പ്രിയപ്പെട്ടവർക്കുവേണ്ടി ആലിംഗനധ്യാനം

ബുദ്ധൻ ശിഷ്യരോടാരാഞ്ഞു: മനുഷ്യന്റെ ആയുസ്സെത്ര ?
80 വർഷം.
തെറ്റ്.
70 വർഷം
തെറ്റ്.തെറ്റ്.
60 വർഷം
തെറ്റ്.
എന്നാലെത്രയാണു മനുഷ്യായുസ്സ് ?
ബുദ്ധൻ മൂക്കിനുനേരെ ചൂണ്ടിപ്പറഞ്ഞു:ശ്വസനത്തിലാണു ജീവിതമെല്ലാം കിടക്കുന്നത്.


കഴിഞ്ഞതിലും വരാനുള്ളതിലും മനസ്സിനെ കെട്ടിയിടരുത്. വർത്തമാനകാലത്തു ജീവിക്കുക.ഇങ്ങനെ ജീവിക്കാൻ ബുദ്ധൻ കണ്ടുപിടിച്ചതാണു ശ്വസനധ്യാനങ്ങൾ. ആധ്യാത്മികവെളിച്ചം പകരുന്ന പുസ്തകങ്ങളിലൂടെ മലയാള സാഹിത്യത്തിനു പരിചിതനായ പി.എൻ.ദാസ് പുതിയ പുസ്തകത്തിൽ ശ്വസനധ്യാനങ്ങളെ പരിചയപ്പെടുത്തുന്നു.

ധ്യാനത്തിന്റെ പ്രായോഗിക പാഠങ്ങൾക്കും അവയുടെ ശാസ്ത്രീയ അടിസ്ഥാനം പഠിക്കുന്നതിനും വിലപ്പെട്ട ഗ്രന്ഥമാണ് ധ്യാനപാഠങ്ങൾ. ഓരോ ധ്യാനവും എങ്ങനെ അനുഷ്ഠിക്കണമെന്നു പറയുന്നതിനൊപ്പം അവ രൂപീകരിക്കപ്പെടാൻ ഇടയായ സാഹചര്യവും കഥകളും സാഹചര്യവും ഗ്രന്ഥകാരൻ വിശദമാക്കുന്നുണ്ട്.അതുകൊണ്ടുതന്നെ ധ്യാനം അനുഷ്ഠിക്കാൻ താൽപര്യമില്ലാത്തവർക്കും ആത്മതേജസ്സിന്റെ വെളിച്ചത്തിലേക്കിറങ്ങാൻ പുസ്തകം സഹായിക്കും.

ആലിഗനവും ഒരു ധ്യാനമാണ്.1966–ൽ വിമാനത്താവളത്തിൽ വിയറ്റനാംകാരനായ സെൻ ബുദ്ധഗുരുവും ഗ്രന്ഥകാരനുമായ തിയാങ്ങിനെ സ്വീകരിക്കാൻ ഒരു കവയത്രി എത്തി.അവർ ചോദിച്ചു:സ്ത്രീ ബുദ്ധഭിക്ഷുവിനെ ആലിംഗനം ചെയ്യുന്നത് അനുവദനീയമാണോ ?
തന്റെ രാജ്യത്ത്, വിയറ്റ്നാമിൽ അത്തരമൊരു പതിവില്ല. തിയാങ് അപ്പോൾ ചിന്തിച്ചു:ഞാനൊരു സെൻബുദ്ധഗുരുവാണ്. എനിക്കപ്രകാരം ചെയ്യുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല.അതുകൊണ്ട് അദ്ദേഹം പറഞ്ഞു: എന്തുകൊണ്ട് പാടില്ല?
അപ്രകാരം അവൾ ബുദ്ധഭിക്ഷുവിനെ ആലിംഗനം ചെയ്തു. പക്ഷേ ഞാൻ തികച്ചും ‘ഒരു വടി പോലെയായിരുന്നു’.
വിമാനത്തിലിരിക്കെ അദ്ദേഹം തീരുമാനിച്ചു.പാശ്ഛാത്യരാജ്യങ്ങളിലുള്ള സുഹൃത്തുക്കളോടൊത്തു പ്രവർത്തിക്കേണ്ടിവരുമ്പോൾ അവരുടെ ജീവിതവുമായി ഇഴുകിച്ചേർന്ന് ആലിംഗനം ചെയ്യാൻ കഴിയണം.ഇങ്ങനെയാണു തിയാങ് ആലിംഗനധ്യാനം ആവിഷ്കരിക്കുന്നത്.

മനോനിറവിന്റെ പരിശീലനം കൂടിയായ ആലിംഗനധ്യാനത്തിന്റെ അഭ്യാസം എങ്ങനെയെന്നു മനസ്സിലാക്കേണ്ടതുണ്ട്.ശ്വാസമെടുത്തുകൊണ്ട് ആലിംഗനം ചെയ്യുമ്പോൾ എന്റെ പ്രിയപ്പെട്ട ഒരാൾ എന്റെ കരവലയത്തിൽ ജീവനോടെയിരിക്കുന്നു എന്നും ശ്വാസം വിടുമ്പോൾ അവൻ അഥവാ അവൾ എനിക്കെത്രയോ വിലപ്പെട്ടയാളാണ് എന്നും വിചാരിക്കുക.അങ്ങനെചെയ്യുമ്പോൾ ദേഹം, മനസ്സ്, ശ്വാസം എന്നിവ ഒന്നാകുന്നതുകൊണ്ട് വർത്തമാനനിമിഷവുമായി ആഴമുള്ള ബദ്ധമുണ്ടാകുന്നു.


സ്നേഹിക്കുന്ന വ്യക്തിയെ ആലിംഗനചെയ്തുകൊണ്ട് ആഴത്തിൽ ശ്വസിക്കുമ്പോൾ ശ്രദ്ധയുടെ, സ്നേഹത്തിന്റെ, മനോനിറവിന്റെ ഊർജം വ്യക്തികളിലേക്ക് ആണ്ടിറങ്ങുന്നു.അദ്യശ്യമായ ഒരു ഊഷ്മളതയാൽ, സ്നേഹത്താൽ പോഷിപ്പിക്കപ്പെടുന്നതായും ഒരു പൂ പോലെ വിടർന്നുവരുന്നതായും അനുഭവപ്പെടുന്നു.

സ്നേഹധ്യാനം, മൗനധ്യാനം, സംഗീതധ്യാനം എന്നിങ്ങനെ വിവിധ തരം ധ്യാനരീതികൾ ബുദ്ധകഥകളുടെ വെളിച്ചത്തിൽ അവതരിപ്പിക്കുന്നു  ധ്യാനപാഠങ്ങൾ എന്ന വിശിഷ്ട കൃതി.