മീൻകുളത്തിലെ മിടുക്കന്മാർ

പ്രവീണും ശ്രീജിത്തും. ഫോട്ടോ: സിദ്ദിഖ് കായി

എഴുപതേക്കറിൽ മീൻ വളർത്തുന്നവർ മിടുക്കന്മാരായിരിക്കണം. എഴുപതു സെന്റിൽ താഴെയുള്ള പാറക്കുളത്തിൽനിന്ന് ഏഴു വർഷംകൊണ്ട് വളർന്നവരാകുമ്പോൾ വിശേഷിച്ചും. എഴുപത് ഏക്കറായാലും സെന്റായാലും ചതുരശ്രമീറ്ററായാലും മീൻകുട്ട നിറയുന്നതിന് ഇത്തിരി മിടുക്കും ഉൽസാഹവുമൊക്കെ വേണമെന്നു തെളിയിക്കുകയാണ് കോട്ടയം പാറമ്പുഴ വെള്ളാറ്റിൽ പ്രവീണും വടവാതൂർ സ്വദേശി പുതുപ്പറമ്പിൽ ശ്രീജിത്തും. വിത്തു മുതൽ വിപണിവരെ മത്സ്യക്കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ നേട്ടമുണ്ടാക്കാനുള്ള ആത്മവിശ്വാസം ഈ ചെറുപ്പക്കാർ നേടിക്കഴിഞ്ഞ‍ു. ഇരുപത്തിയഞ്ചു ലക്ഷം രൂപയിലധികം വെള്ളക്കെട്ടിൽ വിത്തായും വിയർപ്പായും തീറ്റയായും മുടക്കിയ ഇവർക്ക് എത്ര തിരികെ കിട്ടിയെന്നു ചോദിക്കരുത്. ശ്രദ്ധയുണ്ടെങ്കിൽ മൂന്നിരട്ടി ആദായം ഉറപ്പാണെന്നു ശ്രീജിത്ത് പറഞ്ഞതിൽ അതിനുള്ള ഉത്തരമുണ്ട്.

വായിക്കാം ഇ - കർഷകശ്രീ

ഏഴു വർഷം മുമ്പ് പ്രവീൺ ഗൾഫിൽ മെക്കാനിക്കൽ എൻജിനീയറായിരുന്നു. ശ്ര‍ീജിത്ത് ടാറ്റാ മോട്ടോഴ്സിൽ ഉദ്യേഗസ്ഥനും. മത്സ്യങ്ങളോടുള്ള താൽപര്യം മൂലമാണ് ജോലിക്കിടയിലും ഒരു പാറമട പാട്ടത്തിനെടുത്ത് ശ്രീജിത്ത് മീൻ വളർത്തി തുടങ്ങിയത്. സംഗതി കൊള്ളാമെന്നു കണ്ടതോടെ നാട്ടിലെ നാല് പാറക്കുളങ്ങളിൽകൂടി മീൻ നിക്ഷേപിച്ചു. നാട്ടിൽ തിരിച്ചെത്തിയ പ്രവീണും ഇക്കാലത്ത് സ്വന്തം സ്ഥലത്ത് മീൻവളർത്തൽ തുടങ്ങിയിരുന്നു. വിവിധ ബിസിനസ് സാധ്യതകൾ പഠിക്കുന്നതിനിടെ മത്സ്യക്കൃഷിയുടെ മെച്ചങ്ങൾ ഇരുവരും ചർച്ച ചെയ്തു. മറ്റേതൊരു ബിസിനസിനും കുറഞ്ഞത് മുപ്പതുലക്ഷം രൂപ മുതൽ മുടക്കി 4–5 വർഷം കാത്തിരുന്നാലേ ആദായം കിട്ടിത്തുടങ്ങുകയുള്ളൂ. എന്നാൽ താരതമ്യേന കുറഞ്ഞ മുതൽമുടക്ക് മതിയെന്നതും ആദ്യവർഷംതന്നെ ആദായം നേടിത്തുടങ്ങാമെന്നതും മത്സ്യക്കൃഷിയിൽ മുതൽ മുടക്കാൻ പ്രവീണിനെ പ്രലോഭിപ്പിച്ചു. കരംകോർത്തു വെള്ളത്തിലിറങ്ങിയാൽ കൈനിറയെ പണം നേടാമെന്ന തിരിച്ചറിവ് ഇരുവരെയും പങ്കാളികളാക്കി. മൂന്നു വർഷം മുമ്പ് മീനച്ചിൽ ഫിഷ് ഫാം തുടങ്ങിയത് അങ്ങനെയായിരുന്നു.

