്കെ സർക്കാർ ഏറ്റെടുത്ത് പാവപ്പെട്ട കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും സർക്കാർ കൈമാറുന്നതുവരെ ഇവിടെ ആദിവാസികൾ മാത്രമാണുണ്ടായിരുന്നത്. പത്തു സെന്റിൽ താഴെ ഭൂമിയുള്ള കർഷകത്തൊഴിലാളികൾക്ക് ആദ്യം 2.5 ഏക്കർ വീതം ഇവിടെ ഭൂമി ലഭിച്ചു. പിന്നീട് 700 കുടുംബങ്ങൾക്ക് 1999ൽ 1.25 ഏക്കർ വീതം നൽകി. ഇവർക്കു പുറമേ, 700 ആദിവാസികൾ കൂടി ചേർന്നാൽ 123 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള മാങ്കുളത്തെ ജനസഞ്ചയത്തിന്റെ അടിസ്ഥാനമായി. ഗതാഗത സൗകര്യം കുറവായതിനാൽ പുറംലോകവുമായി കാര്യമായ ബന്ധമില്ലാതിരുന്ന ഇവിടം സമ്പൂർണ ജൈവഗ്രാമമാക്കാൻ കേരള അഗ്രികൾച്ചറൽ ഡവലപ്മെന്റ് സൊസൈറ്റി (കാഡ്സ്) മുന്നിട്ടിറങ്ങിയത് 2007ൽ. ഒമ്പതു വർഷം മുമ്പ് പതിനാറു പേർ ചേർന്നാണ് മാങ്കുളത്തിന്റെ ജൈവവിപ്ലവത്തിനു ബീജാവാപം നടത്തിയത്. പിന്തുണയുമായി കാഡ്സ് എത്തിയതോടെ ആകെ 1138 പേർ ജൈവ സാക്ഷ്യപത്രത്തിനായി റജിസ്റ്റർ ചെയ്തെങ്കിലും സാക്ഷ്യപത്രത്തിനുള്ള മൂന്നു വർഷത്തെ പരിശോധനകൾ പൂർത്തിയാക്കിയത് 500 പേർ മാത്രം. പരിശോധനാ ഏജൻസിയുടെ ചെലവ് ഉൾപ്പെടെയുള്ള വെല്ലുവിളികൾ അതിജീവിച്ച് 500 കൃഷിക്കാർക്ക് സമ്പൂർണ ജൈവ സാക്ഷ്യപത്രം നേടിക്കൊടുക്കാൻ കാഡ്സിനു സാധിച്ചതായി റീജണൽ ഡയറക്ടർ പി.ജെ. സെബാസ്റ്റ്യൻ പനച്ചിനാനിക്കൽ പറഞ്ഞു. 2008ൽ പദ്ധതിയുടെ പരിശോധനാചുമതല ഏറ്റെടുത്ത ലാക്കോൺ എന്ന ഏജൻസിയാണ് ഇവർക്ക് ജൈവ സാക്ഷ്യപത്രം നൽകിയത്. തൊട്ടുപിന്നാലെ ജൈവകൃഷിയിലേക്കു ചുവടുമാറുന്നവരുടെ രണ്ടാമത്തെ ബാച്ചിനും കാഡ്സ് രൂപം നൽകി. സംസ്ഥാന സർക്കാർ ജൈവ സാക്ഷ്യപത്രത്തിനു വേണ്ട ചെലവ് പൂര്‍ണമായി വഹിക്കുമെന്ന ഉറപ്പിലായിരുന്നു ഇത്. ഇപ്രകാരം ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ ജൈവ സാക്ഷ്യപത്രത്തിനുള്ള മൂന്നു വർഷത്തെ പരിശോധന ഡിസംബറിൽ പൂർത്തിയായതോടെ ഇവരും സമ്പൂർണ ജൈവ കർഷകരായി. ആകെ 362 ചെറുകിട കൃഷിക്കാരുടെ 125 ഏക്കർ ഭൂമിയാണ് ഇപ്രകാരം ജൈവ സാക്ഷ്യപത്രം നേടുന്നത്. ഈ കൃഷിയിടങ്ങളിൽ വിളയുന്ന എല്ലാ ഉൽപന്നങ്ങളും ഇനി ജൈവ സാക്ഷ്യപത്രത്തോടെ വിപണനം ചെയ്യുന്നതിനും കയറ്റി അയയ്ക്കുന്നതിനും ഇത് ഉപകരിക്കും. മിശ്രവിളസമ്പ്രദായം പിന്തുടരുന്ന മാങ്കുളത്തെ ജൈവ കർഷകരുടെ വിളവൈവിധ്യം അമ്പരപ്പിക്കുന്നതാണ്. മൂന്ന് കാലാവസ്ഥാമേഖലകളാണ് ഇരുപതു കിലോമീറ്റർ നീണ്ടുകിടക്കുന്ന ഈ പഞ്ചായത്തിലുള്ളത്. അതുകൊണ്ടുതന്നെ ഉഷ്ണമേഖലാവിളകളും മിതോഷ്ണമേഖലാവിളകളും ഇവിടെ സമൃദ്ധമായുണ്ടാകുന്നു.

