നായയ്ക്കു ഗർഭരക്ഷ

dog
SHARE

നായ്ക്കളുടെ പ്രസവം ഇതര വളർത്തുമൃഗങ്ങളിൽനിന്ന്  ഭിന്നമാണ്.  ഇവയ്ക്കു ഗർഭകാലം ഏതാണ്ട് രണ്ടു മാസമാണ്. എങ്കിലും ആദ്യത്തെ ഇണചേരൽ ദിവസത്തിനുശേഷം  57–72 ദിവസത്തിനു ള്ളിൽ ഏതു സമയത്തും പ്രസവം നടക്കാം.

നായ്ക്കളെ ഇണ ചേർക്കുന്നതിനുമുമ്പ് വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം ശരിയായ അളവിൽ വിരമരുന്നു നൽകേണ്ടതാണ്. നായ്ക്കുട്ടികളുടെ പ്രതിരോധശക്തി തള്ളയുടെ ആരോഗ്യത്തെയും പ്രതിരോധശേഷിയെയും ആശ്രയിച്ചിരിക്കുന്നതിനാൽ യഥാസമയത്തു പ്രതിരോധ കുത്തിവയ്പുകൾ എടുക്കണം. രോഗപ്രതിരോധശേഷിയും ആരോഗ്യവുമുള്ള നായ്ക്കളെ വേണം ഇണ  ചേർക്കാൻ ഉപയോഗിക്കേണ്ടത്.

ഇണ ചേർത്ത് ഏതാണ്ട് 25 ദിവസമാകുമ്പോൾ  സ്കാനിങ് നടത്തി ഗർഭം സ്ഥിരീകരിക്കാം.  ഒപ്പം കുഞ്ഞുങ്ങളുടെ  ഏകദേശം എണ്ണവും അവയുടെ വളർച്ചനിരക്കും മനസ്സിലാക്കാം. കുഞ്ഞിന്റെ വളർച്ചനിരക്കും മറ്റു ശാരീരിക അളവുകളും നോക്കി പ്രസവിക്കുന്ന തീയതി കണ്ടെത്താനും  സ്കാനിങ് സഹായിക്കും. ഗർഭപാത്രത്തിലേക്കും കുഞ്ഞിലേക്കുമുള്ള രക്തയോട്ടം മനസ്സിലാക്കി കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യസ്ഥിതിയെക്കുറിച്ചു ം  അറിയാം. ഗർഭകാലത്തിന്റെ ആദ്യ പകുതിയിൽ നായ്ക്കളുടെ തീറ്റക്രമത്തിൽ കാര്യമായ വ്യത്യാസം വരുത്തേണ്ടതില്ല. ഗർഭിണിക്കു വിറ്റമിൻ സപ്ലിമെന്റ് കൊടുക്കുന്നതു കൊള്ളാം. നായ്ക്കുട്ടികളിൽ സാധാരണ കാണുന്ന ജനന വൈകല്യമായ മുറിച്ചുണ്ട് (cleft palate) ഫോളിക് ആസിഡ് സപ്ലിമെന്റ് െകാടുക്കുകവഴി ഒരു പരിധിവരെ നിയന്ത്രിക്കാം. ഗർഭാവസ്ഥയിൽ കാത്സ്യം സപ്ലിമെന്റ് കൊടുക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതുകൊണ്ട് പ്രസവിച്ചതിനു ശേഷം മാത്രം കാത്സ്യം കൊടുക്കുന്നതാണു നല്ലത്. 

ഗർഭകാലത്തിന്റെ രണ്ടാം പകുതിയിൽ ആഹാരക്രമത്തിൽ മാറ്റം വരുത്താം. നായ്ക്കുട്ടികളുടെ വളർച്ചനിരക്ക് വേഗത്തിലായതിനാൽ ഈ സമയത്തു നായയ്ക്കു പോഷകസമ്പൂർണമായ ആഹാരം തന്നെ നൽകണം. പല നായ്ക്കൾക്കും ഗർഭകാലത്തിന്റെ അവസാന പകുതിയിൽ വിശപ്പില്ലായ്മ കാണാറുണ്ട്. രുചിയേറിയ ഭക്ഷണങ്ങൾ നൽകി പട്ടിയെ ആഹാരം കഴിക്കാൻ പ്രോത്സാഹിപ്പിക്കണം. പ്രസവ ദിവസം അടുക്കുന്തോറും പട്ടിയുടെ വിശപ്പ് കുറഞ്ഞുവരുന്നതായി കാണാം. ഇതിനു പ്രതിവിധിയായി ആഹാരത്തിന്റെ അളവു കുറച്ച് നാലോ അഞ്ചോ  തവണകളായി നൽകാം.

ഒരാഴ്ച മുമ്പുതന്നെ പ്രസവത്തിനു സൗകര്യമൊരുക്കണം. പട്ടിക്കു സുഖപ്രസവത്തിനായി വെൽപിങ് ബോക്സ് (Whelping Box) നിർമിക്കാം. ബോക്സിന്റെ അളവ് ശരീരത്തിന്റെ അളവനുസരിച്ചു ക്രമീകരിക്കേണ്ടതാണ്. നീണ്ടുനിവർന്നു കിടക്കാൻ പാകത്തിനുള്ള അളവാണ് ഉചിതം. ഇതിലേക്ക് കടലാസോ തുണിയോ വിരിച്ച് മെത്തപോലെ ഒരുക്കാം. പ്രസവത്തിനായി പ്രത്യേക സ്ഥലം രൂപപ്പെടുത്തുകയാണ് നല്ലത്. പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പേ ഈ സ്ഥലത്തേക്കു പട്ടിയെ മാറ്റിക്കിടത്തി ശീലിപ്പിക്കണം. 

പ്രസവം അടുക്കുന്ന വേളയിൽ പട്ടിയുടെ അകിടുകൾ വലുതായി പാല് നിറഞ്ഞിരിക്കുന്നതു കാണാം. പ്രസവത്തിനു  മുന്നോടിയായി നായയുടെ സ്വഭാവത്തിൽ പല മാറ്റങ്ങൾ കാണാം. ചില നായ്ക്കൾ കാലുവച്ച് നിലത്ത് ഉരയ്ക്കുകയും കൂടുതലായി കിതയ്ക്കുകയും ചെയ്യുന്നു. പ്രസവം അടുക്കുന്നതോടെ  കൂടുതൽ സ്വകാര്യത ആഗ്രഹിച്ച് അത്തരം  സ്ഥലം തേടി പോകുന്നതും കാണാം. പ്രസവം ആരംഭിക്കുന്നതിന്റെ സൂചകമായി ജനനേന്ദ്രിയത്തിൽ കുമിളപോലെ  കാണപ്പെടുന്നു. തുടർന്ന് പച്ചനിറത്തിലുള്ള ദ്രാവകം പുറത്തേക്കു വരുന്നു. ഓരോ കുട്ടിയും ഏതാണ്ട് അര മണിക്കൂർ മുതൽ ഒരു മണിക്കൂർ ഇടവേളയിൽ പുറത്തു വരുന്നു.   പ്രസവസമയം ഇതിലേറെ നീളുകയാണെങ്കില്‍ ഉടൻതന്നെ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.

വിലാസം: ഡപ്യൂട്ടി മാനേജർ, കെഎൽഡി ബോർഡ്, തിരുവനന്തപുരം.

ഫോൺ: 94005 28255.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA