Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയെ വെല്ലും ട്രെയ്‍ലർ; ഇത് മലയാളത്തിന്റെ ഹാരിപോട്ടറോ?

shadow-of-the-steam-engine

കൊടും കാട്. ഇരുട്ട്, തനിച്ചായി പോയ രണ്ടു കുട്ടികൾ. ഓരോ വരിയും വായിക്കുമ്പോൾ സിനിമ പോലെ മനസ്സിന്റെ തിരശീലയിൽ തെളിയുന്ന ദൃശ്യങ്ങൾ. അങ്ങനെയൊരു ബുക്ക് വായനക്കാർക്കു മുൻപിൽ അവതരിപ്പിക്കാൻ ഏറ്റവും നല്ല മാർഗം മനോഹരമായ ദൃശ്യങ്ങൾ തന്നെ സംശയമില്ല. 

അങ്ങനെയാണ് കേരളത്തിൽ ഒരു ബുക്കിന് ആദ്യമായി ട്രെയ്​ലർ ഇറങ്ങുന്നത്. കുട്ടികൾക്കുവേണ്ടിയുള്ള ത്രില്ലർ കഥയായ 'ദ ഷാഡോ ഓഫ് ദി സ്റ്റീം എഞ്ചിൻ' എന്ന പുസ്തകമാണ് കേരളത്തിൽ പുസ്തകപ്രസാധക രംഗത്തിന് പുത്തൻ ഉണർവേകി സിനിമകളെ വെല്ലുന്ന ട്രെയ്‌ലറുമായി പുറത്തിറങ്ങിയിരിക്കുന്നത്.

വെറ്റിനറി ഡോക്ടറും എഴുത്തുകാരനുമായ തൃശൂർ സ്വദേശി വെസ്റ്റിൻ വർഗീസ് ആണ് പുസ്തകത്തിന്റെ രചന. വെസ്റ്റിന്റെ തന്നെ ആശയമായിരുന്നു വിദേശരാജ്യങ്ങളിൽ കാണുന്നതു പോലെ ഒരു ബുക്ട്രെയ്‌ലർ പുറത്തിറക്കുക എന്നത്. 

'ദ ഷാഡോ ഓഫ് ദി സ്റ്റീം എഞ്ചിൻ' എന്ന പുസ്തകം വായിക്കാൻ കയ്യിലെടുക്കുന്ന ആരുടെയും ഉള്ളിൽ ഓരോ വരിയുടെയും ദൃശ്യം വ്യക്തമാകും വിധത്തിൽ പുറത്തിറക്കിയിരിക്കുന്നത് പരസ്യ ഏജൻസിയായ ഓക്ക് ട്രീയാണ്. കഥയ്ക്ക് ഇണങ്ങുന്ന സ്ക്രിപ്റ്റ് തയാറാക്കി ട്രെയ്‌ലർ സംവിധാനം ചെയ്തത് ഓക്ക് ട്രീയുടെ ക്രീയേറ്റീവ് ഡയറക്ടർ ആയ ഫേവർ ഫ്രാൻസിസ് ആണ്. പുസ്തകത്തിന് ട്രെയ്‌ലര്‍ ഒരുക്കുന്നതിനെ കുറിച്ച് ഫേവർ ഫ്രാൻസിസ് സംസാരിക്കുന്നു–

vestin-favour വെസ്റ്റിൻ വർഗീസ്, ഫേവർ ഫ്രാൻസിസ്

ബുക്കിന് ഒരു ട്രെയ്​ലർ

കുട്ടികൾക്കുവേണ്ടി ഹാരിപോട്ടർ കഥകൾ പോലെയുള്ള ഒരു പുസ്തകമാണിത്. സുനാമിയിൽ വീട് നഷ്ടപ്പെട്ട രണ്ടു കുട്ടികൾ വനത്തിൽ ഒറ്റപ്പെട്ടു പോകുന്നു. അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് കഥയുടെ ഇതിവ‍ൃത്തം. കുട്ടികളിലേയ്ക്ക് പെട്ടെന്ന് എത്താനുള്ള മാർഗം വിഡിയോ തന്നെയാണ്. ഇന്ന് കുട്ടികൾ എല്ലാവരും തന്നെ ഫോണിൽ കളിക്കുന്നവരാണ്, വിഡിയോ കാണുന്നവരാണ്. അങ്ങനൊരു മാധ്യമത്തിലൂടെ ഒരു പുസ്തകത്തെ പരിചയപ്പെടുത്തുമ്പോൾ അത് പെട്ടെന്ന് കുട്ടികളുടെ ശ്രദ്ധയിൽപെടും. ട്രെയ്‌ലർ കണ്ടതിനു ശേഷം കഥവായിക്കുമ്പോൾ കഥാപാത്രങ്ങളുടെ രൂപവും, കഥയുടെ പശ്ചാത്തലവും എല്ലാം വായനക്കാരുടെ മനസ്സിൽ വ്യക്തമായി തെളിഞ്ഞു വരും.

മൂവി ട്രെയ്‌ലറും ബുക്ക് ട്രെയ്‌ലറും തമ്മിൽ

മൂവി ട്രെയ്‌ലർ സിനിമയ്ക്കുവേണ്ടി ഷൂട്ട് ചെയ്തു വെച്ച ദൃശ്യങ്ങളിൽ നിന്ന് നിർമിക്കാം. എന്നാൽ ബുക് ട്രെയ്‌ലറിനുവേണ്ടി പുസ്തകം വായിച്ച് കഥയ്ക്കനുയോജ്യമായ ഒരു ചെറിയ കഥ മെനഞ്ഞെടുത്ത് അതിനെ ട്രെയ്​ലർ രൂപത്തിൽ ആക്കേണ്ടതുണ്ട്. ട്രെയ്‌ലറിൽ കാണിക്കുന്ന ഓരോ ചെറിയ നിമിഷങ്ങളും കഥയിൽ വളരെ പ്രധാനപ്പെട്ടവയാണ്. 

കേരളത്തിലെ പുസ്തക പ്രസാധന രംഗത്ത് പുതിയ ട്രെൻഡിന് തുടക്കം കുറിച്ച ഈ ട്രെയ്‌ലറിന്റെ ക്യാമറയും എഡിറ്റിങ്ങും  നിർവഹിച്ചത് ആൽബിൻ ആന്റു ആണ്. സംഗീതം– സംഗീത് പവിത്രൻ, ഗ്രേഡിങ് ആൻഡ് കളറിങ് – ജിയോ മാത്യു. ജിമ്മി റൊണാൾഡ്, ശ്രീഹരി കൈലാസ് (ആൺകുട്ടി), സ്വൽഹ ഫാത്തിമ (പെൺകുട്ടി) എന്നിവർ ട്രെയ്‌ലറിൽ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. ഓക്ക് ട്രീ ക്രിയേറ്റിവ് ടീം തൃശൂരിലും പരിസരങ്ങളിലുമായാണ് വിഡിയോ ഷൂട്ട് പൂർത്തിയാക്കിയത്.