മനുഷ്യനെ സ്വര്‍ണമാക്കുന്ന രാസവിദ്യ

ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തുള്ള കുരുമുളകു കാടുകള്‍ നിറഞ്ഞ പ്രദേശം. തുളുനാട് തുടങ്ങി കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന ഭൂപ്രദേശം. തെക്കേ അറ്റം ഉത്തര അക്ഷാംശം ഏഴര ഡിഗ്രിയിലാണ്. പടിഞ്ഞാറുവശം സമുദ്രമാണ് അതിര്. കിഴക്ക് ഉയര്‍ന്ന പര്‍വതനിര അതിനെ ചോളമണ്ഡലത്തില്‍നിന്നു വേര്‍തിരിക്കുന്നു. ഉത്തരായനരേഖയ്ക്കും ഭൂമധ്യരേഖയ്ക്കും ഇടയ്ക്കു ധാരാളം ഉറവകളും നീരൊഴുക്കുകളും കുളങ്ങളുമുണ്ടെങ്കിലും ആഴമില്ലാത്ത നദികള്‍ കപ്പല്‍ ഗതാഗതയോഗ്യമല്ല. യാത്ര കൂടുതലും വള്ളങ്ങളിലാണ്. ഉള്‍നാടുകളില്‍ ക്രിസ്ത്യാനികള്‍ ധാരാളമുണ്ട്. 

ചരിത്രത്തിലെ മലബാറാണിത്. പുരാതന സഞ്ചാരികളില്‍ ചിലര്‍ ഇന്ത്യയുടെ പശ്ചിമതീരത്തെ മുഴുവന്‍ മലബാര്‍ എന്നു പറയുമ്പോള്‍ മറ്റുചിലര്‍ മലയാളഭാഷ സംസാരിക്കുന്ന പ്രദേശത്തെ മാത്രം അങ്ങനെ വിളിക്കുന്നു. മലയാണ്‍മയുടെ നാടാണ് ഇവിടെ സൂചിപ്പിക്കുന്ന മലബാര്‍. മലബാര്‍ എന്നുവിളിക്കപ്പെട്ട സ്ഥലത്തു പഠിച്ചെടുക്കാന്‍ പ്രയാസമുള്ള മലയാളം എന്ന ഭാഷയിലെഴുതുന്ന ഒരു യുവാവിനെക്കുറിച്ചാണ് ഈ കുറിപ്പ്. ചെറുകഥകളിലൂടെ പുതിയൊരു ഭാവുകത്വത്തിന്റെ ഭൂതലം സൃഷ്ടിച്ച ഈ യുവാവ് പില്‍ക്കാലം മലബാറില്‍ വലിയൊരു വിവാദത്തിലെ നായകനുമായി. മീശ എന്ന അയാളുടെ ആദ്യനോവലാണു വിവാദം സൃഷ്ടിച്ചത്. മീശയേക്കാള്‍ ഏറെ വിവാദം സൃഷ്ടിക്കാനുള്ള കരുത്തും ശേഷിയുമുള്ള വാചകങ്ങള്‍ അയാള്‍ അതിനുമുമ്പു തന്നെ എഴുതിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 13 വര്‍ഷം മുമ്പു പ്രസിദ്ധീകരിച്ച ആദ്യത്തെ കഥാസമാഹാരത്തിലെ കഥകളില്‍. ഭാവിയുള്ള ആ ചെറുപ്പക്കാരനെ മലയാളത്തില്‍ അവതരിപ്പിച്ച സമാഹാരത്തിന്റെ പേര് ‘രസവിദ്യയുടെ ചരിത്രം’. സാഹിത്യത്തെ ഗൗരവത്തോടെ കാണുന്ന വായനക്കാര്‍ ഇന്നുമോര്‍ക്കുന്ന കഥകളുടെ സമാഹാരം. മീശയും അപ്പനും ആദവും ചര്‍ച്ചയുടെ കേന്ദ്രമായി തുടരുമ്പോള്‍ ഒരു തിരിച്ചുപോക്ക് കൗതുകകരമാണ്. രസകരവും. രസവിദ്യയുടെ ചരിത്രം ആ കൗതുകത്തെയും താല്‍പര്യത്തെയും സംതൃപ്തിപ്പെടുത്തുന്നതിനൊപ്പം മലയാള ചെറുകഥയുടെ ആധുനികത എന്നു വിശേഷിപ്പിക്കപ്പെടുന്ന പാരമ്പര്യത്തില്‍നിന്ന് വ്യക്തമായ വ്യതിയാനവും കുറിക്കുന്നു. ചരിത്രത്തിലെ വിലപിടിപ്പുള്ള നിധിയാണത്. നാളുകള്‍ കഴിഞ്ഞാലും മങ്ങല്‍ ഏശാത്ത തനിത്തങ്കത്തിന്റെ ഗുണമുള്ള ആല്‍ക്കെമി എന്ന രസവിദ്യയുടെ രസതന്ത്രം. മീശയുടെ കഥാകാരന്റെ ആദ്യ ചെറുകഥാ സമാഹാരം ഡിസി ബുക്സ് ഒരിക്കല്‍ക്കൂടി വായിക്കാര്‍ക്കു സമര്‍പ്പിക്കുന്നു- വായിക്കാനും ഓര്‍മിക്കാനും ചരിത്രത്തെ ഓര്‍പ്പെടുത്താനും. ഓര്‍മകളുണ്ടായിരിക്കണം എന്ന് ഓര്‍മപ്പെടുത്താന്‍. 

എസ്. ഹരീഷിന്റെ ഒന്നിലധികം കഥകളിലും മീശയിലും നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒരു ചരിത്രപുരുഷന്റെ കവിതയില്‍നിന്നാണു രസവിദ്യയുടെ ചരിത്രം തുടങ്ങുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദൈവദശകത്തില്‍നിന്ന്. ലോകസഞ്ചാരിയായിരുന്ന ഡച്ചുകാരന്‍ ഹൂസ്റ്റാര്‍ട്ടിന്റെ യാത്രക്കുറിപ്പുകളുടെ ഒമ്പതാം അധ്യായമായാണ് രസവിദ്യ സങ്കല്‍പിക്കപ്പെട്ടിരിക്കുന്നത്. 

പത്തുവര്‍ഷത്തിന്റെ തെളിവുകള്‍ കടലില്‍ നഷ്ടപ്പെട്ട, ജലത്താല്‍ മുറിവേറ്റ ഹൂസ്റ്റാര്‍ട്ട് മലബാറില്‍ എത്തുന്നത് അയ്യാസ്വാമിയെത്തേടി. ചെങ്കല്‍പേട്ടക്കാരനായ സുബ്ബരായനാണ്  അയ്യാസ്വാമി. ഹഠയോഗി. അന്ത്യകാലത്ത് സുഖമരണം ലഭിക്കുന്നതിനുള്ള ശ്വസന, ശാരീരികാഭ്യാസങ്ങളാണു ഹഠയോഗം. മലബാറില്‍ എത്തിയ ആദ്യനാളുകളില്‍ത്തന്നെ ഹൂസ്റ്റാര്‍ട്ട് മലയാളികളെക്കുറിച്ച് വിചിത്രമായ ഒരു നിഗമനത്തില്‍ എത്തുന്നുണ്ട്- മരിക്കുന്നതിനുള്ള തയാറെടുപ്പ് മാത്രമാണു മലബാറുകാര്‍ക്കു ജീവിതം. പക്ഷേ, വ്യത്യസ്തനായ അയ്യാസ്വാമി ജീവിതത്തെ സമ്പന്നാമാക്കാനുള്ള പരീക്ഷണത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നാണു കേള്‍വി. നിസ്സാരമായ ലോഹങ്ങളെപ്പോലും സ്വര്‍ണമാക്കാനുള്ള രസവിദ്യ സ്വന്തമാക്കുന്ന പ്രക്രിയയുടെ അന്ത്യഘട്ടത്തിലാണ് ആയാള്‍. ചരിത്രത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്ന ആ കണ്ടുപിടിത്തത്തില്‍ അയാള്‍ എത്തുന്നതിനുമുമ്പ് ആളെ തട്ടിക്കളയുക. ഒപ്പം രസവിദ്യ മനസ്സിലാക്കി ശിഷ്ടകാലം ലോകത്തെ ഭരിക്കുക- ഹൂസ്റ്റാര്‍ട്ട് ലക്ഷ്യങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചു. അകാലത്തില്‍ ജീവിക്കുന്നവരെന്നു തോന്നുന്ന രണ്ടു ശിഷ്യരുണ്ട് അയ്യാസ്വാമിക്ക്. വിചിത്രസ്വഭാവികള്‍. നാണുവും ചട്ടമ്പിയും. ആസനങ്ങളും പ്രാണായാമങ്ങളും പഠിക്കുകയാണവര്‍. 

അയ്യാസ്വാമിയുടെ രസവിദ്യാ പരീക്ഷണത്തെക്കുറിച്ച് നാടറിഞ്ഞു; നാട്ടുകാരറിഞ്ഞു. അവര്‍ സ്വാമിയുടെ ആശ്രമത്തിനു ചുറ്റും തടിച്ചുകൂടി. ഇരുമ്പിനെപ്പോലും സ്വര്‍ണമാക്കുന്ന രസവിദ്യയുടെ അന്ത്യഘട്ടം. സ്വര്‍ണ്ണോത്പാദത്തിനുള്ള അത്ഭുതമരുന്ന്. മരുന്ന് കണ്ടെത്തുന്ന നിമിഷം തന്നെ ജനക്കൂട്ടം അയ്യാസ്വാമിയെ അപകടപ്പെടുത്തിയേക്കാം. തട്ടിക്കൊണ്ടുപോയേക്കാം. ഹൂസ്റ്റാര്‍ട്ടിനു വകവരുത്താന്‍ ഒന്നും ബാക്കിവയ്ക്കാതെ സ്വാമിയെ ഇല്ലാതാക്കാനുള്ള സാഹചര്യവുമുണ്ട്. പരീക്ഷണം വിജയത്തിലേക്ക് എത്തുകയാണ്. ഒരു അമൂല്യവസ്തു കൂടി ലയിപ്പിച്ചാല്‍ അയ്യാസ്വാമിയുടെ പരീക്ഷണം വിജയിക്കും. ആ അമൂല്യവസ്തു ലോഹമല്ല. ഖരമോ ദ്രവമോ അല്ല. അപൂര്‍വമോ വിലയേറിയതോ അല്ല. അതു മനുഷ്യരാണ്. ചൂണ്ടിക്കാണിക്കാവുന്ന രണ്ടു മനുഷ്യര്‍. അതേ, മനുഷ്യരെ സ്വര്‍ണമാക്കാന്‍ പിറന്നവര്‍. അവരുടെ രസവിദ്യയിലെ പരീക്ഷണ വസ്തുക്കളാണ് മലയാളികള്‍. ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും നിറത്തിന്റെയും മിഥ്യാഭിമാനങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പേരില്‍ ഇന്നും തമ്മിലടിക്കുന്ന, തലതല്ലിച്ചാകുന്ന മലയാളികള്‍. മലയാണ്മ സംസാരിക്കുന്നുവര്‍. 

രസവിദ്യയുടെ ചരിത്രം ഹരീഷിന്റെ ആദ്യത്തെ കഥാസമാഹാരത്തില്‍ ഉള്‍പ്പെടേണ്ട കഥയല്ല. ഒരുപക്ഷേ അവസാന കഥാസമാഹാരത്തില്‍. കാരണം അപ്പോഴെങ്കിലും മനുഷ്യനെ സ്വര്‍ണമാക്കുന്ന രസവിദ്യയുടെ ആദ്യഘട്ടമെങ്കിലും അവര്‍ വിജയകരമായി പിന്നിട്ടേക്കും. 

മലയാളിയുടെ ഭാവിയുടെ ചരിത്രം ഇതാ ഒരു ചെറിയ കഥാസമാഹാരത്തില്‍. ആക്രമിക്കാം. കല്ലെറിയാം. ചവറ്റുകുട്ടയിലെറിയാം. പ്രകീര്‍ത്തിക്കാം. പ്രശംസാവചനങ്ങള്‍ ചൊരിയാം.... പക്ഷേ.. കണ്ടില്ലെന്നു നടിക്കരുതേ.....