'ഞാൻ കൂടുതൽ സ്നേഹിക്കുന്നതു മനുഷ്യനെയാണ് '

കേരളീയ സമൂഹം ശ്രദ്ധയോടെ കാതോർക്കുന്നതാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ വാക്കുകൾ. ശ്രോതാക്കളെ പൊട്ടിച്ചിരിപ്പിക്കുന്ന വാക്കുകളിൽ പകരുന്നതാവട്ടെ മനുഷ്യ സ്നേഹവും. തിരുമേനി പറയുന്നത് നർമമല്ലെന്നും ദൈവവചനം തന്നെയാണെന്നും, ജീവിതത്തിന് ശുഭപ്രതീക്ഷ തരുന്നവയാണെന്നും അവതാരികയിൽ ഇന്നസെന്റ് പറയുന്നതും അതുകൊണ്ടാണ്. 

ക്രിസോസ്റ്റം തിരുമേനിയുമായി വി. ആർ. ജ്യോതിഷ് നടത്തിയ അഭിമുഖ സംഭാഷണങ്ങളാണ് ഈ പുസ്തകം. ദൈവത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തിരുമേനിയുടെ ദർശനം ഇവയിൽ പങ്കുവയ്ക്കുന്നു. സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും തൂവൽ സ്പർശം വായനക്കാരെ അനുഭവിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനുള്ള മറുപടിയാവില്ല നമുക്കു ലഭിക്കുന്നത്. എന്നാൽ അദ്ദേഹം നൽകുന്ന മറുപടിയിൽ നമ്മുടെ ചോദ്യത്തിനുള്ള ഉത്തരവും ലഭിക്കുന്നു. 

കുട്ടികളെ എങ്ങനെ വളർത്തണം എന്ന ചോദ്യം. ‘ഞാൻ കല്യാണം കഴിക്കാത്തതുകൊണ്ട് മക്കളില്ല. അതുകൊണ്ട് അവരെ വളർത്തേണ്ട വിധവും എനിക്ക് അറിയില്ല. ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കാൻ ഈ നർമ്മം ഇടം കൊടുക്കുന്നു. പിന്നീടാണ് ഈ ചോദ്യത്തിനുള്ള മറുപടി. അതിന് അദ്ദേഹം ഒരു കഥ പറയുന്നു. ഒരു ചന്തയിൽ രണ്ടു പേർ പോയി ഓരോ മാവിൻ തൈകളുമായി വരുന്നു. ഒരാൾ നല്ല പോലെ വെള്ളം ഒഴിച്ച് വളമിട്ട് മാവിൻ തൈ പരിപാലിച്ചു. അത് തഴച്ചു വളർന്നു. മറ്റെയാൾ വല്ലപ്പോഴും നനയ്ക്കുക മാത്രം ചെയ്തു. അതും വളർന്നു കൊണ്ടിരുന്നു. ഒരു നാൾ വലിയൊരു കാറ്റു വന്നു. തഴച്ചു വളർന്ന മാവ് നിലം പൊത്തി. സാധാരണ രീതിയിൽ വളർന്നവയുടെ വേരുകൾ ആഴത്തിലേക്ക് പടർന്നതു കൊണ്ട് കാറ്റിന് തളർത്താൻ കഴിഞ്ഞില്ല. വെള്ളവും വളവും നൽകിയ മാവ് കാറ്റടിച്ചപ്പോൾ നിലം പൊത്തിയതു പോലെയാവും അമിത ലാളന ഏറ്റുവാങ്ങുന്ന കുട്ടിയും. ജീവിതത്തിന്റെ പരുക്കൻ കാറ്റടിക്കുമ്പോൾ തന്നെ തളർന്നു പോകുന്നത് ഇവരാണ്. പട്ടിണിയും ബുദ്ധിമുട്ടും ഏറ്റു വളർന്നു വന്ന കുട്ടി പ്രതികൂലാവസ്ഥയേറ്റു വളർന്നു വന്ന വൃക്ഷത്തൈ പോലെയാണ്. ജീവിതത്തിന്റെ ഉഷ്ണക്കാറ്റിൽ തളരാതെ നിൽക്കുവാൻ അവർക്കു കഴിയുന്നു. കേൾവിക്കാരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ കഥയെന്നു പറയേണ്ടതില്ലല്ലോ. 

ക്രിസോസ്റ്റം തിരുമേനിയുടെ സംഭാഷണങ്ങളിൽ ഇതു പോലെയുള്ള കഥകളും ഉപകഥകളും നിറഞ്ഞു നിൽക്കുന്നു. അവ ലളിതമാണ്. സാധാരണക്കാരന്റെ ഭാഷയിൽ പങ്കു വെയ്ക്കുന്നവയും.

