Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈന്തപ്പനയുടെ നാട്ടിൽനിന്ന് എണ്ണപ്പനക്കൃഷിയിലേക്ക്

avarankuttyhaji-with-oil-palm അവറാൻകുട്ടി

കൃഷി ലാഭമാണെന്നു ചിരിച്ചുകൊണ്ടു പറയുന്ന അപൂർവം ആളുകളേ ഉണ്ടാകൂ. അക്കൂട്ടത്തിലാണ് മലപ്പുറം കൊണ്ടോട്ടിക്കടുത്ത് കിഴിശേരിവിളയിൽ ചേനങ്ങാട്ടിൽ വീട്ടിൽ അവറാൻകുട്ടിഹാജി. കൃഷി നഷ്ടമാണ്, തരക്കേടില്ല, തട്ടിമുട്ടി മുന്നോട്ടു പോകാമെന്നൊക്കെ പറയുന്നവരാണ് ഏറെയും. എന്നാൽ കൃഷികൊണ്ടാണ് താനും കുടുംബവും കഴിയുന്നതെന്നു ധൈര്യസമേതം അവറാൻകുട്ടിഹാജി പറയും. വീടിനു ചുറ്റുമായി പത്തേക്കറിൽ പച്ചപ്പു നിറഞ്ഞുനിൽക്കുന്ന തോട്ടം അതിന്റെ സാക്ഷ്യപത്രം.

രണ്ടര പതിറ്റാണ്ട് സൗദി അറേബ്യയിൽ കഠിനപ്രയത്നം. അതിൽനിന്നു നേടിയ സമ്പാദ്യം വലിയ വീടും ആഡംബര വാഹനങ്ങളും വാങ്ങി അദ്ദേഹം നഷ്ടപ്പെടുത്തിയില്ല. മണലാരണ്യത്തിലെ വിയർപ്പിന്റെ പ്രതിഫലമെല്ലാം ഭൂമി വാങ്ങാനും അതിൽ കൃഷി ചെയ്യാനും ചെലവിട്ടു.

അവറാൻകുട്ടിഹാജി 2006ലാണ് നാട്ടിൽ തിരിച്ചെത്തുന്നത്. തെങ്ങും കമുകും മാത്രമുണ്ടായിരുന്ന തോട്ടത്തിൽ എങ്ങനെ വൈവിധ്യവൽക്കരണം നടത്താമെന്നാണ് അദ്ദേഹം ആദ്യം ചിന്തിച്ചത്. കൃഷി ഓഫിസറുടെയും പരമ്പരാഗത കർഷകരുടെയും അഭിപ്രായം തേടി. ഇടവിളക്കൃഷി ചെയ്താൽ കൂടുതൽ വരുമാനം ലഭിക്കുമെന്നു പലരും അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞു. അങ്ങനെയാണ് ജാതിയും വാഴയുമെല്ലാം കൃഷി ചെയ്തത്.

വായിക്കാം ഇ - കർഷകശ്രീ

അഞ്ച് ഏക്കർ സ്ഥലത്താണ് തെങ്ങുള്ളത്. ഇടവിളക്കൃഷിയുടെ നേട്ടം തെങ്ങിന്റെയും കമുകിന്റെയും വിളവിലും കണ്ടു. ഒരു തെങ്ങിൽനിന്നിപ്പോൾ ശരാശരി 100 തേങ്ങ ലഭിക്കും. 400 കമുകാണുള്ളത്. 100 ടൺ അടയ്ക്കയാണ് ഇക്കുറി വിറ്റത്. കമുകിൻതൈകളുടെയും വിത്തടയ്ക്കയുടെയും വിൽപനയുമുണ്ട്.

കാസർകോടൻ, മോഹിത്നഗർ എന്നിവയുടെ തൈകൾക്കാണ് പ്രിയം. അടയ്ക്കയ്ക്കു തീരെ വിലയില്ലാത്ത സമയത്താണ് ഈയിനം കമുകുകളുടെ തൈകൾ കാസർകോടും കർണാടകഗ്രാമങ്ങളിലുമെല്ലാം സഞ്ചരിച്ചു ശേഖരിച്ചത്. ഇപ്പോൾ ഇവയുടെ തൈവിൽപനയിലൂടെത്തന്നെ നല്ല വരുമാനമുണ്ടെന്ന് അവറാൻകുട്ടിഹാജി പറയുന്നു. ജാതിയാണ് ലാഭമുള്ള മറ്റൊരു വിള. കുരുമുളകും തിപ്പലിവള്ളിയുമുണ്ട്. നേന്ത്രനും ഇക്കുറി നല്ല വരുമാനം നൽകി.

