ഇത്തിരിക്കുഞ്ഞൻമാരോട് ഒത്തിരിയിഷ്ടം

പഗ്

വീടുകളിലും ഫ്ലാറ്റുകളിലും സ്ഥലപരിമിതി ഒരു പ്രശ്നമാണെന്നതിനാൽ വലിയ പട്ടികൾക്കു ആവശ്യക്കാർ കുറവാണ്. ടോയ് ബ്രീഡ്സ് എന്നറിയപ്പെടുന്ന ചെറിയ ഇനം പട്ടികളാണു രംഗം വാഴുന്നത്. പഗ്, മിനിയേച്ചർ പിഞ്ചർ, പോമറേനിയൻ എന്നിവ കൂടുതലായി വിൽക്കപ്പെടുന്നു. ലോകത്തെ ഏറ്റവും ചെറിയ നായ്ക്കുട്ടിയെന്ന് അറിയപ്പെടുന്ന ഷിവാവയ്ക്കും ഏറെ ആവശ്യക്കാരുണ്ട്. വലിയ നായ്ക്കളിൽ ആണിനാണു വില കൂടുതലെങ്കിൽ ചെറിയവയിൽ പെണ്ണിനാണു വിലക്കൂടുതൽ. 30,000 രൂപ മുതൽ മേലോട്ട് ഇവയെ ലഭിക്കും. ആദ്യകാഴ്ച കൊണ്ടല്ല നായ്ക്കുട്ടികളെ അളക്കേണ്ടത്.

ആദ്യത്തെ നാലു മുതൽ എട്ടുമാസത്തിനിടെ ദേഹത്തെ മുഴുവൻ രോമവും കൊഴിഞ്ഞു പുതിയതു വരും. ഇങ്ങനെ രണ്ടാമതു വരുന്ന രോമമാണ് നീണ്ടുനിൽക്കുന്നത്. ഒറ്റ പ്രസവത്തിൽ ഉണ്ടായതാണെങ്കിലും കുഞ്ഞുങ്ങൾക്കു പല സ്വഭാവ രീതികളാകും. നല്ലൊരു യജമാനന് ഈ സ്വഭാവത്തെ സ്വാധീനിക്കാനാകും. ചെറിയ നായ്ക്കുട്ടികൾക്ക് രണ്ടു നേരമാണു ഭക്ഷണം. ആദ്യ നാലു മാസം വരെ നാലുനേരം ഭക്ഷണം നൽകണം. വലിയവയ്ക്ക് ഒരു നേരം മതിയാകും. പാൽ നായ്ക്കൾക്ക് അത്ര നല്ല ആഹാരമല്ല. വിരയുണ്ടാകുമെന്നതാണു പ്രശ്നം. നിർബന്ധമെങ്കിൽ അൽപം മഞ്ഞൾപൊടിയിട്ടു കൊടുക്കാം.