ആവിഷ്കാരത്തിന് അതിരുകൾ ഉണ്ടോ? ബ്രണ്ണൻ കോളജ് മാഗസിൻ പിൻവലിക്കണമായിരുന്നോ? – പ്രതികരണം

ഒരു കലാസൃഷ്ടിയുടെ പൂർണ്ണാവകാശം അതിന് രൂപം കൊടുക്കുന്നവർക്ക് തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. ഒരു സൃഷ്ടിയെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നതും സ്വഭാവികം. പ്രദർശനാനുമതി നിഷേധിക്കപ്പട്ട ചലചിത്രങ്ങൾ, നിരോധിക്കപ്പെട്ട പുസ്തകങ്ങൾ... ആവിഷ്കാരത്തിന് അതിരുകൾ ഉണ്ടോ? ആവിഷ്കാരസ്വാതന്ത്ര്യം എവിടെ വരെയാകാം? ബ്രണ്ണൻ കോളജ് മാഗസിൻ പിൻവലിക്കേണ്ടി വന്ന സാഹചര്യത്തിൽ എഴുത്തുകാർ പ്രതികരിക്കുന്നു.

സിവിക് ചന്ദ്രൻ

പുതു ചിന്തകളാലും വ്യത്യസ്തമായ ആവിഷ്കാരങ്ങളാലും സമ്പന്നമാണ് ക്യാംപസ് മാഗസിനുകൾ. നിരുപാധികമായ ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി നില കൊള്ളുന്ന ആൾ എന്ന നിലയിൽ ഞാൻ ബ്രണ്ണൻ കോളജ് മാഗസിനൊപ്പം നിൽക്കുന്നു. 

ആവിഷ്കാര സ്വാതന്ത്ര്യത്തിന് സാഹചര്യങ്ങളും സമ്മർദ്ദങ്ങളും അതിരുകൾ നിശ്ചയിക്കാറുണ്ട്. കാമ്പസ് മാഗസിനെ സംബന്ധിച്ച് പല അഭിപ്രായങ്ങൾ ഉണ്ടായാൽ അവ ക്യാംപസിനുള്ളിൽ തന്നെ പരിഗണിക്കാനും പരിഹരിക്കാനും സ്റ്റുഡന്റ് എ‍ഡിറ്ററും സ്റ്റാഫ് എഡിറ്ററും ഉണ്ട്. കാമ്പസിനുള്ളിൽ പരിഹരിക്കപ്പെടേണ്ട വിഷയം പുറത്തേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല. 

ആര്യാ ഗോപി

ആവിഷ്കാരങ്ങൾക്കും പ്രതിഷേധങ്ങൾക്കും സ്വാതന്ത്ര്യമുണ്ടാകണം. എന്റെ ഭാഷ, ഭാവന, കല തുടങ്ങി എന്റെ എഴുത്തിന്റെ പരിധി നിശ്ചയിക്കാനുള്ള അവകാശം എനിക്ക് മാത്രമാണ് ഉള്ളത്. അതിൽ കൈകടത്താൻ മറ്റാർക്കും അവകാശമില്ല. 

അതിന് അപ്പുറം ഒരെഴുത്തിന്, കലയ്ക്ക് പരിധി നിശ്ചയിക്കാൻ കഴിയുന്നത് കാലത്തിന് മാത്രമാണ്. നിരോധനങ്ങൾക്കും അഭിപ്രായങ്ങൾക്കും വിപണന തന്ത്രങ്ങൾക്കുമപ്പുറം സൃഷ്ടിയുടെ മൂല്യത്തിനനുസരിച്ച്  കലയെ തള്ളാനും കൊള്ളാനും കാലത്തിന് കഴിയും. ദേശീയബോധം മാനവികമായിരിക്കണം. ദാരിദ്ര്യവും സ്ത്രീവിഷയങ്ങളുമുൾപ്പെടെ പരിഗണിക്കേണ്ട നിരവധി പ്രശ്നങ്ങളുള്ള ഒരു രാജ്യത്തിന്റെ ദേശീയ ബോധം പ്രകടമാകേണ്ടത് ഇത്തരം അടിസ്ഥാന പ്രശ്നങ്ങളിലാണ്.

അബിൻ ജോസഫ്

അതിരുകളെ അതിലംഘിച്ചുകൊണ്ടാണ് കല, എല്ലാക്കാലവും വളർന്നിട്ടുള്ളത്. നമ്മളനുഭവിക്കുന്നതിനേക്കാൾ വലിയ ഫാഷിസവും  ഏകാധിപത്യവും നിലനിന്ന രാജ്യങ്ങളിൽ നിന്ന് വലിയ എഴുത്തുകാരും മഹത്തായ സാഹിത്യ കൃതികളും ഉണ്ടായിട്ടുണ്ട്. ഏകാധിപത്യം കൊടികുത്തിവാണ ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടിനെ സർഗാത്മകമായി പുതുക്കിപ്പണിതത്.നാടുകടത്തലുകൾക്കും പലായനങ്ങൾക്കുമിടയിലാണ് യൂറോപ്പിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള എഴുത്തുകാർ സാഹിത്യത്തെ മാറ്റി നിർവചിച്ചത്. സ്റ്റാലിന്റെയും ഹിറ്റ്ലറുടെയും കാലത്ത് കലാകാരൻമാർ ജീവനും ജീവിതവും ബലികൊടുത്ത് ആത്മാവിഷ്കാരം നടത്തി. അതൊക്കെ ചരിത്രമായി മുന്നിൽ നിൽക്കുമ്പോഴാണ്, ഭൂമിയിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ആവിഷ്കാര സ്വാതന്ത്രം ഹനിക്കപ്പെടുന്നത്. കറതീർന്ന ഫാഷിസവും അസഹിഷ്ണുതയും നിഗൂഢതാൽപര്യങ്ങളും ചേർന്ന് കലയെ അമർച്ച ചെയ്യാൻ ശ്രമിക്കുമ്പോൾ സർഗാത്മകമായി തന്നെ പ്രതികരിക്കണം. പൊതുവിൽ നമ്മുടെ ഭാഷയിൽ അത്തരമൊരു നിശബ്ദവിപ്ലവം നടക്കുന്നുണ്ടെന്നു തന്നെയാണ് തോന്നിയിട്ടുള്ളത്. പ്രകടമായ പ്രതികരണങ്ങൾ മുതൽ ട്രോളുകൾ വരെ ഉദാഹരണം. മറ്റൊരാളുടെ മൂക്കിൻ തുമ്പുവരെയാണ് നമ്മുടെ സ്വാതന്ത്ര്യം എന്ന് പറയാറുണ്ട്. പക്ഷേ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിരുകൾ കണ്ടെത്തുന്നത്, കല തന്നെയാണ്.   

വിനോയ് തോമസ്

ജീവിതത്തിൽ ആവിഷ്ക്കരിക്കാൻ, സാക്ഷാൽകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് കലയിൽ പലപ്പോഴും ആവിഷ്കരിക്കുന്നത്. അവിടെ ആവിഷ്കാരത്തിന് പരിധി നിശ്ചയക്കുന്നതിനോട് യോജിക്കാൻ കഴിയില്ല. ആവിഷ്കരിക്കേണ്ടത് എന്തെന്നും എങ്ങനെയെന്നും തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം കലാകാരനാണ്. സമൂഹത്തിന് അതിനെ സ്വീകരിക്കുകയോ തള്ളുകയോ അശ്ലീലമെന്ന് വിളിക്കുകയോ ചെയ്യാം. സമൂഹം നിരന്തരമായി പുതുക്കപ്പെടേണ്ടതുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് രാഷ്ട്രമോ, നിയമമോ, മതമോ പരിധി നിശ്ചയിക്കാൻ ശ്രമിച്ചാൽ അത് ആ സമൂഹത്തെ തന്നെ പിന്നോട്ട് വലിക്കാൻ കാരണമാകും.