കാലം കടന്നൊരു തിരക്കഥ പുസ്തകമാകുമ്പോൾ

ഒരു പുസ്തക പ്രകാശനത്തിന്റെ ഭാഗമാവുക എന്നാൽ അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല ഇന്നത്തെ കാലത്ത്. പുസ്തകങ്ങളുടെ എണ്ണം വർദ്ധിക്കുകയും വായനക്കാർ അത് പോലെ തന്നെ കൂടുകയും ചെയ്യുമ്പോൾ പ്രത്യേകിച്ചും. പക്ഷെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പുസ്തകത്തിന്റെ ഭാഗമാവുക എന്നാൽ ഒരു കാലത്തിന്റെ ഭാഗമാവുക എന്നാണ്. ജോൺ എബ്രഹാം എന്ന മനുഷ്യന്റെ ഓർമ്മകൾ സാധാരണ മനുഷ്യനിൽ നിന്ന് മാഞ്ഞു തുടങ്ങുമ്പോഴും അത് ജീവിതത്തിന്റെ തന്നെ ഭാഗമായ ചിലർ ഇപ്പോഴും ഇവിടെയുണ്ട്. അവർക്ക് അതെ വ്യക്തിയെ പ്രകാശിപ്പിക്കാതെ ആവതുമില്ലല്ലോ. അങ്ങനെയാണ് ജോൺ എബ്രഹാമിന്റെ "'അമ്മ അറിയാൻ" സിനിമയുടെ തിരക്കഥ പുസ്തകരൂപത്തിൽ ആകുന്നതും അതിന്റെ പ്രകാശനത്തിന്റെ ഭാഗമാകുന്നതും. ചടങ്ങുകളുടെ ആർഭാടമോ അഹങ്കാരമോ ഇല്ലാതെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലത്തിനു മുന്നിൽ വച്ച് ജോണിന് ഏറ്റവും പ്രിയമുള്ള ഒരാളുടെ സാന്നിധ്യത്തിൽ പുസ്തകം അങ്ങനെ പ്രകാശിതമാകുന്നു, സാക്ഷികളായി കൂത്തമ്പലത്തിന്റെ കരിങ്കൽ നടകളിൽ ചേർന്ന് നിൽക്കുന്ന അഞ്ചോ പത്തോ പേർ. ഒരുപക്ഷെ ജോൺ പോലും സ്വപ്നം കണ്ട ഒരു പ്രകാശനം ഇങ്ങനെ തന്നെ ആയിരുന്നിരിക്കണം, കാരണം പ്രതിഭ ഓളം വെട്ടുന്ന മനുഷ്യരുടെ ഒക്കെ ചിന്തകൾ സാധാരണക്കാരായ മനുഷ്യന്റെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും എത്രയോ മുകളിലാണ്.

ചടങ്ങിൽ ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട ഒരു സ്നേഹിതനുണ്ട്. ഒരുകാലത്ത് സിനിമാ ലോകം പുച്ഛത്തോടെ അവഗണിച്ച ഒരു പ്രതിഭ, ജോൺ തന്നെ കണ്ടെടുത്ത ജോയ് മാത്യു. ഇന്ന് വർഷങ്ങൾക്കു ശേഷം അദ്ദേഹം മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുമ്പോൾ അതിനൊരു മധുരമായ പ്രതികാരത്തിന്റെ സ്വാദുണ്ട്. "'അമ്മ അറിയാൻ" എന്ന ചിത്രത്തിലെ പുരുഷൻ എന്ന കഥാപാത്രത്തിൽ നിന്ന് ഷട്ടർ എന്ന സ്വയം സംവിധായകൻ എന്ന കുപ്പായം വരെ എത്തുമ്പോൾ ആ കാലങ്ങൾക്കിടയിൽ അനേകം ദൂരം ജോയ് മാത്യു സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജോൺ എബ്രഹാമിന്റെ മരണത്തിനു ശേഷമുണ്ടായ വലിയൊരു നിശബ്ദതയെ ഇങ്ങനെയൊരു പുസ്തകത്തിലൂടെ തന്നെ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു.

