വരവായി വാർഷികപ്പൂക്കൾ

ഉദ്യാനത്തിലെ പകൽപ്പൂരം

പൂന്തോട്ടത്തിൽ വർണപ്പൂരമൊരുക്കി മിന്നിമറയുന്ന വാർഷിക പൂച്ചെടികൾ എന്നും ഉദ്യാനപാലകരുടെ ഹരമാണ്. വീട് പണിയുന്നതിനൊപ്പം ഉദ്യാനമൊരുക്കുന്ന രീതിയാണ് ഇന്നുള്ളത്. അപ്പോൾ നടുന്ന അലങ്കാരപ്പനകളും മരങ്ങളും കുറ്റിച്ചെടികളും മറ്റും വീടുമാറ്റമാകുമ്പോഴേക്കും നല്ല വളർച്ചയെത്തണമെന്നില്ല. ഉദ്യാനം അപ്പോൾ ആകർഷകവുമായിരിക്കില്ല. അതിനാൽ ആഘോഷവേളയിൽ പൂന്തോട്ടത്തിനു വർണപ്പകിട്ടേകാൻ വാർഷികപ്പൂച്ചെടികൾ തന്നെ വേണം.

ഫ്ളവർഷോകളുടെ മുഖ്യ ആകർഷണം ഏകവർഷ പുഷ്പിണികൾ ഉപയോഗിച്ചു തയാറാക്കിയ പവിലിയനുകളാണ്. ഇതിനായി തൂവെള്ള മുതൽ കടുംചുവപ്പ്, നീല നിറങ്ങളിൽ പൂക്കളുള്ളവയുടെ നീണ്ട നിരതന്നെ ഇന്നു വിപണിയിൽ ലഭ്യമാണ്.

വായിക്കാം ഇ - കർഷകശ്രീ

ടൊറീനിയ

നമ്മുടെ നാട്ടിൽ മഴക്കാലം കഴിഞ്ഞാൽ വാർഷികപ്പൂച്ചെടികൾ നട്ടുവളർത്താൻ പറ്റിയ കാലാവസ്ഥയാണ്. പുണെയിലെ നഴ്സറികളിൽ നിന്നാണ് വാർഷികപ്പൂച്ചെടികൾ ഏറ്റവുമധികം കേരളത്തിലെത്തുന്നത്. സീസണായാൽ 20–30 രൂപ നിരക്കിൽ, പൂവിട്ട ചെടികൾ വിപണിയിൽ ലഭിക്കും. 3–4 മാസം മാത്രം ആയുസ്സുള്ള ഇത്തരം പൂച്ചെടികളിൽ ടൊറീനിയ, സീനിയ ഒഴികെയുള്ളവയുടെ വിത്ത് അടുത്ത സീസണിൽ ഉപയോഗിക്കാൻ സാധിക്കില്ല.

വിൻക

ഇന്ത്യയിലെ വിരലിലെണ്ണാവുന്ന ഏതാനും കമ്പനികളായിരുന്നു ഇത്തരം പൂച്ചെടികളുടെ വിത്ത് ഉൽപാദിപ്പിച്ച് വിപണനം ചെയ്തിരുന്നത്. എന്നാൽ ഇന്ന് പാൻ അമേരിക്ക, ഗോൾഡ്സ്മിത്ത് തുടങ്ങിയ വിദേശ കമ്പനികളുടെയും മുന്തിയ സങ്കരയിനം വിത്തുകൾ ലഭ്യമാണ്. ഇഷ്ടമനുസരിച്ചു തിരഞ്ഞെടുക്കാൻ നവീന വർണങ്ങളിലും വർണക്കൂട്ടുകളിലുമായി, വാർഷിക സങ്കരയിനങ്ങളുടെ നീണ്ട നിരതന്നെ വിപണിയിലുണ്ട്. ആഫ്രിക്കൻ മാരിഗോൾഡ് പൂച്ചെടിയുടെ ഇൻക ഇനം, പെറ്റൂണിയയുടെ ഡബിൾ പെറ്റൽ ഇനം, ഡയാന്തസിന്റെ ബൊക്കെപോലെ പൂങ്കുലയുമായി ആമസോൺ ഇനം എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ഇത്തരം കമ്പനികളുടെ വിത്തുകൾക്ക് അധിക വിലയാണെങ്കിലും 80–90 ശതമാനം വിത്തുകളും മുളയ്ക്കുമെന്ന ഗുണമുണ്ട്. ആസ്റ്ററും സൂര്യകാന്തിയും ഒഴികെയുള്ളവ വിത്ത് നട്ട് രണ്ടു മാസത്തിനുള്ളിൽ പൂവിടുകയും ചെയ്യും.

