Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബകൃഷി മധുരം

picking-passion-fruit പിതാവ് ജോസഫിനൊപ്പം ജോണി, ഭാര്യ ലീന, മക്കളായ അലീന, ഇവാന, റോഷൻ എന്നിവർ

സ്വന്തം വീട്ടുപേരിനോടുള്ള അതിയായ സ്നേഹം കൊണ്ടാണോ നാടുനീളെ ഇങ്ങനെ വള്ളികെട്ടുന്നതെന്നു ചോദിച്ചാൽ കയ്യിലിരിക്കുന്ന വള്ളി വലിച്ചുകെട്ടിക്കൊണ്ട് വള്ളിയിൽ വീട്ടിൽ ജോണി ജോസഫ് പറയും, 'അല്ലേയല്ല, പന്തലിൽ പടരുന്ന പാഷൻ ഫ്രൂട്ട് കൃഷിയോടുള്ള സ്നേഹംകൊണ്ട്.'

കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫിസിൽ മിനിസ്റ്റീരിയൽ സ്റ്റാഫായ ജോണി ജോലിക്കൊപ്പം പാഷൻ ഫ്രൂട്ടിനെയും കൂട്ടുന്നത് ചങ്ങനാശ്ശേരിയിലെ സർവീസ് കാലത്താണ്. അന്നു കുടുംബസമേതം താമസിച്ചിരുന്ന പൊലീസ് ക്വാർട്ടേഴ്സിനു മുന്നിൽ കൗതുകത്തിന് പാഷൻ ഫ്രൂട്ട് ചെടി പടർത്തി. തോപ്രാംകുടിയിലെ കർഷക കുടുംബത്തിൽനിന്നുള്ള ഭാര്യ ലീനയുടെ പരിപാലനം കൂടിയായപ്പോൾ പാഷൻ ഫ്രൂട്ട് നിറഞ്ഞുകായ്ച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫിസിലേക്ക് സ്ഥലംമാറ്റമായതോടെ താമസം സ്വന്തം വീട്ടിലായി. വീട്ടുമുറ്റത്തും പടർത്തി, വീട്ടാവശ്യത്തിനുമാത്രം ഒരു പാഷൻ ഫ്രൂട്ട് ചെടി.

താമസം സ്വന്തം വീട്ടിലായതോടെ, കൃഷിക്കാരനായ പിതാവു ജോസഫിന്റെ പാരമ്പര്യം പിന്തുടർന്ന് അവധിദിവസങ്ങളിലെല്ലാം ജോണി പുരയിടത്തിൽ അധ്വാനിച്ചു. ജൈവരീതിയിൽ പച്ചക്കറി കൃഷി ചെയ്യാൻ സ്വകാര്യ ബാങ്കിലെ ജോലി ഉപേക്ഷിച്ച് ലീനയും മണ്ണിലിറങ്ങി.

ജൈവ പച്ചക്കറിക്കൃഷി മനസ്സിനു സുഖം നൽകുമെങ്ക‍ിലും പോക്കറ്റിനു സന്തോഷം തരില്ലെന്ന് വൈകാതെ മനസ്സിലായെന്ന് ജോണി. ജൈവകീടനാശിനി മാത്രം പ്രയോഗിക്കുമ്പോൾ വിളവു കുറയും. ജൈവകീടനാശിനികൾ എല്ലായ്പോഴും ഏശുകയുമില്ല. ഒരു കിലോ പയറിനു നൂറു രൂപ ലഭിച്ചാലും മുതലാവാത്ത സാഹചര്യമെന്ന് ലീന. അതേസമയം ജൈവോൽപന്നങ്ങളോടു സമീപകാലത്തു പ്രിയം വർധിച്ചതുവഴി മുമ്പ് പാഴാക്കിക്കളഞ്ഞിരുന്ന പലതിനും വിലയും വിപണിയും ലഭിക്കുന്ന സാഹചര്യവുമുണ്ടായി. ഉദാഹരണം പാഷൻ ഫ്രൂട്ട് തന്നെ.

അങ്ങനെയൊരു സാധ്യത മുന്നിൽക്കണ്ടതോടെ പച്ചക്കറിക്കൃഷി വീട്ടാവശ്യത്തിനു മാത്രമാക്കി. പുരയിടത്തിലെ തെങ്ങും കമുകും പ്ലാവും പോലെയുള്ള ദീർഘകാലവിളകൾക്കിടയിൽ സൂര്യപ്രകാശം വീഴുന്നിടത്തെല്ലാം വള്ളിപ്പന്തൽ കെട്ടി മൂന്നു വർഷം മുമ്പ് വാണിജ്യാടിസ്ഥാനത്തിൽ പാഷൻ ഫ്ര‍ൂട്ട് കൃഷിയിറക്കി.