എണ്ണപ്പന അധിക വരുമാനം

പരമ്പരാഗതകൃഷിയിൽമാത്രം നിന്നിട്ടു കാര്യമില്ലെന്നു മനസ്സിലായപ്പോഴാണ് 2011ൽ എണ്ണപ്പനക്കൃഷിയിലേക്കു തിരിഞ്ഞത്. നാല് ഏക്കറിൽ 300 തൈകൾ നട്ടു. ഓയിൽ പാമിന്റെ വയനാട്ടിലെ അഞ്ചുകുന്നു ഫാമിൽനിന്നാണ് തൈകൾ കൊണ്ടുവന്നത്. തൈ നട്ട് ഒന്നര വര്‍ഷംകൊണ്ടു കായ്ച്ചുതുടങ്ങി. ആദ്യത്തെ മൂന്നു വർഷം കുല വെട്ടിക്കളയണം. നാലാം വർഷം മുതലാണ് വിളവെടുപ്പ്. 22 ദിവസം ഇടവിട്ടു വിളവെടുക്കാം. ജനുവരി മുതൽ മാർച്ചുവരെ വിളവെടുക്കാൻ സാധിക്കില്ല. എണ്ണക്കുരുവെല്ലാം ഓയിൽ പാമിന്റെ വാഹനങ്ങൾ വന്നു മില്ലിലേക്കു കൊണ്ടുപോകുന്നു. ഓരോ തവണയും ഒരു ടൺവരെ വിളവു ലഭിക്കുന്നുണ്ട്. ഏഴു രൂപയാണു കിലോയ്ക്കു ലഭിക്കുന്നത്. നാൽപതു കിലോവരെ ഒരു കുലയിൽനിന്നു വിളവു ലഭിക്കും.

avarankutty-haji-with-oil-palm എണ്ണപ്പനയിൽ പ്രതീക്ഷ

റബറിനേക്കാൾ ലാഭം തരുന്നതാണ് എണ്ണപ്പനയെന്നാണ് അവറാൻകുട്ടിഹാജി പറയുന്നത്. വർഷത്തിൽ ഒരിക്കൽ വളം ചെയ്താൽ മതി. കോഴിക്കാഷ്ഠമാണ് വളം. വേനലിൽ നന്നായി നനയ്ക്കും. 15 ദിവസം കൂടുമ്പോൾ ഓരോ ഓലയ്ക്കൊപ്പവും കുല വരും. പെൺകുലയാണ് പാമോയിൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. വർഷത്തിൽ 28 പെൺകുലകൾവരെ ഒരു ചെടിയിൽനിന്നു ലഭിക്കും. 10 കിലോ കുരുവിൽനിന്ന് 3.5 ലീറ്റർ പാംഓയിൽ ലഭിക്കും. മലബാറിൽ ഇപ്പോൾ 360 എണ്ണപ്പന കർഷകരുണ്ട്.

സംസ്ഥാന സർക്കാരിന്റെ ക്ഷോണിമിത്ര അവാർഡ് 2012ൽ അവറാൻകുട്ടിഹാജിക്കായിരുന്നു. പറമ്പുകളെല്ലാം കയ്യാല കെട്ടി അതിൽ തിപ്പലി കൃഷി ചെയ്തതിനായിരുന്നു അവാര്‍ഡ്. വീടിനടുത്തുള്ള കുളത്തിൽനിന്നു വെള്ളം പമ്പ്ചെയ്തു പറമ്പിനു മുകളിലെ ടാങ്കിൽ എത്തിക്കും. അതിൽനിന്നു തുള്ളിനനയിലൂടെ എല്ലാ ചെടികളും നനയ്ക്കും. അതുകൊണ്ടുതന്നെ ഏതു വേനലിലും പറമ്പ് മുഴുവൻ പച്ചപ്പായി നിൽക്കും.

എല്ലാ സീസണിലും പച്ചക്കറികൃഷിയുമുണ്ടാകും. പൂർണമായും ജൈവരീതിയാണ്. 30 തെങ്ങില്‍നിന്നു നീര ചെത്തുന്നുണ്ട്. ആറു മാസംകൊണ്ട് 3.6 ലക്ഷം രൂപ നീരവിൽപനയിലൂടെ ലഭിച്ചു. മലപ്പുറം കോക്കനട്ട് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ വൈസ് ചെയർമാനാണ്. ചെറിയാപറമ്പ് റബർ ഉൽപാദകസംഘത്തിന്റെ പ്രസിഡന്റും. കമുകിൻതൈ നഴ്സറിയുടെ ചുമതല ഭാര്യ റംലത്തിനാണ്.

ഫോൺ: 8086888816