പോൾ മാത്യുവിന്റെ ഏദന്‍

പോൾ മാത്യു കൃഷിയിടത്തിൽ.

ഇവിടെ വിളയാത്ത കൃഷിയില്ല, വളരാത്ത പക്ഷിമൃഗാദികളില്ല ഐടി വിളയുന്ന കാക്കനാടിന്റെ മണ്ണിൽ എല്ലാ കൃഷിയും ഒരുപോലെ വിളയും. ഇതിനു തെളിവാണു എറണാകുളം തുതിയൂർ ചക്കാലക്കൽ പോൾ മാത്യുവിന്റെ കൃഷിയിടം. 90 സെന്റ് പുരയിടത്തിൽ വിളയാത്ത കൃഷിയില്ല. വളരാത്ത പക്ഷിമൃഗാദികളുമില്ല.

പക്ഷിമൃഗാദികൾ, മത്സ്യങ്ങളും

പാലും പശുവുമാണു പോൾ മാത്യുവിന്റെ ഇഷ്ട ഇനം. ആട്, കോഴി, മുയൽ, താറാവ്, നായ്ക്കൾ, മീൻ, പ്രാവ് തുടങ്ങി ലൗ ബേർഡ്സ് വരെയുണ്ട്. പക്ഷിമൃഗാദികൾക്കു പോളിന്റെ ഈ പുരയിടം സുഖവാസ കേന്ദ്രമാണ്. പച്ചക്കറിയും ചോളവുമെല്ലാം വിളഞ്ഞു നിൽക്കുന്നതാണു കൃഷിയിടം. സിനിമാ താരങ്ങൾ മുതൽ കാർഷിക വിദ്യാർഥികൾ വരെ ഇവിടത്തെ പതിവു സന്ദർശകരാണ്. ചോളം നേരിട്ടു പശുക്കൾക്കു നൽകുന്നതിനേക്കാൾ പോഷകം മുളപ്പിച്ചു നൽകുന്നതാണെന്ന അറിവാണു ധാന്യം മുളപ്പിക്കുന്ന നഴ്സറി തുടങ്ങാൻ പോളിനെ പ്രേരിപ്പിച്ചത്.

ഒന്നര വർഷമായി ഇവിടെ മുളപ്പിക്കുന്ന ധാന്യമാണു പോളിന്റെ ഫാമിലെ പശുക്കളുടെ പോഷകാഹാരം. മുളപ്പിച്ച ധാന്യം നൽകിയാൽ ഏഴു ശതമാനം വരെ പ്രോട്ടീൻ കൂടുമത്രെ. മക്കച്ചോളവും മണിച്ചോളവുമാണു പോൾ മാത്യുവിന്റെ ഫാമിലുള്ളത്.

ഹൈടെക് തൊഴുത്ത്

41 പശുക്കളുണ്ട് ഫാമിൽ. വിശാലമായ തൊഴുത്ത്. വൃത്തിയാക്കാൻ തൊഴിലാളികൾ. പശുക്കൾക്കു പുല്ലു ചെറുതാക്കി മുറിച്ചു നൽകാൻ യന്ത്രം. പശുവിനെ കറക്കാനുമുണ്ടു യന്ത്രം. പശുക്കൾ മാത്രമല്ല, ആടുകളുമുണ്ട് ഫാമിൽ.  രാജസ്ഥാനിൽനിന്നു കൊണ്ടുവന്ന ഷിരോഹി ആടുകളാണ് കൂട്ടത്തിലെ ആകർഷണം. കൃഷിയിടത്തേക്കുള്ള മണ്ണിരക്കമ്പോസ്റ്റും സാധാരണ കമ്പോസ്റ്റും യഥേഷ്ടമുണ്ടാക്കുന്നുണ്ട്. മഴക്കാലമായതിനാൽ ഗോമൂത്രം കൊണ്ടുള്ള വളം നിർമാണ യൂണിറ്റ് സജീവമല്ല.

അക്വേറിയത്തിലെ പ്രവാചകൻ

ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കുമെന്നു പറയുന്ന ‘അരോണ’ മൽസ്യമാണ് പോൾ മാത്യുവിന്റെ അക്വേറിയത്തിലെ താരം. ആകാശത്തു കാറും കോളും കണ്ടാൽ അരോണ അക്വേറിയത്തിലെ വെള്ളം ഇളക്കി പുളഞ്ഞു ബഹളം വയ്ക്കും. വലിയ കാറ്റടിക്കുന്ന വേളയിലൊക്കെ മിനിറ്റുകൾക്കു മുമ്പ് അരോണ ബഹളം തുടങ്ങുമെന്നു പോൾ പറയുന്നു.

ചൈനക്കാരനായ അരോണയുടെ ഭക്ഷണവും ചെറുമീൻ തന്നെ. മീനുകളെ ജീവനോടെ ഇട്ടു കൊടുത്താൽ പെരുത്തു സന്തോഷം. പോളിന്റെ കാർഷിക പ്രണയത്തോടൊപ്പം കുടുംബം ചേർന്നു നിൽക്കുന്നു. ഭാര്യ ജസ്റ്റി പോൾ പക്ഷിമൃഗാദികൾക്കൊപ്പവും കൃഷിയിടത്തിലും പരിപാലനത്തിനുണ്ട്. ഏകമകൻ ജെറിൻ പോളും ബിരുദ പഠനം പൂർത്തിയാക്കി പിതാവിന്റെ  കൂടെയുണ്ട്. മകന്റെ ഭാര്യ ആഷിനും കൃഷിതൽപര തന്നെ.