നാട്ടിൽ പ്രചാരത്തിലുള്ള മഞ്ഞ, ഇളം ചുവപ്പ് ഇനങ്ങളുടെ തൈകൾതന്നെ കൃഷിചെയ്തു. ജൈവവളം മാത്രം പ്രയോഗിച്ചു. ഒന്നരയേക്കറോളം വരുന്ന പന്തലിൽനിന്നുള്ള പഴം കിലോ 30 രൂപയ്ക്കു വിറ്റപ്പോൾ ലഭിച്ചത് 27,000 രൂപ. കഴിഞ്ഞ വർഷം വില കിലോയ്ക്ക് 50 രൂപയിലേക്ക് ഉയർന്നു. വിറ്റുവരവ് 47,000 രൂപ. പഴം– പച്ചക്കറിക്കടകളും ജ്യൂസ് കടകളുമാണ് മുഖ്യ ആവശ്യക്കാർ. വിറ്റതിന്റെ മൂന്നിരട്ടിയിലേറെ ബന്ധുമിത്രാദികൾക്ക് സമ്മാനിച്ച‍ു. അതു തന്നെയാണ് ഈ കൃഷിയിലെ ഏറ്റവും വലിയ സന്തോഷമെന്നു ജോണിയും ലീനയും.

വിറ്റമിൻ സിയും പൊട്ടാസ്യവും നാരുമടങ്ങിയ ഒന്നാന്തരം പോഷകമാണ് പാഷൻ ഫ്രൂട്ട് പഴം. ഹൈപ്പർ ടെൻഷൻ, ഉറക്കക്കുറവ്, നാഡീസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കു മരുന്നായും ബ്ലഡ് കൗണ്ട് വർധിക്കാനും പാഷൻ ഫ്രൂട്ട് സഹായകരമാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചി‌ട്ടുണ്ടെന്നു ജോണി.

പാഷൻ ഫ്രൂട്ട് പ്രചരണം ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ് ജോണിയും ലീനയും. ഇപ്പോൾ ജോലി ചെയ്യുന്ന എസ്പി ഓഫിസിന്റെ മുന്നിലും മുമ്പു ജോലി ചെയ്തിരുന്ന ഇടങ്ങളിലുമെല്ലാം വള്ളിപ്പന്തലിൽ പാഷൻ ഫ്രൂട്ട് പടർത്തിയത് അതുകൊണ്ടാണ്. പറത്താനം കവലയിലെ കാടുപിടിച്ചു കിടന്ന പുറമ്പോക്കുപോലും ഏതാനും പാഷൻ ഫ്രൂട്ട് ചെടികൾകൊണ്ട് ജോണി അഴകുള്ളതാക്കി.

പറത്താനം പള്ളിയുടെ വിശാലമായ കൃഷിയിടത്തിന്റെ ഒരു ഭാഗം തരിശായി കിടക്കുന്നത് ലീനയുടെ ശ്രദ്ധയിൽപ്പെടുന്നത് കഴിഞ്ഞ വർഷമാണ്. അൽപം ചരിഞ്ഞതും ചരലിന്റെയും പാറയുടെയും അംശം കൂടുതലുള്ളതുമാണ് സ്ഥലം. പൂഞ്ഞാർ– എരുമേലി ഹൈവേയോട് ചേർന്നുകിടക്കുന്ന ഈ മലഞ്ചെരിവ് പാഷൻ ഫ്രൂട്ട് കൃ‍ഷിക്ക് പാട്ടത്തിനു ചോദിച്ചാലോ എന്നു ലീന. ജോണിക്കും ആവേശം. പള്ളിക്കും പട്ടക്കാർക്കും പൂർണ സമ്മതം. മൂന്നേക്കർ സ്ഥലത്ത് നട്ടുവളർത്തി പന്തലിൽ കയറ്റിയ എഴുനൂറോളം ചെടികൾ ഇന്നു വിളവെടുപ്പിനു തയാർ.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കൃഷിയിറക്കിയത്. ജലക്ഷാമം കടുത്തപ്പോൾ ഓരോ ചെടിക്കും ഓരോ കുപ്പി വെള്ളം നൽകി ജോണിയും ലീനയും അതിനും പരിഹാരം കണ്ടു. തൈകൾ നട്ടപ്പോൾ ചുവട്ടിൽ ഒരു കുപ്പി വെള്ളം കൂടി അൽപം ചരിച്ച് കുഴിച്ചുവച്ചു. കുപ്പിയിൽ ദ്വാരമുണ്ടാക്കി തൈയുടെ ഏതാനും വേരുകൾ വെ‍ള്ളത്തിലേക്കിറക്കി. ഒറ്റച്ചെടിയും വേനലിൽ കുടിനീരു കിട്ടാതെ തളർന്നില്ല. നനയുടെ ചെലവു ലാഭം.

