മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം അമ്മ അറിയാൻ എന്തിനു വായിക്കപ്പെടണം?

അമ്മ അറിയാൻ എന്ന സിനിമ ഇത്രയും വർഷങ്ങൾ കഴിഞ്ഞു എന്തിനാവും ഇപ്പോൾ പുസ്തകമായിട്ടുണ്ടാവുക?

"പുതിയ കുട്ടികൾ, സിനിമാ പഠിതാക്കൾ അവരെല്ലാം ജോണിന്റെ സിനിമകളാണ് ഫോളോ ചെയ്യുന്നത്, അല്ലാതെ അടൂരിന്റേയോ അരവിന്ദന്റെയോ സിനിമകളല്ല. കാരണം ജോണിന്റെ സിനിമകളിലേ കാലം ആവശ്യപ്പെടുന്നതോ കാലത്തിനപ്പുറത്തേക്ക് കുതിക്കുന്നതോ ആയ ഒരു ഡൈനാമിസം ഉള്ളൂ. അങ്ങിനെയൊരു ഡൈനാമിസം ഉള്ളതുകൊണ്ടാണല്ലോ മുപ്പത് വർഷം കഴിഞ്ഞിട്ടും 'അമ്മ അറിയാ'ന്റെ തിരക്കഥ അച്ചടിക്കണം എന്ന് വന്നത്. അത് ചരിത്രത്തിന്റെ അനിവാര്യത. ", ചിത്രത്തിൽ അഭിനയിച്ച പ്രധാന നടനും തിരക്കഥ പുസ്തകരൂപത്തിലായപ്പോൾ അവതാരികയും എഴുതിയ ജോയ് മാത്യു ഇങ്ങനെ പറയുന്നത് എത്രയോ കൃത്യമാണ്! 

ജോൺ എബ്രഹാമിന്റെ ജനകീയ സിനിമയാണ് മുപ്പതു വർഷം മുൻപിറങ്ങിയ "'അമ്മ അറിയാൻ" ഇപ്പോൾ വർഷങ്ങൾക്കു ശേഷം അത് തിരക്കഥാ രൂപത്തിൽ പുറത്തിറക്കിയത് പുസ്തക പ്രസാധക സംഘമാണ്. 

മുപ്പതു വർഷം മുൻപുള്ള ക്ഷുഭിതയൗവ്വനങ്ങളുടെ തീവ്രമായ ആസക്തിയുടെയും വിഹ്വലതയുടെയും കഥയാണ് അമ്മ അറിയാൻ പറഞ്ഞു വയ്ക്കുന്നത്. പുരുഷൻ എന്ന കഥാനായകൻ അയാളുടെ അമ്മയോട് നടത്തുന്ന അയാളുടെ കാഴ്ചകളുടെ വെളിപ്പെടുത്തലിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. ഗവേഷണത്തിനായി കേരളത്തിന് പുറത്ത് കാമുകിയും ഒന്നിച്ചു പോകാൻ തയ്യാറെടുക്കുന്ന പുരുഷൻ യാദൃശ്ചികമായി ഒരു ആത്മഹത്യ കാണുന്നു. മരണപ്പെട്ട യുവാവിനെ നല്ല പരിചയമുള്ളതു പോലെ തോന്നിയതിനാൽ അയാൾ കാരണമറിയാതെയുള്ള ഒരു അസ്വസ്ഥതയ്ക്ക് കീഴടങ്ങിപ്പോകുന്നു. തുടർന്ന് ഗവേഷണ സംബന്ധമായ യാത്ര മാറ്റി വച്ച് അയാൾ ആ ചെറുപ്പക്കാരന്റെ മരണം അയാളുടെ വീട്ടുകാരെ അറിയിക്കാനായി നടത്തുന്ന യാത്രയാണ് അമ്മ അറിയാൻ.

ആ യാത്രയിൽ പുരുഷനൊപ്പം നിരവധിയാളുകളുണ്ട്, അയാൾ ഒറ്റയ്ക്ക് തുടങ്ങിയ ഒരു യാത്ര ഒടുവിൽ ഹരി എന്ന ആത്മഹത്യ ചെയ്ത യുവാവിന്റെ അമ്മയുടെ അടുക്കൽ എത്തിച്ചേരുമ്പോൾ അതൊരു വലിയ സംഘമായി പരിണമിക്കുന്നു. പല നാടുകളിൽ നിന്നും ഹരിയെ പരിചയമുള്ള പലർ അയാൾക്കൊപ്പമുണ്ട്. എന്തിനു വേണ്ടിയാണ് ഹരി ആത്മഹത്യ ചെയ്തത് എന്ന ചോദ്യം എല്ലാവരിലുമുണ്ടെങ്കിലും പുരുഷന്റെ കൂടെ ഉള്ള മനുഷ്യർ മുഴുവനും ഹരിയുടെ രാഷ്ട്രീയവും സംഗീതവുമാണ് ചർച്ചയ്ക്ക് വയ്ക്കുന്നത്.

