Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീറ്റപ്പുൽകൃഷിക്ക് ഒരുങ്ങാം

wild grass or wildgrass; lemongrass Representative image

ചോദ്യം ഉത്തരംമൃഗസംരക്ഷണം

Q. ഡെയറി ഫാം വിപുലപ്പെടുത്താൻ തയാറെടുക്കുകയാണ് ഞാൻ. തീറ്റപ്പുൽകൃഷിക്ക് ആനുകൂല്യങ്ങൾ ലഭ്യമാണോ. തീറ്റപ്പുൽകൃഷി സംബന്ധിച്ച് അറിയുകയും വേണം.

വി. പ്രഭാകരന്‍ നായര്‍, തലയോലപ്പറമ്പ്

പശുവളർത്തലിന്റെ ചെലവിൽ 70 ശതമാനവും തീറ്റയ്ക്കാണു മുടക്കുന്നത്. പശുവിന്റെ ആരോഗ്യവും മികച്ച പാലുൽപാദനവും ഉറപ്പാക്കാൻ തീറ്റപ്പുല്ല് കൊടുക്കേണ്ടതുണ്ട്. തീറ്റച്ചെലവു കുറയ്ക്കാനും ഇതു സഹായിക്കും.

തെങ്ങിൻതോപ്പിൽ ഇടവിളയായി പുൽകൃഷി ചെയ്യാം. വരമ്പത്തും കനാലിന്റെ ഓരത്തും തരിശായി കിടക്കുന്ന സ്ഥലത്തും പുല്ലു നടാം. നെൽപ്പാടങ്ങളിൽ മൂന്നാം വിളയായി പയർ, ചോളം തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യാം.

ഉൽപാദനം കൂടിയ സി.ഒ–3, സി.ഒ–4 തുടങ്ങിയ തീറ്റപ്പുല്ലിനങ്ങൾ ഇപ്പോൾ ലഭ്യമാണ്. തമിഴ്നാട് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഈയിനങ്ങൾ 15 സെന്റിൽ കൃഷി ചെയ്താൽ ഒരു പശുവിനു ദിവസംതോറും പുല്ല് നൽകാനാകും.

പുല്ല് ഗ്രോബാഗിൽ നട്ടുവളർത്തി പശുവിനു നൽകുന്നവരുമുണ്ട്. പുല്ല് സമൃദ്ധമായുള്ളപ്പോൾ അത് സൈലേജായി സൂക്ഷിച്ചുവയ്ക്കാം. പുല്ല് അരിഞ്ഞെടുത്ത് വലിയ പ്ലാസ്റ്റിക് ജാറിൽ നിറച്ചു ശർക്കര പാനീയം തളിച്ച് വായു കടക്കാതെ കുത്തിനിറച്ച് ജാറിന്റെ മുകൾഭാഗം എത്തുമ്പോൾ വൈക്കോൽ നിരത്തി ഭദ്രമായി അടച്ചുവയ്ക്കുക. പുല്ല് ലഭ്യമല്ലാത്ത കാലത്ത് ഇതു നൽകാം.

പുൽവിത്തു കിളിർപ്പിച്ച് ട്രേയിൽ വളർത്തി കൃത്രിമ വെളിച്ചം നൽകി വളർത്തുന്ന പുതിയ സാങ്കേതികവിദ്യയാണ് ഹൈഡ്രോപോണിക് പുൽകൃഷി.

തീറ്റപ്പുൽകൃഷി വ്യാപിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ക്ഷീരവികസന വകുപ്പ് തീറ്റപ്പുൽകൃഷി വർഷാചരണം നടത്തിവരുന്നു. തീറ്റപ്പുൽകൃഷിക്ക് ധനസഹായവും സൗജന്യമായി പുൽവിത്തും നടീൽവസ്തുക്കളും ക്ഷീരവികസന വകുപ്പ് നൽകുന്നുണ്ട്. ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ഓഫിസുമായി ബന്ധപ്പെടുക. തീറ്റപ്പുൽകൃഷിയിൽ രണ്ടു ദിവസത്തെ സൗജന്യപരിശീലനം മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ പരിശീലനകേന്ദ്രത്തിൽ ലഭിക്കുന്നതാണ്. മണ്ണിനു നനവുള്ള സമയമാണു പുൽകൃഷി തുടങ്ങുന്നതിനു നല്ലത്.

കുളമ്പു തേയ്മാനം

Q. എന്റെ നല്ല കറവയുള്ള എച്ച്എഫ് പശു കുളമ്പു തേയ്മാനം മൂലം നടക്കാൻ ബുദ്ധിമുട്ടുന്നു. എന്തു ചെയ്യണം.

സൂസി മാനുവൽ, അഞ്ചൽ

പാലുൽപാദനം കൂടിയ പശുക്കൾക്ക് കൂടുതൽ ഊർജദായക തീറ്റ വേണം. ധാന്യങ്ങളിലാണ് ഊർജം കൂടുതലുള്ളത്. ഇത് അധികമായി നൽകുമ്പോള്‍ ശരീരത്തിൽ അമ്ലത കൂടും. കൂടിയ അമ്ലാവസ്ഥ കാലിലെ കുളമ്പുകൾക്ക് അടിയിലുള്ള മാർദവമുള്ള കോശങ്ങളെ നശിപ്പിക്കുന്നു. ലാമിനൈറ്റിസ് എന്ന ഈ അവസ്ഥയിൽ വേദനമൂലം ഉരുക്കൾ നടക്കാനുള്ള ബുദ്ധിമുട്ടും തീറ്റമടുപ്പും കാണിക്കുന്നു.

ഇത് ഒഴിവാക്കാൻ

∙ കുളമ്പുകളും അതിനടിയിലുള്ള ചർമവും എല്ലാ ദിവസവും കഴുകി വൃത്തിയാക്കണം. തേയ്മാനം കുറയ്ക്കാൻ കൗ മാറ്റ് ഉപയോഗിക്കുക.

∙ തീറ്റയിലൂടെ വന്നെത്തുന്ന അമ്ലത കുറയ്ക്കാൻ പ്രോബയോട്ടിക് അടങ്ങിയ മരുന്നുകൾ നൽകാം.

∙ സെലനിയം സിങ്ക്, ബയോട്ടിൻ, ചെമ്പ്, അയോഡിൻ, ജീവകം എ എന്നിവ അടങ്ങിയ ധാതുലവണ, ജീവക മിശ്രിതം തീറ്റയിലൂടെ നൽകണം.

∙ വേദനയുള്ള കുളമ്പുഭാഗം 10% വീര്യമുള്ള ഫോർമാലിൻ ലായനിയിൽ മുങ്ങത്തക്കവിധം മരുന്നു പ്രയോഗിക്കുക.

ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ, സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, കോഴ. ഫോൺ: 9447399303