pj-sebastian-with-mankulam-organic-soybean പി.ജെ. സെബാസ്റ്റ്യൻ ജൈവ സോയാബീൻ പന്തലിൽ

ഇവിടുത്തെ ജൈവസംരംഭകരുടെ മുഖ്യ സംഘാടകനായ പി.ജെ. സെബാസ്റ്റ്യന്റെ കൃഷിയിടം തന്നെ ഇതിനുദാഹരണം. പത്തോളം പച്ചക്കറികൾക്കു പുറമേ അടതാപ്പ്, പാഷൻ ഫ്രൂട്ട്, ആകാശവെള്ളരി, സോയാബീൻ തുടങ്ങിയ വിളകളും ഇദ്ദേഹം കൃഷി ചെയ്യുന്നു. വീട്ടാവശ്യത്തിനായി രണ്ടു പശുക്കൾ, ആടുകൾ എന്നിവയെ വളർത്തുന്നതിനൊപ്പം അടുത്ത കാലത്ത് നാടൻകോഴികളെ മുട്ടയ്ക്കായി വളർത്തുന്ന സംരംഭവും ഇദ്ദേഹം തുടങ്ങിയിട്ടുണ്ട്. കൊക്കോ, കുരുമുളക്, ജാതി, ഏലം എന്നിങ്ങനെ റബറും നെല്ലുമൊഴികെ മിക്ക വിളകളും ഇദ്ദേഹത്തിന്റെ പുരയിടത്തിൽ കാണാം. വിലത്തകർച്ചയെ തുടർന്ന് ഒഴിവാക്കിയ വനില ഇദ്ദേഹം വീണ്ടും വേരുപിടിപ്പിച്ചിട്ടുണ്ട്. ഏട്ട് ഏക്കർ കൃഷിയിടമാണ് ഇദ്ദേഹത്തിനുള്ളത്. അടുത്ത കാലത്ത് ആരംഭിച്ച പോളിഹൗസ് ഉൾപ്പെടെ പ്രയോജനപ്പെടുത്തി ജൈവപച്ചക്കറി കൂടുതലായി ഉൽപാദിപ്പിക്കാൻ ശ്രമിക്കുന്നു. ആദ്യകൃഷിയായ പയറിന്റെ വിളവെടുപ്പ് പൂർത്തിയായി. ജൈവരീതിയിലുള്ള കൃഷിയായിട്ടും അമ്പതിനായിരം രൂപയുടെ പയർ വിളവെടുക്കാനായി. പോളിഹൗസിനു പുറത്തെ തുറസ്സായ സ്ഥലത്ത് വഴുതനയുടെ കൃത്യതാകൃഷി. തൊട്ടടുത്തുതന്നെ വിവിധ പന്തലുകളിലായി പയർ, പാവൽ, പാഷൻ ഫ്രൂട്ട് തുടങ്ങിയവ കൃഷി ചെയ്തിരിക്കുന്നു. ആകാശവെള്ളരിയും അടതാപ്പും പന്തലിൽ പടർത്തിയിരിക്കുന്നു. പന്തൽ നിറയെ അടതാപ്പ് കായ്ച്ചു കിടക്കുന്ന അപൂർവകാഴ്ച ഇവിടെ കാണാം. മണ്ണ് സ്പര്‍ശിക്കാത്ത ഈ കിഴങ്ങുവിള പന്തലിൽ നന്നായി വിളയുന്നുണ്ട്. വിപണനത്തിനും പ്രയാസമില്ല. ഉരുളക്കിഴങ്ങിനു പകരം വിഷഭീതിയില്ലാതെ കഴിക്കാവുന്നതിനാൽ ആവശ്യക്കാരേറെ. പുളിപ്പിച്ച ചാണകവെള്ളവും കോഴിവളവുമാണ് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ പ്രധാന പോഷക ഉപാധികൾ. ജീവാണുവളങ്ങൾ, അസോള എന്നിവയും പതിവായി ഉപയോഗിക്കുന്നു.