പടുതക്കുളത്തിലെ നഴ്സറി. ഫോട്ടോ: റോക്കി ജോർജ്

മൂന്നു തരത്തിലാണ് മീനച്ചിൽ ഫിഷ് ഫാം ഇപ്പോൾ വരുമാനം കണ്ടെത്തുന്നത് മത്സ്യക്കൃഷി, മത്സ്യവിത്ത് വിപണനം, കൺസൾട്ടൻസി. പാറമ്പുഴയിലെ നഴ്സറിക്കുളങ്ങൾക്കു പുറമേ, രണ്ടിടങ്ങളിലായാണ് ഇപ്പോൾ ഇവരുടെ മീൻവളർത്തൽ. കോട്ടയം അയ്മനം പഞ്ചായത്തിലെ പരിപ്പ് തൊള്ളായിരം ചിറയിലെ കിഴക്കേഭാഗം ഗാർഡൻസാണ് ഇവയിലൊന്ന്. ഡിഡിആർസി ലാബ് ഉടമ എൽസി ജോസഫിൽനിന്ന് ഈ സ്ഥലം വാടകയ്ക്കെടുത്തിട്ടു രണ്ടു വർഷമായി. കായ്ഫലമുള്ള തെങ്ങുകൾ നിറഞ്ഞ ചിറകളും അവയ്ക്കിടയിൽ സമാന്തരമായി കിടക്കുന്ന 25 കാനകളും മത്സ്യക്കൃഷിക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു. തുടക്കം തിരിച്ചടിയോടെയായിരുന്നു. കഴിഞ്ഞ വർഷം വിവിധ ഇനത്തിൽപെട്ട ഒരു ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷ‍േപിച്ചെങ്കിലും അമ്ലത, ഉപ്പുവെള്ളം, നീർനായ എന്നിവമൂലം ഏറെ മീൻ നഷ്ടമായി. എന്നാൽ ഈ തിരിച്ചടി പാഠമാക്കിയ ഇവർ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തി കൃഷി തുടരുകയാണിവിടെ.

കൈതക്കെട്ടു പാടത്തെ മത്സ്യകൃഷിക്കായുള്ള നഴ്സറി

ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ തിരിച്ചടി നീർനായകളിൽനിന്നായിരുന്നു. അവയെ തുരത്താൻ ഫാമിനു ചുറ്റും സൗരോർജ വൈദ്യുതിവേലി തീർത്തുവരികയാണ്. ഇതിനുമാത്രം രണ്ടര ലക്ഷം രൂപ ചെലവഴിച്ചു. ആഴം കൂട്ടാനായി മണ്ണിളക്കിയപ്പോൾ‌ പുളിരസം (അമ്ലത) വർധിച്ചതായിരുന്നു മറ്റൊരു പ്രയാസം. അമ്ലതയും ഉപ്പുരസവുമൊഴിവാക്കാൻ കാനകൾക്കു കുറുകെ അര കിലോമീറ്റർ നീളത്തിൽ പുതിയൊരു തോട് തന്നെ ഇവർ നിർമിച്ചു. മീനച്ചിലാറ്റ‍ിൽനിന്നുള്ള ശുദ്ധജലം സദാ കയറിയിറങ്ങി വെള്ളത്തിന്റെ നിലവാരം മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇത്തരം തിരുത്തലുകളിലൂടെ വരും മാസങ്ങളിൽ ഈ ഫാമിൽനിന്ന് മികച്ച ആദായം ഉറപ്പാക്കാമെന്ന് ഇവർ കരുതുന്നു. ഉപ്പും പുളിയുമൊക്കെ അതിജീവിക്കുന്ന തായ്‍ലൻഡ് തിലാപ്പിയയാണ് ഇവിടെ ഇനി വളർത്തുക. ആറു മാസംകൊണ്ട് അര കിലോ തൂക്കം വയ്ക്കുന്ന ഈയിനത്തിന്റെ കുഞ്ഞുങ്ങളെ വിൽക്കുന്നുമുണ്ട്. കഴിഞ്ഞ വർ‌ഷം നിക്ഷേപിച്ച കാർപ്പിനങ്ങളും നട്ടറും കൊഞ്ചും കരിമീനും തിലാപ്പിയയുമൊക്കെ വിളവെടുത്ത‍ു.

മത്സ്യവിത്ത് വിപണനവും മികച്ച വരുമാനം

കോട്ടയം വിജയപുരം പഞ്ചായത്തിലെ കൈതക്കെട്ടു പാടമാണ് മറ്റൊരു കൃഷിയിടം. എട്ടു വർഷമായി തരിശുകിടക്കുന്ന 630 ഏക്കർ പാടശേഖരത്തിലെ 35 ഏക്കർ സ്ഥലമാണ് ഇവർ വാടകയ്ക്കെടുത്ത് ഒരു നെല്ലും മീനും പദ്ധതിപ്രകാരം മത്സ്യക്കൃഷി നടത്തുന്നത്. സമീപവാസികളായ ചെറുപ്പക്കാരുടെ സ്വാശ്രയസംഘം രൂപീകരിച്ചാണ് പാടങ്ങളിലെ മത്സ്യക്കൃഷ‌ി നടത്തുകയെന്നു പ്രവീൺ പറഞ്ഞ‍ു. മത്സ്യക്കൃഷി കഴിഞ്ഞാലുടൻ നെല്ല് വിതയ്ക്കാൻ ഉദ്ദേശിക്കുന്ന പാടശേഖരത്തിനു മോട്ടറും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഏർപ്പെടുത്താൻ ഒരു നെല്ലും ഒരു മീനും പദ്ധതി സഹായിക്കുന്നു. ഇവിടെ നിക്ഷേപിക്കാനുള്ള കാർപ്പിനങ്ങളുടെയും അനാബസിന്റെയും വിത്തും തീറ്റയും ജലക്കൃഷി വികസന ഏജൻസിയായ അഡാക് നൽകി. കോട്ടയം ജില്ലയിലെ മത്സ്യക്കർഷക ഏജൻസിയുടെ എല്ലാ പിന്തുണയും കിട്ടുന്നുണ്ടെന്ന് പ്രവീണും ശ്ര‍ീജിത്തും പറഞ്ഞു. കോട്ടയം ജില്ലയിലെ ആറ് പാറക്കുളങ്ങളാണ് വാടകയ്ക്കെടുത്ത് മീൻ വളർത്തുന്നത്.