കുറിക്കു കൊള്ളുന്ന മറുപടി പറയാനുള്ള തിരുമേനിയുടെ പാടവം വ്യക്തമാക്കുന്ന ചില ചോദ്യങ്ങളുമുണ്ട്.  ഒരു ഇംഗ്ലിഷുകാരനെ നാവടപ്പിച്ച സംഭവമാണ്. ഒരു സായിപ്പ്, തിരുമേനി ഇന്ത്യക്കാരൻ എന്നറിഞ്ഞപ്പോൾ പുച്ഛത്തോടെ ചോദിക്കുന്നു ‘ഇപ്പോഴും നിങ്ങളുടെ വഴികളിൽ സിംഹവും പുലിയും കരടിയും ഇറങ്ങാറുണ്ടോ? മറുപടി ഉടൻ വന്നു. 1947 നു ശേഷം ഇല്ല’ സായിപ്പിനെ പിന്നെ കാണാനേ കിട്ടിയില്ല. 

തിരുമേനിയുടെ ജയിൽ സന്ദർശനത്തെക്കുറിച്ചുള്ള പരാമർശം രസകരമാണ്. 

ജയിൽപ്പുള്ളികളോട് നിങ്ങൾക്ക് കക്കാനെ അറിയാവൂ. നിൽക്കാനറിയില്ല അതുകൊണ്ടാണ് നിങ്ങൾ അകത്ത് കിടക്കുന്നത്. എനിക്കാണെങ്കിൽ കക്കാനും അറിയാം നിൽക്കാനും അറിയാം. അതുകൊണ്ടാണ് ഞാൻ പുറത്ത് നടക്കുന്നത്. ജയിൽപ്പുള്ളികളെ ആർത്തു ചിരിപ്പിക്കുക മാത്രമല്ല. പുറത്തു നടക്കുന്ന പല വിരുതന്മാർക്കുമുള്ള ചുട്ട പ്രഹരം കൂടിയാണ് ഈ വാക്കുകൾ. 

ദൈവം കൂടുതൽ സ്നേഹിക്കാൻ വേണ്ടി അങ്ങ് എന്താണ് ചെയ്തത്?

ഞാൻ കൂടുതൽ സ്നേഹിക്കുന്നത് ദൈവത്തെയല്ല മനുഷ്യനെയാണ്. മനുഷ്യനെ കൂടുതൽ സ്നേഹിച്ചാല്‍ അത് ദൈവത്തിനെ കൂടുതൽ സ്നേഹിക്കുന്നതിന് തുല്യമാകും. ദൈവത്തിനും അതാണ് ഇഷ്ടമെന്ന് തിരുമേനിയുടെ അഭിപ്രായം. 

പത്ത് പ്രധാന ഭാഗങ്ങളായാണ് ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ദൈവവും, മതവും, ആരാധനയും, മനുഷ്യബന്ധങ്ങളും. സ്നേഹവും, കുടുംബവും, കുട്ടികളെ വളർത്തേണ്ടതും, അന്യമതസ്ഥരോടുള്ള സമീപനവും എല്ലാം വ്യക്തമാക്കാൻ സഹായിക്കുന്ന ഇരുന്നൂറിലധികം ചോദ്യങ്ങൾ. അവയ്ക്കെല്ലാം തെളിനീരിനു സമാനമായ മറുപടിയാണ് ക്രിസോസ്റ്റം തിരുമേനി നൽകുന്നത്. 

പ്രസന്ന മധുരമായ ഭാഷയിൽ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ഒരു നോവൽ വായിക്കുന്നതു പോലെയുള്ള ഹൃദ്യമായ വായനാനുഭവം പകരുന്നതാണ്. ഏറെ ഗൃഹപാഠം ചെയ്ത് അവതരിപ്പിക്കുന്ന ചോദ്യങ്ങൾ ക്രിസോസ്റ്റം തിരുമേനിയുടെ ദർശനങ്ങളെയും ജീവിതത്തെയും പ്രതിഫലിപ്പിക്കുവാൻ കഴിയുന്നു. 

ആമുഖത്തിൽ ഗ്രന്ഥകർത്താവ് പറയുന്നത് ഏറെ പ്രസക്തം. ‘തിരുമേനിയുടെ മറുപടിയിൽ ചിരിക്കേണ്ടവർക്ക് ചിരിക്കാം. ചിന്തിക്കേണ്ടവർക്ക് ചിന്തിക്കാം. ചിരിച്ചു ചിന്തിക്കേണ്ടവർക്ക് അങ്ങനെയും ആകാം.’

നെഞ്ചോടു ചേർത്തു വയ്ക്കേണ്ട പുസ്തകം എന്ന് നിസ്സംശയം പറയാം.