ഒറ്റത്തുള്ളിപ്പെയ്ത്ത്, ചെറുതുള്ളിയിലെ വിസ്മയക്കടൽ!

ഓന്തിനെ ഒരു തുള്ളി മുതലയെന്നു വിളിച്ച ലോർകയെ ഓർമവരും ഒറ്റത്തുള്ളിപ്പെയ്ത്തിലെ കവിതകൾ വായിക്കുമ്പോൾ. ഒരു തുള്ളിയിൽ ഒരു പെരുമഴയെ ഒളിപ്പിച്ചു കടത്തുന്ന ജാലവിദ്യയുണ്ട് ഈ ഒറ്റത്തുള്ളിയുടെ പെയ്ത്തിൽ.

മഴയോർമകളുടെ അതികാല്പനിക ഭാരമില്ലാതെ ചിരിച്ചു പെയ്യുന്ന ചെറുകവിതകൾ. വിശേഷണങ്ങൾക്കു  കവിത്വം കുറഞ്ഞു പോയെന്നു തോന്നിയാൽ തുള്ളിക്കൊരു കുടമെന്നു കൂടി പറഞ്ഞു വെക്കാം. മുഖപുസ്തകത്തിൽ ഇഷ്ടങ്ങളുടെ നടുവിൽ പെയ്തിറങ്ങി ആസ്വാദനം ആവോളം നുകർന്നിട്ടാണ് ആർ. അജിത് കുമാറിന്റെ ഒറ്റത്തുള്ളിപ്പെയ്ത്ത് എന്ന ചെറുകവിതകൾ പുസ്തകമായി പ്രകാശിക്കുന്നത്. ആദ്യം പുസ്തകത്തിൽ തന്നെ അഞ്ഞൂറോളം കവിതകളുടെ പെരുമഴക്കാലം തന്നെയുണ്ട്.

ഓരോ തുള്ളി കവിതയിലും അനുഭവങ്ങളുടെ നേർക്കാഴ്ചകളുടെ പെരുമഴകളെ ജീവപര്യന്തം തടവിലിട്ടിട്ടുണ്ടീ കവിതകളിൽ.

മഞ്ഞുമലകളുടെ താഴ്‌വരകളെയും വീടോർമകൾക്കും പ്രണയത്തിനു മീതെയും പെയ്ത മഴയെയും ചുട്ടുപൊള്ളിച്ച വെയിലിനെയും കഠിനാധ്വാത്തിന്റെ അക്ഷരഭാരത്താൽ  വിവരിച്ചു വിവശാനാകുന്നില്ല ഇതിലെ കവി. പകരം എല്ലാവരും കാണുന്ന കാഴ്ചകളെ ചിരിയിലും ചിന്തയിലും മുക്കി കടുംപാകത്തിനു കുറുക്കി വിളമ്പിയിരിക്കുന്നു. 

കഴിഞ്ഞ മൂന്നുവർഷക്കാലം കൊണ്ട് അജിത് എഴുതിയ അഞ്ഞൂറോളം കുഞ്ഞുകവിതകളുടെ സമാഹാരമാണ് 'ഒറ്റത്തുള്ളിപ്പെയ്ത്ത്'. ഹൈക്കു കവിതകളുടെ കടിഞ്ഞാൺവലിക്കു പുറത്ത് ചെറുരൂപത്തിൽ തന്നെ കുതിച്ചു പായുന്ന വരികളാണ് അജിത്തിന്റെ കവിതയെ എഴുത്തിന്റെ വഴിയിൽ വേറിട്ടു സഞ്ചരിപ്പിക്കുന്നത്. ഹൈക്കു പോയ വഴിയേ തന്നെയാണെങ്കിലും അലകിലും പിടിയിലും സഞ്ചാരത്തിന്റെ ഗതിവേഗം മാറ്റിയുള്ള കവിതകളാണിതിൽ.

വായനയുടെ ഫിംഗർ ടിപ്‌സ് ലോകത്ത് പുതിയ പ്‌ളാറ്റ്‌ഫോമിൽ നിന്നുകൊണ്ട് പരീക്ഷണമെന്നു തോന്നിപ്പിക്കാത്ത തരത്തിലുള്ള അവതരണമാണ് ഈ പുസ്തകത്തിലെ കവിതകളെ വേറിട്ടു നിർത്തുന്നത്. വരികൾക്കിടയിൽ ശിലായുഗ ചിത്രശാലകളിലെന്ന പോൽ കവിതയുടെ കല്ലുവഴിച്ചിട്ടകളെ തിരയുന്നവർക്ക്  നിരാശയായിരിക്കും ഫലം. എഴുത്തിന്റെ തലത്തേക്കാൾ ഉപരി വായനയുടെ പക്ഷത്തു നിന്നെഴുതിയിരിക്കുന്നു എന്നതാണ് അജിത് എന്ന കവി ഈ പുസ്തകത്തിലൂടെ കൈവരിച്ച വിജയം. 

വൃത്തശങ്കകളില്ലാത്തെ കവിത കഥയും കൂടിയായി മാറിക്കൊണ്ടിരിക്കുന്ന മുഖപുസ്തക കാലത്ത് ഈ കവിതകളുടെ ഇഷ്ടക്കാരും പങ്കുവെച്ചവരും അഞ്ഞൂറോ ആയിരമോ കടന്നിരിക്കാം. ഒട്ടും അത്ഭുതമില്ല. ഭാരമില്ലാത്ത വായനകൾ എന്ന വിശേഷത തന്നെയാണ് അജിത്തിന്റെ കവിതകളുടെ ഈ സ്വീകാര്യതയ്ക്കു പിന്നിൽ. പുതിയകാലത്തെ വിശേഷണങ്ങളിൽ  പൊളിറ്റിക്‌സും പൊളിട്രിക്‌സും ഉള്ള കവിതകളെന്നും വിലയിരുത്താം. ഒരു കുഞ്ഞു കുഞ്ചന്റെ തുള്ളൽ ശൈലിയിലാണീ തുള്ളിയുടെ പെയ്‌ത്തെന്നും തോന്നാം. സമകാലീന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ ക്യാപ്‌സ്യൂൾ പരുവത്തിൽ വിമർശിച്ചു വിശകലനം ചെയ്യുന്നുണ്ട് ഈ കവിതകളിൽ.

ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള കുഞ്ഞുവരികളാണ് അജിത് കുമാറിനെ സോഷ്യൽമീഡിയയിലും പ്രിയങ്കരനാക്കിയത്.  എഴുത്തുകൾ വെറുതെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്ന നാളുകളിലാണ് തികച്ചും വേറിട്ട രീതിയിൽ കാഴ്ചയ്ക്കും മനോഹരമായ രീതിയിൽ കവിതകൾ അജിത്ത് അവതരിപ്പിച്ചു തുടങ്ങിയത്. തുടർന്നുവന്ന പലരും കവിതകളും കഥകളും ചിത്രങ്ങൾക്കും പ്രാധാന്യം നല്കി അവതരിപ്പിക്കാൻ തുടങ്ങി. ആദ്യപുസ്തകമായ 'ഒറ്റത്തുള്ളി പെയ്ത്ത്' ലും കവിതകൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ പുലർത്തിയിട്ടുണ്ട് അജിത്ത്.  കൂട്ടുകാരായ രാജേഷ്, സുധീഷ്, ഗിരീഷ്, ധനിൽ എന്നിവർ വരച്ച ചിത്രങ്ങളാണ് പുസ്തകത്തിലെ വരികൾക്ക് കൂട്ടെന്ന് പറയുന്നു അജിത്. നിസാർ മുഹമ്മദ് ആണ് കവർ ചിത്രം ഒരുക്കിയത്. പുസ്തകത്തിന്റെ കവർ ചിത്രം തീരുമാനിക്കുന്നതുൾപ്പെടെയുള്ള പല കാര്യങ്ങളും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സോഷ്യൽ മീഡിയയിലെ തന്റെ വായനക്കാർക്ക് അജിത് നല്കിയിരുന്നു. 

പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദാണ് അജിത്തിന്റെ ഒറ്റത്തുള്ളിപെയ്ത്തിന് അവതാരിക എഴുതിയിരിക്കുന്നത്.  'ഞാൻ  നനഞ്ഞത് നീയെന്ന ഒറ്റത്തുള്ളിയുടെ പെയ്ത്തിൽ എന്ന പ്രണയാർദ്രതയും ക്ഷമ പെണ്ണുകെട്ടിയാൽ ആണ് പ്രസവിക്കുന്ന കുട്ടി എന്ന കുഞ്ഞുണ്ണിത്തവും അമ്പിളിമാമന്റെ ചിത്രം ഫ്രെയിംചെയ്യുന്ന ജനാല എന്ന സർറിയലിസവും തനിക്കുള്ള ധാന്യമണിയിൽ  തന്റെ പേരെഴുതിയിരിക്കുന്നത് വായിക്കുന്നു അന്ധൻ  എന്ന ദാർശനികതയും അങ്ങനെ നുള്ളു വരികളിലൂടെ അജിത്കുമാർ വരച്ചിടുന്ന ആശയ പ്രപഞ്ചം വലുതാണ്.' അജിത്തിന്റെ കുഞ്ഞു കവിതകളെ കുറിച്ച് അവതാരികയിൽ റഫീഖ് അഹമ്മദ് വിവരിക്കുന്നു. ഡി.സി ബുക്ക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.

ചെറിയ വാക്കുകളിൽ ഒരുപാട് അർത്ഥങ്ങൾ ആശയവിനിമയം നടത്തുന്ന മൂന്ന് വരികളിൽ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല അജിത്തിന്റെ ഭാവനയെന്നത് അദ്ദേഹത്തിന്റെ നീണ്ട കവിതകളുടെ പോസ്റ്റുകൾ തെളിയിക്കുന്നു. നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന കഞ്ഞി, സോപ്പ്, തിരിച്ചറിയൽകാർഡ്, തൂവാല, മുണ്ട് എന്നിവയിൽ തുടങ്ങി സാധാരണ പ്രവാസി,  മരങ്ങൾ, ആണിപ്പാട്,  കാണാതായ പെൺകുട്ടികൾ, അവള് ആരാ മോള്, സ്പോൺസേഡ് ഓണം എന്നിങ്ങനെ  നർമം കലർന്നതും ഗഹനമായതുമായ നിരവധി നീണ്ട കവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

എറണാകുളത്ത് മൈത്രി അഡ്വർടൈസിംഗിൽ  സീനിയർ ഐഡിയേഷൻ ഡയറക്ടറാണ് അജിത്കുമാർ.  പരസ്യമേഖലയിലെ തന്റെ അനുഭവ പരിചയം കവിതയെഴുത്തിൽ തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് പറയുന്നു ഈ യുവ എഴുത്തുകാരൻ. 'മുഖപുസ്തകത്തിൽ നിന്ന് മുഖ്യധാരയിലേക്ക് വരുന്നു എന്നതിനേക്കാൾ പുതിയ എഴുത്തുകാർക്ക്  ഒരു പ്രചോദനം ആകാൻ കഴിഞ്ഞു എന്നതിലാണ് സന്തോഷം. പുതുമകൾകൊണ്ട് നമ്മെ അതിശയിപ്പിക്കാനുള്ള സൈബർ  ഇടത്തിന്റെ അനന്ത സാധ്യതകളിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്.' അജിത് കൂട്ടിച്ചേർക്കുന്നു. എറണാകുളം മറൈൻ  ഡ്രൈവിൽ  നടക്കുന്ന ചടങ്ങിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.