Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്കിഷ്ടം രാവണനെ

praveen പ്രവീൺ പി. ഗോപിനാഥ്

എന്താണ് എഴുത്തുകാരനാകാനുള്ള അടിസ്ഥാന യോഗ്യത? മലയാളി വായനക്കാരുടെ പ്രിയമുള്ള ബൗദ്ധിക പ്രസിദ്ധീകരണങ്ങളിൽ മുഖവും സൃഷ്ടികളും അച്ചടിച്ച് വരിക? സാഹിത്യ ക്യാമ്പുകളിൽ സ്ഥിരം കഥാപാത്രമാവുക? എന്നാൽ ഇതൊന്നുമല്ല എഴുത്തുകാരനാകാനുള്ള അടിസ്ഥാന യോഗ്യത എന്ന് തെളിയിച്ചിരിക്കുകയാണ് പ്രവീൺ പി. ഗോപിനാഥ് എന്ന തിരുവനന്തപുരംകാരൻ. ഇൻഡോ-ആംഗ്ലിയൻ എഴുത്തുകാർക്കിടയിൽ പേരെടുത്ത് കഴിഞ്ഞ പ്രവീൺ ഇന്ന് ഇന്ത്യൻ ബെസ്റ്റ് സെല്ലർ പട്ടികയിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ്. ഇന്ത്യൻ ബെസ്റ്റ് സെല്ലർ എഴുത്തുകാരിൽ പതിനൊന്നാം സ്ഥാനക്കാരനായി നിൽക്കുന്ന പ്രവീണിന്റെ എഴുത്തുകളുടെ ഏറ്റവും വലിയ സവിശേഷത അത് പ്രവീണിന്റെ തുറന്ന ജീവിതം തന്നെയാണ് എന്നതാണ്. ഒരു ലക്ഷത്തിലധികം വായനക്കാരുള്ള പ്രവീണിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ വായനക്കാർ തന്നെയാണ് എഴുത്തുകാരന്റെ മൂലധനം. എഴുത്തിനു വേണ്ടി ജീവിക്കുകയാണോ ജീവിക്കാൻ വേണ്ടി എഴുത്തുകയാണോ എന്നൊക്കെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന വിധം എഴുത്തും പ്രവീണും അത്രയേറെ ഒന്നായിരിക്കുന്നു.

ഞാൻ എന്നാൽ...

പശുവിനെ പറ്റി ചോദിച്ചാൽ, പശുവിനെ എടുത്തു തെങ്ങിൽ കെട്ടി, തെങ്ങിനെ പറ്റി പറയുന്ന ആളുകളുടെ കൂട്ടത്തിലാണ് ഞാനും പെടുക. അതിനു കാരണം അവർക്ക് തെങ്ങിനെ പറ്റി മാത്രമേ ആധികാരികമായി പറയാൻ കഴിയു, അല്ലെങ്കിൽ അതിനെപറ്റി മാത്രമേ മുഴുവനായി അറിയൂ എന്നുള്ളത് കൊണ്ടാണ്. കയ്യടി നന്നായി ഇഷ്ടമുള്ള ഒരാളാണ് ഞാൻ. ആദ്യം ഇംഗ്ലീഷിലാണ് എഴുതി തുടങ്ങുന്നത്, പിന്നീടാണ് മലയാളം എഴുതുന്നത്. 

എന്തുകൊണ്ട് എഴുതി തുടങ്ങി എന്ന ചോദ്യത്തിന് എന്റെ ജീവിതം അങ്ങ് തുറന്നു വച്ചു എന്നാണുത്തരം. പതിനേഴു വയസ്സുള്ളപ്പോൾ അപ്പോഴത്തെ കയ്യിലിരിപ്പിന്റെ ഫലമെന്നോണം എങ്ങോട്ടെങ്കിലും എനിക്ക് ഒളിച്ചോടണമായിരുന്നു അങ്ങനെ വീട്ടിൽ നിന്നു ഇറങ്ങി ട്രെയിനിൽ കയറി പാലക്കാടെത്തി. അവിടെ ട്രെയിനിൽ വച്ച് പരിചയപ്പെട്ട ഒരാളാണ് എന്നോട് ചിദംബരത്തേയ്ക്ക് പോകണമെന്ന് പറയുന്നത്. എന്തോ അദ്ദേഹം പറഞ്ഞത് അനുസരിക്കാൻ തോന്നി. പിന്നെ നേരെ ചിദംബരത്തേയ്ക്ക് വണ്ടി കയറി. അവിടെ നിരവധി ജ്യോത്സ്യന്മാരുണ്ട്, അങ്ങനെ ഒരിടത്ത് ചെന്ന് കയറി, അദ്ദേഹം എന്നോട് നക്ഷത്രവും മറ്റു വിവരങ്ങളും ഒക്കെ അന്വേഷിച്ചു, വീട്ടിൽ വിളിച്ച് ചോദിച്ച് ഞാൻ കൃത്യമായി മറുപടിയും പറഞ്ഞു. അപ്പോൾ അദ്ദേഹമാണ് എന്നോട് എനിക്ക് രാവണന്റെ ഗ്രഹനിലയാണുള്ളതെന്ന് പറയുന്നത്. മൂലം നക്ഷത്രം കുംഭം ലഗ്നം ആറിൽ രാഹു ഒൻപതിൽ വ്യാഴം പതിനൊന്നിൽ ശുക്രനും ചന്ദ്രനും.. അത് കേട്ട നിമിഷം മുതലാണ് എനിക്ക് രാവണൻ എന്ന കഥാപാത്രത്തോട് അത്രയേറെ ഇഷ്ടമുണ്ടായി തുടങ്ങിയത്. പുരാണങ്ങളിലൊക്കെ ക്രൂരനായാണ് രാവണനെ ചിത്രീകരിച്ചിരിക്കുന്നത്, പക്ഷെ അദ്ദേഹത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയാൽ അറിയാം, ഒരുപാട് നന്മകളും ഉള്ള വ്യക്തിയാണ് രാവണൻ. നമ്മുടേതുമായി ചേരുന്ന ജാതകമല്ലേ അദ്ദേഹത്തിൽ നന്മകൾ ഉണ്ടെന്നു തന്നെ വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടതും. അങ്ങനെ വീട്ടിൽ തിരിച്ചെത്തി, പക്ഷെ പിന്നീട് ഞാൻ വളരെയേറെ നിശബ്ദനായി. കാരണം എന്റെ ജാതകത്തിൽ ഞാൻ അതി പ്രശസ്തനാകും എന്നുണ്ടായിരുന്നു. അത്യാവശ്യം ചില മോശം കമ്പനികളിലൊക്കെ പെട്ട് അതിലും മോശമായി നടക്കുകയായിരുന്നു ഞാനന്ന്. പക്ഷെ ജാതകം ഗണിച്ചറിഞ്ഞപ്പോൾ എനിക്ക് തോന്നി ഇതിങ്ങനെ പോയാൽ ചിലപ്പോൾ ക്രിമിനൽ എന്ന നിലയിലാവും ഞാൻ അറിയപ്പെടാൻ പോകുന്നത്, അങ്ങനെ ഒരു ഒളിച്ചോട്ടം തന്നെ നടത്തി. ഏകദേശം പത്തു വർഷത്തോളം വീട്ടിൽ അമ്മയുടെയും അച്ഛന്റെയും "നല്ല കുട്ടി"യായി ജീവിച്ചു. അപ്പോഴാണ് അനിയത്തിയുടെ ഭർത്താവ് ഫെയ്‌സ്ബുക്കിനെ കുറിച്ച് പറയുന്നത്. എനിക്ക് ആദ്യം താൽപര്യമുണ്ടായിരുന്നില്ല, കാരണം എല്ലാവരിൽ നിന്നു അകലം പാലിക്കാനായിരുന്നു എനിക്കാഗ്രഹം. അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഫെയ്‌സ്ബുക്കിൽ അക്കൗണ്ട് എടുത്തത്. എന്ത് ചെയ്യും എന്നാലോചിച്ചിരുന്നപ്പോഴാണ് സ്വന്തം അനുഭവങ്ങൾ എന്തുകൊണ്ട് ഫെയ്‌സ്ബുക്കിൽ എഴുതിക്കൂടാ എന്ന് തോന്നിയത്. അങ്ങനെ അതെഴുതാൻ തുടങ്ങി. നല്ല വായനക്കാരുണ്ടായിരുന്നു. അവരുടെ അഭിപ്രായങ്ങൾ കൂടുതൽ എഴുതാനും പ്രേരിപ്പിച്ചു. കുറച്ചധികം എഴുത്തുകൾ ആയപ്പോഴാണ് അതൊരു പുസ്തകമാക്കിയാലോ എന്ന ആലോചന വന്നത്. വേറെ ആരുടേയും പുറകെ നടക്കാൻ തോന്നിയില്ല, പുസ്തകം സ്വന്തമായി ഇറക്കി. പേജിലെ എല്ലാവരും വായിച്ചതാണെങ്കിലും അത് നന്നായി വിറ്റു പോയി. ആ സമയം എന്നെ കുറിച്ച് ഒരു നാഷണൽ പത്രത്തിൽ ആർട്ടിക്കിൾ വന്നു. അത് കണ്ട മുംബയിൽ നിന്നുള്ള ഒരു പ്രധാന പ്രസാധകർ എന്നെ വിളിച്ച് പുസ്തകം അവർക്ക് നൽകാമോ എന്ന് അന്വേഷിച്ചു, ഞാൻ തയാറായി. ആ പുസ്തകം നന്നായി വിറ്റു പോയി.

praveen-1

"ബിയിംഗ് മൂണ്‍ ഓണ്‍ തിര്ടിഫസ്റ്റ് ക്രോസ് റോഡ്‌" എന്നായിരുന്നു ആദ്യ പുസ്തകത്തിന്റെ പേര്. പുസ്തകത്തിന്റെ പേരിന്റെ കാര്യത്തിൽ പ്രസാധകർ കുറച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. ഗ്രാമാറ്റിക്കൽ മിസ്റ്റേക്ക് ഉണ്ടെന്നായിരുന്നു അവരുടെ കണ്ടെത്തൽ. "ബീയിങ് ദ മൂൺ ഓണ്‍ തിര്ടിഫസ്റ്റ് ക്രോസ് റോഡ്‌"എന്നായിരുന്നു വേണ്ടിയിരുന്നത്, പക്ഷെ ഞാൻ സമ്മതിച്ചില്ല. ഞാനൊരിക്കലും പൂർണമായ ഒരു വ്യക്തിയല്ല, അതെ അപൂർണത തന്നെയാണ് എന്നെ നിലനിർത്തുന്നതും. അതുകൊണ്ടു തന്നെ പുസ്തകത്തിലും ആ അപൂർണത തുടരട്ടെ എന്ന് വിചാരിച്ചു. പുസ്തകത്തിന്റെ അവസാനം അതെ കുറിച്ച് ന്യായീകരണം എഴുതുകയും ചെയ്തു.

പിന്നെ നീണ്ട എഴുത്തുകാലം...

പഠനം പാതിവഴിയിലാക്കി ജ്യോതിഷം പഠിക്കാനായിരുന്നു ഞാൻ പിന്നീട് ഏറെ അലഞ്ഞത്. എനിക്ക് എന്റെ ജീവിതം ഏറ്റവും ലളിതമായ ഭാഷയിൽ എഴുതാനെ അറിയുമായിരുന്നുള്ളൂ. രണ്ടാമത്തെ പുസ്തകം പെൻഗ്വിൻ ബുക്സ് ആണ് ചെയ്തത്. അവർ ഒരു മത്സരം നടത്തിയിരുന്നു, ജീവിതവുമായി ബന്ധമുള്ള കൃതി അയക്കുക എന്ന് പറഞ്ഞു. ഒന്നര ലക്ഷത്തോളം ആളുകൾ അയച്ചതിൽ നിന്നു അവർ എന്റെ കൃതിയും തിരഞ്ഞെടുത്തു. ഈ രണ്ടു പുസ്തകങ്ങളും പതിനായിരക്കണക്കിന് കോപ്പി വിറ്റു പോയി. സ്വാഭാവികമായും സംഭവബഹുലമായ ബാല്യകാലവും, അതിനെ കുറിച്ചൊക്കെയുള്ള കഥകൾ, ജ്യോതിഷം, അലച്ചിലുകൾ അങ്ങനെ പുസ്തകം വിറ്റു പോകാൻ കാരണങ്ങൾ പലതുമുണ്ടായിരുന്നു. 

മലയാളത്തിൽ എഴുതിയ ആദ്യ പുസ്തകം "താന്തോന്നിയുടെ മര്യാദകൾ" ആണ്. ജീവിതം നിറഞ്ഞു നിൽക്കുന്ന ഒരു അനുഭവമായിരുന്നു അത്. ഒരു പെൺകുട്ടിയുമായി ഒന്നിച്ച് ജീവിച്ച മൂന്നു മാസങ്ങൾ, ഞങ്ങളുടെ പ്രണയം, വേർപിരിയൽ എല്ലാം അതിലുണ്ടായിരുന്നു. പുസ്തകം ലക്ഷത്തിലധികം കോപ്പികൾ വിറ്റു പോയി. പിന്നെ ഖഡ്ഗരാവണൻ പ്രണയിച്ചപ്പോൾ, പഞ്ചകന്യക പ്രണയകഥ... അങ്ങനെ പോകുന്നു. ആദ്യത്തെ രണ്ടു പുസ്തകമേയുള്ളൂ പുറത്ത് പ്രസാധകർ ചെയ്തത്. പുസ്തകത്തിന്റെ മാർക്കറ്റ് മൂല്യം കണ്ടപ്പോൾ എന്റെ ഒരു സുഹൃത്തും അദ്ദേഹത്തിന്റെ ഭാര്യയും ഒപ്പം എന്റെയും കൂടി പാർട്ണർഷിപ്പിൽ ഒരു പ്രസാധക സംരംഭം തുടങ്ങി. പിന്നീട് ചെയ്ത പുസ്തകങ്ങളൊക്കെ ഞങ്ങളാണ് ചെയ്തത്.

ഞാൻ അവരുടെ മനസ്സുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടു...

മലയാളത്തിലെ സാമ്പ്രദായികമായ എഴുത്തുകാരുടെ നിരകളിൽ ഞാനൊരിക്കലും ഉണ്ടായിട്ടില്ല. എന്റെ വായനക്കാർ വളരെ വ്യത്യസ്തരായതാവും കാരണം. ബൗദ്ധികമായ കാര്യങ്ങളല്ല ഞാൻ എഴുതുന്നത്, എന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാധാരണക്കാർക്കും മനസ്സിലാകുന്ന ഭാഷയിൽ എഴുതുന്നു എന്നേയുള്ളൂ. പക്ഷെ വളരെ സന്തോഷം തോന്നിപ്പിക്കുന്ന ഒരു സംഭവമുണ്ടായത് ഓർക്കുന്നു.

എന്റെ പുസ്തകമായ ഖഡ്ഗരാവണൻ പ്രണയിച്ചപ്പോൾ വായിച്ച് എഴുത്തുകാരൻ ജോർജ്ജ് ജോസഫ് സർ ഒരിക്കൽ ഫോണിൽ വിളിച്ച് ഒരുപാട് അഭിനന്ദിച്ചു. തിരുവനന്തപുരത്ത് വരുമ്പോൾ കാണാം എന്നും അറിയിച്ചു. അങ്ങനെ അദ്ദേഹം മറ്റൊരാളെ കാണാൻ വേണ്ടി തിരുവനന്തപുരത്തെത്തിയപ്പോൾ എന്നെ വിളിച്ചു എന്നിട്ട് പറഞ്ഞു എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ സാറിന്റെ വീട്ടിൽ പോകണം, ഒന്ന് കൂടെ വരാമോ എന്ന്. ഞാൻ സന്തോഷിച്ചു. കയ്യിൽ എഴുതിയ പുസ്തകങ്ങളും എടുക്കണം അദ്ദേഹത്തിന് നൽകാം എന്നും അദ്ദേഹം പറഞ്ഞു, പക്ഷെ എനിക്ക് മടിയുണ്ടായിരുന്നു, നമ്മളെ അറിയാത്ത ഒരാൾക്ക് പുസ്തകം കൊടുക്കുക, അതുവായിക്കാൻ പ്രേരിപ്പിക്കുക, അതൊക്കെ മോശമായി എനിക്ക് തോന്നി. ചെന്ന് കഴിഞ്ഞപ്പോൾ അദ്ദേഹം എന്റെ നേരെ നോക്കുന്നത് പോലുമില്ല. അവർ തമ്മിൽ ഭയങ്കര സംസാരം, കുറച്ച് കഴിഞ്ഞപ്പോൾ ജോർജ്ജ് ജോസഫ് സാറിനു ഒരു ഫോൺ വന്നു അദ്ദേഹം പുറത്തേയ്ക്ക് പോയി. ഞാൻ അപ്പോൾ തെല്ലു മടിച്ച് കയ്യിലിരുന്ന പുസ്തകങ്ങൾ അദ്ദേഹത്തിന് കൊടുത്തു. അതിൽ ഖഡ്ഗരാവണൻ പ്രണയിച്ചപ്പോൾ കണ്ടപ്പോൾ അദ്ദേഹം പെട്ടെന്ന് എഴുന്നേറ്റിട്ട് എന്റെ കൈപിടിച്ചു. ഇത് താങ്കൾ എഴുതിയതായിരുന്നോ എന്ന് ചോദിച്ചു അതെ എന്നുപറഞ്ഞപ്പോൾ അയ്യോ അതെനിക്കറിയില്ലായിരുന്നു സാർ എന്നൊരു ഡയലോഗ്. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാൻ വയ്യാത്തൊരവസ്ഥ. അദ്ദേഹം പറഞ്ഞത്, അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സുഖമില്ലായിരുന്ന സമയത്തു ഭാര്യയ്ക്ക് വേണ്ടി ഹോസ്പിറ്റലിൽ നിന്ന സമയത്ത് കയ്യിലെത്തിയ പുസ്തകമായിരുന്നു അത്, എന്ത് മനോഹരമായ പുസ്തകമാണത്., അവസാനം എന്റെ കണ്ണ്  നിറഞ്ഞുപോയി. എം.ടി. ചന്തുവിനെ ന്യായീകരണങ്ങൾക്കും ഉപരിയായി നല്ലവനായി നിർത്തിയ പോലെയാണ് ഞാൻ രാവണനെ നിർത്തിയിരിക്കുന്നത് എന്ന് പറഞ്ഞു. അതുകണ്ടു കൊണ്ടാണ് ജോർജ്ജ് ജോസഫ് സാർ കയറി വന്നത്. പ്രവീണിനെ ഞാൻ പരിചയപ്പെടുത്താൻ വേണ്ടി കൊണ്ടു വന്നതാണെന്ന് അദ്ദേഹം പെരുമ്പടവം സാറിനോടും പറഞ്ഞു. പിന്നെ ഒന്നര മണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. ഇറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കാൽ തൊട്ടു, അദ്ദേഹം അപ്പോൾ പറഞ്ഞു പ്രവീൺ ലോക പ്രശസ്തനാകും. പിന്നെ പറഞ്ഞു പ്രവീൺ എന്ന് മതി, ബാക്കി വേണ്ട, പിന്നെ ഖഡ്ഗരാവണൻ എന്ന് മതി, പ്രണയിക്കുന്നു എന്ന് ഒപ്പമില്ലെങ്കിലും കുഴപ്പമില്ല... സത്യം പറഞ്ഞാൽ അതൊക്കെയാണ് ഏറ്റവും വലിയ പുരസ്കാരങ്ങൾ.

thannonniyude-maryadakal

ജീവചരിത്രം എഴുതപ്പെട്ടവൻ...

"ഉത്തമരാവണൻ" എന്ന പുസ്തകം പ്രദീപ് രാമചന്ദ്രൻ എഴുതിയതാണ്. ഐ എ എസുകാരനായ എന്റെ കസിൻ അരവിന്ദ് ആണ് എനിക്ക് പ്രദീപിനെ പരിചയപ്പെടുത്തുന്നത്. തനി നാട്ടിൻപുറംകാരനായ ഒരു പയ്യൻ. ഞാൻ മോനെ എന്നാണു അവനെ വിളിച്ചതും. അങ്ങനെ ഞങ്ങൾ ഒന്നിച്ച് ശബരിമലയ്ക്കു പോയി, പൊതുവെ ഞാൻ അന്തർമുഖനാണ്‌, ഒരുപാട് ആൾക്കാരുണ്ടെങ്കിൽ എനിക്ക് സംസാരിക്കാനാവില്ല, ഒരാൾ മാത്രമേ ഉള്ളൂവെങ്കിൽ കുഴപ്പമില്ല. പക്ഷെ ശബരിമലയ്ക്ക് പോയപ്പോൾ പ്രദീപും എന്റെ അനിയൻ രാഗുലും ഉണ്ടായിരുന്നു. ആ യാത്രയിൽ ഞങ്ങൾ പരസ്പരം മനസ്സിലാക്കി. അവൻ എന്നിൽ പ്രചോദനം തോന്നി എന്നാണു എന്നോട് പറഞ്ഞത്, പക്ഷെ അവൻ എഴുതാൻ ഉദ്ദേശിച്ച പുസ്തകം എന്നെ നല്ലതാക്കി എഴുതുക എന്നതായിരുന്നു എന്നെനിക്ക് തോന്നുന്നു, പക്ഷെ പലർ വഴി അവൻ അറിഞ്ഞ കഥകൾ വ്യത്യസ്തമായിരുന്നു. അവൻ ശരിക്കും ഒരു റിസർച്ചറാണ്. ഈ പുസ്തകമെഴുതാൻ പ്രദീപ് നടത്തിയ റിസർച്ച് നിസ്സാരമല്ല, ഞാൻ ആദ്യമായി ഫെയ്‌സ്ബുക്കിൽ വന്ന സമയം മുതലുള്ള പോസ്റ്റുകൾ അവൻ എടുത്തു നോക്കി, അതിൽ ലൈക്ക് അടിച്ചവരെയും അൺഫ്രണ്ട് ചെയ്തവരെയുമൊക്കെ തപ്പിയെടുത്തു. അവരോടു സംസാരിച്ചു, അവർ വഴി എന്റെ പഴയ സുഹൃത്തുക്കളെ കണ്ടെത്തി സംസാരിച്ചു. അങ്ങനെ പ്രദീപ് പുസ്തകമെഴുതി എനിക്ക് കൊണ്ട് തന്നു വായിക്കാൻ. മലയാളത്തിലെ ഒരു പ്രശസ്തമായ പ്രസാധകസംരംഭം എന്റെ എൻ.ഓ.സി കിട്ടിയാൽ അവർ പബ്ലിഷ് ചെയ്യാം എന്ന് പറഞ്ഞു. പക്ഷെ ഞാൻ പറഞ്ഞു നമ്മുടെ പുസ്തകം നമ്മുടെ കമ്പനിയിൽ തന്നെ ചെയ്യാമെന്ന്. എനിക്ക് ഏതെങ്കിലും കഥകൾ നീക്കണമെങ്കിൽ നീക്കാം എന്ന് പ്രദീപ് പറഞ്ഞിരുന്നു, പക്ഷെ അവന്റെ പുസ്തകമാണ്, അവന്റെ അദ്ധ്വാനമാണ്, ഒരു കഥ പോലും നീക്കാൻ എനിക്ക് തോന്നിയില്ല. എനിക്കറിയാം ഇതിലെ പല കഥകളും പേഴ്‌സണലി എന്നെ നെഗറ്റിവ് ആയി ബാധിക്കുന്നതാണ്, പക്ഷെ അവന്റെ ആഗ്രഹത്തിന് ഞാൻ എതിര് നിന്നില്ല. അങ്ങനെയാണ് ഉത്തമ രാവണൻ പുറത്തിറങ്ങിയത്.

ഓൺലൈൻ കോപ്പികളും വായിക്കപ്പെടട്ടെ...

രണ്ടു വർഷം മുൻപ് പുറത്തിറങ്ങിയ എന്റെ പുസ്തകങ്ങളുടെ പിഡിഎഫ് വേർഷൻ ഇപ്പോൾ ഞാൻ തന്നെയാണ് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചത്. കാരണം അന്ന് ലക്ഷത്തിലധികം കോപ്പികൾ വിറ്റു പോയ പുസ്തകങ്ങളാണ് അവയെല്ലാം. എന്നാലും അതൊന്നും വായിക്കാത്തവരുണ്ടാകാം, മാത്രമല്ല ഓൺലൈൻ വായന ഇപ്പോൾ പ്രചാരത്തിലുമാണല്ലോ, അപ്പോൾ അങ്ങനെയുള്ളവരും വായിക്കട്ടെ എന്ന് കരുതി. അതിൽ പ്രത്യേകിച്ച് നഷ്ടമൊന്നും ഉണ്ടാകാനില്ല. വായനക്കാർ കൂടുമല്ലോ, അതും സന്തോഷമാണ്. 

ravanan

ഖഡ്ഗരാവണൻ പ്രണയിച്ചപ്പോൾ...

രാവണന്റെ കഥകളെ പലരും പല രീതിയിലാണ് വായിക്കുന്നത്. രാവണന് പരമശിവൻ കൊടുത്ത ഒരു ഖഡ്ഗം ഉണ്ട്, ചന്ദ്രഹാസം. അതും കയ്യിലേന്തി നിൽക്കുന്ന രാവണൻ അജയ്യനാണ്‌. അദ്ദേഹമാണ് പ്രണയത്തിലാകുന്നത്‌. രാവണന് പ്രണയം ഭൂമീ ദേവിയോടാണ്. പക്ഷെ എന്തുണ്ടായിട്ടും പ്രണയം സാക്ഷാത്കരിക്കാൻ രാവണന് ആകുന്നതേയില്ല. അവസാനം രാവണൻ മരിക്കുകയല്ലേ! പക്ഷെ നമ്മൾ സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ മനസ്സിലാക്കാം രാവണൻ പലപ്പോഴും ശരിയായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം സീതയെ കടത്തിക്കൊണ്ടു വന്നത്? ശൂർപ്പണഖയുടെ ദയനീയമായ സ്ഥിതി കണ്ടു ദേഷ്യം പിടിച്ചാണ് അദ്ദേഹം രാമന്റെയും സീതയുടെയും അടുത്ത് പോരിനെത്തുന്നത്. സീതയെ കൊണ്ട് പോയെങ്കിലും അവളുടെ ദേഹത്ത് പോലും അവരുടെ ഇഷ്ടമില്ലാതെ രാവണൻ സ്പർശിച്ചിട്ടില്ല. ഏതൊരു ആങ്ങളയും ചെയ്യുന്നതല്ലെ അദ്ദേഹവും ചെയ്തുള്ളൂ? അങ്ങനെ ആലോചിക്കുമ്പോൾ രാവണനുള്ളിലും നന്മയുണ്ടെന്നു തോന്നി. അല്ലെങ്കിലും അവസാനം അദ്ദേഹം പരാജയപ്പെടുകയാണ്. ഞാനുമതെ, എന്റെ കഥകളെല്ലാം എടുത്തു നോക്കിയാൽ അറിയാം, അവസാനം ഒരുതരം പരാജയത്തിലേയ്ക്ക് അറിയാതെ വന്നെത്തുന്നുണ്ട്. ഖഡ്ഗരാവണന്റെ കഥയും എന്റെ ജീവിതവുമായും പ്രണയവുമായും ചേർന്ന് നിൽക്കുന്നതാണ്. 

പുതിയ പുസ്തകം..

praveen-2

"The Meghnath hunt", എന്നാണു പുതിയ പുസ്തകത്തിന്റെ പേര്. ഒരു ത്രില്ലർ ആണ് പുസ്തകം. ഇതിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ മറ്റൊരാളോടൊപ്പം ഒന്നിച്ച് എഴുതിയ പുസ്തകമാണെന്നാണ്. പ്രിയ പിള്ളൈ എന്നാണു അവരുടെ പേര്. ആ പേരല്ലാതെ എഴുത്തുകാരിയുടെ മറ്റു വിവരങ്ങൾ പുറത്തു നൽകില്ല എന്ന എന്റെ ഉറപ്പിലാണ് അവർ അത് എഴുതാൻ തയ്യാറായത്. ഒരു അസ്‌ട്രോളജിക്കൽ ത്രില്ലറാണ്. എനിക്ക് അസ്‌ട്രോളജി അറിയാം, പക്ഷെ അതറിയാത്ത ഒരാൾ അത് എഴുതിയാൽ മാത്രമേ, സാധാരണ വായനക്കാർക്ക് അത് മനസ്സിലാകൂ. അതിനു ഞാനുമായി അനുപാതമുള്ള ഒരു എഴുത്തുകാരിയുടെ അനുഭവങ്ങളും എനിക്ക് വേണമായിരുന്നു, അങ്ങനെയാണ് അവരോടു എഴുതാൻ ഒപ്പം നിൽക്കാൻ അഭ്യര്‍ത്ഥിച്ചത്. 

എന്റെ ഇഷ്ടങ്ങൾ....

ഇപ്പോൾ എന്റെ പാഷൻ കൊട്ട് പഠിത്തമാണ്. ചെണ്ട പഠിക്കണമെന്നാണ് മോഹം, അതിനു മുൻപായി ഇപ്പോൾ ഡ്രം പഠിക്കാൻ പോകുന്നുണ്ട്. പിന്നെ ഭക്ഷണം പാചകം ചെയ്യുന്നത് വലിയ ഇഷ്ടമാണ്. എന്റെ വീടിനു മുന്നിൽ കുറച്ചു സ്ഥലം വാങ്ങി സ്വന്തമായി പച്ചക്കറികൾ നട്ടു വളർത്തുന്നുണ്ട്. അതിൽ നിന്നു എടുക്കുന്ന പച്ചക്കറികളാണ് ഭക്ഷണം ഉണ്ടാക്കാനായി എടുക്കുന്നത്. മനുഷ്യന്റെ ആയുസ്സ് 120 ഒക്കെയാണ്, അത്രയും കാലം ജീവിച്ചിരിക്കണമെന്നാണ് എന്റെ ആഗ്രഹം, അതും അസുഖങ്ങളില്ലാതെ. 

Read More Articles on Malayalam Literature & Interviews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.