ഇഷ്ടപ്പെട്ട ആൾക്കൊപ്പം നഷ്ടപ്പെടുന്നത് ജീവിതം തന്നെയാണെങ്കിലോ?

"ഇന്നലെ ഇരുട്ട് അവളുടെ ഉടലിനെ വിഴുങ്ങിയിരുന്നു", ഗുഹ എന്ന ചെറുകഥയിൽ ആർ. ഷഹിന എഴുതുന്നു. വിഴുങ്ങാൻ പാകത്തിൽ ഉടലുകളുള്ള സ്ത്രീകളെ കുറിച്ചാണ് അല്ലെങ്കിലും പുസ്തകം നിറയെ. പതിച്ചി എന്ന പുതിയ കഥ സമാഹാരത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ആർ. ഷഹിനയുടെ രണ്ടാമത്തെ കഥ സമാഹാരമാണ് പതിച്ചി. ഒറ്റയാക്കപ്പെടുന്ന, വൈരുധ്യങ്ങളുള്ള സ്ത്രീ മനസ്സുകളുടെ ആന്തലുകൾ പേറുന്നവയാണ് ഇതിലെ പതിമൂന്നു കഥകളും.

വിവാഹം കഴിഞ്ഞ സ്ത്രീകളുടെ ചില ദുരന്ത ചിത്രങ്ങളുണ്ട്. പെട്ടെന്ന് പ്രവാസിയാകേണ്ടി വരുന്നവർ അന്യനാട്ടിൽ ഒരു വീടിനുള്ളിൽ ഒറ്റപ്പെട്ടു പോകേണ്ടി വരുന്ന അവസ്ഥ. അവിടെ അവളുടെ ആഗ്രഹങ്ങളുടെ കൈപിടിക്കാൻ പ്രത്യേകിച്ചാരുമില്ല, ഇവിടെ ഗുഹ എന്ന കഥയിലെ നായിക പ്രവാസിയാക്കപ്പെട്ട് ഒറ്റയായി പോയവളാണ്. അവളുടെ ഭർത്താവ് നിത്യവും പുറത്തു പോകുമ്പോൾ മുറിയിൽ അടച്ചിടപ്പെട്ടവളായി അവൾ മാറുന്നു. "നീ ഇങ്ങനെ വെറുതെ ഇരുന്നിട്ടാണ് മനസ്സ് മുഷിയുന്നത്. ഒന്നും നിനക്ക് അറിയണ്ടല്ലോ", എന്ന് ഉപ്പു മുതൽ കർപ്പൂരം വരെ വാങ്ങുന്ന ഭർത്താവ് പറയുമ്പോൾ, പൊതുവെ അതു ശരിയാണെങ്കിലും എല്ലാം നൽകുന്ന ഭർത്താവ് അറിയാതെ പോകുന്നത് അവളുടെ ഏകാന്തതയാണ്. അങ്ങനെ അവൾ സ്വയം തിരയുമ്പോൾ കണ്ടെത്തുന്ന ലോകം, അതാണ് ഗുഹ പറയുന്നത്. ഓരോ സ്ത്രീയുടെയും ഉള്ളിലുണ്ട്, ഒന്നു തൊട്ടാൽ തളിർത്തു വിടരുന്ന സ്വപ്‌നങ്ങൾ. പക്ഷേ, ഭീതിയോടെ മാത്രമേ ലോകത്തെ കാണാൻ കഴിയുന്നുള്ളൂ എന്നതു കൊണ്ടുതന്നെ അവൾക്ക് പുറത്തേയ്ക്ക് കൈ നീട്ടാനും ഭയമാണ്, ആ ഭയത്തിലേക്കാണ് ഗുഹയിലെ നായിക അവളുടെ തന്നെ ഫേക്ക് അക്കൗണ്ടുകളിലേക്ക് മറ്റൊരാളായി നുഴഞ്ഞു കയറുന്നത്.

ഗുഹ പോലെ തന്നെയുള്ള മറ്റൊരു കഥയാണ് ജയിലറ. ഓരോ പെണ്ണിനും അവളുടെ ജീവിതം ജയിലറ ആയി തോന്നുന്നുണ്ടാകുമോ? ഈ കഥ അത്തരമൊരു സംശയത്തെ ദ്യോതിപ്പിക്കുന്നു. ഇഷ്ടപ്പെട്ട ആളെ നഷ്ടപ്പെടുത്തുമ്പോൾ അയാൾക്കു മുന്നിൽ ആവേശത്തോടെ ജീവിക്കാൻ ആഗ്രഹിച്ചതു തെറ്റാണോ എന്ന ചോദ്യം സ്വാഭാവികം. പക്ഷേ, ആ ആവേശത്തിൽ നഷ്ടപ്പെടുന്നത് ജീവിതം തന്നെയാണെങ്കിലോ? സ്വാഭാവികമായ ജീവിതത്തെ ഇല്ലാതാക്കി അവിടെ കുടിയേറിയവളുടെ രീതികൾ വച്ചു കെട്ടേണ്ടി വരുന്നവളുടെ ദുഃഖം അവളിൽ എന്നുമുണ്ടാകും, പക്ഷേ ഈ മാറ്റങ്ങളൊക്കെയും വീണ്ടുമൊരിക്കൽ അവനെ അവന്റെ ഭാര്യയോടൊപ്പം കാണുമ്പോൾ അവനോടു തനിക്കൊരു ചുക്കുമില്ല എന്ന നിലയിൽ സംസാരിക്കാൻ ആണെന്ന ഓർമയിൽ ആണ് എല്ലാം, എങ്കിലും സ്വയം നഷ്ടപ്പെടുന്നവൾ! അങ്ങനെ എത്ര സ്ത്രീകൾ ജയിലറകളിൽ ജീവിക്കുന്നുണ്ടാകും!

ഭയത്തിൽ നിന്നുണ്ടാകുന്ന ഭ്രാന്തിലേക്കാണ് ഒരുവൾ ഓടിയെത്തുന്നത്. പഠനത്തിന്റെ തിരക്കുകളിൽ നിന്നും തെല്ലൊരു വിശ്രമം ലഭിച്ചപ്പോൾ അവൾ ഓടിയെത്തിയത് നാളുകൾ നീളമുള്ള പത്രക്കെട്ടുകളിലേയ്ക്കായിരുന്നു. അവിടെ അവൾ കണ്ടെത്തിയ വാർത്തകൾക്കു മുഴുവൻ ആണിന്റെ രേതസ്സിന്റെ ഗന്ധമായിരുന്നു. ബന്ധങ്ങളും സ്നേഹവും ഇളകി തെറിച്ച അടപ്പു പോലെ കാണാതാകുന്നതും അവിടെ അവശേഷിക്കുന്നത് ശരീരങ്ങൾ മാത്രമാവുകയും ചെയ്തതോടെ അവൾ ഭീതിയെന്ന ഭ്രാന്തിനു അടിമപ്പെട്ടു തുടങ്ങി. അച്ഛനും അനുജനും എല്ലാവരും അവളുടെ മുന്നിലെ ഉടലുകളായി പരിണമിക്കപ്പെട്ടു. എന്തൊരു ഭീതിദമായ ആധിയാവും അവളെ ഭരിച്ചിട്ടുണ്ടാവുക! എഴുത്തുകാരിയുടെ സമകാലീക വർത്തകളോടുള്ള ആധി കലർന്ന സങ്കടം മുഴുവൻ ഭ്രാന്ത് എന്ന കഥ പേറുന്നുണ്ട്. 

ഒരുപക്ഷെ "പതിച്ചി" എന്ന സമാഹാരത്തിലെ ഏറ്റവും മനോഹരമായ കഥ "മൂക്കുത്തി" ആവും.ഇഷ്ടപ്പെട്ടൊരാൾ നൽകുന്ന മൂക്കുത്തിയിൽ തഴുകി പോകുന്ന ശ്വാസം. അവസാന ശ്വാസവും അവൻ നൽകിയ മൂക്കുത്തിയിൽ തൊട്ടാവുക! എന്ത് മനോഹരമായ ഒരു കോൺസെപ്റ് ആണ് ഷഹിന മുൻപോട്ട് വയ്ക്കുന്നത്!