mankulam-organic-adathappu-air-potato ജൈവരീതിയിലുള്ള അടതാപ്പ് കൃഷി

മൂന്നു വർഷമായി ജൈവകൃഷി പിന്തുടരുന്ന ജോർജ് തോമസ് എന്ന വക്കച്ചനു ജൈവ സാക്ഷ്യപത്രം ഒരു അംഗീകാരം കൂടിയാണ്. ഈ മാസം പരിവർത്തനകാലം പൂര്‍ത്തിയാക്കുന്ന കൃഷിക്കാരുടെ കൂട്ടത്തിലാണ് ഇദ്ദേഹം. ജൈവരീതിയിൽ കൃഷി ചെയ്തുണ്ടാക്കുന്ന ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില കിട്ടുമെന്നു പ്രതീക്ഷിക്കുന്ന ഇദ്ദേഹത്തിന്റെ മുഖ്യവിള കുരുമുളകാണ്. ഒരേക്കറിലെ 600 മൂട് കുരുമുളകിനൊപ്പം കൊക്കോ, ജാതി തുടങ്ങിയവയുമുണ്ട്. കൊക്കോയ്ക്കു വിലയുണ്ടെങ്കിലും രോഗവും മറ്റും വർധിക്കുന്ന സാഹചര്യത്തിൽ ക്രമേണ കുരുമുളകിലേക്കും ജാതിയിലേക്കും മാറുകയാണെന്നു വക്കച്ചൻ വ്യക്തമാക്കി. കൂടുതൽ അധ്വാനവും ശ്രദ്ധയും ഉണ്ടെങ്കിൽ മാത്രമേ കൊക്കോ ആദായകരമായി തുടരാനാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്പൂർണ ജൈവകൃഷിയിലേക്ക് മാറിയതിന്റെ മുഖ്യപ്രയോജനം വിളകളുടെ ആരോഗ്യം തന്നെയാണെന്ന് വക്കച്ചൻ. ചുവപ്പുരാശി കലർന്ന നിറമുണ്ടായിരുന്ന കുരുമുളകു തണ്ടിന് ഇപ്പോൾ കരിംപച്ച നിറമാണ്. രോഗസാധ്യത തീരെ കുറഞ്ഞു. പുരയിടത്തിൽ കിളികളും പറപ്പകളും കൂടുതലായി. വില കൂടുതൽ കിട്ടിയില്ലെങ്കിൽപോലും ഈ സന്തോഷം കളയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കൂടുതൽ അധ്വാനവും പണവും ജൈവകൃഷിക്കായി വേണ്ടിവരുന്നുണ്ടെന്ന വസ്തുത നിഷേധിക്കാനാവില്ല. മൂന്നു വർഷംകൊണ്ടാണ് പുരയിടത്തിലെ ഉൽപാദനക്ഷമത പഴയ നിരക്കിലേക്ക് ഒരുവിധം തിരികെയെത്തിച്ചത്.