ഒരുപക്ഷെ ഹരിയുടെ മരണം ആ കൂട്ടത്തിൽ വിഹ്വലപ്പെടുത്തുന്നത് പുരുഷനെ മാത്രമാകും. കാരണം അയാളെ മാത്രമാണ് ഹരിയുടെ തുറിച്ചുന്തിയ കണ്ണുകൾ അസ്വസ്ഥപ്പെടുത്തുന്നത്. കടന്നു പോകുന്ന വഴികളിലിൽ കാണുന്ന കാഴ്ചകളെല്ലാം തന്നെ പുരുഷൻ അമ്മയോട് പറയുന്നു എന്ന രീതിയിൽ ആത്മഗതം നടത്തുന്നുണ്ട്. ഹരിയുടെ അമ്മയോട് മകന്റെ മരണ വാർത്ത പറയുമ്പോൾ അത് പ്രതീക്ഷിച്ചിരുന്ന രീതിയിൽ അമ്മ ചോദിക്കുന്നത് അത് ആത്മഹത്യ ആയിരുന്നില്ലേ എന്ന തന്നെയാണ്. രാഷ്ട്രീയമായിരുന്നില്ല, മുറിഞ്ഞു പോയ സംഗീതമായിരുന്നു ഹരിയെ കൊണ്ട് ആത്മഹത്യ ചെയ്യിപ്പിച്ചത്.

കലയും സാഹിത്യവും സംഗീതവും എല്ലാം എല്ലാം കൂടി കലർന്നുള്ള ഒരു അനുഭവമാണ് അമ്മ അറിയാൻ ഇപ്പോഴും അത് വായിക്കുന്ന വായനക്കാരന് പകർന്നു നൽകുന്നത്. ഒരിക്കൽ അഭ്രപാളികളിൽ പ്രദർശിക്കപ്പെട്ട ഇതിന്റെ ചിത്രരൂപം ഇപ്പോൾ ഒരുപക്ഷെ യൂട്യൂബിൽ പോലും ലഭ്യമാണ്, എങ്കിൽ പോലും ജോൺ എബ്രഹാമിന്റെ എഴുത്തു രീതികളിലെ നൈതികത കണ്ടറിയാൻ അദ്ദേഹത്തിന്റെ തിരക്കഥ വായിക്കുക തന്നെ വേണം. എത്ര സൂക്ഷ്മമായാണ് ഓരോ സീനുകളും എഴുതി ചേർത്തിരിക്കുന്നതെന്ന് ആ വായന കാട്ടി തരും.

ഇപ്പോഴും സിനിമ സ്‌കൂളുകളിൽ ജോൺ എബ്രഹാമും അദ്ദേഹത്തിന്റെ സിനിമകളും തിരക്കഥയുമെല്ലാം മറ്റാരേക്കാളും പ്രാധാന്യത്തോടെ പഠിപ്പിക്കുന്നുണ്ട്, അതിന്റെ പ്രധാന കാരണം അതിന്റെ ആവിഷ്കാര ഭംഗി തന്നെ ആയിരിക്കണം. അകം കാഴ്ചകളേക്കാൾ യാത്രയായതിനാൽ പുറം കാഴ്ചകളാണ് അമ്മ അറിയാനിൽ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ ഓരോ മനുഷ്യരെയും അവരവരുടെ ജീവിതചുറ്റുപാടിൽ നിന്നാണ് വായനക്കാരൻ കണ്ടെത്തുക. 

