Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുട്ട പൊട്ടി, പൊട്ടിയില്ല

egg-sales-counter ബാങ്കിനു മുന്നിലെ റോഡരികിൽ മുട്ടവിൽപന

വിഷണ്ണരായിരിക്കുന്നവരോട് നാട്ടുമ്പുറത്തുകാർ ചോദിക്കും, 'എന്താ ചേട്ടാ, മുട്ടക്കച്ചവടത്തിൽ നഷ്ടം പറ്റിയപോലെ ഇരിക്കുന്നെ...?'

പറ്റിയതെന്തോ ആവട്ടെ, ഒരു കാര്യം വ്യക്തം, എളുപ്പത്തിൽ നഷ്ടം സംഭവിക്കാവുന്ന സംരംഭമാണ് പണ്ടേ മുതൽ മുട്ടക്കച്ചവടം. വണ്ടി ഗട്ടറിൽ വീണ് മുട്ട പൊട്ടിപ്പോകാം. വായ്പയായി മുട്ട വാങ്ങിയവർ കിട്ടിയത് ചീമുട്ടയായിരുന്നെന്നു വാദിച്ച് വില നൽകാതിരിക്കാം. ഇതൊക്കെ പണ്ടത്തെ ചില്ലറ മുട്ടക്കച്ചവടത്തിന്റെ കഥയും കാരണങ്ങളും.

കാലം മാറി, പ്രതിദിനം ലക്ഷക്കണക്കിനു മുട്ടയും കോടികളുടെ ഇടപാടും നടക്കുന്ന വിപണിയാണിന്നു കേരളം. എല്ലാറ്റിന്റെയും നിയന്ത്രണം തമിഴ്നാട്ടുകാരുടെ കൈയിലാണെന്നു മാത്രം. അവരോടു മത്സരിക്കാനൊന്നുമല്ല, ഇത്ര വലിയ വിപണിയുടെ ചെറിയൊരു പങ്കു നേടാനായാൽ കുറെ കുടുംബങ്ങൾക്കു വരുമാനവുമാകുമല്ലോ എന്ന ചിന്തയിലാണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് 'മുട്ടഗ്രാമം' പദ്ധതി തുടങ്ങിയത്.

പദ്ധതിയുടെ ഗുണഭോക്താക്കളായി അഞ്ചു സ്ത്രീകൾ ഉൾപ്പെടുന്ന 27 ഗ്രൂപ്പുകൾ രൂപീകരിച്ചു. കുടുംബശ്രീ യൂണിറ്റുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഗ്രൂപ്പിൽ അംഗങ്ങളായത്. കുടുംബശ്രീ പദ്ധതികളുമായി ബന്ധപ്പെട്ടു മുൻകാലങ്ങളിൽ ഇവർ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളിലെ കൃത്യതയായിരുന്നു ഗുണഭോക്താവാകാനുള്ള മാനദണ്ഡം. ഓരോ അംഗത്തിനും 29,000 രൂപ വീതം ഗ്രൂപ്പിന് 1,45,000 രൂപ മിതമായ പലിശനിരക്കിൽ ബാങ്ക് വായ്പ അനുവദിച്ചു. 10,000 രൂപ സബ്സിഡി നൽകി പഞ്ചായത്തും പിന്തുണയേകി.

വായിക്കാം ഇ - കർഷകശ്രീ 

അംഗങ്ങൾക്ക് ഓരോരുത്തർക്കും 50 വീതം മുട്ടക്കോഴികളും കൂടും ഒരു മാസത്തേക്കുള്ള തീറ്റയും ഇൻഷുറൻസ് പരിരക്ഷയും 29,000 രൂപയ്ക്കുള്ളിൽ ബാങ്ക് ഉറപ്പാക്കി. വായ്പ തിരിച്ചടയ്ക്കാൻ രണ്ടു മാസം ഇടവേളയും അനുവദിച്ചു.

