Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തത്തകൾ ഒത്തിരി

parrot Representative image

നാടൻ തത്തയും മാടത്തയും മൈനയുമായിരുന്നു പണ്ട് ഓമനപ്പക്ഷികൾ. എന്നാൽ, ഇവയെ പിടികൂടുന്നതു നിയമവിരുദ്ധമായതിനാൽ വിദേശത്തുനിന്നെത്തുന്ന അലങ്കാര തത്തകൾക്കാണ് ഇപ്പോൾ പ്രിയം. തത്തമ്മേ പൂച്ച പൂച്ചയെന്നു വിളിച്ചാൽ ഇതേ വിളി തിരിച്ചുവിളിക്കുന്ന തത്തകൾ മാത്രമല്ല, ആയിരവും രണ്ടായിരവും വാക്കുകൾ പഠിച്ചുപറയുന്ന തത്തകളുമുണ്ട്. സംസാരം കൂടുന്നതനുസരിച്ചു വിലയും കൂടും. ആഫ്രിക്കൻ ഗ്രേ പാരറ്റ് ഇക്കൂട്ടത്തിൽപെട്ടതാണ്. കോംഗോ ഗ്രേ പാരറ്റ് ആണെങ്കിൽ വാലിൽ ചുവപ്പുനിറവുമുണ്ടാകും.

രണ്ടരമാസം പ്രായമായാൽ ഇവയെ വാങ്ങി വളർത്താം. അഞ്ചുമാസമാകുമ്പോഴേക്കും സംസാരിച്ചു തുടങ്ങും. രണ്ടു വയസ്സാകുമ്പോഴേക്കും നല്ല സ്ഫുടമായി സംസാരിക്കാനാകും. ഏതാണ്ട് 60 വയസ്സുവരെ ആയുസുണ്ട് ഇവയ്ക്ക്.കോനൂർ ഇനത്തിൽ ഒട്ടേറെ തത്തകളുണ്ടെങ്കിലും സൺ കോനൂറാണു കേമൻ. മഞ്ഞ, പച്ച, ചുവപ്പ് എന്നിങ്ങനെ പലതരം നിറങ്ങൾ വാരിയണിഞ്ഞിരിക്കുന്നവയാണ് ഈ തത്തകൾ. മനുഷ്യനുമായി ഏറ്റവുമധികം ഇണങ്ങുന്ന തത്തകളായാണ് ഇന്തോനീഷ്യൻ ഇനമായ ലോറിസ് അറിയപ്പെടുന്നത്.

ഇതിലൊക്കെ വമ്പനാണു വലിപ്പത്തിലും ആയുസിലും ഏറ്റവും വലുതായ മെക്കാവു. ആമസോൺ കാടുകളിൽനിന്നാണു വരവ്. ശരാശരി പ്രായം 90 വയസ്സ്. പലതരം നിറങ്ങൾ വാരിച്ചൊരിഞ്ഞിരിക്കുകയാണു ദേഹത്ത്. അടിസ്ഥാന വില ഒരു ലക്ഷം രൂപ. തലയിൽ കിരീടം പോലെ മഞ്ഞത്തൂവലുള്ള ഓസ്ട്രേലിയൻ ഇനമായ കൊക്കാറ്റൂവിനും ആവശ്യക്കാരേറെ.