യാഥാസ്ഥിതികമായ സങ്കല്പങ്ങളെ തകർത്തെറിഞ്ഞുകൊണ്ട് എങ്ങനെ ഒരു ചലച്ചിത്രം ഉണ്ടാക്കാം എന്നതിന്റെ വേദപുസ്തകമാണ് 'അമ്മ അറിയാൻ' എന്ന സിനിമയുടെ തിരക്കഥ

"യാഥാസ്ഥിതികമായ സങ്കല്പങ്ങളെ  തകർത്തെറിഞ്ഞുകൊണ്ട്  എങ്ങനെ ഒരു ചലച്ചിത്രം ഉണ്ടാക്കാം എന്നതിന്റെ വേദപുസ്തകമാണ് 'അമ്മ അറിയാൻ' എന്ന സിനിമയുടെ തിരക്കഥ" എന്ന് ഈ പുസ്തകത്തിൽ "അനവതാരിക"യിൽ ജോയ് മാത്യു എഴുതുന്നു. "'അമ്മ അറിയാൻ" എന്ന ചിത്രത്തിന്റെ തിരക്കഥയാണ് അതെ പേരിൽ ഇപ്പോൾ പുസ്തക രൂപത്തിൽ എത്തുന്നത്. ജനകീയ സിനിമയെന്ന നിലയിൽ പൊതുജനങ്ങളുടെ സിനിമയായി തീർന്ന 'അമ്മ അറിയാൻ ഒരു സംഘം യുവാക്കളുടെ അത്യധ്വാനത്തിന്റെയും സ്വപ്നത്തിന്റെയും സിനിമയായിരുന്നു. ജോയ് മാത്യു വീണ്ടും പുസ്തകത്തെ കുറിച്ച് ഇങ്ങനെ കുറിയ്ക്കുന്നു,"പുതിയ കുട്ടികൾ,സിനിമാ പഠിതാക്കൾ അവരെല്ലാം ജോണിന്റെ സിനിമകളാണ് ഫോളോ ചെയ്യുന്നത് അല്ലാതെ അടൂരിന്റേയോ അരവിന്ദന്റെയോ സിനിമകളല്ല. കാരണം ജോണിന്റെ സിനിമകളിലേ കാലം ആവശ്യപ്പെടുന്നതോ കാലത്തിനപ്പുറത്തേക്ക് കുതിക്കുന്നതോ ആയ ഒരു ഡൈനാമിസം ഉള്ളൂ .അങ്ങിനെയൊരു ഡൈനാമിസം ഉള്ളതുകൊണ്ടാണല്ലോ മുപ്പത് വർഷം കഴിഞ്ഞിട്ടും 'അമ്മ അറിയാ'ന്റെ തിരക്കഥ അച്ചടിക്കണം എന്ന് വന്നത്. അത് ചരിത്രത്തിന്റെ അനിവാര്യത."

