ചെമ്പൻചെല്ലിയെ നിയന്ത്രിക്കാം

ചെമ്പൻചെല്ലി

തൈത്തെങ്ങുകളെ തീർത്തും നശിപ്പിക്കാൻ പോന്ന ഒരു മാരക കീടമാണ് ചെമ്പൻചെല്ലി. ഇതിന്റെ പുഴുക്കളാണ് നാശം വിതയ്ക്കുന്നത്.

ചെമ്പൻചെല്ലി ആഹാരം തേടി തടിയിലേക്കു തുരന്നു കയറുന്നു. ഇങ്ങനെയുള്ള തൈത്തെങ്ങിന്റെ ഏതു ഭാഗത്തും പുഴുക്കളെ കാണാം. എന്നാൽ വളർച്ചയെത്തിയ മരത്തിന്റെ അഗ്രഭാഗത്താണ് കൂടുതൽ പുഴുക്കളെ കാണുക.

തെങ്ങിന്റെ മൃദുഭാഗങ്ങളിൽ ചെല്ലി മുട്ടയിടുന്നു. തുടർന്ന് ജീവിതചക്രം മുഴുവൻ തെങ്ങിനുള്ളിൽ പൂർത്തിയാക്കുന്നു. ഇതിന് മൂന്നുനാലു മാസം വേണ്ടിവരും.

ലക്ഷണങ്ങൾ: ആക്രമണമേറ്റ തെങ്ങിൻതടിയിൽ ദ്വാരങ്ങൾ കാണാം. ഈ ദ്വാരങ്ങളിൽക്കൂടി ചവച്ചുതള്ളിയ നാരുകൾ തള്ളിവരുന്നു. തടിയോടു ചേർന്ന മടലിന്റെ ഭാഗത്ത് നീളത്തിലുള്ള വിള്ളലുകൾ ഉണ്ടാകും. കൂമ്പോല വാടും. ചെവി തടിയോടു ചേർത്തുവച്ചാൽ പുഴുക്കൾ അകത്തിരുന്നു കരളുന്ന ശബ്ദം കേൾക്കാം.

നിയന്ത്രണം: കൃഷിയിടം വെടിപ്പായി സൂക്ഷിക്കുക. മരത്തിൽ മുറിവുകൾ ഉണ്ടാക്കരുത്. ഓലമടക്കുകളിൽ ചെടിയോടു ചേർന്ന ഭാഗത്ത് പൊടിരൂപത്തിലുള്ള കീടനാശിനിയിലൊന്ന് സമം മണലും കലർത്തി നിറയ്ക്കുക. തടിയിൽ കാണുന്ന ദ്വാരങ്ങൾ സിമന്റോ ചെളിയോ ഉപയോഗിച്ച് അടച്ചതിനുശേഷം മുകളിലുള്ള ദ്വാരത്തിൽക്കൂടി ചോർപ്പുപയോഗിച്ച് പൈറക്കോൺ എന്ന കീടനാശിനി 10 മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി ഒഴിക്കുക. ഒരു പ്രദേശത്തുള്ള എല്ലാ കർഷകരും ഒന്നിച്ചു ചെയ്യുന്നപക്ഷം ഫിറമോൺ കെണികളും ഫലപ്രദമാണ്. ഇതിനു സ്ഥലം കൃഷിഭവന്റെ സഹായംകൂടി തേടുക.