50 മുട്ടക്കോഴി വളർത്തുന്ന ഒരംഗത്തിന് ദിവസം ശരാശരി 40 മുട്ട ലഭിക്കും. നാടൻ മുട്ടയായതിനാൽ പ്രാദേശികവിപണിയിൽ ഒന്നിന് അഞ്ചുരൂപ ഉറപ്പ്. അതായത് ഒരാൾക്ക് ദിവസം ശരാശരി 200 രൂപ വരുമാനം. മാസം 6000 രൂപ. തിരിച്ചടയ്ക്കേണ്ട മാസഗഡു 1250 രൂപ. എങ്കിലുമുണ്ട് ബാക്കി 4,750 രൂപ.

പദ്ധതിപ്രകാരം കോഴിയും കൂടും വിതരണം ചെയ്തു. കോഴികൾ മുട്ടയിട്ടു തുടങ്ങി. കിലുക്കത്തിൽ ഇന്നസെന്റിന്റെ കിട്ടുണ്ണിയേട്ടൻ ലോട്ടറി ടിക്കറ്റ് നമ്പർ നോക്കുംപോലെ 'ഇതുവരെ വളരേ...ശരിയാണ്...'

മുട്ടയുൽപാദനം തുടങ്ങിയതോടെയാണ് കളം മാറിയത്. ഒരു യൂണിറ്റിൽ നിന്നു ശരാശരി 200 മുട്ട വീതം ദിവസം 5,400 മുട്ടകൾ! അയൽപക്കത്തും കടകളിലുമെല്ലാം വിറ്റിട്ടും അംഗങ്ങളുടെ കൈകളിൽ മുട്ട ബാക്കി. വിപണി ലഭിക്കാതെ മുട്ട ചീമുട്ടയാവുന്ന ദുരവസ്ഥ. കഞ്ഞിക്കുഴി മുട്ട ഉൽപാദനത്തിൽ സ്വയംപര്യാപ്തമാകുന്നുവെന്നറിഞ്ഞതോടെ തമിഴ്നാട്ടിൽ നിന്നുള്ള മുട്ട ലോബി മറ്റൊരു പ്രഹരം കൂടി ഏൽപിച്ചു, ഒന്നിനു മൂന്നര രൂപയ്ക്ക് കടകളിൽ മുട്ട ലഭ്യമാക്കി.

പദ്ധതി പരാജയത്തിലേക്കു വഴുതി വീഴുമെന്ന ഘട്ടം. നമ്മുടെ വിപണന സംവിധാനങ്ങളുടെ പോരായ്മകളെക്കുറിച്ചും അതു മുൻകൂട്ടിക്കണ്ട് സ്വീകരിക്കേണ്ടിയിരുന്ന മുന്നൊരുക്കങ്ങളെക്കുറിച്ച‍ും ഈ ഘട്ടത്തിലാണ് മനസ്സിലായതെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ.

''ഉൽപാദനമല്ല, വിപണനമാണ് കാർഷിക സംരംഭങ്ങൾ ഇന്നു നേരിടുന്ന മുഖ്യ വെല്ലുവിളിയെന്ന് സംരംഭകർക്ക് ഉത്തമബോധ്യമുണ്ടാവണം, വിശേഷിച്ചും, പാലും പച്ചക്കറിയും പഴങ്ങളും മുട്ടയും പോലെ സൂക്ഷ‍ിപ്പുകാലം തീരെക്കുറഞ്ഞ വിഭവങ്ങൾ ഉൽപാദിപ്പിച്ച ശേഷം മാത്രം വിപണനത്തെക്കുറിച്ചു ചിന്തിച്ചാൽ പെട്ടുപോകും.