ഡയാന്തസ്

നടീൽ രീതി

ഏകവർഷ പൂച്ചെടികളുടെ സങ്കരയിനങ്ങൾ എല്ലാംതന്നെ വിത്തുപയോഗിച്ചാണു വളർത്തിയെടുക്കുക. ഡാലിയ, മാരിഗോൾഡ്, ഡയാന്തസ് ഇവയുടെ പൂവിടാത്ത ഇളം കമ്പുകളും നടീൽവസ്തുവാക്കാറുണ്ട്. പച്ചക്കറിവിത്ത് പാകി മുളപ്പിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിർമിത സീഡ്‌ലിംഗ് ട്രേയിൽ വിത്തു പാകാം. ചകിരിച്ചോറും വെർമിക്കുലേറ്റും ഒരേ അളവിൽ എടുത്ത മിശ്രിതം സ്യൂഡോമോണാസ് ലായനി (5 മില്ലി / ലീറ്റർ വെള്ളം) ഉപയോഗിച്ച് കുതിർത്തെടുക്കണം. ഈ നടീൽ മിശ്രിതം ട്രേയിലെ കുഴി നിറയ്ക്കാൻ ഉപയോഗിക്കാം. കുഴികൾ മുഴുവനായി മൂടുന്ന വിധത്തിൽ മിശ്രിതം നിറച്ചശേഷം നന്നായി അമർത്തി ഉറപ്പിക്കണം. ഇതിനു മുകളിൽ ഒരു കുഴിയിൽ ഒരു വിത്ത് എന്ന വിധത്തിൽ പാകാം. പാകിയശേഷം വിത്ത് മുഴുവനായി മൂടുന്ന വിധത്തിൽ നേരിയ ആവരണം പോലെ മിശ്രിതം വീണ്ടും നിറയ്ക്കണം. ട്രേ മുഴുവനായി പത്രക്കടലാസ് ഉപയോഗിച്ചു മൂടണം. ഈ വിധം തയാറാക്കിയ ട്രേ പാതി തണൽ കിട്ടുന്നിടത്തു വച്ച് സംരക്ഷിക്കണം.

അടുത്ത കാലത്തായി വിത്ത് മുളപ്പിക്കാൻ ജിഫി പ്ലഗ് വിപണിയിൽ ലഭ്യമാണ്. നൈലോൺ ആവരണത്തിനുള്ളിൽ ഉണങ്ങിയ ചകിരിച്ചോറ് നിറച്ചതാണ് ജിഫി പ്ലഗ്. വിത്ത് ഇതിൽ നടുന്നതിനു മുൻപു പ്ലഗ് സ്യൂഡോമോണാസ് ലായനിയിൽ നന്നായി കുതിർത്തെടുക്കണം. ചെറിയ കുറ്റിപോലെ മാറുന്ന പ്ലഗിന്റെ മുകളിലെ വിടവിൽ വിത്ത് നടാം. വിത്തു നട്ട പ്ലഗ് ട്രേയിൽ നിരത്തി പത്രക്കടലാസ് ഉപയോഗിച്ച് മൂടണം. പിന്നീട് പത്രക്കടലാസ് മാത്രം നനച്ചുകൊടുത്താൽ മതി. രണ്ടു വിധത്തിലും തയാറാക്കിയ മിശ്രിതത്തിൽ വിത്ത് മുളയ്ക്കാൻ തുടങ്ങിയാൽ കടലാസ് ആവരണം നീക്കാം. പിന്നീട് നേർത്ത വെള്ളത്തുള്ളികൾ വരുന്ന സ്പ്രേയർ ഉപയോഗിച്ച് തുള്ളിനന നൽകണം. 10–15 ദിവസത്തെ വളർച്ചയായാൽ തൈകൾ മാറ്റി നടാൻ പ്രായമായി. ജിഫി പ്ലഗിൽ മുളപ്പിച്ച തൈകൾ പ്ലഗ് ഉൾപ്പെടെ ചട്ടിയിലേക്കോ പൂത്തടത്തിലേക്കോ നടാം. ട്രേയിൽ മുളപ്പിച്ചവ മിശ്രിതമുൾപ്പെടെ ശ്രദ്ധാപൂർവം വേർപെടുത്തിയെടുത്തു വേണം നടാൻ.