ജനകീയ സാംസ്കാരിക വേദി എന്ന ജനകീയ സംഘടനയുടെ തകർച്ചയ്ക്ക് ശേഷം പല വഴിക്കു പിരിഞ്ഞു പോയ ഒരു സംഘം യുവാക്കൾ. അതിൽ ഒരു ഭാഗം സാംസ്കാരിക വേദിയുടെ പൈതൃകം രാഷ്ട്രീയവത്കരിച്ചു പാർട്ടിയ്ക്ക് നൽകി അതിന്റെ കീഴിൽ അണിയായി ചേർന്നപ്പോൾ ചിലർ അതിന്റെ തകർച്ച അതിജീവിക്കാൻ ആകാതെ ആത്മഹത്യ ചെയ്തവരുടെ കൂട്ടത്തിലും പെട്ടു, ചിലർ തകർച്ചയെ മറികടക്കാൻ മറ്റെന്തെങ്കിലും ചെയ്യണമെന്ന ഉദ്യമത്തിൽ നിന്നാണ് ഒരു പക്ഷെ ജോൺ എബ്രഹാമിന്റെ "കയൂർ" എന്ന സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളുണ്ടാകുന്നത്.പക്ഷെ സാമ്പത്തിക പ്രശ്നം മറ്റേതൊരു സംഘടനയും എന്ന പോലെ ഈ ചിതറിപ്പോയ സംഘടനയും ബാധിക്കുമ്പോൾ കയൂർ അവിടെ അവസാനിക്കുകയും പലരും പല വഴിയ്ക്കു മാറിപ്പോവുകയും ചെയ്തതായി ചരിത്രം അടയാളപ്പെടുത്തുന്നു. കലയുടെയും സാംസ്കാരിക പ്രവർത്തനങ്ങളുടെയും നക്സൽ സ്വഭാവത്തിൽ നിന്നായിരുന്നു ആ ചെറുപ്പക്കാർക്ക് ഒന്നിച്ചു നിൽക്കേണ്ടത്, പക്ഷെ പരിമിതമായ സാമ്പത്തിക പ്രശ്നം സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാക്കുമ്പോൾ പലർക്കും ജീവിതം തന്നെ ഒളിച്ചോട്ടമായി മാറിപ്പോയി. അരാജകത്വത്തിന്റെ പിന്നീടുള്ള നാളുകളിൽ നിന്നും പുറത്തേയ്ക്ക് വരേണ്ടതുണ്ടായിരുന്നു അവരിൽ പലർക്കും, അങ്ങനെയാണ് "'അമ്മ അറിയാൻ" ബിഗ് സ്ക്രീനിലേക്ക് വിരുന്നെത്തുന്നതും. 

ഒഡേസ എന്ന ജനകീയ കലാ പ്രസ്ഥാനം വീണ്ടും ഈ തീ പാറുന്ന യൗവ്വനങ്ങളെ ഒന്നിപ്പിച്ചു. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ ചെന്നിട്ട് ചേരാനാകാതെ അവിടെ ചുറ്റി പറ്റി നിന്ന ജോയ് മാത്യു ഉൾപ്പെടെയുള്ളവർ വീണ്ടും അങ്ങനെ ജോണിന്റെ സിനിമയുടെ ഭാഗമായി. "അമ്മ അറിയാനിലെ നായകനെ തീരുമാനിച്ചത് ആ നീല കോർഡ്രോയ് ഷർട്ടാണ്. പിന്നെ ഒരു മാസം നീണ്ടുനിന്ന ചിത്രീകരണത്തിന് മുഴുവൻ ഈ ഒരു ഷർട്ടായിരുന്നു ധരിക്കാൻ. ഇടക്കെപ്പഴോ അലക്കിയെങ്കിലായി. കാരണങ്ങൾ പലതാണ്. ദിവസവും രാവിലെ മുതൽ ഷൂട്ടിംഗ് ആരംഭിക്കും. കനം കൂടിയ തുണിയായതിനാൽ അലക്കിയാൽ  ഉണങ്ങിക്കിട്ടാൻ പ്രയാസമാണ്. വേറെ വാങ്ങാനാണെങ്കിൽ പണവുമില്ല. ആദ്യഷെഡ്യൂൾ കഴിഞ്ഞപ്പോഴേക്കും ഷർട്ടിന് എന്നെക്കാൾ ഭാരം വെച്ചിരുന്നു"- സിനിമ അഭിനയ അനുഭവങ്ങളെ കുറിച്ചു പ്രധാന നടനായി അഭിനയിച്ച ജോയ് മാത്യു പറയുന്നു. സത്യമാണ് ജനകീയ സിനിമയാണെങ്കിൽ കൂടിയും സാമ്പത്തികം ഇത്തവണയും പല വിധ ബുദ്ധിമുട്ടുകൾ സുഹൃത്തുക്കൾക്കുണ്ടാക്കി, പക്ഷെ പല ഭാഗങ്ങളായി ഒടുവിൽ സിനിമ പുറത്തിറങ്ങുക തന്നെ ചെയ്തു. രണ്ടു രൂപാ മുതൽ രണ്ടായിരം രൂപ വരെ സംഭാവനയായി നൽകിയ സാധാരണ മനുഷ്യരുടെ സിനിമയായിരുന്നു "'അമ്മ അറിയാൻ". ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയും ഞാറക്കലും വൈപ്പിനും കോട്ടപ്പുറവും കൊടുങ്ങല്ലൂരും തൃശൂരും കുറ്റിപ്പുറവും ഫറോക്കും ബേപ്പൂരും കല്ലായിയും കോഴിക്കോടും കടന്നു വടകരയിൽ. പിന്നെ വയനാട്ടിൽ വൈത്തിരിയും മാന്തവാടിയും എല്ലാം സിനിമയുടെ ഭാഗമാകുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാരുടെ രാഷ്ട്രീയ ബോധത്തിന്റെയും സാമൂഹിക നന്മകളുടെയും കലാപ്രവർത്തനങ്ങളുടെയും കണ്ടെത്തലായിരുന്നു ആ സിനിമ. 