george-thomas-mankulam-organic-farmer ജോർജ് തോമസ്

ജൈവ സാക്ഷ്യപത്രം നേടിയ കൃഷിക്കാർ ചേർന്ന് രൂപീകരിച്ച ഹൈറേഞ്ച് എൻവയൺമെന്റൽ അഗ്രികൾച്ചറൽ ആൻഡ് ടൂറിസം ഡവലപ്മെന്റ് സൊസൈറ്റിയുടെ ചെയർമാൻ കൂടിയാണ് ദേവസ്യാച്ചേട്ടൻ എന്ന പി.ജെ. സെബാസ്റ്റ്യന്‍. ജൈവ ഉൽപന്നങ്ങൾക്ക് ഭാഗികമായെങ്കിലും വിപണി കണ്ടുപിടിക്കാൻ സംഘത്തിലൂടെ ഇവർക്കു സാധിക്കുന്നുണ്ട്. എറണാകുളം നഗരത്തിലും സമീപത്തുമുള്ള എട്ട് ജൈവ കടകൾക്കു വേണ്ട പച്ചക്കറികൾ, പഴങ്ങൾ, കിഴങ്ങുവിളകൾ എന്നിവയെല്ലാം ഈ സൊസൈറ്റി ലഭ്യമാക്കുന്നു. എല്ലാ ബുധനാഴ്ചയും മാങ്കുളത്തുനിന്നു ജൈവ ഉൽപന്നങ്ങളുമായി സൊസൈറ്റിയുടെ വാഹനം എറണാകുളത്തെത്തും. ആഴ്ചതോറും ഒന്നര ടൺ ഉൽപന്നങ്ങളാണ് ഇവിടെനിന്നു മഹാനഗരത്തിലെത്തുന്നത്. ഉൽപാദനച്ചെലവ് ഉൾപ്പെടെ വിവിധ ഘടകങ്ങൾ പരിഗണിച്ച് കൃഷിക്കാർ നിശ്ചയിക്കുന്ന വില നൽകാൻ ജൈവ ഷോപ്പുകൾ തയാറാകുന്നുണ്ട്. സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുകുളം, ട്രൈക്കോഡേർമ യൂണിറ്റ്, പാക്ക് ഹൗസ്, വാഴക്കുല പഴുപ്പിക്കുന്നതിനുള്ള മുറി തുടങ്ങിയവയും ആരംഭിച്ചു കഴിഞ്ഞു. പാക്ക് ഹൗസുകളിൽ പ്രാഥമിക സംസ്കരണം നടത്തി ഫുഡ്ഗ്രേഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ ശേഷമാണ് പച്ചക്കറികൾ വിപണിയിലെത്തിക്കുക. പോളിഹൗസിൽനിന്നുള്ള പയർ ലേബലിൽ വില രേഖപ്പെടുത്തിയാണ് സമീപത്തുള്ള അടിമാലിയിൽപോലും വിറ്റത്.

പാലാരിവട്ടം ആലിൻചുവട്ടിൽ കാഡ്സ് ആരംഭിച്ച ഓർഗാനിക് ഓപ്പൺ മാർക്കറ്റ് തങ്ങൾക്ക് കൂടുതൽ വിലയും വിപണിയും നേടിത്തരുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കൃഷിക്കാർ. ഈ വർഷം പരിശോധന പൂർത്തിയാകുന്ന കൃഷിക്കാർക്കു കൂടി ജൈവ സാക്ഷ്യപത്രം കിട്ടുമ്പോഴേക്കും അവരുടെ ഉൽപന്നങ്ങൾ അധികവില നൽകി സംഭരിക്കാനുള്ള സംവിധാനം തയാറാകുമെന്ന് ആന്റണി കണ്ടിരിക്കൽ പറഞ്ഞു.

ഫോൺ: 9495079233 (പി.ജെ. സെബാസ്റ്റ്യൻ)

ഉറപ്പുള്ള വിശുദ്ധി, ഉറപ്പില്ലാത്ത വിപണി

മാങ്കുളത്തിന്റെ ഹരിതാഭമായ ചരിത്രത്തിനു നരച്ച മറുവശവുമുണ്ട്. കൂടുതൽ ശ്രദ്ധാപൂർണമായ ഇടപെടൽ വേണ്ടതും ഇക്കാര്യത്തിൽ തന്നെ. ആദ്യബാച്ചിൽ ജൈവ സാക്ഷ്യപത്രം നേടിയ മാങ്കുളത്തെ കർഷകർ പിന്നീട് അതു പുതുക്കാൻ തയാറായില്ലെന്നതാണ് മറുവശം. മതിയായ വിപണനസാധ്യത തുറന്നുകിട്ടാത്തതുമൂലം സർട്ടിഫിക്കേഷനുള്ള ചെലവ് പ്രയോജനകരമാകില്ലെന്ന ആശങ്കയാണ് ഇതിനു കാരണം. സാക്ഷ്യപത്രം പുതുക്കിയില്ലെങ്കിലും താനുൾപ്പെടെ ആദ്യഘട്ടത്തില്‍ സാക്ഷ്യപത്രം കരസ്ഥമാക്കിയ ഭൂരിപക്ഷവും ജൈവരീതികൾ തന്നെയാണ് ഇന്നും പിന്തുടരുന്നതെന്ന് പി.ജെ. സെബാസ്റ്റ്യന്‍ പറഞ്ഞു. പച്ചക്കറികൾക്ക് എറണാകുളം നഗരത്തിൽ വിപണി കണ്ടെത്തിയ ഇവർക്ക് സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയാണ് ഇപ്പോഴും ബാലികേറാമലയായി തുടരുന്നത്. ജൈവരീതിയിൽ ഉൽപാദിപ്പിച്ച ഏലത്തിനും കുരുമുളകിനും കൊക്കോയ്ക്കുമൊക്കെ വലിയ കയറ്റുമതി സാധ്യതയാണെന്ന് എല്ലാവരും പറയുന്നുണ്ട്. മാങ്കുളത്തെ കൊക്കോ രാജ്യാന്തര നിലവാരമുള്ളതാണെന്ന് വിദേശകമ്പനികളുടെ പ്രതിനിധികൾ പണ്ടേ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ വർഷങ്ങളായി ഈ സാധ്യതകളൊക്കെ ഏട്ടിൽ തന്നെ വിശ്രമിക്കുന്നു.