പുരുഷന്റെ വിഹ്വലതകളിലൂടെ ഒരു കാലത്തിലെ ചെറുപ്പക്കാരുടെ മുഴുവൻ അസ്വസ്ഥതകളെയും ജോൺ വ്യാഖ്യാനിക്കുന്നു. ഹരിയെന്ന യുവാവിന്റെ ആകുലതകൾ അയാൾ ജീവിച്ചിരുന്ന കാലത്തേ ഒരുപറ്റം യുവാക്കളുടെ പ്രശ്നങ്ങളായിരുന്നു. താൻപേറി ജീവിച്ച രാഷ്ട്രീയം, അത് നീതിയുടെ രാഷ്ട്രീയമായിരുന്നു. കലാകാരനായ ഹരിയെയാണ് എല്ലാ സുഹൃത്തുക്കളും ഓർമ്മിക്കുന്നത്, പക്ഷെ പോലീസുകാരുടെ ബൂട്ടിന്റെ ചവിട്ടേറ്റ് കൈ തകർന്ന ഹരി തന്റെ തബല കഠാര കൊണ്ട് കുത്തിപ്പൊട്ടിക്കുന്നത് തീക്ഷ്ണമായൊരു ഏടാണ്. വായനയിൽ പോലും കരൾ മുറിയുന്ന അനുഭവമാണത്. പിന്നെ അയാളെങ്ങനെ ആത്മഹത്യ ചെയ്യാതെയിരിക്കും എന്ന് ജോൺ ചോദിക്കുന്നതിന് ന്യായമുണ്ട്!

വാസു എന്ന സഖാവിന്റെ വീട്ടിലേയ്ക്കുള്ള വരവിൽ ഹരിയുടെ സുഹൃത്തുക്കൾ കാണുന്ന വളരെ സർക്കാസ്റ്റിക് ആയ ഒരു കാഴ്ചയുണ്ട്, അടിയുറച്ച ആദർശവാദിയായ വാസുവിന്റെ അമ്മ മകന്റെ ഭാവിയറിയാൻ കൈനോട്ടക്കാരിയെ ആശ്രയിക്കുന്ന അവസ്ഥ, അതെ അവസ്ഥ തന്നെയാണ് ജോൺ പുരുഷന്റെ കാമുകിയായ പാർവ്വതിയെ കൊണ്ട് ദേവീ ഭാഗവതം വായിപ്പിക്കുന്നതും. പക്ഷെ രണ്ടിനും വ്യത്യാസമുണ്ട്, ഒരിടത്ത് അമ്മ ദുർബലയെങ്കിൽ മറുവശത്ത് അമ്മ കരുത്തുറ്റവളാണ്.

ഇംഗ്ലീഷ് വായിക്കാൻ നിനക്കും മുൻപേ എനിക്കറിയാം എന്നാണ് പുരുഷനോട് അയാളുടെ അമ്മ പറയുന്നത്, ആ സ്ത്രീ പ്രകൃതത്തെ തന്നെയാണ് പാർവ്വതി ഗവേഷണ വിഷയമാക്കുന്നതും, അതിന്റെ ഭാഗമാണ് ദേവീ ഭാഗവതത്തിലെ വായനയും. അങ്ങനെ നോക്കുമ്പോൾ അമ്മ അറിയാൻ തികഞ്ഞ ഒരു സ്ത്രീപക്ഷ തിരക്കഥാ രചനയെന്നും പറയാം. കാരണം തുടക്കം മുതൽ ഒടുക്കം കാണിക്കുന്ന ഹരിയുടെ അമ്മ വരെയുള്ള സ്ത്രീ കഥാപാത്രങ്ങൾ ഇതിലെ പുരുഷകഥാപാത്രങ്ങളേക്കാൾ ശക്തരാണ്, മാനസികമായി അവർ ഉയർന്ന നിലയിലാണ്. പുരുഷന്മാർ വിഹ്വലപ്പെടുന്ന ഇടങ്ങളിൽ അവരെക്കാൾ സ്ത്രീകൾ സ്ഥിരബുദ്ധിയോടെയാണ് പ്രതികരിക്കുന്നത്.

ചലച്ചിത്ര ഭാഷയുടെ സാമ്പ്രദായിക ശീലങ്ങളെ അട്ടിമറിച്ച അമ്മ അറിയാൻ, സിനിമാ വിദ്യാർത്ഥികൾക്ക് വെടി മരുന്ന് നിറച്ച ഒരു വേദ പുസ്തകമായി ടാഗ് ചെയ്യപ്പെടുന്നു. ആശയങ്ങളുടെ പേരിലും രചനയുടെ പേരിലും ചലച്ചിത്ര ഭാഷ്യത്തിന്റെ പേരിലും അമ്മ അറിയാൻ എന്ന പുസ്തകം ഇപ്പോഴും ചർച്ച ചെയ്യപ്പെടാൻ സ്കോപ്പുള്ള ഒരു പുസ്തകമാണ്. പ്രത്യേകിച്ച് സിനിമ ആരാധകർക്കും പഠിതാക്കൾക്കും.