Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മാനിഹോട്ട് എസ്കുലാന്റ്‘ പേടിക്കേണ്ട മരച്ചീനിയെ കുറിച്ചാണ്

tapioca-health

മാനിഹോട്ട് എസ്കുലാന്റ് എന്നു പറഞ്ഞാൽ നമുക്ക് ഒരുപിടിയും കിട്ടില്ല. സംഗതി നമ്മുടെ മരച്ചീനിയുടെ ശാസ്ത്രനാമമാണ്. മരച്ചീനി നമ്മുടേതെന്നു പറയാൻ വരട്ടെ – തനി വിദേശിയാണ്. കാൽപ്പന്തുകളിയുടെ ഇതിഹാസമായ പെലെയുടെ നാടായ ബ്രസീലാണ് സ്വദേശം. അവിടെ നിന്ന് എങ്ങനെ ഇവിടെ എത്തി എന്നല്ലേ? അതിനൊരു ചരിത്രമുണ്ട്; തിരുവിതാംകൂറിന്റെ ദാരിദ്യ്രത്തിന്റെ ചരിത്രം.

മരച്ചീനിദിനം

tapioca-cassava

പ്രണയദിനവും സൗഹൃദദിനവുമൊക്കെ ആഘോഷമാക്കി മാറ്റുന്ന നമ്മുടെ മുന്നിലൂടെയാണു കഴിഞ്ഞ 31നു മരച്ചീനിദിനം നിശ്ശബ്ദമായി കടന്നുപോയത്. തിരുവിതാംകൂറിന്റെ വിശപ്പു മാറ്റിയ മരച്ചീനിയെ മിക്കവരും മറന്നെങ്കിലും ചരിത്രകാരനായ ചേരിയിൽ സുകുമാരൻ നായരുടെ നേതൃത്വത്തിൽ വേണാട് ജൈവകർഷക സംഘം വിസ്മരിച്ചില്ല. ആ ദിനം വന്നതെങ്ങനെയെന്നു ചേരിയിൽ സുകുമാരൻ നായർ: ‘വിശാഖം തിരുനാൾ രാമവർമ മഹാരാജാവിന്റെ കാലത്താണ് തിരുവിതാംകൂറിൽ മരച്ചീനി കൃഷി ആരംഭിച്ചത്. അന്നു ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലായിരുന്നു തിരുവിതാംകൂർ. അക്കാലത്താണ് തിയസോഫിക്കൽ സൊസൈറ്റിയുടെ  ഉദ്ഘാടനത്തിനു കേണൽ ഓൾകോട്ട് തിരുവനന്തപുരത്ത് എത്തിയത്.

ഭക്ഷ്യക്ഷാമം പരിഹരിക്കാൻ മരച്ചീനി കൃഷി ആരംഭിക്കാൻ കേണൽ ഓൾകോട്ട് മഹാരാജാവിനോടു നിർദേശിച്ചു.രാജാവ് ആവശ്യപ്പെട്ടതു പ്രകാരം ഓൾകോട്ട് ബ്രസീലിൽ നിന്നു മരച്ചീനി കമ്പ് എത്തിച്ചു. തിരുവനന്തപരത്ത് ഒഴിഞ്ഞു കിടന്ന കുന്നുംപുറത്തു കമ്പ് നട്ടു. 1883 ജൂലൈയിലായിരുന്നു അത്. കമ്പു നട്ട സ്ഥലം മരച്ചീനി വിളയായി. ഇപ്പോൾ പേരു മാറി – ജവാഹർ നഗർ. ജൂലൈയിൽ മരച്ചീനി കൃഷി ആരംഭിച്ചതിന്റെ സ്മരണയ്ക്കായാണ് ജൂലൈ 31 മരച്ചീനിദിനമായി ആചരിക്കുന്നത്.’

അഞ്ചു വർഷം മാത്രമായിരുന്നു വിശാഖം തിരുനാളിന്റെ ഭരണകാലം (1880–1885). കൃഷി തുടങ്ങിയ ശേഷം രണ്ടു വർഷമെ ലഭിച്ചുള്ളൂ എങ്കിലും ഇക്കാലത്ത് അതു ജനകീയമാക്കാൻ മഹാരാജാവ് ശ്രമിച്ചു. മലയയിൽ നിന്നു പുതിയ ഇനം മരച്ചീനികൾ മഹാരാജാവ് പരിചയപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ബർമയിൽ നിന്ന് അരി ഇറക്കുമതി നിലച്ചപ്പോഴും നമ്മുടെ പ്രധാന ഭക്ഷ്യവിഭവമായി മരച്ചീനി മാറി.

കയ്യാലചാടി മുതൽ മുളമൂടൻ വരെ

നെടുമങ്ങാടൻ, അരിയൻ, നഞ്ചുവെള്ള, മുളമൂടൻ വെള്ള, കയ്യാലചാടി, സിംഗപ്പൂരുവെള്ള, ഏത്തയ്ക്കാ പുഴുക്കൻ, കോഴിപ്പൂവൻ... ഒക്കെ നമ്മുടെ മരച്ചീനി ഇനങ്ങളാണ്. ഇപ്പോൾ ഈ പേരുകളൊക്കെ മാറി. മുളമൂടൻ വെള്ള കൊല്ലത്തിന്റെ സ്വന്തം ഇനമാണ്. ചന്ദനത്തോപ്പിലെ പ്രസിദ്ധമായ മുളമൂട്ടിൽ കുടുംബത്തിന്റെ കൃഷി ഇടങ്ങളിൽ നിന്നാണ് മുളമൂടൻ വെള്ള വ്യാപിച്ചത്. മുളമൂടനും നെടുമങ്ങാടനും അരിയനുമൊക്കെ കയ്പ്പുള്ള (കട്ടൻ) ഇനങ്ങളാണ്. കാലത്തിനൊപ്പം മരച്ചീനി ഇനങ്ങളുടെയും പേരു മാറി. ശ്രീവിശാഖം എന്ന ഒരിനം തന്നെയുണ്ട്.

25–27 ശതമാനമാണ് ഇതിൽ അന്നജം. വേവ് കുറവ് എന്ന പ്രത്യേകതയും. ഓണാട്ടുകരയ്ക്കു യോജിച്ച നിധി, കുട്ടനാടൻ തെങ്ങിന് ഇടവിളയായി മാറുന്ന കൽപക, തെക്കൻമേഖലയ്ക്കു യോജിച്ച വെള്ളായണി ഹ്രസ്വ തുടങ്ങി ശ്രീസഹ്യ, ശ്രീപ്രകാശ്, ശ്രീഹർഷ, ശ്രീജയ, ശ്രീവിജയ, ശ്രീരേഖ എച്ച്–97, എച്ച്–165 എന്നിങ്ങനെ പേരുകൾ നീളുന്നു.മരച്ചീനിയുടെ പേരിൽ കൊല്ലത്തിനു മറ്റൊരു പേരു കൂടിയുണ്ട്. കേരളത്തിലെ ആദ്യ സ്റ്റാർച്ച് ഫാക്ടറി ജില്ലയിലാണ് തുടങ്ങിയത്. കുണ്ടറയിലെ ലക്ഷ്മി സ്റ്റാർച്ച് ഫാക്ടറി. പൂട്ടിപ്പോയെങ്കിലും കൊല്ലത്തിന്റെ വ്യവസായ ചരിത്രം എഴുതുമ്പോൾ സ്റ്റാർച്ച് ഫാക്ടറിക്ക് ഇടമുണ്ട്.

പൂളയും കൊള്ളിയും

cassava-tapioca-farm1

കേരളത്തിൽ തന്നെ മരച്ചീനിക്കു പേരു പലതുണ്ട്. തെക്കൻ കേരളത്തിൽ മരച്ചീനിയെ കപ്പ എന്നു വിളിക്കുമ്പോൾ ഉത്തര കേരളത്തിൽ പൂള എന്നാണ് പേര്. മധ്യകേരളത്തിൽ കൊള്ളി എന്നായി മാറും. ഏതായാലും സംഗതി ഒന്നുതന്നെ. ഭക്ഷ്യക്ഷാമം മാറ്റാനെത്തിയവൻ എന്ന പേര് അല്ല ഇപ്പോഴുള്ളത്. നല്ല പകിട്ടിലാണ്... പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മെനു പട്ടികയിൽ വരെ ഇരിപ്പ് ഉറപ്പിച്ചു. മരച്ചീനി ഇപ്പോൾ വരുത്തനല്ല. മലയാളി അതിനെ സ്വന്തമാക്കി. ‘മരച്ചീനി വിളയുന്ന മലയോരം...’ ചലച്ചിത്രഗാനം വരെയുണ്ടായി. തെങ്ങിൻ തലപ്പിൽ കെട്ടിയ കോളാമ്പിയിലൂടെ ആ ഗാനം ഒഴുകിയെത്തുന്നുവോ..