മത്സ്യവിത്ത് വളർത്തി നിശ്ചിത വലുപ്പമെത്തിച്ചശേഷം വളർത്ത‍ുകാർക്ക് നൽകുന്ന ബിസിനസിലും ഇവർ നേട്ടങ്ങളുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്ത് ദുർലഭമായ തായ്‍ലൻഡ് തിലാപ്പിയ മുതൽ ഗിഫ്റ്റ്, കരിമീൻ, അനാബസ്, മലേഷ്യൻവാള, കാർപ്പ് ഇനങ്ങൾ, നട്ടർ‌, ആറ്റുകൊഞ്ച് എന്നിവയുടെയെല്ലാം കുഞ്ഞുങ്ങളെ ഇവർ‌ വിൽക്കുന്നു. കൊൽക്കത്തയിൽനിന്നു മത്സ്യവിത്ത് വാങ്ങിയിരുന്ന ഇവർ ഇപ്പോൾ തായ്‍ലൻഡിൽനിന്നാണ് എത്തിക്കുന്നത്. മത്സ്യവിത്ത് വിമാനത്താവളത്തിലെത്തുമ്പോൾ മുതൽ വാങ്ങാനാളുകളുണ്ടെന്ന് പ്രവീൺ പറഞ്ഞു. ഇപ്രകാരം വാങ്ങുന്നവർക്ക് വില കുറച്ചു നൽകും. ബാക്കിയുള്ളവയെ സൂക്ഷിക്കാനായി പാറമ്പുഴയിൽ നഴ്സറിയുമുണ്ട്. ഇവിടുത്തെ പടുതക്കുളങ്ങളിൽ വിവിധ പ്രായത്തിലുള്ള മീൻവിത്ത് സദാ ഉണ്ടായിരിക്കും. പ്രതിമാസം ശരാശരി ഒന്നര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ വിൽക്കാറുണ്ടെന്നു ശ്രീജിത്ത് പറഞ്ഞു. ജയന്റ് ഗൗരാമിയുടെ പ്രജനനം നടത്തി കുഞ്ഞുങ്ങളെ വിൽക്കുന്ന ഇവർ അനാബസ്, വരാൽ എന്നിവയുടെ കൃത്രിമപ്രജനനം നടത്താനുള്ള പരീക്ഷണങ്ങളിലാണിപ്പോൾ. വൈകാതെതന്നെ ഇതിലും നേട്ടമുണ്ടാക്കാമെന്ന് ഇരുവർക്കും ഉറപ്പുണ്ട്.

കൺസൾട്ടൻസിയാണ് മറ്റൊരു പ്രവർത്തനം. മീനച്ചിൽ ഫിഷ് ഫാമിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ചെറുതും വലുതുമായ ഒട്ട‍േറെ മത്സ്യക്കൃഷി സംരംഭങ്ങൾ സംസ്ഥാനത്തുണ്ട്. ഓരോ സംരംഭകന്റെയും സാഹചര്യമനുസരിച്ചാണ് ഇതിനു ധാരണയുണ്ടാക്കുക. കുളം കൃഷിയോഗ്യമാക്കുന്നതു മുതൽ വിപണനം വരെ മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഏറ്റെടുത്തു നടത്താനും സന്നദ്ധം. മത്സ്യക്കൃഷിയിൽ ആദായം കൂടുതലായതിനാൽ നഷ്ടസാധ്യതയും കൂടുമെന്ന് ശ്രീജിത്തും പ്രവീണും ചൂണ്ടിക്കാട്ടി. എല്ലാ ദിവസവും അൽപസമയമെങ്കിലും മീൻകുളങ്ങൾ നിരീക്ഷിക്കുകയും ആവശ്യമായ നടപടിയെടുക്കുകയും ചെയ്താൽ വലിയ കഷ്ടപ്പ‍ാടില്ലാതെ മികച്ച വരുമാനം ഉറപ്പാക്കാം. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കാര്യങ്ങൾ മാറിമറിയും.

ഫോൺ – 8907448014 (ശ്രീജിത്ത്)

9656417211 (പ്രവീൺ)