മാരിഗോൾഡ്

പരിപാലനം

ഉദ്യാനത്തിൽ നേരിട്ടു സൂര്യപ്രകാശം കിട്ടുന്നിടങ്ങളിലെല്ലാം ചട്ടിയിലോ പൂത്തടത്തിലോ വാർഷികപ്പൂച്ചെടികൾ നട്ടു വളർത്താം. അൽപ്പായുസ്സായ ഇവ നട്ടുവളർത്താൻ ആറിഞ്ച് വലുപ്പമുള്ള പ്ലാസ്റ്റിക് ചട്ടി മതി. മിശ്രിതമായി ചകിരിച്ചോറ്, ചുവന്ന മണ്ണ്, ആറ്റുമണൽ എന്നിവ ഒരേ അളവില്‍ എടുത്തതിൽ വളമായി ചാണകപ്പൊടിയും കലർത്തിയെടുത്ത് ഉപയോഗിക്കാം. 4–5 മണിക്കൂർ വെയിൽ കിട്ടുന്നിടങ്ങളിലാണ് വാർഷിക പുഷ്പിണികൾ ഉപയോഗിച്ച് പൂത്തടം തയാറാക്കേണ്ടത്. അര അടി കനത്തിൽ മേൽമണ്ണു നീക്കി പകരം ചട്ടി നിറയ്ക്കാൻ ഉപയോഗിച്ച മിശ്രിതം നിറയ്ക്കണം. വെയിലാറുമ്പോഴാണ് തൈകള്‍ ചട്ടിയിലേക്കോ നിലത്തേയ്ക്കോ മാറ്റി നടേണ്ടത്. തൈ നട്ടശേഷം സ്യൂഡോമോണാസ് ലായനി അല്ലെങ്കിൽ കൊണ്ടാഫ് കുമിൾനാശിനി (15 തുള്ളി / ലീറ്റർ വെള്ളം) ഉപയോഗിച്ച് അണുവിമുക്തമാക്കണം. തൈ നട്ട ചട്ടി പ്രാരംഭത്തിൽ തണലത്തു വച്ച് സംരക്ഷിക്കണം.

സീനിയ

ചെടി വളർന്ന് 6–7 ഇല ആയാൽ രണ്ടാഴ്ചയിലൊരിക്കൽ അര ടേബിൾ സ്പൂൺ 18:18:18 ചുവട്ടിൽനിന്നു മാറ്റി വിതറിക്കൊടുക്കാം. നന്നായി ഉണക്കിപ്പൊടിച്ച ആട്ടിൻകാഷ്ഠം ഇവയ്ക്കു നല്ല ജൈവവളമാണ്. കടലപ്പിണ്ണാക്കു പുളിപ്പിച്ചെടുത്തതിന്റെ തെളി നേർപ്പിച്ചതു മറ്റൊരു നല്ല വളമാണ്. മാരിഗോൾഡ്, ടൊറീനിയ, ബാൾസം, സീനിയ എന്നിവയൊഴികെ മിക്ക വാർഷികപ്പൂച്ചെടികളിലും കൂടുതൽ ശാഖകളും പൂക്കളും ഉണ്ടാകാൻ കൂമ്പു നുള്ളൽ (നിപ്പിങ്) സഹായിക്കും. ആസ്റ്റർ പൂക്കൾ മറ്റു വാർഷികപ്പൂക്കളെ അപേക്ഷിച്ച് കൂടുതല്‍ നാൾ ചെടിയിൽ കൊഴിയാതെ നിൽക്കും.

പെറ്റൂണിയ

സംരക്ഷണം

ശൈശവം മുതൽ രണ്ടാഴ്ചയിലൊരിക്കൽ ഇമിഡാക്ളോപ്രിഡ് അടങ്ങിയ അഡ്മയർ കീടനാശിനി ഒരു ഗ്രാമും 15 തുള്ളി കൊണ്ടാഫ് കുമിൾനാശിനിയും ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി തളിച്ചുകൊടുക്കുന്നത് മിക്ക രോഗ, കീട ബാധകളിൽനിന്നും ചെടിയെ രക്ഷിക്കും. ഇത്തരം കീടനാശിനികൾ കടുത്ത വെയിലുള്ള സമയത്ത് ഉപയോഗിക്കരുത്.

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21

ഫോൺ: 94470 02211

Email: jacobkunthara123@gmail.com