പരമ്പരാഗത രീതിയല്ല ഒരിക്കലും "'അമ്മ അറിയാൻ" എന്ന തിരക്കഥ മുന്നോട്ടു വയ്ക്കുന്നത്. അച്ചടി ഭാഷയിലുള്ള സംഭാഷണ ശകലങ്ങളിൽ നിന്നും രൂപപ്പെട്ട സാംസ്കാരിക വിചാരങ്ങളും അതിനില്ല. നക്സലൈറ്റ് ആയിരുന്ന ഒരു യുവാവിന്റെ മരണത്തെ തുടർന്ന് അതിന്റെ പിന്നാമ്പുറത്തൂടെ യാത്ര ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ഈ തിരക്കഥ. അതുകൊണ്ട് തന്നെ ഒരു കാലത്തിന്റെ പകർത്തിയെഴുത്ത് പുസ്തകം കൂടിയാണിത്.

"സിനിമയിലെ പ്രോട്ടഗോണിസ്റ്റായ പുരുഷൻ എന്ന കേന്ദ്രകഥാപാത്രം അയാളുടെ ദുശ്ശകുനങ്ങളിൽ നിന്നും മറ്റെങ്ങോ ഓടിയൊളിക്കാനുള്ള യാത്രയുടെ പാതിയിൽ  ഒരാത്മഹത്യ അയാളുടെ യാത്ര മുടക്കുന്നു. അവിടന്നങ്ങോട്ട് അയാൾ തിരിഞ്ഞു നടക്കുകയാണ്. ആത്മഹത്യ ചെയ്തവനെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ ഉരുത്തിരിയുന്ന അയാളുടെ സാമൂഹികവും രാഷ്ട്രീയവുമായ ജീവിതങ്ങളിലേക്ക്, അതിനെ ചുറ്റിപ്പറ്റി നിൽക്കുന്ന സൗഹൃദങ്ങളിലേക്ക്. കലയ്ക്കും രാഷ്ട്രീയത്തിനും ഇടയിലെ നേർവരമ്പുകൾ എവിടെയാണ് ഇല്ലാതാവുന്നതെന്ന അനാദികാലചോദ്യം ഇപ്പോഴും ഉത്തരം കിട്ടാത്ത ഒന്നായി ഈ സിനിമയിലും ഹരിയെന്ന കഥാപാത്രത്തെ മുൻനിർത്തി ജോണും ഉന്നയിക്കുന്നുണ്ട് .എന്നാൽ താൻ ഇടപെടുന്നിടത്തെല്ലാം കാത്തുനിന്ന സങ്കടങ്ങൾ ഏറ്റുവാങ്ങി പുരുഷൻ എന്ന കേന്ദ്ര കഥാപാത്രം വലിയൊരാൾക്കൂട്ടത്തിന്റെ ഭാഗമായി  മാറുകയാണ് " പുസ്തകത്തെ കുറിച്ച് വീണ്ടും ജോയ് മാത്യു ഇങ്ങനെ പറയുന്നു.