antony--kandirickal-kads ആന്റണി കണ്ടിരിക്കൽ

കാഡ്സ് മാങ്കുളത്തെ ജൈവ ഉൽപന്നങ്ങളുടെ കയറ്റുമതിക്കായി ശ്രമം നടത്താതിരുന്നില്ല. ജൈവ കുരുമുളകും കൊക്കോയുമൊക്കെ അവർ കയറ്റി അയച്ചതുമാണ്. പക്ഷേ സാമ്പത്തികവും വിപണനപരവുമായ പരിമിതികൾ മൂലം അതൊന്നും തുടരാനായില്ല. പ്രതീക്ഷിച്ചതിനു വിരുദ്ധമായി ജൈവകുരുമുളകിനു 18 രൂപ മാത്രമാണ് അധികവില ലഭിച്ചതെന്നു കാഡ്സ് ഡയറക്ടർ ആന്റണി കണ്ടിരിക്കൽ പറഞ്ഞു. നിലവാരപരിശോധനയുടെ പേരിൽ കൊക്കോയും ഏറെ പുച്ഛിക്കപ്പെട്ടു. ജൈവ സാക്ഷ്യപത്രം കിട്ടിയ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള കടമ്പകൾ ഏറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉൽപന്നങ്ങൾ സംഭരിക്കുന്ന ചാക്ക്, ഗോഡൗൺ, വാഹനം എന്നിവയെല്ലാം പരിശോധന ഏജൻസികൾ നിർദേശിക്കുന്ന നിലവാരത്തിലാക്കണം. കയറ്റുമതി ചെയ്യുന്ന സംഘടനയെക്കുറിച്ച് പൂർണവിവരങ്ങൾ നൽകണം. കയറ്റി അയയ്ക്കുന്ന ചരക്ക് ബന്ധപ്പെട്ട തുറമുഖത്ത് ഇറക്കുന്നതിനു മുൻപ് അതതു രാജ്യത്തെ ലാബ് പരിശോധനകളും വിജയകരമായി പൂർത്തിയാക്കണം. ഇതു കിട്ടാൻ വൈകിയാൽ ചരക്ക് സൂക്ഷിക്കുന്നതിനു തുറമുഖ അധികൃതർ വൻതുക ഈടാക്കും. നിയമപരവും സാങ്കേതികവുമായ ഈ കടമ്പകൾ മറികടക്കാൻ സാധാരണ കർഷക പ്രസ്ഥാനങ്ങൾക്കു പരിമിതിയുണ്ട്. കാർഷികോൽപന്ന കയറ്റുമതി പ്രോത്സാഹന അതോറിട്ടറി (അപെഡ) പോലുള്ള സർക്കാർ ഏജൻസികൾ ജൈവ സാക്ഷ്യപത്രമുള്ള ഉൽപന്നങ്ങൾ കൃഷിക്കാരിൽനിന്ന് അധികവില നൽകി വാങ്ങിയശേഷം പരിശോധനകളും ഔപചാരികതകളും പൂർത്തിയാക്കി കയറ്റുമതി നടത്തിയാൽ മാത്രമേ വാണിജ്യാടിസ്ഥാനത്തിലുള്ള ജൈവകൃഷി യാഥാർത്ഥ്യമാക്കാനാവൂ– അദ്ദേഹം പറഞ്ഞു.

ഏതാനും കൃഷിക്കാരുടെ അശ്രാന്തപരിശ്രമവും ആത്മാർത്ഥതയും മാത്രം പ്രവർത്തനമൂലധനമാക്കിയ കാഡ്സിന് ഇത്രയും സാധിക്കുമ്പോൾ ഈ വിജയം പൂർണതയിലെത്തിക്കേണ്ട ചുമതല കൃഷിവകുപ്പിനും സർക്കാരിനുമുണ്ട്.

ഫോൺ: 9847413168 (ആന്റണി കണ്ടിരിക്കൽ)

Your Rating: