പുതിയ കാലത്തിന്റെ അരുമ സംരംഭങ്ങൾ

ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയനെ ഓർമിക്കുന്നവർ ജോസഫൈനെയും മറക്കില്ല. ചക്രവർത്തിയോളം തന്നെ പ്രശസ്തിയുണ്ടല്ലോ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ജോസഫൈനും. അരുമമൃഗങ്ങളുടെയും ഓമനപ്പക്ഷികളുടെയുമെല്ലാം അമൂല്യമായ ശേഖരമുണ്ടായിരുന്നു ജോസഫൈന്. ഒറാങ്ങ് ഉട്ടാങ് ഇനത്തിൽപ്പെട്ട പെൺ ആൾക്കുരങ്ങും പഗ്ഗ് ഇനം നായ്ക്കുട്ടിയുമായിരുന്നു കൂട്ടത്തിൽ ഏറെ പ്രിയപ്പെട്ടവർ.

തങ്ങളുടെ കിടപ്പറയിൽ, അതും പോരാ കിടക്കയിൽ, പ്രിയപ്പെട്ട പഗ്ഗിനെക്കൂടി ഒപ്പം കിടത്തണമെന്ന് ജോസഫൈനു നിർബന്ധമായിരുന്നു. ഭാര്യയോടുള്ള പ്രണയാധിക്യംകൊണ്ട് ചക്രവർത്തി അതു സമ്മതിച്ചിരുന്നത്രേ. നെപ്പോളിയന്റെ ഭാഗ്യം, ഒറാങ്ങ് ഉട്ടാങ് ആൾക്കുരങ്ങിനു കൂടി കിടക്കയിൽ ഇടം കൊടുക്കണമെന്ന് ജോസഫൈൻ ശഠിച്ചില്ലല്ലോ.

വായിക്കാം ഇ - കർഷകശ്രീ

ജോസഫൈനെപ്പോലെ അരുമകളെ അതിരുകളില്ലാതെ സ്നേഹിക്കുന്നവർ ഇന്നുമുണ്ട്. പാശ്ചാത്യസമൂഹം പണ്ടേ ഇക്കാര്യത്തിൽ ഏതറ്റം വരെയും പോകുന്നവരാണ്. ഒട്ടും പിന്നിലല്ല ഇന്നത്തെ പല മലയാളികളും. നായ്ക്കളെയും പൂച്ചകളെയുമെല്ലാം ഓമനിച്ചു വളർത്തുകയും അവരോടു കടുത്ത വൈകാരികബന്ധം പുലർത്തുകയും ചെയ്യുന്നവരുടെ എണ്ണം നമ്മുടെ നാട്ടിലും ഈയിടെ വർധിച്ചിരിക്കുന്നു. അതിന് അനുബന്ധമായി ഒട്ടേറെ സംരംഭങ്ങളും സംരംഭകരും കേരളത്തിൽ സജീവമാകുന്നു. നായക്കുഞ്ഞു വില്‍പന മുതൽ കോടികൾ മുതൽമുടക്കുള്ള പെറ്റ്സ് ആശുപത്രികൾവരെ നീളുന്നു ഈ സംരംഭശൃംഖല.

വിപണിയുടെ അരുമകൾ

കൊൽക്കത്തയിലെ ഗലിഭ് സ്ട്രീറ്റ് പോലെയോ ബെംഗളൂരുവിലെ ശിവാജി നഗർ മാർക്കറ്റു പോലെയോ പെറ്റ്സ് വ്യാപാരം നടക്കുന്ന തുറന്ന ചന്തകൾ കേരളത്തിലില്ലെങ്കിലും ഇവിടെയും വ്യാപാരം പൊടിപൊടിക്കുന്നുണ്ട്. ഡോഗ് ഷോകളും അലങ്കാരപ്പക്ഷി വളര്‍ത്തലുകാരുടെ കൂട്ടായ്മകളുമെല്ലാം വിപണനവേദികൾ കൂടിയാണ്. ഇടനിലക്കാരെ ഒഴിവാക്കി വിൽക്കുന്നവനും വാങ്ങുന്നവനും നേരിട്ടിടപെടുന്ന രീതിയാണ് കേരളത്തിൽ കൂടുതലും. അതിനാൽ വിപണി ഏറക്കുറെ അദൃശ്യമാണുതാനും.

ഓൺലൈൻ വ്യാപാരം ഏറ്റവും സജീവമായ രംഗംകൂടിയാണിത്. ഒഎൽഎക്സ് പോലുള്ള ഓൺലൈൻ സൈറ്റുകൾ പ്രയോജനപ്പെടുത്തി വിപണി കണ്ടെത്തുന്ന ഒട്ടേറെ പെറ്റ്സ് സംരംഭകർ നമ്മുടെ നാട്ടിലുണ്ട്. കേരളത്തിലെ മറ്റ് കാർഷിക, അനുബന്ധ മേഖലകളിലൊന്നും ഓൺലൈൻ കച്ചവടം ഇത്ര ക്ലച്ചു പിടിച്ചിട്ടില്ല എന്നോർക്കണം. ചുരുക്കത്തിൽ, ഇടനിലക്കാർക്ക് കയ്യിട്ടു വാരാൻ അധികം അവസരം ലഭിക്കാത്തതിനാൽത്തന്നെ കെന്നൽ ഉൾപ്പെടെയുള്ള പെറ്റ് സംരംഭങ്ങള്‍ നടത്തുന്നവർ മികച്ച വരുമാനം സ്വന്തമാക്കുന്നു.

അതേസമയം, നിയമവിരുദ്ധ വ്യാപാര(illegal pet trade)ത്തിന്റെ നീരാളിക്കൈകൾ പടർന്നുകിടക്കുന്ന രംഗം കൂടിയാണ് പെറ്റ് വ്യവസായം. കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, മധുര എന്നിവിടങ്ങളെല്ലാം കേന്ദ്രമാക്കി നിയമവിരുദ്ധ വ്യാപാരം നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. വനം–വന്യജീവി നിയമത്തിന്റെ പരിധിയിൽ വരുന്ന ജീവജാലങ്ങൾ, കയറ്റുമതി, ഇറക്കുമതി കാര്യങ്ങളിൽ നിയന്ത്രണങ്ങളും നിരോധനവുമുള്ള ഇനങ്ങൾ എന്നിവ സംബന്ധിച്ച് സാമാന്യമായ അറിവ് ഈ രംഗത്തെത്തുന്നവർ നേടണം.

ഓമനത്തിങ്കൾക്കിടാവോ...

പെറ്റ്സ് (Pets) എന്നു പറയുമ്പോൾ മലയാളികളുടെ മനസ്സിൽ വരുന്നത് പട്ടിയും പൂച്ചയും അക്വേറിയം മൽസ്യങ്ങളും അലങ്കാരപ്പക്ഷികളുമായിരുന്നു. എന്നാൽ ഓമനിച്ചു വളർത്തുന്ന എന്തും ഇന്ന് പെറ്റ് എന്ന പദത്തിന്റെ പരിധിയിലുണ്ട്. എലിയും പല്ലിയും ഓന്തും മുതൽ പാമ്പ്, തവള, തേൾ, ചിലന്തി, ആമ, മുയൽ, ഗിനിപിഗ്, ഹാംസ്റ്റെർ എന്നിങ്ങനെ പാശ്ചാത്യ ലോകത്തിന്റെ താൽപര്യങ്ങൾ ആരെയും അമ്പരപ്പിക്കും. ഈ പട്ടികയിലെ ചില പ്രത്യേക ഇനങ്ങളെ മാത്രമാണ് ഓമനിക്കാൻ മടിയിലെടുക്കുന്നതെന്നു മാത്രം. അധികം തൂക്കം വയ്ക്കാത്ത മിനിയേച്ചർ പന്നികളെ (mini pig) വീടിനുള്ളില്‍ ഓമനിച്ചു വളർത്തുന്നത് മറ്റൊരു ഉദാഹരണം.

ഇത്രത്തോളം വൈവിധ്യങ്ങളിലേക്ക് കേരളത്തിന്റെ പെറ്റ്സ് സംസ്കാരം വളർന്നിട്ടില്ല. ലാഭകരമായ പെറ്റ് സംരംഭങ്ങളായി ഇവിടെ പുരോഗതി കൈവരിച്ചിരിക്കുന്നത് നായ്, പൂച്ച, അലങ്കാരപ്പക്ഷികൾ, അലങ്കാരമൽസ്യങ്ങൾ എന്നിവയുടെ പ്രജനനവും വിൽപനയും തന്നെയാണ്. എന്നാൽ പട്ടിക്കും പൂച്ചയ്ക്കും പിന്നാലെ മക്കാവു തത്തയും ഗിനിപിഗ്ഗും സിറിയൻ ഹാംസ്റ്റെറും വെള്ളെലിയും ഇഗ്വാന ഓന്തും അണ്ണാനെപ്പോലിരിക്കുന്ന ഷുഗർ ഗ്ലൈഡറും എന്തിന്, കുതിരവരെ നമ്മുടെ ഓമനപ്പട്ടികയിൽ ഇന്നു സ്ഥാനം നേടിക്കഴിഞ്ഞു.

മുമ്പ് അല്‍സേഷ്യനെയും പോമറേനിയനെയും വളർത്തുന്നതും ഡോഗ് ഷോയ്ക്കു പോകുന്നതുമൊക്കെ നാഗരികരുടെ പൊങ്ങച്ചങ്ങളായാണ് നാട്ടിൻപുറത്തുകാർ കണ്ടിരുന്നത്. ഇന്നാകട്ടെ വലുപ്പച്ചെറുപ്പങ്ങളില്ലാതെ, ഗ്രാമ–നഗര ഭേദമില്ലാതെ പെറ്റ്സ് പ്രേമം തലയ്ക്കു പിടിച്ചവർ ഒട്ടേറെ. കേരളത്തിലെ കുഗ്രാമങ്ങളിൽപ്പോലും പട്ടിക്കും പൂച്ചയ്ക്കുമെല്ലാമുള്ള ബ്രാൻഡഡ് കമ്പനികളുടെ ഭക്ഷ്യോൽപന്നങ്ങളും ആടയാഭരണങ്ങളും കളിപ്പാട്ടങ്ങളുമെല്ലാം വിൽക്കുന്ന പെറ്റ് ഷോപ്പുകൾ തുടങ്ങുന്നത് ഈ മാറ്റം മനസ്സിലാക്കിയവരാണ്. ലോകമാകെയും ഇന്ത്യയിൽ വിശേഷിച്ചും സമീപകാലത്ത് വൻ വളർച്ചനിരക്കു കാണിക്കുന്ന വ്യവസായ മേഖലകൂടിയാണിത്.

ഇനി, ഓമനമൃഗങ്ങൾക്കുള്ള സ്കാനിങ്ങും സിസേറിയനും സർജറികളുമെല്ലാം നടക്കുന്ന ആശുപത്രികളിലേക്കു പോകാം. കൊച്ചിയിലെ കൊച്ചിൻ പെറ്റ്സ് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള ആതുരാലയങ്ങളിൽ അരുമകളുമായി ഡോക്ടറെക്കാണാൻ കാത്തിരിക്കുന്ന ഒട്ടേറെപ്പേരെ കാണാം. പ്രസവമുറിയുടെ മുന്നിൽ, തന്റെ ലാബ്രഡോർ നായയുടെ ഈറ്റുനോവിന്റെ രോദനം കേട്ടിരിക്കുന്ന ഉടമയുടെ മുഖത്തെ സങ്കടവും പരവേശവും കണ്ടാൽ ഏതു കഠിനഹൃദയന്റെയും കണ്ണു നിറയും.

സാന്ത്വന ചികിൽസ

പുണെയിലെ സന്നദ്ധ സംഘടനയായ അനിമൽ എയ്ഞ്ചൽസ് ഫൗണ്ടേഷനെപ്പോലെ പെറ്റ്സിനെ ചികിൽസാ-പഠനപ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്തുന്ന രീതിക്കും ഇന്ന് ഏറെ പിന്തുണ ലഭിക്കുന്നുണ്ട്. ശാരീരികവും മാനസികവുമായ ആഘാതങ്ങളാൽ ഹൃദയം നുറുങ്ങിയവരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ ഉതകുന്ന പെറ്റ്സ് തെറപ്പിയെന്ന സാന്ത്വന ചികിൽസാരീതി പരീക്ഷിക്കുന്ന ചികിൽസാകേന്ദ്രങ്ങളും അവിടെ അഭയം തേടുന്നവരും കുറവല്ല.

മരണാസന്നനായി കിടന്ന രോഗിക്ക് വീട്ടുകാരുടെ പരിചരണത്തെക്കാള്‍ സൗഖ്യദായകമായത് വളർത്തുനായയുടെ സഹവാസമായിരുന്നു എന്ന നിലയ്ക്കു പല പഠനങ്ങളും വന്നിട്ടുണ്ട്. അക്വേറിയത്തിൽ നീന്തിക്കളിക്കുന്ന വർണമൽസ്യങ്ങളെ നോക്കിയിരിക്കുന്നത് ശീലമാക്കിയാൽ മാനസികസമ്മർദങ്ങൾ ലഘൂകരിക്കപ്പെടുമെന്നതും തെളിയിക്കപ്പെട്ട വസ്തുത തന്നെ. Animal Assisted Therapy, Animal Assisted Education, Animal Assisted Activity തുടങ്ങിയ ചികിൽസാ-പഠന രീതികൾ കേരളത്തിലെ പെറ്റ്സ് ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും ലഭ്യമാകുന്ന കാലം വിദൂരമല്ല.

കുട്ടികളിലെ ആത്മവിശ്വാസക്കുറവ്, അപകർഷബോധം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ Animal Assisted Education സഹായകമാണ്. ഉദാഹരണത്തിന്, തെറ്റിപ്പോകുമെന്നു പേടിച്ച് ക്ലാസിൽ പാഠപുസ്തകം ഉറക്കെ വായിക്കാൻ പേടിക്കുന്ന കുട്ടി, ശ്രോതാവായി ഒരു നായ്ക്കുട്ടിയെ ലഭിച്ചാല്‍ ധൈര്യമായി വായിക്കുമെന്ന് മന:ശ്ശാസ്ത്രജ്ഞന്മാർ. കേട്ടിരിക്കുന്ന പട്ടി കുട്ടിയെ കളിയാക്കില്ല, വഴക്കു പറയില്ല, ശകാരിക്കില്ല. ‘എല്ലാം മനസ്സിലായി, അസ്സലായി കുഞ്ഞേ’ എന്ന മട്ടിൽ തലയാട്ടുകയും ചെയ്യും. ഇതുപോലെ പത്തു തവണ പട്ടിയും കുട്ടിയും ഒരുമിച്ചിരുന്നാൽ കുട്ടിയുടെ ആത്മവിശ്വാസം പല മടങ്ങുയരും. പരിശീലനം നേടിയ നായ്ക്കളെയാണ് ഈ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.

ഞങ്ങളും അറിഞ്ഞോട്ടെ

കച്ചവടരഹസ്യങ്ങൾ വെളിപ്പെടുത്താൻ തയാറാകാത്ത മേഖലയാണ് പെറ്റ്സ് സംരംഭങ്ങളുടേത് എന്ന വിമർശനമുണ്ട്. ‘‘കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്’ എന്ന കട്ട സസ്പെൻസിന്റെ ചുരുളഴിയാൻ കഷ്ടി രണ്ടു വർഷമേ കാത്തിരിക്കേണ്ടി വന്നുള്ളൂ. എന്നാൽ അലങ്കാരപ്പക്ഷികളുടെയും മൽസ്യങ്ങളുടെയും പ്രജനനംപോലുള്ള കാര്യങ്ങൾ ചോദിച്ചറിയാൻ പലരുടെയും പിന്നാലെ കാലങ്ങൾ നടന്നിട്ടും സസ്പെൻസ് പൊളിക്കാൻ കഴിഞ്ഞില്ല’’, കൊല്ലത്തെ ഒരു പക്ഷിപ്രേമി പരിതപിക്കുന്നു.

‘‘ഏതു രംഗത്താണ് ട്രേഡ് സീക്രട്ടുകൾ ഇല്ലാത്തത്?’’ സംരംഭകരുടെ മറുചോദ്യം. ‘‘ഓരോ സംരംഭകനുമുണ്ടാവും ഓരോ തുറുപ്പു ചീട്ട്. ഏതു സംരംഭത്തിന്റെയും വ്യാപാരതന്ത്രങ്ങൾ തുറന്ന പുസ്തകംപോലെ ഉടനടി ഉള്ളംകയ്യിൽ കിട്ടണമെന്ന് ആഗ്രഹിക്കുന്നവർക്കാണ് നിരാശപ്പെടേണ്ടി വരുന്നത്. പക്ഷികളെയും  അലങ്കാരമൽസ്യങ്ങളെയുമൊക്കെ വളർത്താൻ താൽപര്യപ്പെടുന്നവർ ചെറിയ രീതിയില്‍ മാത്രം തുടങ്ങുക. ഇഷ്ടവും താൽപര്യവും കൂടുന്നതിന് അനുസരിച്ച് അന്വേഷണ വ്യഗ്രതയും കൂടും. സംരംഭം സംബന്ധിച്ച അറിവുകളും രഹസ്യങ്ങളും ക്രമേണ തെളിഞ്ഞു കിട്ടും. ഈ മേഖലയിൽ ഇന്നു ലാഭം കൊയ്യുന്നവരെല്ലാം ഇങ്ങനെ പടിപടിയായി വളർന്നു വന്നവരാണ്’’,  പക്ഷിപ്രേമികളുടെ സംഘടനയായ എവികൾച്ചർ അസോസിയേഷനുമായി ബന്ധപ്പെട്ട ചില സംരംഭകർ തങ്ങളുടെ വാദം ഉറപ്പിക്കുന്നു.

ഡോക്ടറോടു ചോദിക്കാം

ഓമനമൃഗങ്ങൾക്കും പക്ഷികൾക്കും ചികിൽസ തേടി ഗ്രാമങ്ങളിലെ സർക്കാർ വെറ്ററിനറി ആശുപത്രികളിൽപ്പോലുമിന്ന് ഒട്ടേറെപ്പേർ എത്തുന്നുവെന്ന് ചെങ്ങന്നൂർ വെറ്ററിനറി പോളിക്ലിനിക്കിലെ സർജൻ ഡോ. ദീപു ഫിലിപ്പ് മാത്യു. ‘‘മുമ്പൊക്കെ വീട്ടിൽ വളർത്തുന്ന പട്ടിക്ക് വയസ്സാവുകയോ ഗുരുതരമായ അസുഖം വരികയോ ചെയ്താൽ വഴിയിലുപേക്ഷിക്കുകയായിരുന്നു ആളുകളുടെ രീതി. എന്നാലിന്ന്, ‘എത്ര പണം വേണമെങ്കിലും മുടക്കാം ഡോക്ടർ, എങ്ങനെയെങ്കിലും രക്ഷിക്കണം’ എന്നു സങ്കടപ്പെടുന്നവരാണു കൂടുതലും.

ഡോ. ദീപു ഫിലിപ്പ് മാത്യു

നായയ്ക്ക് അസുഖം കൂടി കിടപ്പിലാണ്. ഡോക്ടർ വീടുവരെയൊന്നു വരണം എന്ന ആവശ്യവുമായി ഈയിടെ ഒരാളെത്തി. ചെന്നപ്പോൾ ഒരു സാധു കുടുംബം. അവരുടെ ചെറിയ വീട്ടിൽ ആകെയുള്ളത് ഒരു കിടപ്പുമുറി. അവിടെയുള്ള കട്ടിലിൽ അവരുടെ പ്രിയപ്പെട്ട നായ തളർന്നു കിടക്കുന്നു. കാൻസറായിരുന്നു അതിന്. ആ വീട്ടിൽ ആകെയുള്ള കട്ടിൽ രോഗിയായ നായയ്ക്കു നൽകി വീട്ടുകാർ നിലത്താണ് ഉറങ്ങുന്നത്’’.  സമാനമായ അനുഭവങ്ങൾ ഇനിയുമുണ്ടെന്ന് ഡോ. ദീപു. ‘‘ചികിൽസയ്ക്കെത്തുന്ന രോഗികളിൽ ഏറെയും നായ്ക്കൾതന്നെ. യൂട്രസും ഓവറിയും നീക്കം ചെയ്യാൻ താൽപര്യപ്പെട്ടെത്തുന്ന ഉടമകളാണ് കൂടുതലും. നായ്ക്കളിൽ ഇന്നു കൂടുതലായി കണ്ടുവരുന്ന കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ഈ സർജറി വഴി കുറയുകയും ചെയ്യും.

