ഇറച്ചിക്കോഴിക്കു വേനൽരക്ഷ

ചോദ്യം ഉത്തരം ∙ മൃഗസംരക്ഷണം

Q. ഇറച്ചിക്കോഴികൾക്ക് വേനൽക്കാലത്ത് നൽകേണ്ട സംരക്ഷണത്തെക്കുറിച്ച് അറിയണം.

കെ.വി. മനോഹരൻ, പള്ളിക്കുന്ന്

പക്ഷികൾക്ക്, വിശേഷിച്ച് ഇറച്ചിക്കോഴികൾക്ക്, വേനലിലെ കൊടുംചൂട് ദുസ്സഹമാണ്. അന്തരീക്ഷത്തിലെ ചൂട് 30 ഡിഗ്രിയിൽ കൂടിയാൽ തീറ്റ ഇറച്ചിയായി മാറ്റാനുള്ള അവയുടെ ശേഷി കുറയും. മുട്ടക്കോഴികളിൽ മുട്ടയുൽപാദനം കുറയും. മുട്ടയുടെ തോടിന്റെ കനം കുറയും. ചൂട് പുറന്തള്ളാൻ കോഴികളിൽ ശ്വാസോച്ഛ്വാസ നിരക്ക് കൂടുകയും വായ് പൊളിച്ച് അണയ്ക്കുന്നതും കാണാം. ചൂട് കൂടുന്നതിന്റെ സൂചനയാണിത്. ചൂട് ശരീരത്തിൽ ഉണ്ടാകുന്നതു കുറയ്ക്കാനായി തീറ്റയെടുക്കൽ കുറയ്ക്കുന്നു. ഇത് തൂക്കം കുറയുന്നതിനു കാരണമാകും.

ഫാമിലെ ചൂടു കുറയ്ക്കാൻ

കൂടിനുള്ളിൽ കൂടിയ സ്ഥലസൗകര്യം നൽകുക. ആയിരം കോഴിയെ ഇടുന്ന കൂട്ടിൽ 900 കോഴികളായി കുറയ്ക്കുക. തറയിൽ വിരിക്കുന്ന വിരിപ്പിന്റെ കനം കുറയ്ക്കുക. കൂടിനു ചുറ്റും തണൽ ഒരുക്കുക.

കൂട്ടിലെ മേൽ‌ക്കൂരയിൽ കുമ്മായം പൂശിയാൽ ഉള്ളിലെ താപനില കുറയ്ക്കാം. കൂടിനു മുകളിൽ വയ്ക്കോൽ അല്ലെങ്കിൽ ചണച്ചാക്ക് നിരത്തി അതിൽ വെള്ളം തളിച്ച് തണുപ്പു നൽകാം. കൂടിനുള്ളിൽ കമ്പിവലയിൽനിന്നു മൂന്നടി മാറി ചാക്ക് തൂക്കിയിട്ട് അവ നനച്ചുകൊടുക്കുക. കൂടിനുള്ളിൽ സീലിങ് നൽകുന്നതുവഴി ചൂടിന്റെ ആധിക്യം കുറയ്ക്കാം. കൂടിനുള്ളിൽ പോർട്ട‍ബിൾ ഫാനും ചൂട് പുറന്തള്ളാൻ എക്സോസ്റ്റ് ഫാനും നൽകുക. വെള്ളപ്പാത്രത്തിന്റെ എണ്ണം കൂട്ടി വെള്ളത്തിൽ ഐസിട്ട് നൽകുക.

പകൽ സമയത്ത് തീറ്റയെടുപ്പ് കുറവായതിനാൽ ചൂട് കുറയുന്ന രാത്രിയിൽ കൂടിയ അളവിൽ തീറ്റ നൽകുക. ജീവകങ്ങൾ കൂടിയ അളവിൽ നൽകി സമ്മർദം (stress) കുറയ്ക്കുക. പ്രതിരോധകുത്തിവയ്പ് ചൂട് കുറവുള്ള അതിരാവിലെ നൽകണം.

ചത്ത കോഴികളെ ആഴത്തിൽ കുമ്മായം ഇട്ട് മറവുചെയ്യണം. രോഗം വന്നതിനെ കൂട്ടിൽനിന്ന് അകറ്റിനിർത്തണം. രോഗനിയന്ത്രണമാർഗങ്ങൾ സ്വീകരിക്കണം.

വേനൽരക്ഷ മുയലുകൾക്കും

Q. ചൂടു കൂടുമ്പോൾ മുയലുകൾക്ക് വേനൽക്കാല സംരക്ഷണം എന്തൊക്കെ.

എബി ഫിലിപ്പ്, കൂത്താട്ടുകുളം

ചൂടുസമയത്ത് മുയലുകൾ കിതപ്പ്, ശ്വാസതടസ്സം, ചെവിക്കു ചുവപ്പു കലർന്ന നിറം, അസ്വസ്ഥതയോടെ മറി‍ഞ്ഞുതിരിഞ്ഞു കിടക്കുക എന്ന‍ീ ലക്ഷണങ്ങൾ കാണിക്കുന്നതു ശ്രദ്ധിക്കണം. ഇവയ്ക്ക് തണുപ്പേകുന്നതിനു കൂട്ടിൽ തണൽ നൽകണം. വെള്ളത്തിൽ മുക്കിയ തുണികൊണ്ട് ദേഹം തണുപ്പിക്കുകയും ശുദ്ധജലം ധാരാളം നൽകുകയും വേണം. ബികോംപ്ലക്സ് മരുന്നുകൂടി വെള്ളത്തിലൂടെ നൽകാം. വേനലിൽ സൂര്യാതപമേറ്റു തളർന്നാൽ ഉടൻ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. ചൂട് കൂടുതലുള്ള സമയത്ത് മുയലുകളെ പുറത്തേക്കു കൊണ്ടുപോകുന്നത് ഒഴിവാക്കണം.

ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ, സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, കോഴ. ഫോൺ: 9447399303