"ഇപ്പോൾ ഈ വയസ്സാംകാലത്ത് മൂക്ക് വീണ്ടും കുത്തുന്നതിനെ പേരമക്കൾ കളിയാക്കുന്നു. എങ്കിലും ഞാൻ മൂക്കു കുത്തും... എന്റെ അവസാന ശ്വാസവും അവനിൽ തൊട്ട് വേണം യാത്രയാക്കാൻ", ഈ വരികളിൽ പല മുഖങ്ങളും മിന്നി മായുന്നു. പ്രായമേറിയപ്പോൾ മാത്രം സ്വന്തം പഴയ മോഹങ്ങളെ പൊടിതട്ടിയെടുത്ത പല സ്ത്രീ മുഖങ്ങളും. ആരെയും തൊടാനല്ലെങ്കിൽ പോലും ചില സ്വപ്നങ്ങളുണ്ട് ആ മൂക്ക് കുത്തലിൽ.

"മോളെ ശരീരം കൊണ്ടു സ്നേഹിക്കണം ഭർത്താവിനെ, മനസ്സു കൊണ്ട് കാമുകനെയും." ശിവകൃപയുടെ ഗർഭകാലം അവസാനിച്ചു കഴിഞ്ഞ് അവളെ തേച്ചുകുളിപ്പിക്കുമ്പോൾ പതിച്ചി പറഞ്ഞു.

"ഓഹരി വിപണിയിടിഞ്ഞു വീഴരുത്, അവിടെയാണ് ശരീരഭാഷയുടെ മിടുക്ക്", പതിച്ചി വീണ്ടും സ്ത്രീയെ അടയാളപ്പെടുത്തുന്നു. എന്തുകൊണ്ടാവും ഒരു സ്ത്രീ ഇത്തരത്തിൽ തിരിച്ചറിവുണ്ടാകാൻ പാകത്തിൽ എത്തിച്ചേർന്നത്! ഉറപ്പായും അവളുടെ അനുഭവങ്ങൾ കൊണ്ടു തന്നെയാകും. ഒരിടത്തും ഒറ്റശരീരത്തിൽ ഒതുങ്ങി നിൽക്കാൻ കഴിയാത്ത പുരുഷന്റെ ആൺ അഹങ്കാരങ്ങൾക്ക് മുകളിൽ ആത്മാവിന്റെയോ മനസിന്റെയോ വലിപ്പം കൊണ്ടല്ല, ശരീരത്തിന്റെ മാദകത്വം കൊണ്ട് തന്നെ ആധിപത്യം നേടാൻ ശ്രമിക്കേണ്ടതുണ്ടെന്ന് പറയുമ്പോൾ അത് എത്രമാത്രം സത്യമാണെന്ന് തെളിയിക്കുന്ന എത്രയോ അനുഭവങ്ങൾ കൺമുന്നിലുണ്ട്. ചില പ്രപഞ്ച സത്യങ്ങൾ അംഗീകരിച്ചേ മതിയാകൂ എന്നു വരുന്നു.

പതിച്ചിയിലെ കഥകളെല്ലാം തന്നെ സ്ത്രീത്വത്തെ പല നിലയിൽ പ്രതിനിധീകരിക്കുന്നവയാണ്. "സ്ത്രീപക്ഷ ചിന്തയേക്കാൾ ലിംഗസമത്വമെന്ന മാനവിക നീതിയാണ് ഈ കഥകളുടെ കാതൽ. ഒറ്റയ്ക്കായി പോയവൾ, എല്ലാവരുമുണ്ടായിട്ടും തനിച്ചു ചിന്തിക്കുന്നവർ, സ്ത്രീയെ മാറി നിന്നു കണ്ടെത്താൻ ശ്രമിക്കുന്നവൾ അങ്ങനെ പല നിലയിൽ പതിച്ചിയിലെ കഥകൾ വായിക്കാം. പുതിയ കഥ വഴികളിൽ ആർ. ഷഹിനയ്ക്കുള്ള സ്ഥാനം ഈ പുസ്തകത്തിലെ കഥകൾ ഓരോന്നും കുറിച്ചു വയ്ക്കുന്നുണ്ട്.