വാടകയ്ക്കൊരു ഹൃദയം

നായ്ക്കുട്ടിയെ സുന്ദരിയാക്കുന്ന സുരേഷ്

ദിവസ വാടകയ്ക്ക് ഭക്ഷണവും താമസവും ലഭ്യമാക്കുന്ന ഹോസ്റ്റലുകൾ നടത്തുന്ന ഒട്ടേറെ കെന്നൽ സംരംഭകർ കേരളത്തിലുണ്ട്. തിരുവന്തപുരം പേയാട് കമാൻഡോ ഡോഗ് ട്രെയ്നിങ് സെന്റർ ഉടമ സുരേഷിനുമുണ്ട് നായ ഹോസ്റ്റൽ. പുതുമയുള്ള മറ്റൊരു സംരംഭവും തുടങ്ങി സുരേഷ്; നായയെ വാടകയ്ക്കു നൽകുക – റെന്റ് എ ഡോഗ്.

നിങ്ങള്‍ നായയെ വളർത്തുന്നില്ലെന്നു കരുതുക. വീടുപൂട്ടി യാത്രപോകുമ്പോൾ ആശങ്കയുണ്ടാവും. ആളില്ലാത്ത വീടല്ലേ, ഏതെങ്കിലും ബണ്ടി ചോർ കുത്തിത്തുറന്നാലോ. ഈ പേടിക്കു മറുമരുന്നുമായാണ് സുരേഷിന്റെ വാടക നായ എത്തുന്നത്. ആളില്ലാത്ത വീടിന്റെ കോമ്പൗണ്ട് മുഴുവൻ വരുതിയിലെത്തുന്ന രീതിയിൽ വാടക നായയെ കെട്ടിയിടും. വെറും നായയല്ല, അതിക്രമിച്ചു കയറുന്നവരെ കടിച്ചുകീറാനുള്ള ശൗര്യവും പരിശീലനവും നേടിയ നായ. അതിലുപരി, താനറിയാത്ത യജമാനന്റെ വീടുകാവലിനായി തുടിക്കുന്ന ഒരു ഹൃദയത്തിന്റെ ഉടമ. വാടക ദിവസം 250 രൂപ.

വേറെയുമുണ്ട് സംരംഭങ്ങൾ. വീട്ടിലെത്തി നായ്ക്കളെ പല്ലുതേപ്പിച്ചും കുളിപ്പിച്ചും രോമങ്ങൾ ചീകിയൊതുക്കിയുമെല്ലാം നൽകുന്ന സർവീസിങ്, ആളുകളുടെ വീട്ടിലെത്തി അരുമകൾക്കു ചികിത്സ ലഭ്യമാക്കുന്ന മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ്, ലിവർ ഫ്രൈപോലുള്ള രസികൻ ഭക്ഷണങ്ങളും സുഖചികിൽസയും ഉൾപ്പെടുത്തി നായ്ക്കൾക്കായി റിഫ്രഷിങ് കോഴ്സ്. നായ്ക്കൾക്കായുള്ള ബ്യൂട്ടി പാർലറാണ് സുരേഷിന്റെ പുതിയ സംരംഭം. മുടിയും നഖവും വെട്ടി ഷാമ്പു തേച്ചു കുളിപ്പിച്ചു തുവർത്തി ഹെയർ ഡ്രയർകൊണ്ടു മുടിയൊതുക്കിയാൽ ഏതു പട്ടിയും സുന്ദരിയാകുമെന്ന് സുരേഷ്. അനുസരണ ക്ലാസുകൾ, നായ്ക്കുഞ്ഞുങ്ങളുടെ വിൽപന തുടങ്ങിയ പതിവു കെന്നൽ ബിസിനസ്സുകളും ഉഷാറായി നീങ്ങുന്നു.

ഫോൺ (സുരേഷ്): 9387810799