ക്ഷീരകൃഷിയുടെ രസതന്ത്രം അറിഞ്ഞ ആഷ്​ലിക്കു പുരസ്കാരനേട്ടം

മികച്ച ക്ഷീരകർഷക സംസ്ഥാന അവാർഡ് നേടിയ ആഷ്​ലി ജിജു

അധ്യാപകജോലി ഉപേക്ഷിച്ചാണ് ആഷ്‌ലി ജിജു നാലര വർഷം മുൻപു ക്ഷീരകൃഷിയിലെത്തിയത്. 70 പശുക്കളടങ്ങുന്ന വലിയ ഫാമുണ്ട് ആഷ്​ലിക്ക്. സംസ്ഥാനത്തെ മികച്ച ക്ഷീരകർഷക എന്ന ബഹുമതി സ്വന്തമാക്കുമ്പോൾ വഴിമാറിയ ഇഷ്ടവും അതിന്റെ രസതന്ത്രവുമാണ് ആഷ്​ലിയുടെ മനസ്സിൽ. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ള ആഷ്​ലി കൂത്താട്ടുകുളം ഡിപോൾ പബ്ലിക് സ്കൂളിലെ ഹയർ സെക്കൻഡറി അധ്യാപനം വിട്ടാണ് ഈ വേറിട്ട വഴി കണ്ടെത്തിയത്.

ഇപ്പോൾ 70 പശുക്കളുണ്ട്. 34 എണ്ണമാണു കറവയുള്ളത്. 350 ലീറ്റർ പാലാണു പ്രതിദിനം കറന്നെടുക്കുന്നത്. ഇതു പെ‍ാതുവിപണിയിലും ക്ഷീരസംഘത്തിലുമായി വിറ്റഴിക്കും. രണ്ടു ചെറുവാഹനങ്ങളിൽ ആഷ്​ലി സ്വയം ഡ്രൈവ് ചെയ്താണു വിതരണം. വീടുകൾ, സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലാണു വിൽപന. പാൽ വിതരണം നടത്തി മടങ്ങുന്നതിനിടെ കാലിത്തീറ്റയും മറ്റും അതേ വാഹനത്തിൽത്തന്നെ വീട്ടിലെത്തിക്കും. എച്ച്എഫ്, ജേഴ്സി ക്രോസ്, ഗീർ, നാടൻ ക്രോസ് ഇനങ്ങളാണു ഫാമിൽ.

പശുക്കളെ കറക്കുന്നതിന് യന്ത്രസഹായവുമുണ്ട്. നാലു നേപ്പാൾ സ്വദേശികളാണു സഹായികൾ. അമ്മ മേരി ജോൺ പിന്തുണയേകി സദാ കൂടെയുണ്ട്. കഴിഞ്ഞ വർഷം കോട്ടയം ജില്ലയിലെ മികച്ച ക്ഷീരകർഷക അവാർഡ് ലഭിച്ചിരുന്നു. സംസ്ഥാന സർക്കാർ ഗ്രീൻ ടൂറിസം പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ ഭർത്താവ് ജിജു ജോസ് ആണ് ആഷ്​ലിക്കു വലിയ കരുത്ത്. ഏകമകൾ ബിയ ജെ.മെർലിൻ ബിരുദ വിദ്യാർഥിയാണ്.