പാട്ടിന് അവധി നൽകി, ആടുകളോട് കൂട്ടുകൂടി, പുരസ്കാരം വീട്ടിലെത്തി

മികച്ച യുവ കർഷകനുള്ള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ അവാർഡ് നേടിയ സോജൻ ജോർജ് കൃഷിയിടത്തിൽ ആടുകളുമായി.

സംഗീതജീവിതത്തിന് അവധി നൽകിയാണ് സോജൻ ജോർജ് ആടുവളർത്തലിലേക്കു തിരിഞ്ഞത്. മികച്ച യുവകർഷകനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ അവാർഡ് സോജനെ തേടിയെത്തുമ്പോൾ അതൊരു മധുരഗാനംപോലെ സുന്ദരം. മുണ്ടക്കയം പുലിക്കുന്ന് തുണ്ടിയിൽ പരേതനായ വർഗീസിന്റെ മകനായ സോജൻ സംഗീത പരിപാടികളിൽ കീബോർഡിസ്റ്റ് ആയിരുന്നു.

മൂന്നു വർഷം മുൻപാണു വ്യാവസായിക അടിസ്ഥാനത്തിൽ ആടുവളർത്തൽ ആരംഭിച്ചത്. ആടുകളെ വളർത്താനും തീറ്റ നൽകാനും അനുയോജ്യമായ വനാതിർത്തിയിലാണു വീടെന്നതു ഗുണമായി. വീടിനു സമീപത്തെ 60 സെന്റ് സ്ഥലത്ത് 20 ലക്ഷം രൂപ മുടക്കിയാണു ഫാം തുടങ്ങിയത്. പല അറകളിലായി വൃത്തിയോടെ ആധുനിക രീതിയിലാണു കൂടുകൾ.

കേരളത്തിന്റെ തനത് ഇനമായ നൂറിലധികം മലബാറി ആടുകൾ ഇവിടെയുണ്ട്. പാൽ വിൽപനയും ഇറച്ചി വിൽപനയും ഒഴിവാക്കി കുട്ടിയാടുകളെ കൂട്ടമായി വിറ്റാണു വരുമാനം കണ്ടെത്തുന്നത്. മാതാവ് റോസമ്മയും ഭാര്യ സിസിയും സഹായത്തിനുണ്ട്. വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിന്റെ നേതൃത്വത്തിൽ മൃഗാശുപത്രിയിൽനിന്നുള്ള പൂർണപിന്തുണയുണ്ട്. നൂറിലധികം ആടുകളിൽ മിക്കവയ്ക്കുമുണ്ട് വിളിപ്പേരുകൾ.

ഏറ്റവും സുന്ദരിയായ ഷീല മുതൽ, കറുത്തമ്മ, ചാരക്കൊമ്പി, അമ്മിണി, വെള്ളമ്മ, മുട്ടനാടുകളിൽ വില്ലന്മാരായ ബുഷ്, ക്ലിന്റൻ എന്നിങ്ങനെയാണു പേരുകൾ. എച്ച്എഫ് ബ്രീഡ് ഇനത്തിൽപെട്ട ആറു പശുക്കളുമുണ്ട് ഇക്കൂട്ടത്തിൽ. പുലിക്കുന്ന് ക്ഷീരസംഘത്തിന്റെ പ്രസി‍ഡന്റാണു സോജൻ. മൃഗസംരക്ഷണ – പരിപാലനത്തിലെ താൽപര്യം പുരസ്കാരനേട്ടത്തിൽ എത്തിയതിൽ ആഹ്ലാദമേറെയുണ്ട് സോജനും കുടുംബത്തിനും. ഒട്ടേറെപ്പേർ പഠനാർഥം സോജന്റെ ഫാമിലെത്താറുണ്ട്.