ഈർപ്പം നിൽക്ക‍ാനായി തടം ചകിരിത്തൊണ്ടും അടയ്ക്കാത്തൊണ്ടുംകൊണ്ടു നിറച്ചിരുന്നു. അടിവളമായി ചാണകവും നൽകി. പുതുമഴ എത്തിയപ്പോൾ കോഴിക്കാഷ്ഠവും. കനത്ത മഴക്കാലത്തൊഴികെ എന്നും പഴങ്ങൾ ലഭ്യമാണ്. അഞ്ചു വർഷമെങ്കിലും ഒരു ചെടിയിൽനിന്നു മികച്ച ആദായം ലഭിക്കുമെന്ന് ജോണി. നിലവിൽ കിലോയ്ക്ക് 75 രൂപ വിലയുണ്ട്. പഴുത്തു നിലത്തു വീഴും മുമ്പു വിളവെടുക്കണം. പഴത്തിനുള്ളിലെ കാമ്പ് തോടിൽനിന്നു വേറിടുന്നതിനു മുമ്പുള്ള പരുവമാണ് ആളുകൾക്കു താൽപര്യം.

ചെലവും അധ്വാനവും കുറവ്, വിളവെടുപ്പും വിപണനവും എളുപ്പം എന്നിവയാണ് ഈ കൃഷിയിലെ അനുകൂല ഘടകങ്ങൾ. കാര്യമായി രോഗ, കീട ബാധയില്ല. എല്ലാറ്റിനും മേലേയാണ് പാഷൻ ഫ്രൂട്ടിന്റെ തണലിൽ കുടുംബമൊന്നിച്ചു പങ്കിടുന്ന ആഹ്ലാദവേളകൾ.

പാഷൻ ഫ്രൂട്ട് പന്തലിടാൻ പുതിയൊരു സ്ഥലം ലീന കണ്ടുവച്ചു കഴിഞ്ഞു. ജോണിയുടെ അവധി ദിവസം കാത്തിരിക്കുകയാണ് ഇരുവരും.

ഫോൺ: 9947045550

രസികൻ ജ്യൂസ്

passion-fruit-harvest

'മമ്മ‍ൂട്ടിക്കായ്ക്കിഷ്ടമുള്ള കുമ്മട്ടിക്കാ ജ്യൂസ'ല്ല ഇത്. അതിലും ആസ്വാദ്യകരമായ പാഷൻ ഫ്ര‍ൂട്ട് ജ്യൂസ്. ചേരുവകൾ ജോണിയും ലീനയും പറഞ്ഞുതരും.

മൂത്തുപഴുത്ത 2–3 പാഷൻ ഫ്രൂട്ടിന്റെ കാമ്പ് കുരു നീക്കാതെ എടുത്തത്, മൂന്നു തരി ഏലക്കായ്, മൂന്നു സ്പൂൺ പഞ്ചസാര, ഒരു ഗ്ലാസ് തണുത്ത വെള്ളം. ഇവ ഒരുമിച്ച് ചേർത്ത് മിക്സിയിലടിക്കുക. ശേഷം, കണ്ണകലമുള്ള അരിപ്പയിൽ അരിച്ചെടുക്കുക. ഒരു ഗ്ലാസ് ഒന്നാന്തരം ജ്യൂസ് തയാർ. മേൽപ്പറഞ്ഞ ചേരുവകളിൽ വെള്ളത്തിനു പകരം പാലും ഉപ‍‍യോഗിക്കാം. തിളപ്പിച്ച ശേഷം തണുപ്പിച്ചു പാട മാറ്റിയ പാൽ. പാഷൻ ഫ്ര‍ൂട്ടിന്റെ എണ്ണം ഒന്നോ രണ്ടോ ആയി ചുരുക്കുകയും വേണം. ഹൃദ്യമായ രുചിയായിരിക്കുമെന്ന് ഇരുവരും പറയുന്നു.

പാഷൻ ഫ്രൂട്ട് കൊണ്ടു സിറപ്പുണ്ടാക്കിയശേഷം സോഡാ ചേർത്തും ഉപ‍‍യോഗിക്കാം. പാഷൻ ഫ്രൂട്ടിന്റെ തൊണ്ടു നുറുക്കി രണ്ടാഴ്ച ഉപ്പിലിട്ടശേഷം അതെടുത്ത് കാരറ്റ് അരിഞ്ഞതും ചേർത്ത് രുചികരമായ അച്ചാറുമുണ്ടാക്കാം.

ഇനി ജോണിയുടെ മാത്രം ഒരു സ്പെഷൽ വിഭവം: മൂത്തതും എന്നാൽ നന്നായി പഴുക്കാത്തതുമായ പാഷൻ ഫ്രൂട്ടിന്റെ കാമ്പ് കുരു നീക്കിയെടുക്കുക. കാച്ചിയ മോരിനുള്ള അരപ്പ് തയാറാക്കുക. അരപ്പ് കടുകു പൊട്ടിച്ച് എടുത്തശേഷം കുരു നീക്കിയ കാമ്പും വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിച്ചെടുക്കുക. കാച്ചിയ മോരിന്റെ അതേ നിറവും മണവും രുചിയുമായിരിക്കും വിഭവത്തിനെന്ന് ജോണി.