ഈ പൂച്ചയ്ക്കു മണികെട്ടേണ്ട

പൂച്ചയ്ക്കാരു മണികെട്ടുമെന്നോർത്ത് ഈ പൂച്ചകളുടെ കാര്യത്തിൽ ആരും തലപുകയ്ക്കേണ്ട. ഒരു മണിയും വേണ്ട, യജമാനനോട് ഒട്ടിയുരുമിയിരുന്നോളും ഈ അലങ്കാരപ്പൂച്ചകൾ. പേർഷ്യൻ പൂച്ചകൾക്കാണു കൊച്ചിയിൽ ആവശ്യക്കാർ കൂടുതൽ. പഞ്ഞിക്കെട്ടുപോലെയുള്ള രോമങ്ങളുള്ള ദേഹമായതിനാൽ ആദ്യകാഴ്ചയിൽ ഇഷ്ടമാകും. ഭക്ഷണം കഴിച്ച് അലങ്കാര വസ്തുവായി ഒരു മൂലയിലിരിക്കുന്ന ഭംഗിയുള്ള കാഴ്ചയാണു പേർഷ്യൻ പൂച്ച. വീടിനകം ഇഷ്ടപ്പെടുന്ന ഇവ പുറത്തേക്ക് അധികമിറങ്ങില്ല.

പക്ഷേ, സയാമീസ് എന്ന ഇനം അങ്ങനെയല്ല. സംസാരിക്കുന്ന പൂച്ചയെന്നാണു പെരുമാറ്റത്തിലെ പ്രത്യേകതകൊണ്ട് ഈ പൂച്ച അറിയപ്പെടുന്നത്. എപ്പോഴും യജമാനനോട് ഒട്ടിനിൽക്കാനാണു താൽപര്യം. ജോലി കഴിഞ്ഞു തലവേദനയെടുത്തു വീട്ടിലെത്തുമ്പോൾ കാലിൽ മുട്ടിയുരുമ്മി മസാജ് ചെയ്തു തരും സയാമീസ്.കാറ്റ് ഫുഡിനു പുറമേ ഹോംലി ഫുഡും രണ്ടരമാസത്തിനുശേഷം നൽകാം. നല്ല മീൻ കൊടുക്കാനായാൽ നല്ലത്. വയറിളക്കമുണ്ടാക്കുമെന്നതിനാൽ പാൽ കൊടുക്കാതിരിക്കുകയാണു നല്ലത്.

ദഹനം ലഭിക്കാനും വയറിളക്കം മാറാനുമുള്ള മരുന്ന് എപ്പോഴും വീട്ടിൽ സൂക്ഷിക്കണം. വീട്ടിലെ ഭക്ഷണം കൊടുക്കാതെ കാറ്റ് ഫുഡ് മാത്രം കൊടുക്കുന്നവരുണ്ട്. ഇത് ഒരുതരത്തിൽ നല്ലതാണ്. വീട്ടിലെ ഭക്ഷണത്തിന്റെ രുചി അറിയാത്ത പൂച്ച അവ ഒരിക്കലും കട്ടു കഴിക്കില്ല. ഒന്നരമാസം പ്രായമെത്തുന്നതുവരെ പൂച്ചക്കുഞ്ഞുങ്ങളെ കൈകൊണ്ടെടുക്കരുതെന്നു പറയും. അങ്ങനെയെടുത്താൽ വളർച്ച കുറയുമത്രേ.