രണ്ടാമത്തെ പ്രശ്നം, കാർഷികവിഭവങ്ങളുടെ കാര്യത്തിൽ ചെറുകിട ഉൽപാദകരെല്ലാം പ്രാദേശിക വിപണിയെ മാത്രം ആശ്രയിക്കുന്നവരാണ് എന്നുള്ളതാണ്. ഉൽപാദനം വർധിക്കുമ്പോൾ വിലയിടിവുണ്ടാവുക സ്വാഭാവികം. കഞ്ഞിക്കുഴിയിൽ പതിനെട്ടു വാർഡുകളുണ്ടെങ്കിലും പദ്ധതിയിലേക്കു തിരഞ്ഞെടുത്ത 27 ഗ്രൂപ്പുകൾ നാലോ അഞ്ചോ വാർഡുകളിൽ മാത്രം ഒതുങ്ങിയിരുന്നു. ഒരു വാർഡിൽ മാത്രം എട്ടു ഗ്രൂപ്പുകൾ വരെ പ്രവർത്തിക്കുന്ന സാഹചര്യമുണ്ടായി. ഫലത്തിൽ 400 കുടുംബങ്ങൾ മാത്രം പാർക്കുന്ന ഇത്തിരി വട്ടത്തിൽ ദിവസം 1600 മുട്ടകളുടെ ഉൽപാദനം. ഈ പിഴവ് ബോധ്യപ്പെട്ടതാകട്ടെ വിപണനഘട്ടത്തിലും.

മൂന്നര രൂപയ്ക്ക് കടകളിൽ മുട്ട ലഭിക്കുമ്പോൾ അഞ്ചു രൂപയ്ക്ക് മുട്ട വാങ്ങാൻ സാധാരണക്കാർ തയാറാവില്ല. വില കുറച്ചു വിറ്റാൽ മുതലാവുകയുമില്ല.

കാർഷിക പരീക്ഷണങ്ങളുടെ പാഠശാലയായ കഞ്ഞിക്കുഴിയിലെ സംരംഭകർ പക്ഷേ പിൻവാങ്ങാൻ ഒരുക്കമല്ല. ഹൈവേയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന കഞ്ഞിക്കുഴി ബാങ്ക്, സംരംഭകരുടെ പക്കൽ ബാക്കി വരുന്ന മുട്ട അന്നന്നുതന്നെ സംഭരിച്ച് ഹൈവേയിൽ കൗണ്ടറിട്ട് വിൽപനയ്ക്കു വച്ചു. പത്രമാധ്യമങ്ങളിലൂടെ നാടൻ മുട്ടയുടെ ഗുണങ്ങളെക്കുറിച്ച് വ്യാപക പ്രചാരവും നൽകി. ദിവസം 1000–1500 മുട്ടകൾ വീതം കൗണ്ടറിലൂടെ ഇപ്പോൾ വിറ്റുപോകുന്നു. തുടർന്ന് വാർഡുകളിൽ തന്നെ സംഭരണകേന്ദ്രങ്ങൾ തുറന്നുകൊണ്ട് സംരംഭകരുടെ അനുബന്ധച്ചെലവുകൾ ഒഴിവാക്കിയ ബാങ്ക് എറണാകുളത്തുനിന്നും തിരുവനന്തപുരത്തുനിന്നുമെല്ലാം മൊത്ത സംഭരണത്തിന് ചില ഓർഡറുകളും നേടി.

ഇപ്പോൾ പിടിച്ചു നിൽക്കാം. എന്നാലതു പോരാ, സ്ഥിരവിപണി വേണം. കഞ്ഞിക്കുഴി ബ്രാൻഡിലൂടെ അത് നേടാനും നിലനിർത്താനും വിപുലീകരിക്കാനുമാണ് അടുത്ത ശ്രമം. പത്രവാർത്തകളിലൂടെയും മറ്റും പ്രചാരം നൽകി എന്നും വിൽപന സാധ്യമാവില്ല. സ്ഥിരതയുള്ള ഒരു സംഭരണവിപണന സംവിധാനത്തിന് സർക്കാർ പിന്തുണ കൂടിയുണ്ട‍ായാൽ ഞങ്ങൾ ലക്ഷ്യം നേടുകതന്നെ ചെയ്യും. ഇതാണ് ഞങ്ങൾ പഠിച്ച പാഠം.'' സന്തോഷ്കുമാർ വ്യക്തമാക്കുന്നു.

ഫോൺ: 9447463668 

Your Rating: